അട്ടപ്പാടി - മുള്ളി - ഊട്ടി - മസിനഗുഡി - ബന്ദിപ്പുർ - ഗുഡ്‌ലൂർ - നിലമ്പുർ യാത്ര.
Attappadi - Mulli - Ootty - Masinagudi - Bandipur - Gudallur - Nilambur 2 days trip.
"അപ്പോ നാളെ എന്താ പ്ലാൻ...?" അർജുൻ വിളിച്ചപ്പോഴാണ് ഞാനും ആലോചിക്കുന്നത്. ശരിക്കും ഒരു പ്ലാനുമില്ല, ഊട്ടിക്കു പോകാൻ തീരുമാനിച്ചിട്ടുണ്ട് അത്ര തന്നെ!! അല്ലെങ്കിലും ഈ ഊട്ടി വരെ പോകാൻ എന്താണിത്ര പ്ലാൻ ചെയ്യാൻ ഇരിക്കുന്നത്.
പ്രണയമാണ് യാത്രയോട് നിന്നും തന്നെ പ്രചോദനം ഉൾക്കൊണ്ടാണ് ഇങ്ങനെ ഒരു യാത്ര പ്ലാൻ ചെയ്‌തത്. ഊട്ടിക്ക് മുൻപ് പല തവണ പോയിട്ടുണ്ടെങ്കിലും മുള്ളി വഴി ഇത് ആദ്യമാണ്. കുറച്ചധികം പോസ്റ്റുകൾ കണ്ടിരുന്നു ഈ റൂട്ടിനെക്കുറിച്. അതുകൊണ്ടു തന്നെ പോകണം എന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നതാണ്.
അങ്ങനെ രാവിലെ 5.30 ന് തന്നെ വീട്ടിൽ നിന്നും ഇറങ്ങി (അങ്കമാലി). വഴി ഒക്കെ കണ്ടെത്താൻ വലിയ ബുദ്ധിമുട്ടുണ്ടാകില്ല എന്ന വിശ്വാസത്തോടെ വലിയ അന്വേഷണം ഒന്നും നടത്താതെയാണ് യാത്ര തുടങ്ങിയത്. പാലക്കാട് വഴി അട്ടപ്പാടി, അവിടെ നിന്ന് മുള്ളി - മഞ്ചൂർ വഴി ഊട്ടി. ഇതായിരുന്നു ഏകദേശ രൂപരേഖ. രാവിലെ ട്രാഫിക് മുറുകുന്നതിനു മുൻപ് തന്നെ പാലക്കാട് കടക്കാൻ കഴിഞ്ഞു. അവിടെ നിന്നും പ്രാതലും കഴിച്ചു.
മുള്ളിയിൽ നിന്നും മഞ്ചൂർ വഴിയാണ് ഊട്ടിയിലെത്തുക. പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അനുഭവം തന്നെയാണ് ഈ റൂട്ട്. കാടും, ഹൈയർ പിന്നുകളും താണ്ടിയുള്ള ആ യാത്രയിൽ ഞങ്ങൾ ഉച്ചയൂണ് വരെ മറന്നു എന്നുള്ളതാണ് സത്യം. വൈകിട്ടോടെ അങ്ങനെ ഞങ്ങൾ ഊട്ടി പിടിച്ചു. വഴിയിൽ നിന്നും ജോൺ എന്ന ഒരു സുഹൃത്തിനെയും കിട്ടി . ലവ്ടയിൽ മുതൽ ഊട്ടി വരെ ലിഫ്റ്റ് നൽകിയതാണ് പുള്ളിക്ക്, അദേഹം ഊട്ടിയിലെ കുറച്ചു നല്ല അനുഭവങ്ങൾ പങ്കുവച്ചു തന്നു. ഊട്ടിയിലെ എല്ലാ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഞങൾ മിസ് ചെയ്തു. പക്ഷെ ഒട്ടും നിരാശയില്ലായിരുന്നു ഞങ്ങൾ, അവയെ വെല്ലുന്ന അനുഭവങ്ങളായിരുന്നു ആ ദിവസം ഞങ്ങൾക്കു സമ്മാനിച്ചത്.
രാവിലെ നാലഞ്ചു അലാറമുകളുടെ സഹായത്തോടെ അഞ്ചു മണിക്ക് തന്നെ തല പൊക്കി. മസിനഗുഡി ലക്ഷ്യമാക്കിയായിരുന്നു പിന്നീടുള്ള യാത്ര. ഹുള്ളത്തിയിലൂടെയുള്ള വഴി കുത്തനെ ചരിവുകളും വളവുകളും നിറഞ്ഞതാണ്. ശ്രദ്ധയോടെ ഓടിച്ചാൽ ആസ്വദിക്കാൻ ഒരുപാടുള്ള റൂട്ടാണിത്.
മസിനഗുഡിയിൽ നിന്നും മുതുമലൈ നാഷണൽ പാർക്ക് വഴി ബന്ദിപ്പുർ ആയിരുന്നു അടുത്ത ലക്‌ഷ്യം. രണ്ടു നാഷണൽ പാർക്കുകൾ, രണ്ടും യാത്രക്കാർക് ഒന്നിനൊന്നു മികച്ച അനുഭവങ്ങളാണൊരുക്കുക. അതിനിയിടയിൽ നമ്മൾ കർണാടക ബോർഡറും കടക്കും. ഇടക്കിടെ വഴിയോരങ്ങളിലായി മാനുകളും, മയിൽക്കൂട്ടങ്ങളും ഞങ്ങൾക്കു ദൃശ്യ വിരുന്നൊരുക്കി.
എട്ടു മണിയോടെ ബന്ദിപ്പുർ എത്തിയ ഞങ്ങൾ, അവിടുത്തെ ഒരു ഹോട്ടലിൽ നിന്നും ബ്രേക്ക് ഫാസ്റ്റും കഴിച്ചു തിരിക്കാൻ തീരുമാനിച്ചു. നേരത്തെ മുത്തങ്ങ വഴി തിരികെ പോകാം എന്നായിരുന്നു പ്ലാനെങ്കിലും സമയകുറവ് മൂലം മടക്കയാത്ര നിലമ്പുർ വഴിയാക്കി. ഓരോ യാത്രയും ഓരോ അനുഭവങ്ങൾ ആണ്, അങ്ങനെ കൈനിറയെ കുറെ നല്ല ഓർമകളുമായി ഞങ്ങൾ അവിടെ നിന്നും മടങ്ങി.
നന്ദി!
Written By: Akhil Narayanan
0 comments: