Solo trip to vettom location Muthalamada Railway Station കാലത്ത് പ്രഭാത ഭക്ഷണത്തിനു ശേഷം വീടിന്റെ ഉമ്മറത്തു പുറത്തേക്കും നോക്കി അങ്ങനെ ഇരിക്...

വെട്ടം എന്ന സിനിമ ലൊക്കേഷനിലേക്ക് ഒരു ഏകാന്ത യാത്ര - Muthalamada Railway Station

Solo trip to vettom location Muthalamada Railway Station

കാലത്ത് പ്രഭാത ഭക്ഷണത്തിനു ശേഷം വീടിന്റെ ഉമ്മറത്തു പുറത്തേക്കും നോക്കി അങ്ങനെ ഇരിക്കുമ്പോഴാണ് എനിക്ക് തോന്നിയത് എവിടെങ്കിലും ഒരു യാത്ര പോയാലോ എന്ന്.

എന്നാൽ പിന്നെ വൈകിക്കേണ്ട ഇപ്പൊ തന്നെ പോയേക്കാം. പെട്ടെന്ന് തന്നെ റെഡിയായി ബാഗും ഹെൽമെറ്റും ജാക്കറ്റും എടുത്ത് ഉമ്മയോട് യാത്ര പറഞ്ഞു ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.

കുറച്ചു ദൂരം പോയതിനു ശേഷമാണ് എങ്ങോട്ട് പോകണം എന്ന് ആലോചിക്കുന്നത്. പെട്ടെന്നാണ് ഒരു സ്ഥലം എനിക്ക് ഓർമ വന്നത്. ഒരുപാട് കാലമായിട്ട് പോകണം എന്ന് ആഗ്രഹിക്കുന്ന ഒരു സ്ഥലമാണ് വെട്ടം എന്ന സിനിമയിൽ കണ്ട റെയിൽവേ സ്റ്റേഷൻ. അതെ മുതലമട റെയിൽവേ സ്റ്റേഷൻ (Muthalamada Railway Station). എന്നാൽ പിന്നെ ഈ യാത്ര അങ്ങോട്ട് തന്നെ ആയേക്കാം. ഞാൻ വണ്ടി സൈഡ് ആക്കി ഫോണിൽ മുതലമട ലൊക്കേഷൻ സെറ്റ് ചെയ്തു യാത്ര തുടർന്നു.

Muthalamada Railway Station

സാധാരണ ഒരു റെയിൽവേ സ്റ്റേഷൻ എന്ന് കേൾക്കുമ്പോ നമ്മുടെ മനസ്സിൽ തെളിയുന്ന ഒരു ചിത്രമല്ല മുതലമട റെയിൽവേ സ്റ്റേഷന്. വെട്ടം എന്ന സിനിമയിൽ നമ്മൾ കണ്ടതാണ് തീർത്തും വെത്യസ്തമായ പ്രകൃതി ഭംഗിയാൽ നിറഞ്ഞു നിൽക്കുന്ന ഒരു സ്റ്റേഷൻ. ആ സ്ഥലം ലക്ഷ്യമാക്കി ഞാൻ യാത്ര തുടർന്നു. സമയം 9 മണി കഴിഞ്ഞിരിക്കുന്നു റോഡിൽ യൂണിഫോം ധരിച്ച സ്കൂളിലേക്ക് പോകുന്ന കുറേ കുട്ടികളെ കാണുന്നുണ്ട്.

പട്ടാമ്പിയിൽ നിന്നും ബൈക്കിൽ ഫുൾ ടാങ്ക് പെട്രോൾ അടിച്ച് പാലക്കാട് റൂട്ടിൽ ഞാൻ യാത്ര തുടർന്നു. പട്ടാമ്പി പാലക്കാട് (Pattambi Palakkad Highway) ഹൈവേ ഇപ്പോൾ പഴയ പോലെ അല്ല റോഡ് വളരെ മോശമായിരുന്നു പലയിടത്തും വലിയ കുണ്ടും കുഴിയും. അൽപം കൂടി മുന്നോട്ട് എത്തിയപ്പോൾ റോഡ് പണി നടക്കുന്നത് കണ്ടു ഹോ സമാധാനമായി റോഡ് ശെരിയാക്കുന്നുണ്ടല്ലോ. മനസ്സിൽ എന്തൊക്കെയോ ചിന്തകളുമായി കുറെ ദൂരം ബൈക്ക് ഓടിച്ചു പോയി. 

ഒറ്റപ്പാലവും ലക്കിടിയും കഴിഞ്ഞാൽ മങ്കരയിൽ നിന്നും ഉള്ളിലേക്ക് ഉള്ള റോഡിലൂടെയാണ് മുതലമടയ്ക്ക് പോകേണ്ടത് എന്നാണു ഗൂഗിൾ മാപ് കാണിക്കുന്നത്. ഞാൻ ആ റോഡിലേക്കു വണ്ടി തിരിച്ചു അൽപം മുന്നോട്ട് പോയി. മുന്നോട്ടു പോകുംതോറും ചെറിയ ചെറിയ ഗ്രാമങ്ങൾ, കവലകൾ, പഴയ ക്ഷേത്രങ്ങൾ അങ്ങനെ പലതും കാണുന്നുണ്ട്.

ഒരു കവല കഴിഞ്ഞാൽ പിന്നെ കുറെ ദൂരം ആളൊഴിഞ്ഞ പ്രദേശം പിന്നെ അടുത്ത കവല കാണും. റോഡരികിൽ ഇടയ്ക്കിടെ കാണുന്ന ചെറിയ ഓടിട്ട കടകൾ പഴയ കാലം ഓർമിപ്പിക്കും വിധം ഒരു ഗൃഹാദുരത്വം മനസ്സിൽ തോന്നി. ഈ വഴി പോകുമ്പോൾ പാലക്കാടിന്റെ തനിമയാർന്ന ഭംഗി നമുക്ക് ആസ്വദിക്കാൻ കഴിയും. അങ്ങനെ കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ റോഡിൻറെ ഒരു വശത്തായിട്ട് പഴയ ഒരു ക്ഷേത്രം കണ്ടു. നല്ല വലിയ ആൽമരത്തിന്റെ തണലും ഉണ്ട് ഞാൻ അവിടെ വണ്ടി നിർത്തി ഒരു ചെറിയ ബ്രേക്ക് എടുത്തു കൂട്ടത്തിൽ കുറച്ച് ഫോട്ടോസും എടുത്തു.

അങ്ങനെ അൽപ നേരത്തെ വിശ്രമത്തിനു ശേഷം ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു യാത്ര തുടർന്നു. കുറേ ദൂരം പോയപ്പോൾ ഒരു റെയിൽവേ ഗേറ്റ് കണ്ടു. ഗേറ്റ് അടച്ചിട്ടിരിക്കുകയാണ് ഏതോ ട്രെയിൻ പോകാനുണ്ട്. അവിടെ റോഡരികിൽ കണ്ട ഒരു മരത്തണലിൽ വണ്ടി നിർത്തി ഞാൻ ട്രെയിൻ പോകുന്നതിനായി കാത്തു നിന്നു. റോഡിൻറെ ഇരു വശത്തേക്കും നോക്കിയപ്പോൾ നല്ല ഗ്രാമീണ ഭംഗിയുള്ള സ്ഥലം പാടവും തെങ്ങുകളും അങ്ങ് ദൂരെയായി വലിയ കുന്നുകളും കാണുന്നുണ്ട്, നല്ല കാറ്റു വീശുന്നുണ്ട് പ്രകൃതി ഭംഗി ആസ്വദിച്ച് കാറ്റും കൊണ്ടിരിക്കുന്നതിനിടയിൽ ട്രെയിൻ കടന്നു പോയി. ഗേറ്റ് തുറന്നതും ഞാൻ വണ്ടിയെടുത്തു ധൃതിയിൽ ഓടിച്ചു പോയി.

മുതലമടയ്ക്ക് ഇനിയും കുറേ ദൂരം പോകണമെന്ന് തോന്നുന്നു. കുറച്ച് ദൂരം പിന്നിട്ടപ്പോൾ തേങ്കുറിശ്ശി എന്ന ഒരു ഗ്രാമം എത്തി ഒടിയൻ മാണിക്യന്റെ തേങ്കുറിശ്ശി. മുൻപ് കേട്ടു പരിചയം മാത്രം ഉള്ള തേങ്കുറിശ്ശി ഒടിയൻ എന്ന സിനിമ റിലീസ് ആകുന്നതിനു മുന്നെ കാണാൻ സാധിച്ചു. മുന്നോട്ട് പോകുംതോറും റോഡിനിരുവശവും അതി വിശാലമായി പരന്നു കിടക്കുന്ന നെൽപ്പാടങ്ങൾ ഇടയിൽ തെങ്ങുകളും വലിയ വലിയ കരിമ്പനകളും കാണാം. നല്ല കാറ്റ് വീശുന്നുണ്ട്. പാടത്തു ഞാറ് നടുന്ന കുറച്ച് സ്ത്രീകളും അങ്ങ് ദൂരെയായി വലിയ ഉയരത്തിൽ ഉള്ള മലകളും കാണാം. ശെരിക്കും ഇതാണ് ഒരു ഗ്രാമത്തിന്റെ യഥാർത്ഥ ഭംഗി ഞാൻ വണ്ടി നിർത്തി ഈ കാഴ്ചകളൊക്കെ ആസ്വദിച്ച് കുറേ നേരം അങ്ങനെ നിന്നു.

ഈ സ്ഥലം കാണുമ്പോൾ എനിക്ക് ഒരു പഴയ സിനിമ ഡയലോഗ് ആണ് ഓർമ വരുന്നത്. "നമുക്ക് ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കാം അതികാലത്ത് എഴുന്നേറ്റ് മുന്തിരിത്തോട്ടങ്ങളിൽ പോയി മുന്തിരിവള്ളികൾ തളിർത്ത് പൂവിട്ടിരിക്കേം മാതള നാരകം പൂക്കുകയും ചെയ്തോന്ന് നോക്കാം". സിനിമയിൽ പറഞ്ഞ പോലെ ഗ്രാമങ്ങളിൽ ചെന്ന് രാപ്പാർക്കുകയാണെങ്കിൽ ഇവിടെ വന്നു രാപ്പാർക്കണം മുന്തിരിത്തോപ്പ് ഇല്ലെങ്കിലും ബാക്കി എല്ലാ ഗ്രാമീണ ഭംഗിയും ഇവിടുണ്ട്. അവിടുത്തെ ഫോട്ടോസ് എടുക്കുന്നതിനിടെയാണ് നാലഞ്ചു പിള്ളേർ എന്റടുത്തേക്ക് വരുന്നത് ശ്രെദ്ധയിൽ പെട്ടത്.

അവരെന്നോട് ചോദിച്ചു ചേട്ടൻ എവിടുന്നാ വരുന്നേ...?

ഞാൻ പറഞ്ഞു പട്ടാമ്പീന്ന്. അവരുടെ അടുത്ത ചോദ്യം ബൈക്കിൽ എവിടെപ്പോകുവാ...?
ഞാൻ ചുമ്മാ ഇങ്ങനെ കറങ്ങാൻ ഇറങ്ങിയതാ..., എല്ലാവരുടേം പേര് ചോദിച്ചു പരിചയപ്പെട്ടു അവരെക്കൊണ്ട് എന്റെ ഒരു ഫോട്ടോ എടുപ്പിച്ച ശേഷം അവരുടെ കൂടെ നിന്ന് ഒരു സെൽഫിയും എടുത്ത് അവരോട് റ്റാറ്റാ പറഞ്ഞു ഞാൻ വണ്ടി വിട്ടു. അൽപ ദൂരം കഴിഞ്ഞപ്പോൾ പെട്ടെന്ന് റോഡിൻറെ വലതു വശത്തായി ആളൊഴിഞ്ഞ സ്ഥലത്ത് ഒരു ചെറിയ കട എന്റെ ശ്രദ്ധയിൽ പെട്ടു. ഞാൻ വണ്ടി അങ്ങോട്ടെടുത്തു. കടയിൽ ചെന്ന് ഒരു കൂൾഡ്രിങ്ക്‌ വേടിച്ചു കാര്യമായി വിശപ്പില്ലെങ്കിലും ചെറിയ ഒരു പലഹാരവും വേടിച്ചു കഴിച്ചു.

ഇനി ഭക്ഷണം കഴിക്കാൻ വേണ്ടി വേറെ എവിടെയും സമയം കളയേണ്ട ആവശ്യമില്ലലോ. പാതി കുടിച്ച കൂൾഡ്രിങ്കിന്റെ ബോട്ടിൽ അടച്ചു ബാഗിലിട്ട് ഞാൻ വണ്ടി എടുത്തു. ചിറ്റൂർ തത്തമംഗലം വണ്ടിത്താവളം എന്നീ സ്ഥലങ്ങൾ താണ്ടി അവസാനം മുതലമട എന്ന നമ്മുടെ ലക്ഷ്യസ്ഥാനമായ സ്ഥലത്ത് എത്തി ഞാൻ വണ്ടി സ്ലോ ആക്കി ചുറ്റിനും ഒന്ന് കണ്ണോടിച്ചു ആകെ ഒരു തമിഴ്‌നാടൻ ടച്ച് ഉള്ള ഒരു കൊച്ചു അങ്ങാടി.

ഞാൻ റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിലേക്ക് വണ്ടി തിരിച്ചു ഒരു ചെറിയ ഇടുങ്ങിയ റോഡാണ് മുന്നോട്ട് പോകുന്തോറും ഞാൻ ചുറ്റുമുള്ള കാഴ്ചകൾ ശ്രെദ്ധിച്ചു ഈ റോഡിൽ തീരെ വണ്ടികളൊന്നും തന്നെ കാണുന്നില്ല ആകെ ഒരു കാളവണ്ടി മാത്രം പോകുന്നത്കണ്ടു. പിന്നെ തമിഴർ എന്ന് തോന്നിപ്പിക്കുന്ന രണ്ടു പേർ നടന്നു പോകുന്നുണ്ട്. ഞാൻ വണ്ടി നിർത്തി അവരോട് റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി ഇത് തന്നെ അല്ലേന്ന് ചോദിച്ചു.

അവര് പറഞ്ഞു "സ്‌ട്രേട്ടാ പോയി ഫസ്റ്റ് റൈറ്റ് പോട്ട് അപ്പറം ലെഫ്റ് പൊട്ട് സ്‌ട്രേട്ടാ പൊട്.."

അവരങ്ങനെ നിർത്താതെ പറഞ്ഞുകൊണ്ടേയിരുന്നു. തമിഴ് കലർന്ന മലയാളം ആണ് അവർ പറയുന്നത് അവര് പറഞ്ഞ വഴി എനിക്ക് മനസ്സിലായില്ലെങ്കിലും താങ്ക്സ് പറഞ്ഞു ഞാൻ ഗൂഗിൾ മാപ് നോക്കി മുന്നോട്ട് പോയി. മുന്നോട്ട് പോകുംതോറും റോഡ് ഇടുങ്ങി ഇടുങ്ങി വരുന്നു ചുറ്റിനും തിങ്ങി നിൽക്കുന്ന മരങ്ങളും പച്ചപ്പും ഒരു കാടിനുള്ളിലേക് പോകുന്ന ഒരു പ്രതീതി അതുകൊണ്ട് ഇത് റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ള വഴിതന്നെയല്ലേ എന്ന സംശയം കൊണ്ടാണ് ഗൂഗിൾ മാപ് ഉണ്ടായിട്ടും നേരത്തെ കണ്ട രണ്ടുപേരോട് വഴി ചോദിച്ചത് അൽപ ദൂരം ചെന്നപ്പോൾ മുതലമട റെയിൽവേ സ്റ്റേഷൻ വലത്തോട്ട് എന്ന ഒരു ബോർഡ് കണ്ടു അപ്പൊ ഇത് തന്നെ റൂട്ട്. കുറച്ച് മുന്നോട്ട് പോയി ഞാൻ വണ്ടി നിർത്തി വണ്ടിയിൽ നിന്നും ഇറങ്ങി ചുറ്റിനും ഒന്ന് നോക്കി എങ്ങും നിശബ്ദത ഇരു വശത്തും ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ ഒരു വലിയ കാടിന്റെ ഉള്ളിൽ ചെന്ന പോലെ തോന്നി.

ഇടക്കിടക്ക് കിളികളുടെ ശബ്ദം മാത്രം കേൾക്കാം ഇവിടെ ഒന്നും ഒരു മനുഷ്യക്കുഞ്ഞിനെ പോലും കാണുന്നില്ലല്ലോ എന്ന മട്ടിൽ നിൽക്കുമ്പോ എവിടുന്നോ ഒരു വണ്ടിയുടെ ശബ്ദം കേട്ട് അങ്ങോട്ട് നോക്കിയപ്പോൾ അങ്ങ് ദൂരെ റെയിൽവേ സ്റ്റേഷന്റെ ഭാഗത്തു നിന്നും ഒരു ചെറിയ സ്കൂട്ടർ പതിയെ വരുന്നു. കുറേ ചരക്കുകൾ ഒക്കെ കെട്ടിവെച്ചുള്ള ആ സ്കൂട്ടർ എന്റെ അടുത്തെത്തിയപ്പോൾ ഇവിടെ എങ്ങും കണ്ടിട്ടില്ലല്ലോ എന്ന മട്ടിൽ അയാൾ എന്നെ ഒന്ന് നോക്കിയിട്ട് കടന്നുപോയി. ഇനി മുന്നോട് ഉള്ള റോഡ് ഒരു നേരിയ ഇറക്കം ആണ് ഞാൻ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്യാതെ പതിയെ അങ്ങനെ ഉരുട്ടിക്കൊണ്ടു പോയി എന്തോ ഈ പ്രകൃതി രമണീയമായ സ്ഥലത്തു കിളികളുടെ മനോഹരമായ ശബ്ദത്തിനിടയിൽ ബൈക്ക് സ്റ്റാർട്ട് ചെയ്തു ഒരു ശബ്ദമലിനീകരണം ഉണ്ടാക്കാൻ തോന്നിയില്ല, ഈ ചെറിയ ഇറക്കം നേരെ ചെല്ലുന്നത് മുതലമട റെയിൽവേ സ്റ്റേഷനിലേക്കാണ്. ബൈക്ക് സ്റ്റാർട്ട് ചെയ്യേണ്ടി വന്നില്ല അതിനു മുന്നേ ഞാൻ കണ്ടു മുതലമട എന്ന വലിയഎഴുത്ത് അതെ മുതലമട റെയിൽവേ സ്റ്റേഷൻ എത്തിയിരിക്കുന്നു ദൂരെ നിന്നും കാണുമ്പോൾ കാടിന് നടുവിൽ ഒരു റെയിൽവേ സ്റ്റേഷൻ എന്നാണു തോന്നുക.

ഞാൻ അവിടെ എത്തി വണ്ടി ലോക്ക് ചെയ്‌തു റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലേക്ക് പോയി. ആദ്യത്തെ കാഴ്ചയിൽ തന്നെ മനസ്സിന് കുളിർമ നൽകും വിധം പ്രകൃതി ഭംഗിയാൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്ലാറ്റ്‌ഫോം. ഒരു വശത്തു വലിയ വള്ളികൾ തൂങ്ങിക്കിടക്കുന്ന ആൽ മരത്തിന്റെ കുളിർമ നൽകുന്ന തണലിൽ യാത്രക്കാർക്ക് ഇരിക്കാൻ വേണ്ടിയുള്ള ഇരിപ്പിടങ്ങൾ ഉണ്ട് ഞാൻ അവിടെ ഇരുന്നു ജാക്കറ്റും ഗ്ലൗ വും അഴിച്ചു അവിടുത്തെ ഭംഗി ആസ്വദിച്ച് അങ്ങനെ ഇരിക്കുകയാണ്. നിലത്ത് കോൺഗ്രീറ്റ് കട്ടകളും രണ്ടു മൂന്ന് തെരുവ് വിളക്കുകളും കുറച്ച് അപ്പുറത്തായി ഒരു ഒവർബ്രിഡ്‌ജും വന്നു എന്നല്ലാതെ സിനിമയിൽ കണ്ടതിൽ നിന്നും കൂടുതൽ വെത്യാസങ്ങൾ ഒന്നും തോന്നിയില്ല.

അവിടെ എങ്ങും ആരെയും കാണുന്നില്ല. ഞാൻ ചുറ്റിനും നോക്കിയപ്പോൾ കുറച്ച് അപ്പുറത്തായി ഒരു സ്ത്രീ പ്ലാറ്റ്‌ഫോം അടിച്ചുവാരി വൃത്തിയാക്കുന്നുണ്ട് അവിടെ അങ്ങനെ ഇരിക്കുമ്പോഴാണ് എന്റെ ഒരു ഫ്രണ്ടിന്റെ കാൾ വരുന്നത്.

ഹലോ ഡാ നീ എവിടെയാ .... ?

ഞാൻ ഇപ്പോൾ പാലക്കാട് ഭാഗത്തുള്ള ഒരു റെയിൽവേ സ്റ്റേഷനിലാ.

അതെന്താ നീ അവിടെ....?

ഞാൻ ചുമ്മാ കറങ്ങാൻ വന്നതാ...

എന്താ റെയിൽവേ സ്റ്റേഷനിലാണോ നിന്റെ കറക്കം ഏത് സ്റ്റേഷനിലാ ... ?

ഞാൻ മുതലമട സ്റ്റേഷനിലാ...

ങ്ങേ മുതലമടയിലോ എന്റെ മാമയാടാ അവിടുത്തെ സ്റ്റേഷൻ മാസ്റ്റർ.

കാണുകയാണെങ്കിൽ നീ പരിചയപ്പെട്ടോ ജയപ്രകാശ് എന്നാ മാമയുടെ പേര് എന്റെ പേര് പറഞ്ഞാൽ മതി അറിയും. പറഞ്ഞു നാക്കെടുക്കും മുന്നേ പുറകിൽ നിന്നും ആരോ വിളിക്കുന്നു..

ഡോ...

ഞാൻ നോക്കിയപ്പോ ആരേം കണ്ടില്ല വീണ്ടും

ഡോ... നിന്നെത്തന്നെ... ഇവിടെവാടോ...

പുറകിൽ നിന്നും ഒരാൾ എന്നെ മാടിവിളിച്ചു ഞാൻ അടുത്തേക് ചെന്നു.

താൻ ആരോട് ചോദിച്ചിട്ടാ സ്റ്റേഷന് അകത്തു കയറിയത്.

അയാളുടെ മട്ടും ഭാവവും ഒക്കെ കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി സ്റ്റേഷൻ മാസ്റ്റർ ആയിരിക്കുമെന്ന് അപ്പോഴും എന്റെ ഫ്രണ്ടിന്റെ കാൾ ഞാൻ കട്ട് ചെയ്തിട്ടില്ലായിരുന്നു ഞാൻ ഫോണിൽ പറഞ്ഞു സ്റ്റേഷൻ മാസ്റ്ററെ കണ്ടു എന്ന്.

താൻ ഫോൺ കട്ട് ചെയ്യടോ എന്നിട്ട് ചോദിച്ചതിന് മറുപടി പറ. ഞാൻ വേഗം ഫോൺ കട്ട് ചെയ്തു അവരോട് പറഞ്ഞു. ഞാൻ കുറച്ച് ദൂരെ നിന്നും വരുകയാണ് ഈ റെയിൽവേ സ്റ്റേഷനെ കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട് അങ്ങനെ ഒന്ന് കാണാൻ വേണ്ടി വന്നതാ...

കാണാൻ വേണ്ടി വന്നതാണെങ്കിൽ അനുവാദം ചോദിച്ചിട്ടു പ്ലാറ്റ്‌ഫോം ടിക്കറ്റ് ഒക്കെ എടുത്തിട്ടല്ലേ കയറുക...

അത് സർ ഞാൻ വന്നപ്പോ ഇവിടെ ആരേം കണ്ടില്ല അതോണ്ടാ സർ ഇപ്പോൾ എനിക്കൊരു പ്ലാറ്റ്‌ഫോം ടിക്കറ്റ് തന്നാൽ മതി...

ട്രെയിൻ ഉള്ള സമയത് മാത്രമേ പ്ലാറ്റ്‌ഫോം ടിക്കറ്റ് തരാൻ പറ്റൂ ഇപ്പൊ പറ്റില്ല...

സർ ഞാൻ പാട്ടാമ്പീന്ന് വരുകയാണ് കുറച്ചു നേരം ഇവിടെ ഇരുന്നിട്ട് പൊയ്ക്കോളാം...

ആഹ പാട്ടാമ്പീന്നാണോ വരുന്നത് പട്ടാമ്പിയിൽ എവിടെയാ വീട്...?

പട്ടാമ്പി പള്ളിപ്പുറം സർ അറിയോ അവിടെ...?

ആ എന്റെ തറവാട് അവിടെയാണ്.

അപ്പൊ ഞാൻ ഓർത്തു ഇത് തന്നെയായിരിക്കും എന്റെ ഫ്രണ്ടിന്റെ മാമ. എന്നാലും പേര് ഒന്ന് ചോദിച്ചേക്കാം.

സാറിന്റെ പേര്...??

പേര് സ്റ്റേഷൻ മാസ്റ്റർ അത്രയും അറിഞ്ഞാൽ മതി താൻ...
ഞാൻ മനസ്സിൽ വിചാരിച്ചു ഇയാളിതെന്ത് ചൂടനാ...

എന്തായാലും താൻ അത്രേം ദൂരെന്ന് വന്നതല്ലേ കുറച്ചു നേരം അവിടെയെങ്ങാനും പോയി ഇരുന്നോ സ്റ്റേഷന്റെ ഫോട്ടോ ഒന്നും എടുത്ത് പ്രസിദ്ധീകരിക്കാനൊന്നും പാടില്ല... 

ഓക്കേ താങ്ക്യൂ സർ എന്നും പറഞ്ഞോണ്ട് ഞാൻ അവിടെ ആൽമരത്തണലിൽ പോയി ഇരുന്നു.

ഫോട്ടോസ് എടുക്കരുതെന്ന് പറഞ്ഞെങ്കിലും ഞാൻ പതിയെ കുറച്ചു ഫോട്ടോസ് ഒക്കെ എടുക്കാൻ തുടങ്ങി ചുളിവിൽ സ്റ്റേഷൻ മാസ്റ്ററുടെയും എടുത്തു ഒരു ഫോട്ടോ. സ്റ്റേഷൻ മാസ്റ്ററെയും അവിടെ ക്ലീൻ ചെയ്യുന്ന ഒരു സ്ത്രീയെയും മാത്രേ അവിടെ കണ്ടൊള്ളൂ പിന്നെ പ്ലാറ്റ്ഫോമിൽ ഒരു പട്ടി കിടക്കുന്നുണ്ട്. മരങ്ങളുടെ തണലും കിളികളുടെ ശബ്ദവും നല്ല തണുത്ത കാറ്റും ഉണ്ട് കുറെ നേരം അവിടെ ഇരുന്ന്‌ ആ പ്രകൃതി ഭംഗിയിൽ അങ്ങനെ അലിഞ്ഞു ഇവിടെ ഇരിക്കുമ്പോൾ വെട്ടം സിനിമയിലെ പല രംഗങ്ങളും മനസ്സിൽ മിന്നി മറയുന്നുണ്ട്. ദിലീപ് ട്രെയിനിൽ നിന്നും ചാടി ഇറങ്ങുന്നതും ഒരു മരത്തിന്റെ വള്ളിയിൽ തൂങ്ങി അതിലൂടെ പോകുന്ന ഒരാളുടെ തോളിൽ പോയി ഇരിക്കുന്നതും... ഞാനറിയാതെ തന്നെ എന്റെ മുഖത്ത് ഒരു ചിരി വന്നു.

അവിടെ ഇരുന്ന് സമയം പോയതറിഞ്ഞില്ല തിരിച്ചു പോകണം സന്ധ്യക്ക്‌ മുന്നേ വീടെത്തണം ഞാൻ വേഗം ബാഗും ഹെൽമെറ്റും എടുത്ത് ബൈക്ക് എടുക്കാനായി തിരിഞ്ഞു നടന്നു അപ്പോൾ സ്റ്റേഷൻ മാസ്റ്റർ ചോദിച്ചു 

ഡോ... താൻ പോകാണോ...?

അതെ സർ... 

താൻ ബൈക്കിലാണോ വന്നത് ...? 

അതെ സർ... 

എന്നാ സൂക്ഷിച്ച് പോകണം. 

ഓക്കേ സാറിന്റെ പേര് പറഞ്ഞില്ല...

പേര് ജയപ്രകാശ്.

എന്നാ ഞാൻ വരട്ടെ സർ...

അപ്പോൾ എനിക്ക് തോന്നി ഹെയ്...

ഇയാൾ ഞാൻ വിചാരിച്ചത്ര ചൂടനൊന്നുമല്ല.

ഞാൻ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്തു യാത്ര തിരിച്ചു. തിരിച്ചു പോരുമ്പോൾ റയിൽവേ സ്റ്റേഷനിലേക്കുള്ള വഴിയൊക്കെ വെളിച്ചം കുറഞ്ഞു ആകെ ഇരുണ്ടിരുന്നു പെട്ടെന്ന് ബ്രേക്ക് ചവിട്ടി ഒരു നിമിഷം ഞാനൊന്നു പിന്നിലേക്ക് തിരിഞ്ഞു നോക്കി ഇരുണ്ട അന്തരീക്ഷത്തിൽ ഞാൻ കണ്ടു മുതലമട എന്ന വലിയ ചുമരെഴുത്ത്. വീണ്ടും ഒരിക്കൽ കൂടി ഒരു ഒഴിവുകാലത്ത് ഇവിടെ വരും എന്ന നിശ്ചയത്തോടെ ഞാൻ തിരിച്ചു പോരുമ്പോൾ മാനത്ത് കാർമേഘം ഇരുണ്ട് മൂടിയിരുന്നു ചിലപ്പോൾ മഴ പെയ്തേക്കാം. തുറന്നു വെച്ച ഹെൽമെറ്റിന്റെ ഗ്ലാസ്സിലൂടെ ഒരു മഴതുള്ളി എന്റെ മുഖത്തു വീണു.

വെട്ടം എന്ന സിനിമയിലെ ഒരു പാട്ട് അപ്പോൾ എന്റെ മനസ്സിൽ വന്നു "മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴീ... നനഞ്ഞോടിയെൻ കുടക്കീഴിൽ നീ വന്ന നാൾ..." ആ പാട്ടും മൂളികൊകൊണ്ട് ഞാൻ വീട് ലക്ഷ്യമാക്കി വണ്ടി പറപ്പിച്ചു വഴിയിൽ അങ്ങോട്ട് പോകുമ്പോൾ പരിചയപ്പെട്ട ആ പിള്ളേരെ ഞാൻ തിരിച്ചു പോരുമ്പോഴും അതെ സ്ഥലത്ത് അവിടെ ഒരു കവലയിൽ കണ്ടു അവരോട് കൈ വീശി റ്റാറ്റ പറഞ്ഞു ഞാൻ മഴയ്ക്കു മുന്നേ വീട് എത്തണം എന്ന ലക്ഷ്യത്തോടെ കുതിച്ചു.

രാത്രി 8 മണിയോടെ ഞാൻ വീട്ടിൽ എത്തിച്ചേർന്നു. യാത്രകൾ ഇവിടെ അവസാനിക്കുന്നില്ല ജീവിതം എന്ന വലിയ യാത്രക്കിടയിൽ ഇത്തരം ചെറിയ ചെറിയ യാത്രകളാണ് മനസ്സിന്റെ സന്തോഷം... TRAVEL TODAY... YOUR MONEY WILL RETURN... YOUR TIME WON'T...


By : Mohammed rashid


Muthalamada Railway Station

0 comments: