മഞ്ഞു പുതച്ചു പിണങ്ങി നില്‍ക്കുന്ന വാഗമൺ
By: Zubair Udma
ഓരോ തവണ ചെല്ലുമ്പോഴും ഓരോ ഭാവങ്ങളായിരിക്കും വാഗമണിന്. ചിലപ്പോള്‍
മഞ്ഞു പുതച്ചു പിണങ്ങി നില്‍ക്കും. കോടമഞ്ഞല്ലാതെ മറ്റൊന്നും അപ്പോള്‍
വാഗമണ്ണില്‍ കാണാനാകില്ല. ഇണങ്ങിയും പിണങ്ങിയും വാഗമണ്‍ ചില ദിവസം നമ്മെ
വരവേല്‍ക്കും. ഇടയ്ക്ക് വെയിലും മഞ്ഞും ചാറ്റല്‍ മഴയുമായി.
യാത്ര എന്നത് ഒരു തരം ലഹരിയാണ്. അതെ മനസ്സിനും ശരീരത്തിനും സമൂഹത്തിനും
ദോഷം വരുത്താത്ത ലഹരി. അതും ഇഷ്ടപ്പെട്ടവരുടെ കൂടെയാകുമ്പോഴോ അതിലേറെ
മുധുരിതം.
അർദ്ധ രാത്രിയുടെ അന്തിയാമത്തിൽ കോരിച്ചൊരിയുന്ന മഴയെ സാക്ഷിയാക്കി ഞങ്ങൾ
അഞ്ചു പേർ യാത്ര തുടങ്ങി. കാറിൽ ആയിരുന്നു യാത്ര. പ്രവാസികളും ജീവ
കാരുണ്യ രംഗം തങ്ങളുടെ കർമ്മ രംഗമാക്കി മാറ്റിയ ജലാൽ തായൽ, നിസാം കാജ, സാദിഖ്
സാദി, നാട്ടിൽ ജെ സി ബി വർക്കുകൾ നടത്തുന്ന ശറഫു എന്നിവരായിരുന്നു സഹ
യാത്രികർ.
കോരിച്ചൊരിയുന്ന മഴയത്ത് ഇരുട്ടിനെ കീറി മുറിച്ച് കൊണ്ട് യാത്ര
തുടർന്നു.
പ്രഭാതമാവുമ്പോഴേക്കും മലബാർ പിന്നിട്ടു. ഒരു 8 മണി
ആകുമ്പോഴേയ്ക്കും അങ്കമാലി എത്തിച്ചേർന്നു. പ്രഭാത കൃത്യങ്ങളൊക്കെ
നടത്തി ഭക്ഷണവും കഴിച്ചു വാഗമൺ ലക്ഷ്യമാക്കി യാത്ര തുടര്ന്നു.
പെരുമ്പാവൂർ - മൂവാറ്റുപുഴ - തൊടുപുഴ - കാഞ്ഞാർ - വാഗമൺ ഇതായിരുന്നു
റൂട്ട്.
തൊടുപുഴ കഴിഞ്ഞതോട് കൂടി കാലാവസ്ഥയിൽ മാറ്റം വന്നു. മഴ നിഴൽ
പ്രദേശം പോലെ സൂര്യ വെളിച്ചം കടന്നു വരാൻ മടിക്കുമ്പോലെയുള്ള
കാലാവസ്ഥ. കാഞ്ഞാറിൽ നിന്നും വാഗമൺ ചുരം കയറുമ്പോഴേക്കും മഴയും മഞ്ഞും
കൂട്ടിനെത്തി. അത് വരെ രസികന്മാരായ ജലാലിന്റെയും സാദിക്കിന്റെയും
തമാശകൾ ആസ്വദിച്ചു കൊണ്ടിരുന്ന എല്ലാവരും പ്രകൃതിയുടെ മായ കാഴ്ചകളിലേക്ക്
വഴുതി വീണു.
ഇടുങ്ങിയ പാത. പാതയ്ക്ക് ഇടതു വശം അഗാധമായ കൊക്കയും നഗ്ന നേത്രങ്ങൾ
കൊണ്ട് എത്തിച്ചേരനാവാത്ത വിധമുള്ള ദൂരക്കാഴ്ചയും വലതു ഭാഗത്ത് കുന്നും
മലയും. കുന്നുകൾക്കിടയിലൂടെ മഴക്കാലത്ത് ജനിക്കുകയും വേനൽക്കാലത്ത്
മരിക്കുകയും ചെയ്യുന്ന കുഞ്ഞു കുഞ്ഞു അരുവികൾ കാഴ്ച്ചകൾക്ക്
വർണ്ണമേറുന്നു. മഞ്ഞും മഴയും പ്രകൃതിയുടെ ഭാവ ഭേദങ്ങളും ഒക്കെ കണ്ടു
കൊണ്ട് ഞങ്ങൾ കേരളത്തിന്റെ സ്വിറ്റ്സർലൻഡ് എന്നറിയപ്പെടുന്ന വാഗമണ്ണിലേക്ക്
പ്രവേശിച്ചു. പേര് പോലെ തന്നെ സ്വപ്ന സുന്ദരമായ മൊട്ടക്കുന്നുകളും താഴ്വാരങ്ങളും
ഒക്കെയായി സുന്ദരിയാണ് വാഗമൺ. ഞങ്ങൾ മൊട്ട കുന്നിനു അടുത്തായി ഒരു റൂം തരപ്പെടുത്തി. 5 പേർക്ക് 1000
രൂപയ്ക്ക് തരക്കേടില്ലാത്ത ഒരു റൂം. അവരുടെ തന്നെ താഴെയുള്ള ഹോട്ടലിൽ
നിന്നും ഊണും കഴിച്ചു ഒന്ന് ഫ്രഷ് ആയി കുറച്ചു വിശ്രമിച്ചു കൊണ്ടു ഞങ്ങൾ
കാഴ്ചകൾ കാണാൻ പുറത്തിറങ്ങി.
ഞങ്ങളുടെ ആദ്യ ലക്‌ഷ്യം തങ്ങൾ പാറയാണ്, ഋതു ഭേദങ്ങൾ മാറി
മറയുന്നു. മഴയും കോടയും വന്നും പോയിക്കൊണ്ടിരിക്കുന്നു. ഇടക്ക് വെയിൽ
കയറി വരുന്നു. ഞങ്ങൾ തങ്ങൾ പാറയുടെ അടിയിൽ എത്തി. വണ്ടി അവിടെ പാർക്ക്
ചെയ്തു. മഴ നനയാനും കാമറ പൊതിയാനും ഒക്കെയുള്ള സംവിധാനവും
ആയിട്ടായിരുന്നു ഞങ്ങളുടെ പോക്ക്. തങ്ങൾ പാറ എന്ന് പറയുന്ന സ്ഥലം ഒരു
മലയുടെ മുകളിൽ ആണ്. അവിടെ ഒരു ഷെയ്ഖ് ഫരീദുദ്ധീൻ എന്ന് പറയുന്ന ഒരു
സാത്ഥ്വികൻ അന്ത്യ വിശ്രമം കൊള്ളുന്നു എന്നാണു പറയപ്പെടുന്നത്. ദർഗ
കാണാൻ ആയും അതിലുപരി ആ കുന്നിൻ മുകളിൽ നിന്നും നോക്കെത്താ ദൂരത്തോളം
കാഴ്ചകളുടെ പറുദീസയും തന്നെയാണ് ആ കുന്നിന്മുകൾ.
ജാതി മത ഭേദമന്യേ കഠിനമായ കയറ്റവും ഇറക്കവും വക വെക്കാതെ പ്രകൃതിയുടെ
കയ്യൊപ്പ് ചാർത്തിയ ഈ പ്രദേശത്തേക്ക് കടന്നു വരുന്നുണ്ട്. കോട മഞ്ഞും
മഴയും മാറി മാറി വരുന്നു. കൂട്ടിനു മന്ദ മാരുതനും. പ്രകൃതിയുടെ
നിറചാർത്തുകൾ കോർത്തിണക്കിയ കാഴ്ചയുടെ വസന്തങ്ങൾ വിരിയിച്ച ആ സായാഹ്നത്തെ
ഇരുട്ട് കീഴടക്കിയപ്പോൾ ഞങ്ങൾ മലയിറങ്ങി.
