Showing posts with label Palakkad. Show all posts

Solo trip to vettom location Muthalamada Railway Station കാലത്ത് പ്രഭാത ഭക്ഷണത്തിനു ശേഷം വീടിന്റെ ഉമ്മറത്തു പുറത്തേക്കും നോക്കി അങ്ങനെ ഇരിക്...

Solo trip to vettom location Muthalamada Railway Station

കാലത്ത് പ്രഭാത ഭക്ഷണത്തിനു ശേഷം വീടിന്റെ ഉമ്മറത്തു പുറത്തേക്കും നോക്കി അങ്ങനെ ഇരിക്കുമ്പോഴാണ് എനിക്ക് തോന്നിയത് എവിടെങ്കിലും ഒരു യാത്ര പോയാലോ എന്ന്.

എന്നാൽ പിന്നെ വൈകിക്കേണ്ട ഇപ്പൊ തന്നെ പോയേക്കാം. പെട്ടെന്ന് തന്നെ റെഡിയായി ബാഗും ഹെൽമെറ്റും ജാക്കറ്റും എടുത്ത് ഉമ്മയോട് യാത്ര പറഞ്ഞു ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

കുറച്ചു ദൂരം പോയതിനു ശേഷമാണ് എങ്ങോട്ട് പോകണം എന്ന് ആലോചിക്കുന്നത്. പെട്ടെന്നാണ് ഒരു സ്ഥലം എനിക്ക് ഓർമ വന്നത്. ഒരുപാട് കാലമായിട്ട് പോകണം എന്ന് ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് വെട്ടം എന്ന സിനിമയിൽ കണ്ട റെയിൽവേ സ്റ്റേഷൻ. അതെ മുതലമട റെയിൽവേ സ്റ്റേഷൻ (Muthalamada Railway Station). എന്നാൽ പിന്നെ ഈ യാത്ര അങ്ങോട്ട് തന്നെ ആയേക്കാം. ഞാൻ വണ്ടി സൈഡ് ആക്കി ഫോണിൽ മുതലമട ലൊക്കേഷൻ സെറ്റ് ചെയ്തു യാത്ര തുടർന്നു.

Muthalamada Railway Station

സാധാരണ ഒരു റെയിൽവേ സ്റ്റേഷൻ എന്ന് കേൾക്കുമ്പോ നമ്മുടെ മനസ്സിൽ തെളിയുന്ന ഒരു ചിത്രമല്ല മുതലമട റെയിൽവേ സ്റ്റേഷന്. വെട്ടം എന്ന സിനിമയിൽ നമ്മൾ കണ്ടതാണ് തീർത്തും വെത്യസ്തമായ പ്രകൃതി ഭംഗിയാൽ നിറഞ്ഞു നിൽക്കുന്ന ഒരു സ്റ്റേഷൻ. ആ സ്ഥലം ലക്ഷ്യമാക്കി ഞാൻ യാത്ര തുടർന്നു. സമയം 9 മണി കഴിഞ്ഞിരിക്കുന്നു റോഡിൽ യൂണിഫോം ധരിച്ച സ്കൂളിലേക്ക് പോകുന്ന കുറേ കുട്ടികളെ കാണുന്നുണ്ട്.

പട്ടാമ്പിയിൽ നിന്നും ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച് പാലക്കാട് റൂട്ടിൽ ഞാൻ യാത്ര തുടർന്നു. പട്ടാമ്പി പാലക്കാട് (Pattambi Palakkad Highway) ഹൈവേ ഇപ്പോൾ പഴയ പോലെ അല്ല റോഡ് വളരെ മോശമായിരുന്നു പലയിടത്തും വലിയ കുണ്ടും കുഴിയും. അൽപം കൂടി മുന്നോട്ട് എത്തിയപ്പോൾ റോഡ് പണി നടക്കുന്നത് കണ്ടു ഹോ സമാധാനമായി റോഡ് ശെരിയാക്കുന്നുണ്ടല്ലോ. മനസ്സിൽ എന്തൊക്കെയോ ചിന്തകളുമായി കുറെ ദൂരം ബൈക്ക് ഓടിച്ചു പോയി. 

ഒറ്റപ്പാലവും ലക്കിടിയും കഴിഞ്ഞാൽ മങ്കരയിൽ നിന്നും ഉള്ളിലേക്ക് ഉള്ള റോഡിലൂടെയാണ് മുതലമടയ്ക്ക് പോകേണ്ടത് എന്നാണു ഗൂഗിൾ മാപ് കാണിക്കുന്നത്. ഞാൻ ആ റോഡിലേക്കു വണ്ടി തിരിച്ചു അൽപം മുന്നോട്ട് പോയി. മുന്നോട്ടു പോകുംതോറും ചെറിയ ചെറിയ ഗ്രാമങ്ങൾ, കവലകൾ, പഴയ ക്ഷേത്രങ്ങൾ അങ്ങനെ പലതും കാണുന്നുണ്ട്.

ഒരു കവല കഴിഞ്ഞാൽ പിന്നെ കുറെ ദൂരം ആളൊഴിഞ്ഞ പ്രദേശം പിന്നെ അടുത്ത കവല കാണും. റോഡരികിൽ ഇടയ്ക്കിടെ കാണുന്ന ചെറിയ ഓടിട്ട കടകൾ പഴയ കാലം ഓർമിപ്പിക്കും വിധം ഒരു ഗൃഹാദുരത്വം മനസ്സിൽ തോന്നി. ഈ വഴി പോകുമ്പോൾ പാലക്കാടിന്റെ തനിമയാർന്ന ഭംഗി നമുക്ക് ആസ്വദിക്കാൻ കഴിയും. അങ്ങനെ കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ റോഡിൻറെ ഒരു വശത്തായിട്ട് പഴയ ഒരു ക്ഷേത്രം കണ്ടു. നല്ല വലിയ ആൽമരത്തിന്റെ തണലും ഉണ്ട് ഞാൻ അവിടെ വണ്ടി നിർത്തി ഒരു ചെറിയ ബ്രേക്ക് എടുത്തു കൂട്ടത്തിൽ കുറച്ച് ഫോട്ടോസും എടുത്തു.

അങ്ങനെ അൽപ നേരത്തെ വിശ്രമത്തിനു ശേഷം ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു യാത്ര തുടർന്നു. കുറേ ദൂരം പോയപ്പോൾ ഒരു റെയിൽവേ ഗേറ്റ് കണ്ടു. ഗേറ്റ് അടച്ചിട്ടിരിക്കുകയാണ് ഏതോ ട്രെയിൻ പോകാനുണ്ട്. അവിടെ റോഡരികിൽ കണ്ട ഒരു മരത്തണലിൽ വണ്ടി നിർത്തി ഞാൻ ട്രെയിൻ പോകുന്നതിനായി കാത്തു നിന്നു. റോഡിൻറെ ഇരു വശത്തേക്കും നോക്കിയപ്പോൾ നല്ല ഗ്രാമീണ ഭംഗിയുള്ള സ്ഥലം പാടവും തെങ്ങുകളും അങ്ങ് ദൂരെയായി വലിയ കുന്നുകളും കാണുന്നുണ്ട്, നല്ല കാറ്റു വീശുന്നുണ്ട് പ്രകൃതി ഭംഗി ആസ്വദിച്ച് കാറ്റും കൊണ്ടിരിക്കുന്നതിനിടയിൽ ട്രെയിൻ കടന്നു പോയി. ഗേറ്റ് തുറന്നതും ഞാൻ വണ്ടിയെടുത്തു ധൃതിയിൽ ഓടിച്ചു പോയി.

മുതലമടയ്ക്ക് ഇനിയും കുറേ ദൂരം പോകണമെന്ന് തോന്നുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോൾ തേങ്കുറിശ്ശി എന്ന ഒരു ഗ്രാമം എത്തി ഒടിയൻ മാണിക്യന്റെ തേങ്കുറിശ്ശി. മുൻപ് കേട്ടു പരിചയം മാത്രം ഉള്ള തേങ്കുറിശ്ശി ഒടിയൻ എന്ന സിനിമ റിലീസ് ആകുന്നതിനു മുന്നെ കാണാൻ സാധിച്ചു. മുന്നോട്ട് പോകുംതോറും റോഡിനിരുവശവും അതി വിശാലമായി പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ ഇടയിൽ തെങ്ങുകളും വലിയ വലിയ കരിമ്പനകളും കാണാം. നല്ല കാറ്റ് വീശുന്നുണ്ട്. പാടത്തു ഞാറ് നടുന്ന കുറച്ച് സ്ത്രീകളും അങ്ങ് ദൂരെയായി വലിയ ഉയരത്തിൽ ഉള്ള മലകളും കാണാം. ശെരിക്കും ഇതാണ് ഒരു ഗ്രാമത്തിന്റെ യഥാർത്ഥ ഭംഗി ഞാൻ വണ്ടി നിർത്തി ഈ കാഴ്ചകളൊക്കെ ആസ്വദിച്ച് കുറേ നേരം അങ്ങനെ നിന്നു.

ഈ സ്ഥലം കാണുമ്പോൾ എനിക്ക് ഒരു പഴയ സിനിമ ഡയലോഗ് ആണ് ഓർമ വരുന്നത്. "നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളികൾ തളിർത്ത് പൂവിട്ടിരിക്കേം മാതള നാരകം പൂക്കുകയും ചെയ്തോന്ന് നോക്കാം". സിനിമയിൽ പറഞ്ഞ പോലെ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കുകയാണെങ്കിൽ ഇവിടെ വന്നു രാപ്പാർക്കണം മുന്തിരിത്തോപ്പ് ഇല്ലെങ്കിലും ബാക്കി എല്ലാ ഗ്രാമീണ ഭംഗിയും ഇവിടുണ്ട്. അവിടുത്തെ ഫോട്ടോസ് എടുക്കുന്നതിനിടെയാണ് നാലഞ്ചു പിള്ളേർ എന്റടുത്തേക്ക് വരുന്നത് ശ്രെദ്ധയിൽ പെട്ടത്.

അവരെന്നോട് ചോദിച്ചു ചേട്ടൻ എവിടുന്നാ വരുന്നേ...?

ഞാൻ പറഞ്ഞു പട്ടാമ്പീന്ന്. അവരുടെ അടുത്ത ചോദ്യം ബൈക്കിൽ എവിടെപ്പോകുവാ...?
ഞാൻ ചുമ്മാ ഇങ്ങനെ കറങ്ങാൻ ഇറങ്ങിയതാ..., എല്ലാവരുടേം പേര് ചോദിച്ചു പരിചയപ്പെട്ടു അവരെക്കൊണ്ട് എന്റെ ഒരു ഫോട്ടോ എടുപ്പിച്ച ശേഷം അവരുടെ കൂടെ നിന്ന് ഒരു സെൽഫിയും എടുത്ത് അവരോട് റ്റാറ്റാ പറഞ്ഞു ഞാൻ വണ്ടി വിട്ടു. അൽപ ദൂരം കഴിഞ്ഞപ്പോൾ പെട്ടെന്ന് റോഡിൻറെ വലതു വശത്തായി ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ചെറിയ കട എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ വണ്ടി അങ്ങോട്ടെടുത്തു. കടയിൽ ചെന്ന് ഒരു കൂൾഡ്രിങ്ക്‌ വേടിച്ചു കാര്യമായി വിശപ്പില്ലെങ്കിലും ചെറിയ ഒരു പലഹാരവും വേടിച്ചു കഴിച്ചു.

ഇനി ഭക്ഷണം കഴിക്കാൻ വേണ്ടി വേറെ എവിടെയും സമയം കളയേണ്ട ആവശ്യമില്ലലോ. പാതി കുടിച്ച കൂൾഡ്രിങ്കിന്റെ ബോട്ടിൽ അടച്ചു ബാഗിലിട്ട് ഞാൻ വണ്ടി എടുത്തു. ചിറ്റൂർ തത്തമംഗലം വണ്ടിത്താവളം എന്നീ സ്ഥലങ്ങൾ താണ്ടി അവസാനം മുതലമട എന്ന നമ്മുടെ ലക്ഷ്യസ്ഥാനമായ സ്ഥലത്ത് എത്തി ഞാൻ വണ്ടി സ്ലോ ആക്കി ചുറ്റിനും ഒന്ന് കണ്ണോടിച്ചു ആകെ ഒരു തമിഴ്‌നാടൻ ടച്ച് ഉള്ള ഒരു കൊച്ചു അങ്ങാടി.

ഞാൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിലേക്ക് വണ്ടി തിരിച്ചു ഒരു ചെറിയ ഇടുങ്ങിയ റോഡാണ് മുന്നോട്ട് പോകുന്തോറും ഞാൻ ചുറ്റുമുള്ള കാഴ്ചകൾ ശ്രെദ്ധിച്ചു ഈ റോഡിൽ തീരെ വണ്ടികളൊന്നും തന്നെ കാണുന്നില്ല ആകെ ഒരു കാളവണ്ടി മാത്രം പോകുന്നത്കണ്ടു. പിന്നെ തമിഴർ എന്ന് തോന്നിപ്പിക്കുന്ന രണ്ടു പേർ നടന്നു പോകുന്നുണ്ട്. ഞാൻ വണ്ടി നിർത്തി അവരോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ഇത് തന്നെ അല്ലേന്ന് ചോദിച്ചു.

അവര് പറഞ്ഞു "സ്‌ട്രേട്ടാ പോയി ഫസ്റ്റ് റൈറ്റ് പോട്ട് അപ്പറം ലെഫ്റ് പൊട്ട് സ്‌ട്രേട്ടാ പൊട്.."

അവരങ്ങനെ നിർത്താതെ പറഞ്ഞുകൊണ്ടേയിരുന്നു. തമിഴ് കലർന്ന മലയാളം ആണ് അവർ പറയുന്നത് അവര് പറഞ്ഞ വഴി എനിക്ക് മനസ്സിലായില്ലെങ്കിലും താങ്ക്സ് പറഞ്ഞു ഞാൻ ഗൂഗിൾ മാപ് നോക്കി മുന്നോട്ട് പോയി. മുന്നോട്ട് പോകുംതോറും റോഡ് ഇടുങ്ങി ഇടുങ്ങി വരുന്നു ചുറ്റിനും തിങ്ങി നിൽക്കുന്ന മരങ്ങളും പച്ചപ്പും ഒരു കാടിനുള്ളിലേക് പോകുന്ന ഒരു പ്രതീതി അതുകൊണ്ട് ഇത് റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ള വഴിതന്നെയല്ലേ എന്ന സംശയം കൊണ്ടാണ് ഗൂഗിൾ മാപ് ഉണ്ടായിട്ടും നേരത്തെ കണ്ട രണ്ടുപേരോട് വഴി ചോദിച്ചത് അൽപ ദൂരം ചെന്നപ്പോൾ മുതലമട റെയിൽവേ സ്റ്റേഷൻ വലത്തോട്ട് എന്ന ഒരു ബോർഡ് കണ്ടു അപ്പൊ ഇത് തന്നെ റൂട്ട്. കുറച്ച് മുന്നോട്ട് പോയി ഞാൻ വണ്ടി നിർത്തി വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റിനും ഒന്ന് നോക്കി എങ്ങും നിശബ്ദത ഇരു വശത്തും ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ ഒരു വലിയ കാടിന്റെ ഉള്ളിൽ ചെന്ന പോലെ തോന്നി.

ഇടക്കിടക്ക് കിളികളുടെ ശബ്ദം മാത്രം കേൾക്കാം ഇവിടെ ഒന്നും ഒരു മനുഷ്യക്കുഞ്ഞിനെ പോലും കാണുന്നില്ലല്ലോ എന്ന മട്ടിൽ നിൽക്കുമ്പോ എവിടുന്നോ ഒരു വണ്ടിയുടെ ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയപ്പോൾ അങ്ങ് ദൂരെ റെയിൽവേ സ്റ്റേഷന്റെ ഭാഗത്തു നിന്നും ഒരു ചെറിയ സ്കൂട്ടർ പതിയെ വരുന്നു. കുറേ ചരക്കുകൾ ഒക്കെ കെട്ടിവെച്ചുള്ള ആ സ്കൂട്ടർ എന്റെ അടുത്തെത്തിയപ്പോൾ ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ എന്ന മട്ടിൽ അയാൾ എന്നെ ഒന്ന് നോക്കിയിട്ട് കടന്നുപോയി. ഇനി മുന്നോട് ഉള്ള റോഡ് ഒരു നേരിയ ഇറക്കം ആണ് ഞാൻ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്യാതെ പതിയെ അങ്ങനെ ഉരുട്ടിക്കൊണ്ടു പോയി എന്തോ ഈ പ്രകൃതി രമണീയമായ സ്ഥലത്തു കിളികളുടെ മനോഹരമായ ശബ്ദത്തിനിടയിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഒരു ശബ്ദമലിനീകരണം ഉണ്ടാക്കാൻ തോന്നിയില്ല, ഈ ചെറിയ ഇറക്കം നേരെ ചെല്ലുന്നത് മുതലമട റെയിൽവേ സ്റ്റേഷനിലേക്കാണ്. ബൈക്ക് സ്റ്റാർട്ട് ചെയ്യേണ്ടി വന്നില്ല അതിനു മുന്നേ ഞാൻ കണ്ടു മുതലമട എന്ന വലിയഎഴുത്ത് അതെ മുതലമട റെയിൽവേ സ്റ്റേഷൻ എത്തിയിരിക്കുന്നു ദൂരെ നിന്നും കാണുമ്പോൾ കാടിന് നടുവിൽ ഒരു റെയിൽവേ സ്റ്റേഷൻ എന്നാണു തോന്നുക.

ഞാൻ അവിടെ എത്തി വണ്ടി ലോക്ക് ചെയ്‌തു റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്ക് പോയി. ആദ്യത്തെ കാഴ്ചയിൽ തന്നെ മനസ്സിന് കുളിർമ നൽകും വിധം പ്രകൃതി ഭംഗിയാൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്ലാറ്റ്‌ഫോം. ഒരു വശത്തു വലിയ വള്ളികൾ തൂങ്ങിക്കിടക്കുന്ന ആൽ മരത്തിന്റെ കുളിർമ നൽകുന്ന തണലിൽ യാത്രക്കാർക്ക് ഇരിക്കാൻ വേണ്ടിയുള്ള ഇരിപ്പിടങ്ങൾ ഉണ്ട് ഞാൻ അവിടെ ഇരുന്നു ജാക്കറ്റും ഗ്ലൗ വും അഴിച്ചു അവിടുത്തെ ഭംഗി ആസ്വദിച്ച് അങ്ങനെ ഇരിക്കുകയാണ്. നിലത്ത് കോൺഗ്രീറ്റ് കട്ടകളും രണ്ടു മൂന്ന് തെരുവ് വിളക്കുകളും കുറച്ച് അപ്പുറത്തായി ഒരു ഒവർബ്രിഡ്‌ജും വന്നു എന്നല്ലാതെ സിനിമയിൽ കണ്ടതിൽ നിന്നും കൂടുതൽ വെത്യാസങ്ങൾ ഒന്നും തോന്നിയില്ല.

അവിടെ എങ്ങും ആരെയും കാണുന്നില്ല. ഞാൻ ചുറ്റിനും നോക്കിയപ്പോൾ കുറച്ച് അപ്പുറത്തായി ഒരു സ്ത്രീ പ്ലാറ്റ്‌ഫോം അടിച്ചുവാരി വൃത്തിയാക്കുന്നുണ്ട് അവിടെ അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ ഒരു ഫ്രണ്ടിന്റെ കാൾ വരുന്നത്.

ഹലോ ഡാ നീ എവിടെയാ .... ?

ഞാൻ ഇപ്പോൾ പാലക്കാട് ഭാഗത്തുള്ള ഒരു റെയിൽവേ സ്റ്റേഷനിലാ.

അതെന്താ നീ അവിടെ....?

ഞാൻ ചുമ്മാ കറങ്ങാൻ വന്നതാ...

എന്താ റെയിൽവേ സ്റ്റേഷനിലാണോ നിന്റെ കറക്കം ഏത് സ്റ്റേഷനിലാ ... ?

ഞാൻ മുതലമട സ്റ്റേഷനിലാ...

ങ്ങേ മുതലമടയിലോ എന്റെ മാമയാടാ അവിടുത്തെ സ്റ്റേഷൻ മാസ്റ്റർ.

കാണുകയാണെങ്കിൽ നീ പരിചയപ്പെട്ടോ ജയപ്രകാശ് എന്നാ മാമയുടെ പേര് എന്റെ പേര് പറഞ്ഞാൽ മതി അറിയും. പറഞ്ഞു നാക്കെടുക്കും മുന്നേ പുറകിൽ നിന്നും ആരോ വിളിക്കുന്നു..

ഡോ...

ഞാൻ നോക്കിയപ്പോ ആരേം കണ്ടില്ല വീണ്ടും

ഡോ... നിന്നെത്തന്നെ... ഇവിടെവാടോ...

പുറകിൽ നിന്നും ഒരാൾ എന്നെ മാടിവിളിച്ചു ഞാൻ അടുത്തേക് ചെന്നു.

താൻ ആരോട് ചോദിച്ചിട്ടാ സ്റ്റേഷന് അകത്തു കയറിയത്.

അയാളുടെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി സ്റ്റേഷൻ മാസ്റ്റർ ആയിരിക്കുമെന്ന് അപ്പോഴും എന്റെ ഫ്രണ്ടിന്റെ കാൾ ഞാൻ കട്ട് ചെയ്തിട്ടില്ലായിരുന്നു ഞാൻ ഫോണിൽ പറഞ്ഞു സ്റ്റേഷൻ മാസ്റ്ററെ കണ്ടു എന്ന്.

താൻ ഫോൺ കട്ട് ചെയ്യടോ എന്നിട്ട് ചോദിച്ചതിന് മറുപടി പറ. ഞാൻ വേഗം ഫോൺ കട്ട് ചെയ്തു അവരോട് പറഞ്ഞു. ഞാൻ കുറച്ച് ദൂരെ നിന്നും വരുകയാണ് ഈ റെയിൽവേ സ്റ്റേഷനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് അങ്ങനെ ഒന്ന് കാണാൻ വേണ്ടി വന്നതാ...

കാണാൻ വേണ്ടി വന്നതാണെങ്കിൽ അനുവാദം ചോദിച്ചിട്ടു പ്ലാറ്റ്‌ഫോം ടിക്കറ്റ് ഒക്കെ എടുത്തിട്ടല്ലേ കയറുക...

അത് സർ ഞാൻ വന്നപ്പോ ഇവിടെ ആരേം കണ്ടില്ല അതോണ്ടാ സർ ഇപ്പോൾ എനിക്കൊരു പ്ലാറ്റ്‌ഫോം ടിക്കറ്റ് തന്നാൽ മതി...

ട്രെയിൻ ഉള്ള സമയത് മാത്രമേ പ്ലാറ്റ്‌ഫോം ടിക്കറ്റ് തരാൻ പറ്റൂ ഇപ്പൊ പറ്റില്ല...

സർ ഞാൻ പാട്ടാമ്പീന്ന് വരുകയാണ് കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പൊയ്ക്കോളാം...

ആഹ പാട്ടാമ്പീന്നാണോ വരുന്നത് പട്ടാമ്പിയിൽ എവിടെയാ വീട്...?

പട്ടാമ്പി പള്ളിപ്പുറം സർ അറിയോ അവിടെ...?

ആ എന്റെ തറവാട് അവിടെയാണ്.

അപ്പൊ ഞാൻ ഓർത്തു ഇത് തന്നെയായിരിക്കും എന്റെ ഫ്രണ്ടിന്റെ മാമ. എന്നാലും പേര് ഒന്ന് ചോദിച്ചേക്കാം.

സാറിന്റെ പേര്...??

പേര് സ്റ്റേഷൻ മാസ്റ്റർ അത്രയും അറിഞ്ഞാൽ മതി താൻ...
ഞാൻ മനസ്സിൽ വിചാരിച്ചു ഇയാളിതെന്ത് ചൂടനാ...

എന്തായാലും താൻ അത്രേം ദൂരെന്ന് വന്നതല്ലേ കുറച്ചു നേരം അവിടെയെങ്ങാനും പോയി ഇരുന്നോ സ്റ്റേഷന്റെ ഫോട്ടോ ഒന്നും എടുത്ത് പ്രസിദ്ധീകരിക്കാനൊന്നും പാടില്ല... 

ഓക്കേ താങ്ക്യൂ സർ എന്നും പറഞ്ഞോണ്ട് ഞാൻ അവിടെ ആൽമരത്തണലിൽ പോയി ഇരുന്നു.

ഫോട്ടോസ് എടുക്കരുതെന്ന് പറഞ്ഞെങ്കിലും ഞാൻ പതിയെ കുറച്ചു ഫോട്ടോസ് ഒക്കെ എടുക്കാൻ തുടങ്ങി ചുളിവിൽ സ്റ്റേഷൻ മാസ്റ്ററുടെയും എടുത്തു ഒരു ഫോട്ടോ. സ്റ്റേഷൻ മാസ്റ്ററെയും അവിടെ ക്ലീൻ ചെയ്യുന്ന ഒരു സ്ത്രീയെയും മാത്രേ അവിടെ കണ്ടൊള്ളൂ പിന്നെ പ്ലാറ്റ്ഫോമിൽ ഒരു പട്ടി കിടക്കുന്നുണ്ട്. മരങ്ങളുടെ തണലും കിളികളുടെ ശബ്ദവും നല്ല തണുത്ത കാറ്റും ഉണ്ട് കുറെ നേരം അവിടെ ഇരുന്ന്‌ ആ പ്രകൃതി ഭംഗിയിൽ അങ്ങനെ അലിഞ്ഞു ഇവിടെ ഇരിക്കുമ്പോൾ വെട്ടം സിനിമയിലെ പല രംഗങ്ങളും മനസ്സിൽ മിന്നി മറയുന്നുണ്ട്. ദിലീപ് ട്രെയിനിൽ നിന്നും ചാടി ഇറങ്ങുന്നതും ഒരു മരത്തിന്റെ വള്ളിയിൽ തൂങ്ങി അതിലൂടെ പോകുന്ന ഒരാളുടെ തോളിൽ പോയി ഇരിക്കുന്നതും... ഞാനറിയാതെ തന്നെ എന്റെ മുഖത്ത് ഒരു ചിരി വന്നു.

അവിടെ ഇരുന്ന് സമയം പോയതറിഞ്ഞില്ല തിരിച്ചു പോകണം സന്ധ്യക്ക്‌ മുന്നേ വീടെത്തണം ഞാൻ വേഗം ബാഗും ഹെൽമെറ്റും എടുത്ത് ബൈക്ക് എടുക്കാനായി തിരിഞ്ഞു നടന്നു അപ്പോൾ സ്റ്റേഷൻ മാസ്റ്റർ ചോദിച്ചു 

ഡോ... താൻ പോകാണോ...?

അതെ സർ... 

താൻ ബൈക്കിലാണോ വന്നത് ...? 

അതെ സർ... 

എന്നാ സൂക്ഷിച്ച് പോകണം. 

ഓക്കേ സാറിന്റെ പേര് പറഞ്ഞില്ല...

പേര് ജയപ്രകാശ്.

എന്നാ ഞാൻ വരട്ടെ സർ...

അപ്പോൾ എനിക്ക് തോന്നി ഹെയ്...

ഇയാൾ ഞാൻ വിചാരിച്ചത്ര ചൂടനൊന്നുമല്ല.

ഞാൻ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്തു യാത്ര തിരിച്ചു. തിരിച്ചു പോരുമ്പോൾ റയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയൊക്കെ വെളിച്ചം കുറഞ്ഞു ആകെ ഇരുണ്ടിരുന്നു പെട്ടെന്ന് ബ്രേക്ക് ചവിട്ടി ഒരു നിമിഷം ഞാനൊന്നു പിന്നിലേക്ക് തിരിഞ്ഞു നോക്കി ഇരുണ്ട അന്തരീക്ഷത്തിൽ ഞാൻ കണ്ടു മുതലമട എന്ന വലിയ ചുമരെഴുത്ത്. വീണ്ടും ഒരിക്കൽ കൂടി ഒരു ഒഴിവുകാലത്ത് ഇവിടെ വരും എന്ന നിശ്ചയത്തോടെ ഞാൻ തിരിച്ചു പോരുമ്പോൾ മാനത്ത് കാർമേഘം ഇരുണ്ട് മൂടിയിരുന്നു ചിലപ്പോൾ മഴ പെയ്തേക്കാം. തുറന്നു വെച്ച ഹെൽമെറ്റിന്റെ ഗ്ലാസ്സിലൂടെ ഒരു മഴതുള്ളി എന്റെ മുഖത്തു വീണു.

വെട്ടം എന്ന സിനിമയിലെ ഒരു പാട്ട് അപ്പോൾ എന്റെ മനസ്സിൽ വന്നു "മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴീ... നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ..." ആ പാട്ടും മൂളികൊകൊണ്ട് ഞാൻ വീട് ലക്ഷ്യമാക്കി വണ്ടി പറപ്പിച്ചു വഴിയിൽ അങ്ങോട്ട് പോകുമ്പോൾ പരിചയപ്പെട്ട ആ പിള്ളേരെ ഞാൻ തിരിച്ചു പോരുമ്പോഴും അതെ സ്ഥലത്ത് അവിടെ ഒരു കവലയിൽ കണ്ടു അവരോട് കൈ വീശി റ്റാറ്റ പറഞ്ഞു ഞാൻ മഴയ്ക്കു മുന്നേ വീട് എത്തണം എന്ന ലക്ഷ്യത്തോടെ കുതിച്ചു.

രാത്രി 8 മണിയോടെ ഞാൻ വീട്ടിൽ എത്തിച്ചേർന്നു. യാത്രകൾ ഇവിടെ അവസാനിക്കുന്നില്ല ജീവിതം എന്ന വലിയ യാത്രക്കിടയിൽ ഇത്തരം ചെറിയ ചെറിയ യാത്രകളാണ് മനസ്സിന്റെ സന്തോഷം... TRAVEL TODAY... YOUR MONEY WILL RETURN... YOUR TIME WON'T...


By : Mohammed rashid


Muthalamada Railway Station

നെല്ലിയാമ്പതിയിലേക്കുള്ള യാത്ര... പാവപ്പെട്ടവരുടെ ഊട്ടിയിലേക്കുള്ള യാത്ര.. പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, യാത്രികരെ കടു...

നെല്ലിയാമ്പതിയിലേക്കുള്ള യാത്ര... പാവപ്പെട്ടവരുടെ ഊട്ടിയിലേക്കുള്ള യാത്ര..

പാലക്കാടിന്റെ വശ്യസൗന്ദര്യം മുഴുവന്‍ പ്രകടമാക്കി, യാത്രികരെ കടുംപച്ച വിരിയിച്ച കാട്ടുചോലകളിലേക്ക്‌ കൂട്ടികൊണ്ട്‌ പോവുന്ന നെല്ലിയാമ്പതി എങ്ങനെ പാവപ്പെട്ടവന്റെ ഊട്ടിയാവും..? നെല്ലിദേവതയുടെ ഊരായ നെല്ലിയാമ്പതിക്കാടുകളുടെ കുളിരും സൗന്ദര്യവും അനുഭവിക്കണമെങ്കില്‍ അതിനു നെല്ലിയാമ്പതിയിലേക്ക്‌ തന്നെ വരണം. ഊട്ടിക്ക്‌ പകരമാവാന്‍ നെല്ലിയാമ്പതിക്കോ, നെല്ലിയാമ്പതിക്ക്‌ പകരമാവാന്‍ ഊട്ടിക്കോ ആവില്ല. യാത്രയുടെ ആനന്ദം രണ്ടിടങ്ങളിലും വ്യത്യസ്‌തമാണ്‌ എന്നതു തന്നെ കാരണം. പാലക്കാടിൻറെ മാത്രമല്ല, കേരളത്തിൻറെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകൾ.

ആരെയും മോഹിപ്പിക്കുന്ന നെല്ലിയാമ്പതി പാലക്കാട്‌ നഗരത്തില്‍ നിന്ന്‌ 60 കിലോമീറ്റര്‍ അകലെയായി ഒരു പ്രശസ്‌തമലയും വിനോദസഞ്ചാരകേന്ദ്രവുമാണ്‌ നെല്ലിയാമ്പതി. ഭാരതപ്പുഴ, ചാലക്കുടിപ്പുഴ, കാവേരിനദി എന്നിവയുടെ പ്രധാനപ്പെട്ട ജലസ്സ്രോതസ്സുകളാല്‍ സമ്പുഷ്‌ടി നേടിയ മണ്ണ്‌. ജൈവആവാസ വ്യവസ്ഥയുടെ കലവറ. ശീതളമായ കാലാവസ്ഥയാണ്‌ ഇവിടം. തേയില, കാപ്പി തോട്ടങ്ങളാല്‍ പ്രധാന കൃഷി.

നെല്ലിയാമ്പതി പ്രദേശത്തെ ആദ്യത്തെ പട്ടണമായ കൈകൊട്ടി നെന്‍മാറയില്‍ നിന്ന്‌ 26 കിലോമീറ്റ്‌ര്‍ അകലെയാണ്‌ . കൈകൊട്ടിയില്‍ നിന്ന്‌ 9 കിലോ മീറ്റര്‍ അകലെയുള്ള പോത്തുണ്ടി ഡാം അടുത്തുള്ള സനെല്‍ വലയലുകളില്‍ കാര്‍ഷിക ജലസേചനത്തിന്‌ ജലം നല്‍കുന്നു.

നെല്ലിയാമ്പതി മലയുടെ താഴ്‌വാരത്തിലാണ്‌ ഈ അണക്കെട്ട്‌. ഇന്ത്യയിലെ തന്നെ മണ്ണു കൊണ്ടുണ്ടാക്കിയ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നാണ്‌ പോത്തുണ്ടിഡാം. നെന്മാറ പട്ടണത്തിലേക്ക് പ്രവേശിച്ചതു് മുതല്‍ നെല്ലിയാമ്പതിയുടെ സൌന്ദര്യം ആസ്വദിച്ച് തുടങ്ങാം മഞ്ഞ് പുതച്ചു കിടക്കുന്ന നെല്ലിയാമ്പതി മലനിരകളുടെ ദ്യശ്യം കണ്ണിന് കുളിര്‍മയേകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല ഇവിടെ നിന്ന്‌ 17 കി.മീറ്ററോളം മുകളിലേക്ക്‌ ഹെയര്‍പിന്‍ വളവുകള്‍ കഴിഞ്ഞാല്‍ പിന്നെ വനം പ്രദേശമാണ്‌. മുകളിലേക്ക്‌ പോകുന്തോറും തണുപ്പ്‌ കൂടി വരും. പോത്തുണ്ടിഡാം കഴിയുമ്പോള്‍ കാണുന്ന വനപ്രദേശത്ത്‌ ധാരാളം തേക്കുമരങ്ങളുണ്ട്‌.

നെല്ലിയാമ്പതിയിലേക്കുള്ള ഇടുങ്ങിയ വഴിയില്‍ കുരങ്ങ്‌, മുള്ളന്‍ പന്നി തുടങ്ങിയ കാട്ടുമൃഗങ്ങളേയും കാണാം. ഈ ഉയരത്തില്‍ നിന്ന്‌ താഴെ മനോഹരമായ പോത്തുണ്ടിഡാമും നഗരദൃശ്യങ്ങളും ആസ്വദിക്കാം. കേശവപാറ, സീതാകുണ്ട്‌, മിങ്കാര അണക്കെട്ട്‌, കൊല്ലങ്കോട്‌ പട്ടണം ഇവയൊക്കയും മലമുകളില്‍ നിന്ന്‌ കാണാം. ഫോറസ്റ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ സെക്യൂരിറ്റി ഉദ്യോസ്ഥര്‍ നെല്ലിയാമ്പതിയെ കാണാന്‍ വരുന്നവര്‍ക്കും അറിയാന്‍ വരുന്നവര്‍ക്കും കാട്ടിലേക്ക്‌ കൂട്ടു വരാറുണ്ട്‌. എന്നാല്‍ കാടിന്റെ നിശബ്‌ദത സംഗീതമായി ആസ്വദിക്കുന്ന, വഴികളില്‍ തന്റെ പൂര്‍വികരുടെ കാലടയാളങ്ങളെ പിന്തുടരുന്ന കാടിന്റെ മക്കളിലൊരാളാവും നെല്ലിയാമ്പതി പരിചയപ്പെടുത്തി യാത്രയിലൂടെ നീളെ നമ്മെ നയിക്കുക. നെല്ലിയാമ്പതി കാണുമ്പോള്‍ ഏതു സംശയങ്ങള്‍ക്കും അവരുടെ പക്കല്‍ ഉത്തരമുണ്ടാവും. കാടിനെ അറിയുന്നവരെ കാടിനും അറിയാം എന്നതിനാല്‍ വഴികള്‍ തെറ്റിക്കാതെ കാടും കൂടെ നടക്കുന്നു. കാട്ടിനുള്ളില്‍ മലകളും അരുവികളും താഴ്‌വാരങ്ങളും കിലോമിറ്ററുകളോളം പരന്നു കിടക്കുന്നു.

യാത്രയിലുടനീളം മനോഹരമായ താഴ്വാര കാഴ്ചകള്‍ കാണാനുളള വ്യൂ പോയന്‍റുകള്‍ ഉണ്ട് വെത്യസ്തമായ പാലക്കാടന്‍ കാഴ്ച ഇവിടെ നിന്നും ആസ്വദിക്കാം നെല്ലിയാമ്പതി എത്തിയാല്‍ സൈലന്റ്‌ വാലി മലനിരകളും പറമ്പികുളം നാഷണല്‍ പാര്‍ക്കും ദൂരക്കാഴ്‌ച്ചകാളായി നമ്മെ കൊതിപ്പിച്ച്‌ കൊണ്ടിരിക്കും. വരയാടുകളും സിംഹവാലന്‍ കുരങ്ങുകളും അടക്കം നെല്ലിയമ്പതിയില്‍ സഞ്ചാരികളെ വരവേല്‍ക്കാനുണ്ട്‌. എന്നാല്‍ ഒന്നിനെയെങ്കിലും കണ്ടു കിട്ടുക പ്രയാസം നിറഞ്ഞ കാര്യമാണ്‌. അനക്കങ്ങളില്ലാതെ ഏറെ നേരം കാത്തിരുന്നാല്‍ കാട്ടിലെ വീട്ടുകാരെ കാണാല്‍ സാധിച്ചേക്കും.

നെല്ലിയാമ്പതിയുടെ പ്രകൃതി ഭംഗിയും കുളിരും അനുഭവിക്കാനും ആസ്വദിക്കാന്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളാണ്‌ ഉചിതം. ജനുവരി മുതല്‍ മെയ് വരെ പകല്‍ തണുപ്പ് കുറഞ്ഞ കാലവാസ്ഥയും ജൂൺ മുതല്‍ ഡിസംബര്‍ വരെ തണുപ്പ് കൂടിയ കാലവാസ്ഥയുമാണ്.

നെല്ലിയാമ്പതിയിലേക്ക്‌ എത്തിച്ചേരാനുള്ള വഴി 

ഏറ്റവും അടുത്തുള്ള വിമാനത്താവളങ്ങള്‍: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളം, കോയമ്പത്തൂര്‍ വിമാനത്താവളം

ഏറ്റവും അടുത്തുള്ള റെയില്‍വേസ്റ്റേഷന്‍: പാലക്കാട്‌, തൃശൂര്‍

വിമാനത്താവളത്തില്‍ നിന്ന്‌ തൃശൂരിലേയ്‌ക്ക്‌ 30 കിലോമീറ്റര്‍ വരിക. ഇവിടെ നിന്ന്‌ നെന്മാറയിലേക്ക്‌ ടാത്സി, ബസ്സ്‌ എന്നിവ ലഭിക്കും (35 കി.മീ) പാലക്കാടു നിന്ന്‌ നെന്മാറയിലേക്കുള്ള ദൂരം 30 കി.മീ. നെന്മാറയില്‍ നിന്ന്‌ നെല്ലിയാമ്പതിയിലേക്ക്‌ ടാക്‌സിയോ ജീപ്പോ ലഭ്യമാകും.

PHOTO GALLERY: NELLIYAMPATHY / NELLIAMPATHI


കാടിന്റെ ഇരുള്‍ നിറഞ്ഞ വശ്യത തേടി ഒരു നെല്ലിയാമ്പതി യാത്ര | NELLIYAMPATHY

തേക്കിന്‍ കാടുകളാല്‍ ഇരുട്ട് മൂടി ചുറ്റും പച്ചപ്പുനിറഞ്ഞ റെയ്ല്‍വെ സ്റ്റേഷനിലേക്കാണ് ചെന്നിറങ്ങിയത്. ആകാശം മുട്ടി നില്‍ക്കുന്ന തേക്കുമരങ്ങ...

തേക്കിന്‍ കാടുകളാല്‍ ഇരുട്ട് മൂടി ചുറ്റും പച്ചപ്പുനിറഞ്ഞ റെയ്ല്‍വെ സ്റ്റേഷനിലേക്കാണ് ചെന്നിറങ്ങിയത്. ആകാശം മുട്ടി നില്‍ക്കുന്ന തേക്കുമരങ്ങള്‍. കേരളത്തിലെ ഏറ്റവും മനോഹരമായ തീവണ്ടിപ്പാതയിലൂടെ പ്രകൃതിയുടെ മനോഹരദൃശ്യങ്ങള്‍ കണ്ടുകൊണ്ടായിരുന്നു നിലമ്പൂര്‍ കാടുകളിലേക്ക് യാത്ര ആരംഭിച്ചത്. തീവണ്ടിയുടെ ജാലകത്തിലൂടെ മിന്നിമറഞ്ഞതിനുമപ്പുറം കാഴ്ചയുടെ കാണാസ്വര്‍ഗങ്ങള്‍ തീര്‍ക്കുകയായിരുന്നു നിലമ്പൂര്‍ കാടുകള്‍.


മഴക്കാടുകള്‍, വെള്ളച്ചാട്ടങ്ങള്‍. അപൂര്‍വ്വതകളുടെ സൗന്ദര്യമാകുന്നു ഓരോ കാഴ്ച്ചകളും. ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. പ്രാചീനകാല ആദിമനിവാസികളായ ചോല നായ്ക്കര്‍, രാജഭരണത്തിന്‍റെ ഓര്‍മകള്‍ക്ക് ഇന്നും ജീവന്‍ നല്‍കിക്കൊണ്ട് തലയുയര്‍ത്തി നില്‍ക്കുന്ന നിലമ്പൂര്‍ കോവിലകം, തേക്കു മ്യൂസിയം, കണ്‍കുളിരുന്ന വെള്ളച്ചാട്ടങ്ങള്‍. പ്രകൃതി സ്വയം നെയ്തെടുത്ത പച്ചപ്പിന്‍റെ സ്വാഭാവികതയാണീ ഭൂമിക മുഴുവനും.

കാടിന്‍റെ വിശാലതക്കും പക്ഷികളുടെ നിലക്കാത്ത സംഗീതത്തിനുമൊപ്പം ഇരുമ്പ് പാലത്തിനുതാഴെ ഇരുവശങ്ങളിലുമുള്ള ഇലകളെയും പൂക്കളെയും നിരന്തരം കുതിര്‍ത്തൊഴുകുന്നു. ചോലകള്‍ നിലമ്പൂര്‍ കാടിനെ എന്നും ചലിപ്പിച്ചുകൊണ്ടേയിരിക്കുന്നത് ചെറിയൊരിരമ്പത്തോടെ ഒഴുകിയിറങ്ങുന്ന ഈ ചോലകളാണ്. മലപ്പുറം ജില്ലയുടെ കിഴക്കെ അറ്റത്തുള്ള ഒരു ചെറിയ പട്ടണം. പച്ചപ്പില്‍ പൊതിഞ്ഞുകിടക്കുന്ന വനനിബിഡമായ പ്രദേശം. തേക്ക്, ഈട്ടി, തുടങ്ങി വിലപിടിപ്പുള്ള നിരവധി വൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞുനില്‍ക്കുന്ന സുന്ദരമായ ദൃശ്യങ്ങളാല്‍ യാത്രികരെ എപ്പോഴും ഈ നാട് വരവേല്‍ക്കുന്നു. ചരിത്രശേഷിപ്പുകളുടെ മങ്ങാത്ത ഓര്‍മക്കാഴ്ച്ചകള്‍. കൂടുതല്‍ അറിയും തോറും നിലമ്പൂര്‍ കാഴ്ച്ചകള്‍ക്ക് മാധുര്യമേറുകയാണ്.

കണ്ണഞ്ചിപ്പിക്കുന്ന വൃക്ഷലതാദികള്‍ കണ്ണിനെന്നപോലെ മനസിനും അനുഭൂതിയാണ്. കേരള തമിഴ്നാട് അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഏലംബാല മലനിരകളില്‍ നിന്നുത്ഭവിക്കുന്ന വെള്ളച്ചാട്ടത്തിന്‍റെ ഒഴുക്കില്‍ എന്നും നനഞ്ഞുലയുന്ന കാടുകളില്‍ കരടിയും കടുവയും നീലകുരങ്ങുകളും മാനും. കേരളത്തില്‍ നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. എന്നാല്‍ നിലമ്പൂരിനെകുറിച്ച് പറയുമ്പോള്‍ അതൊരു പ്രമുഖ വിനോദ സഞ്ചാര കേന്ദ്രം എന്ന പേരിലായിരുന്നില്ല പലപ്പോഴും അറിയപ്പെട്ടിരുന്നത്. ഫര്‍ണ്ണീച്ചറുകള്‍ നിര്‍മിക്കാന്‍ തേക്കിന്‍ തടികള്‍ക്കായ് ആളുകള്‍ തിരഞ്ഞെടുക്കുന്ന സ്ഥലം എന്നതൊഴിച്ചാല്‍ പറയത്തക്ക വിശേഷണങ്ങളൊന്നും ആരും നിലമ്പൂരിനെകുറിച്ച് പറഞ്ഞില്ല. എന്നാല്‍ പ്രകൃതിരമണീയമായ നിലമ്പൂരിന്‍റെ ഹൃദയമായ പച്ചപ്പുനിറഞ്ഞ വനമേഖലകള്‍ കാണുന്നതോടു കൂടി പ്രദേശത്തെ സംബന്ധിച്ച ധാരണകളെല്ലാം മാറിമറിയും.

വന്യമൃഗങ്ങള്‍, പക്ഷിക്കൂട്ടങ്ങള്‍... സഞ്ചാരികള്‍ക്ക് അപ്രതീക്ഷിതമായ വിഭവങ്ങള്‍ സമ്മാനിക്കുന്ന ചാലിയാറിന്‍റെ തീരത്തെ മനോഹരമായ പ്രദേശം. നിലമ്പൂര്‍ ടൗണില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയുള്ള തേക്കിന്‍ തോട്ടമായ കോണോലി പ്ലോട്ട് തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനം. ലോകത്തെ ഏറ്റവും പഴയ തേക്കിന്‍ തോട്ടം സ്ഥിതി ചെയ്യുന്ന ഇവിടെ ലോകത്തെ ഏറ്റവും പ്രായമേറിയ തേക്കുമുണ്ട്. രാജ്യത്തെ ആദ്യ തേക്ക് മ്യൂസിയം ആസ്വാദനത്തിനപ്പുറം ചരിത്രപരവും, സാംസ്കാരികവും, ശാസ്ത്രീയവും, സൗന്ദര്യശാസ്ത്രപരവുമായ വിവരങ്ങള്‍ നാടിനാകെ സംഭാവനചെയ്യുന്നു. നിലമ്പൂര്‍ തേക്കിന്‍റെ പ്രശസ്തി കടല്‍കടന്നും നാളുകയായിരിക്കുന്നു.

പ്രകൃതി അണിയിച്ചോരുക്കിയ അത്ഭുതകരമായ മനോഹാരിത. കൃത്രിമമായി നിര്‍മ്മിക്കപ്പെട്ടതെന്ന് തോന്നുന്ന അടക്കത്തോടെ ഓരോ കാഴ്ച്ചകളും ചിത്രകലയുടെ ഭാവാത്മകതയേക്കാള്‍ സുന്ദരം. ആട്യന്‍പാറ വെള്ളച്ചാട്ടമാണ് മറ്റൊന്ന്. കുറുംപലങ്ങോട് ഗ്രാമത്തിലെ ആട്യന്‍പാറ വെള്ളച്ചാട്ടവും സമീപത്തെ, തടികളാല്‍ തീര്‍ത്ത സങ്കേതങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. ഓരോന്നും ഒന്നിനൊന്ന് പുതുമ നല്‍കുന്ന കാഴ്ച്ചകള്‍. എന്നാല്‍ നിലമ്പൂര്‍ പട്ടണത്തിന്‍റെ പൂമുഖം അത്യന്തം സുന്ദരമാക്കുന്നത് ഇതുമാത്രം കൊണ്ടായിരുന്നില്ല. അവര്‍ണ്ണീനയമായ സൗന്ദര്യം വിളിച്ചോതുന്ന ഏക്കറുകള്‍ നീണ്ടുകിടക്കുന്ന നെടുങ്കയം വനം.

ആനയും കടുവയുമടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും യാത്രികരെ സംരക്ഷിക്കാന്‍ വനപാലകര്‍ ഇവിടെ എപ്പോഴുമുണ്ട്. ടൗണില്‍ നിന്നും ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ കരുളായിയിലെത്താം. അവിടെ നിന്നും ഓട്ടോമാര്‍ഗ്ഗം നെടുങ്കയത്തേക്കുള്ള യാത്ര. മഴമേഘങ്ങള്‍ ഭൂമിയെ നനയിക്കാന്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്ന പോലെ ഏപ്പോഴും ഇവിടം മൂടിക്കെട്ടിയിരിക്കുന്നു. പോകുന്ന വഴികളാകെ ആള്‍പാര്‍പ്പുള്ള ഇടങ്ങള്‍. നെടുങ്കയം കാട്ടിലേക്കുള്ള അതിര്‍ത്തി വരെ നീളുന്നു അത്. ഇരുപത് രൂപ ടിക്കറ്റെടുത്ത് വനത്തിനകത്തേക്കെത്തുമ്പോള്‍ കാഴ്ച്ചകളാകെ മാറും. വനാതിര്‍ത്തിക്കടുത്ത് വരെ ആനയിറങ്ങും. അതിനാല്‍ നാല് മണിക്ക് ശേഷം പ്രവേശനം നിരോധിച്ചിരിക്കുകയാണ്.

കാഴ്ച്ചക്കാര്‍ക്കൊപ്പം ഗവേഷകരുടേയും ഇഷ്ടപ്രദേശമായി നിലമ്പൂര്‍ മാറിയതും ഈ മനോഹാരിതയിലെ അപൂര്‍വ്വതകള്‍കൊണ്ടുതന്നെ. പ്രകൃതിശാസ്ത്രജ്ഞരും ബോട്ടണിസ്റ്റുകളും തങ്ങളുടെ ഗവേഷണ പദ്ധതികള്‍ക്കുവേണ്ടിയും എപ്പോഴും ഇവിടെ എത്തുന്നു.

കാടിനുള്ളില്‍ ആദിവാസി കോളനിയും വിദ്യാലയവും കളിസ്ഥലവും. നിലമ്പൂരിലേക്കുള്ള ട്രെയിന്‍ യാത്ര തന്നെ ഒരനുഭവമാണ്. നിര്‍മാണത്തിലെ സര്‍ഗാത്മകത സ്റ്റേഷനുകളിലും കാണാം. കാടിന്‍റെ സൗന്ദര്യത്തിന് ദോഷം വരാതെയാണ് ഓരോ സ്റ്റേഷനും സായിപ്പന്‍മാര്‍ പണിഞ്ഞിരിക്കുന്നത്. ആല്‍മരങ്ങളില്‍ നിന്നും താഴെ വരെയെത്തുന്ന വള്ളിപ്പടര്‍പ്പുകള്‍. ഓരോ സ്റ്റേഷന്‍റയും ഇരുവശങ്ങളിലായി മഴക്കാടുകള്‍. നിലമ്പൂര്‍റോഡ് സ്റ്റേഷന്‍റെ മോടി ഒന്നുവേറെതന്നെ. തടികൊണ്ടുപോകുന്നതിനു വേണ്ടി ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാത ഇപ്പോള്‍ അതിമനോഹരമായ കാഴ്ച്ചകള്‍ക്ക് വഴിമാറുക യാണ്.




ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് ആനമട | Anamada ഞാൻ നെല്ലിയാമ്പതി ആനമട എന്ന സ്ഥലത്തേക്ക് ഒരു യാത്രപോയി... കാടിനകത്തേക്ക...

ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ് ആനമട | Anamada

ഞാൻ നെല്ലിയാമ്പതി ആനമട എന്ന സ്ഥലത്തേക്ക് ഒരു യാത്രപോയി... കാടിനകത്തേക്ക് 14 കിലോമീറ്റെർ നടക്കണം ആനമടയിലെ ഞങ്ങൾ താമസിച്ചിരുന്ന റിസോർട്ട് ലേക്ക്. അവിടെ ഒരു രാത്രിയും പകലും.
ആ യാത്രയിലെ എന്റെ ക്യാമറാ അനുഭവങ്ങൾ മറക്കാനാവാത്തതാണ് 
കാടിനകത്തെ പുലർക്കാലം വല്ലാത്തൊരു അനുഭവമായിരുന്നു. കയ്യിൽ ക്യാമറയും പിടിച്ചു അങ്ങനെ നോക്കി നിന്നുപോയി. കാലിൽ കടിക്കുന്ന അട്ടകളെ കാര്യമാക്കാതെ കാട്ടിനുള്ളിലെക്ക് നടക്കുമ്പോൾ കാടിന്റെ വന്യമായ ആ പച്ച മാത്രമായിരുന്നു ഉള്ളിൽ നിറയെ... ഓരോ കാഴ്ചകളും എന്നെ അത്രമേൽ അമ്പരപ്പിച്ചു.


മരകൂട്ടങ്ങൾക്കിടയിലൂടെ ആദ്യ വെയിലിന്റെ സ്വർണ നൂലുകൾ അരിച്ചിറങ്ങുന്നത്... ഇലകളിൽ വെയിൽ വീണു തിളങ്ങുന്നത്... ഓറഞ്ച് തോട്ടങ്ങളിലൂടെ കൊടയോഴുകുന്നത്... കാടിനുള്ളിലെ തടാകത്തിൽ നിന്നും പുകപോലെ നീരാവിയുയരുന്നത്... റോസ് നിറത്തിൽ ഭംഗിയുള്ള പേരറിയാത്ത പൂവുകളിൽ മഞ്ഞു വീണു കിടക്കുന്നത്... കാപ്പിച്ചെടിയുടെ വെളുത്തപൂക്കൾ വനകന്യകമാരെപ്പോലെ തലകുനിച്ച് നിൽകുന്നത്...

അങ്ങിനെ ഒത്തിരി ഒത്തിരി കാഴ്ച്ചകൾ...

കാട്ടിനുള്ളിൽ 
എടുത്ത ഫോട്ടോകളിൽ ചിലത് നിങ്ങളുമായി ഇവിടെ പങ്കുവക്കുന്നു. ഫോട്ടോഗ്രഫിയിലെ ഒരു തുടക്കക്കാരനാണ് ഞാൻ. ഞാൻ നേരിട്ട് കണ്ടതിനോളം ഈ കാഴ്ച്ചകൾ മനോഹരമായി നിങ്ങൾക്ക് അനുഭവപ്പെട്ടില്ലെങ്കിൽ അതെന്റെ മാത്രം പരാജയമാണ്. ക്ഷമിക്കുക.!!!

എല്ലാവരും ഒരിക്കലെങ്കിലും ഇവിടെപ്പോവുക, കാഴ്ച്ചകൾ നെരിട്ട് അനുഭവിക്കുക. 

അപ്പൊ നെല്ലിയാമ്പതി കാടിന്റെ ഉള്ളിലോട്ട് നമുക്കൊന്ന് പോയിവരാം...

Written By: Devaraj Devan / Devaraj Devan photography

PHOTO GALLERY: ANAMADA


അപൂർവ ദൃശ്യാനുഭവമായി ആനമട | Anamada