മഞ്ഞു മൂടിയ ഇരുൾ വഴികളിലൂടെ ഞങ്ങൾ താമസ സ്ഥലത്തേക്ക് നീങ്ങി. ഭക്ഷണം
കഴിച്ചു. റൂമിലേക്ക് മടങ്ങി. എല്ലാവരും കുളിച്ചു ഫ്രഷ്
ആയി. മുറിയുടെ വാതിൽ തുറന്നു വച്ച് പുറത്ത് പെയ്യുന്ന മഴയുടെ ആർദ്ര
സംഗീതം ആസ്വദിച്ചു. അസ്ഥികളിലേക്ക് തുളച്ചു കയറുന്ന തണുപ്പുണ്ടായിട്ടും
ഞങ്ങൾ ആ ഇരുൾ വീണ മഞ്ഞും മഴയും പെയ്യുന്ന ആ രാത്രി ആസ്വദിച്ചു. കൂട്ടിനു
പഴയ കാല പാട്ടുകളൊക്കെയായി ഞങ്ങൾ നിദ്രയിലേക്ക് വഴുതി വീണു. പിറ്റേ ദിവസം അതി രാവിലെ തന്നെ ഉണർന്നു. എല്ലാവരെയും ഉണർത്തി പ്രഭാത
കർമ്മങ്ങളും പ്രാർത്ഥനയും കഴിഞ്ഞു അത് രാവിലെ തന്നെ പൈൻ വാലി ലക്ഷ്യമാക്കി
നീങ്ങി. ഇട തൂർന്നു നിൽക്കുന്ന പൈൻ മരങ്ങൾ നമ്മെ മറ്റൊരു ലോകത്തേക്ക്
എത്തിക്കുന്നു. സൂര്യപ്രകാശം കടക്കാത്ത ഇരുൾ വീണ നിഴൽ പ്രദേശമായ
പൈൻ വാലിയുടെ സൗന്ദര്യം പറഞ്ഞറിയിക്കുക പ്രയാസമാണ്. ഒരു മണിക്കൂറോളം
അവിടെ ചിലവഴിച്ചു പ്രഭാത ഭക്ഷണവും കഴിച്ചു വാഗമണ്ണിന്റെ തിലകക്കുറിയായ
മൊട്ടക്കുന്നുകൾ ലക്ഷ്യമാക്കി നീങ്ങി
കൗണ്ടറിൽ നിന്നും ടിക്കറ്റും എടുത്ത് മൊട്ടക്കുന്നിൽ കയാറുമ്പോഴേക്കും മഴ
തകർത്ത് പെയ്യുന്നു.
മഞ്ഞും മഴയും തമ്മിൽ പ്രണയിക്കുന്ന സുന്ദരമായ
കാഴ്ചയും അനുഭൂതിയും..... മൊട്ടക്കുന്നുകൾക്ക് വെള്ളി പട്ടു പുടവ അണിയിച്ചത്
പോലെ കോട മഞ്ഞും വശം ചുറ്റി നിൽക്കുകയാണ്. മഴയെ വക വെക്കാതെ
മൊട്ടക്കുന്നിന് സമീപത്തെ ചെറിയ തടാകത്തിൽ അൽപ സമയം
ചിലവഴിച്ചു. ബോട്ടിങ്ങിനും റഫ്റ്റിംഗിനും
സൗകര്യമുണ്ട്. താല്പര്യമുള്ളവർക്ക് ആവാം......
തിരിച്ചു ഇറങ്ങും നേരം
പരസ്പരം കാണാനാവാത്ത വിധം കാമറ ഫോക്കസ് ചെയ്യാൻ പോലും പറ്റാത്ത വിധം
കോടമഞ്ഞു മൊട്ടക്കുന്നുകളെ ആവരണം ചെയ്തിരിക്കുകയായിരുന്നു.
കുരിശു മല ആയിരുന്നു അടുത്ത ലഖ്‌ഷ്യം. ക്രിസ്തീയ ആത്മീയത നിറഞ്ഞു
നിൽക്കുന്ന ആ പ്രദേശവും കാഴ്ചകൾക്ക് വസന്തമേകുന്ന ഒരു പറുദീസ തന്നെയാണ്
കുരിശു മലയും പരിസരവും. തൊട്ടടുത്താണ് മുരുകൻ മലയും. കണ്ണിനും
മനസ്സിനും വിരുന്നൂട്ടിയ വാഗമണ്ണിനോട് വിട പറഞ്ഞു കൊണ്ട് ഞങ്ങൾ കോട്ടയം
ജില്ലയിലെ ഇല്ലിക്കൽ ലക്ഷ്യമാക്കി നീങ്ങി...
0 comments: