Showing posts with label Idukki. Show all posts

മീശപുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ... ? ഈ ചോദ്യം ചാർളിയും പിന്നെ എന്റെ കൂട്ടുകാരും ചോദിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു...

മീശപുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ...?

ഈ ചോദ്യം ചാർളിയും പിന്നെ എന്റെ കൂട്ടുകാരും ചോദിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു. പക്ഷെ ആ ചോദ്യം കേൾക്കാൻ തുടങ്ങിയത് മുതൽ മീശപ്പുലിമല മനസ്സില്‍ ഒരു വാശിയായി... പക്ഷെ റിയാദിലുള്ള ഞാൻ എങ്ങിനെ മീശപ്പുലിമലയിൽ മഞ്ഞ് വീഴുന്നത് കാണുo? അങ്ങനെയിരിക്കെ ഈ പ്രാവിശ്യത്തെ എന്റെ വെക്കേഷൻ വന്നെത്തി, നാട്ടിലെത്തി ആദ്യത്തെ ട്രിപ്പ് എന്റെ കൂട്ടുകാരോടൊപ്പം മീശപ്പുലിമലയിലേക്ക് പോകാൻ തീരുമാനിച്ചു. KFDC യുടെ ഓൺലൈൻ ബുക്കിംഗിലൂടെ ബേസ് ക്യാമ്പിലെ മൂന്ന് ടെന്റും ഞങ്ങൾ ആറുപേർക്ക് ബുക്ക് ചെയ്ത് കാശും അടച്ചു. ഒരു ടെന്റിന് 3500 രൂപ രണ്ട് പേർക്ക് + ഫുഡും, മൂന്നാര്‍ ടൗണില്‍ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റിലൂടെ 24 കിലോമീറ്റര്‍ യാത്ര ചെയ്ത് മീശപ്പുലിമലയുടെ ബേസ് ക്യാംമ്പിലെത്തി.

ബേസ്ക്യാമ്പ്‌ നില്‍ക്കുന്നത് 6000ft MSL ആണ്. 2 പേര്‍ക്ക് കൂടി ഒരു ടെന്റ്. ഉള്ളില്‍ സ്ലീപിംഗ് ബാഗ്‌ അടക്കം ആണ് ടെന്റ്. ബേസ് ക്യാമ്പും അതിന്റെ അപ്പുറത്ത sky കോട്ടേജും പരിസരവും എല്ലാം ചുറ്റി നടന്ന് കണ്ടു, ഞങ്ങളെ കൂടാതെ പട്ടാമ്പിയിൽ നിന്നും വന്ന നവദമ്പതികളായ അശ്വിനും, സുമയും കൂടിയുണ്ടായിരുന്നു ബേസ് ക്യാമ്പിൽ, അവരുടെ താമസം sky കോട്ടേജിലായിരുന്നു 8.30, അടിപൊളി ഭക്ഷണം, ചപ്പാത്തിയും, ചോറും, തോരനും സാമ്പാറും നല്ല എരിവുള്ള കോഴിക്കറിയും.. എല്ലാം അതീവ രുചികരം.... അവസാനം ഒരൽപം മധുരത്തിനായി പുഡ്ഡിങ്ങും. ഭക്ഷണവും കഴിച്ച് കുറച്ച് റെസ്റ്റടുത്ത് കിടക്കാനുള്ള പരിപാടി ആയിരുന്നു, അപ്പോഴാണ് മനോഹരമായ ആ കാഴ്ച കണ്ടത്, ആകാശം നക്ഷത്രങ്ങളാൽ നിറഞ്ഞിരിക്കുന്നു, നക്ഷത്ര തോഴിമാർക്കിടയിൽ ചിരിതൂകി നിൽക്കുന്ന പുതു നാരിയെ പോലെ ചന്ദ്രനും, ഞാൻ ടെന്റിൽ പോയി ക്യാമറയും ട്രൈപ്പോടും എടുത്തു, ആ വർണാഭമായ ആകാശക്കാഴ്ച ക്യാമറയിൽ പകർത്തി. ടെന്റിൽ മാനം നോക്കി കിടക്കുമ്പോഴാണ് ആകാശത്ത് മിൽക്കിവേ കണ്ണിൽ പെട്ടത്, ചന്ത്രേട്ടൻ പ്രകാശിച്ച് നിൽക്കുന്നത് കൊണ്ട് അവനെ ഫ്രയ്മിലാക്കാൻ ഞാൻ കുറച്ച് ബുദ്ധിമുട്ടി, അപ്പോഴേക്കും സമയം രാത്രി 10.30 കഴിഞ്ഞിരുന്നു, തണുപ്പ് സഹിക്കാവുന്നതിലും അപ്പുറത്തായി... പതിയെ പതിയെ എല്ലാരും ടെന്റിനുള്ളിലെ സ്ലീപ്പിങ്ങ് ബാഗിലെ ചൂടിലേക്ക്...

രാത്രിയുടെ നിശബ്ദതയിൽ അവ്യക്തങ്ങളായ പല തരം ശബ്ദങ്ങളും കേൾക്കുന്നുണ്ടായിരുന്നു, ഇരുട്ടിന് കട്ടി കൂടും തോറും പേടി കൂടിക്കൂടി വന്നു.. പക്ഷെ ക്യാമ്പിനു ചുറ്റും വൈദ്യുതവേലിയുണ്ടല്ലോ എന്ന് സ്വയം ആശ്വസിച്ചു കിടന്നു...

രാവിലെ 7.30 ആയപ്പോഴേക്കും എല്ലാവരും റെഡി. 8 മണി ആയപ്പോഴേക്കും പ്രഭാത ഭക്ഷണവും റെഡി ആയി, അതും കഴിച്ച് 8.30 ആയപ്പോഴേക്കും ഉച്ചക്ക്കഴിക്കാനുള്ള ഭക്ഷണവും ഒരു കുപ്പി വെള്ളവും പായ്ക്ക് ചെയ്ത് മീശപ്പുലിമല കയറ്റം തുടങ്ങി, ഒരു മൂന്ന് കിലോമീറ്റര്‍ കൂടി പിന്നിട്ടാല്‍ പ്രകൃതിഭംഗിയുടെ ഇതുവരെ കാണാത്ത അന്തരീക്ഷത്തിലേക്ക് കടക്കുകയായി. അതാണ് റോഡോവാലി. കടുംചുവപ്പ് നിറത്തിലുള്ള കാട്ടുപൂവരശുകള്‍ കൊണ്ട് നിറഞ്ഞ പ്രദേശമാണിവിടം. റോഡോവാലിയില്‍ നിന്നും ‍9 ചെറുതും വലുതുമായ മലകൾ കയറിയിറങ്ങിയാൽ മീശപ്പുലിമലയില്‍ എത്തും. ഏതാണ്ട് ആനമുടിയോളം ഉയരമുണ്ട് മീശപ്പുലി മലയ്ക്ക്. 8640 അടിയാണ് ഉയരം, ഓരോ മലകൾ കയറുമ്പോഴും ആകാശത്തിന്റെ ഏതോ ഉയരത്തില്‍ എത്തിയത് പോലെയാണ് അവിടങ്ങളിൽ അനുഭവപ്പെടുക. മേഘങ്ങളെ തൊട്ട് സാഹസികമായ ഒരു സഞ്ചാരമാണ് മീശപ്പുലിമലയിലേക്കുള്ള കയറ്റം. ടോപ്സ്റ്റേഷൻ, ഇരവികുളം നാഷനൽ പാർക്ക്, ആനയിറങ്കൽ ഡാം എന്നിങ്ങനെ മീശപ്പുലിമലയിൽ നിന്നുള്ള കാഴ്ചകൾ ഏറെയാണ്.

Written By: Rahmathulla Sk

PHOTO GALLERY: Meesapulimala Trek


ഞാനും കണ്ടു മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് | Meesapulimala


"മലമേലെ തിരിവെച്ച് പെരിയാറിൻ തലയിട്ടു... ചിരിതൂകും പെണ്ണല്ലെ ഇടുക്കി... ഇവളാണ് ഇവളാണ് മിടുമിടുക്കി" " ഇവിടുത്തെ ...

"മലമേലെ തിരിവെച്ച് പെരിയാറിൻ തലയിട്ടു...
ചിരിതൂകും പെണ്ണല്ലെ ഇടുക്കി...
ഇവളാണ് ഇവളാണ് മിടുമിടുക്കി"
" ഇവിടുത്തെ കാറ്റാണ് കാറ്റ്...
മലമുടും മഞ്ഞാണ് മഞ്ഞ്...
കതിർ കനവേകും മണ്ണാണ് മണ്ണ്..."
മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലെ ഈ ഗാനം കേട്ടപ്പോൾ, വളരെ മനോഹരമായ ഗാനം എന്ന് തോന്നിയെങ്കിലും, ഇടുക്കി എന്ന സുന്ദരിയെ നേരിട്ട് കണ്ടപ്പോഴാണ് ഈ ഗാനം എത്ര മാത്രം അർത്ഥവത്താണ് എന്ന് മനസിലായത്.
വളരെ യാദൃശ്ചികമായാണ് ഇടുക്കിയിലേക്ക് ഒരു ട്രിപ്പ് പോകാം എന്ന് ഞാനും എന്റെ കൂട്ടുകാരും തീരുമാനിച്ചത്, എന്റെ കൂട്ടുക്കാരിൽ ചിലർ തീരുമാനിച്ചിരുന്നത് കേരളത്തിന് പുറത്തേക്ക് പോകാനായിരുന്നു (ഗോവ, ഹൈദാരബാദ്...) എന്റെ മീശപ്പുലിമലയോടും ഇടുക്കിയോടുമുള്ള അമിതമായ ആവേശത്തിനും, കേരളം കണ്ടിട്ട് പോരെ കേരളത്തിനു പുറത്തേക്ക് പോകുന്നത് എന്ന ബഹൂഭൂരിപക്ഷത്തിന്റെ അഭിപ്രായവും മാനിച്ച് ഇടുക്കി തന്നെ ഉറപ്പിക്കുകയായിരുന്നു. നാട്ടിലെ ബസ് സ്റ്റോപ്പിലിരുന്ന് ഞങ്ങൾ ആറ് പേർ ഇത് തിരുമാനിക്കുമ്പോൾ രാത്രി വളരെ വൈകിയിരുന്നു.
ആദ്യം ഞങ്ങൾ പോകാനായി തിരുമാനിച്ചത് മൂന്നാറിലേക്കായിരുന്നു (Munnar). മൂന്നാറിൽ നമ്മുടെ ചാർളി പറഞ്ഞ അതേ സ്ഥലം മീശപ്പുലിമല (Meesapulimala) അതിന് ശേഷം ഇടുക്കി .
രാവിലെ 4.45 ന് ഞങ്ങൾ വീട്ടിൽ നിന്നും പുറപ്പെട്ടു. ഏകദേശം 11 മണിയോടു കൂടി ഞങ്ങൾ മൂന്നാറിലെത്തി. ഭക്ഷണത്തിന്നും നമസ്ക്കാരത്തിനും ഒരു ചെറിയ മയക്കത്തിനും ശേഷം വൈകുന്നേരം 5 മണിയോടു കൂടി മൂന്നാറിൽ നിന്നും 22 KM അകലെയുള്ള KFDC യുടെ ബേസ് ക്യാമ്പിൽ എത്തിചേർന്നു. അടുത്ത ദിവസം രാവിലെ മീശപ്പുലിമലയിലേക്കുള്ള അതി മനോഹരമായ ട്രക്കിംങ്ങിന് ശേഷം വൈകുന്നേരത്തോടെ ഞങ്ങൾ മൂന്നാറിൽ തിരിചെത്തി. അന്നവിടെ തങ്ങിയ ശേഷം അടുത്ത ദിവസം രാവിലെ ഇടുക്കിയിലേക്ക് പുറപ്പെട്ടു.
ആനച്ചാൽ കല്ലാർകുട്ടി ഡാം വഴിയാണ് ഞങ്ങളുടെ യാത്ര. കല്ലാർകുട്ടി അടക്കം മൂന്ന് ഡാമുകൾ പിന്നിട്ട് അതി മനോഹരമായ മലകളും പാറക്കെട്ടുകൾക്കും ഇടയിലൂടെ വളഞ്ഞ് പുളഞ്ഞ് കിടക്കുന്ന റോഡിൽ കൂടി കാഴ്ച്ചകൾ കണ്ട് ഞങ്ങൾ രാവിലെ 10.30 ഓട് കൂടി ഇടുക്കിയിൽ എത്തിച്ചേർന്നു. ഇടുക്കി ഡാമിലേകുള്ള കവാടം ചെറുതോണി ഡാം വഴിയായതിനാൽ, ചെറുതോണി ടൗണിൽ നിന്ന് ചെറുതോണി ഡാം ലക്ഷ്യമാക്കി ഞങ്ങളുടെ വണ്ടി തരിച്ചു. അവിടെയെത്തി ആദ്യം ഹിൽ വ്യൂ പാർക്ക് കാണുവാനായി പോയി. ആറു പേർകുള്ള ടിക്കറ്റും ക്യാമറ പാസും എടുത്ത് അകത്ത് കയറി. ഇടുക്കി - ചെറുതോണി ഡാമുകളുടെ വിശാലമായ, അതി മനോഹരമായ കാഴ്ച ഇത്ര നന്നായി ആസ്വദിക്കുവാൻ സാധിക്കുന്ന വേറൊരിടം ഇല്ലെന്നു തന്നെ പറയാം. പച്ച പുതച്ച് നിൽക്കുന്ന മലകൾ... 'കുറവൻ മല' 'കുറത്തി മല' ഇവ രണ്ടിനുമിടയിൽ നമ്മുടെ കേരളത്തിന്റെ അഭിമാനമായി നില കൊള്ളുന്ന ഇടുക്കി ഡാം, ചെറുതോണി ഡാം, വൈശാലി ഗുഹ, അതിന് പുറമേ ഇടുക്കി, ചെറുതോണി ഡാമിൽ ആകാശ നീലിമയിൽ നീലിമയോടെ നിറഞ്ഞ് നിൽക്കുന്ന തെളിനീരും, ആ ജലാശയത്തെ തഴുകിത്തലോടി വരുന്ന മന്ദമാരുതനും... എല്ലാം ആസ്വദിച്ച് നിന്ന് സമയം പോയതറിഞ്ഞില്ല. ഇടുക്കിയെന്ന സുന്ദരിയെ മതിവരുവോളം ആസ്വദിക്കുകയായിരുന്നു ഞങ്ങൾ. അങ്ങനെ നിൽക്കുമ്പോൾ അങ്ങകലെ ഡാമിന്റെ നീലിമയാർന്ന ജലാശയത്തിൽ തുള്ളിത്തുളുമ്പുന്ന കുഞ്ഞോളങ്ങൾക്ക് മുകളിലൂടെ മന്ദം മന്ദം നീന്തി വരുന്ന ഒരു അരയന്നം പോലെ ഒരു ബോട്ട് ഞങ്ങൾ കണ്ടു. ഡാമിലൂടെ KFDC പുതുതായി തുടങ്ങിയ ബോട്ട് സർവീസാണത് . അടുത്തതായി ഞങ്ങൾക്ക് പോകേണ്ടതും ആ ബോട്ടിൽ കയറാനാണ്.
ഹിൽ വ്യു പാർക്കിലെ സ്റ്റാളിൽ നിന്നും ഒരോ ചായയും കുടിച്ച് ഞങ്ങൾ ബോട്ട് യാത്രാക്കായി പുറപ്പെട്ടു. അൽപ്പദൂരം നടന്ന് വേണം floating dock ൽ എത്തിച്ചേരാൻ, ഞങ്ങൾ എത്തുമ്പോൾ പോകാനുള്ള ബോട്ട് അങ്ങോട്ട് വരുന്നതേ ഉണ്ടായിരുന്നുള്ളൂ... ബോട്ടിലുള്ളവർ ഇറങ്ങിയ ശേഷം ഞങ്ങൾ കയറി. ഞങ്ങളെ കൂടാതെ വേറൊരും സംഘവും കൂടി ആ ബോട്ടിൽ ഉണ്ടായിരുന്നു. ഓളപ്പരപ്പിലുടെ ബോട്ട് നീങ്ങി തുടങ്ങി, ഓരോ ഭാഗത്തെത്തുമ്പോഴും ബോട്ടിലെ ജീവനക്കാരൻ അവിടുത്തെ പ്രത്യേകതകൾ വിവരിച്ച് തന്ന് കൊണ്ടിരുന്നു. ഡാമിന്റെ ആഴം 24 നില കെട്ടിടത്തെയും മുക്കിക്കളയും എന്ന് കേട്ടപ്പോൾ മനസ്സിൽ ശരിക്കും ഒരു പേടിയൊക്കെ തോന്നി. ഡാമിൽ നിന്ന് കിട്ടിയ ഒരു ഗോൾഡൻ ഫിഷിന് 80kg തൂക്കമുണ്ടായിരുന്നത്രെ. Reservoir ന്റെ ഇരുഭാഗത്തും ഇടതൂർന്ന വനപ്രദേശങ്ങൾ ഉൾക്കൊളളുന്ന ധാരാളം മലനിരകൾ ഉണ്ട്. ഭാഗ്യമുണ്ടെങ്കിൽ വന്യ മൃഗങ്ങളെ നമ്മുക്ക് കാണാമെന്ന് അറിഞ്ഞപ്പോൾ വളരെ ആകാംക്ഷയോടെ പലയിടത്തും നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം.
അൽപ്പ ദൂരം മുന്നോട്ട് എത്തിയപ്പോൾ ചെറുതോണി ഇടുക്കി ഡാമുകൾ കണ്ടുതുടങ്ങി. ഫോട്ടോയോ, വീഡിയോയോ എടുക്കരുതെന്ന് നിർദേശം വന്നു. ഇടുക്കി ഡാമിന്റെ കുറച്ച് കൂടി അടുത്തെത്തിയപ്പോൾ ബോട്ട് ജീവനക്കാരൻ ഇടുക്കി ഡാമിനെ കുറിച്ച് വിശദീകരിക്കാൻ തുടങ്ങി, Google ൽ Search ചെയ്താൽ വളരെ കൃത്യമായി വിവരം കിട്ടുമെന്നതിനാൽ ഞാനത് അധികം ശ്രദ്ധിച്ചില്ല. 55 മിനിട്ട് നീണ്ടുനിന്ന ബോട്ടിംങ്ങ് അവസാനിച്ച് ബോട്ടിൽ നിന്നും തിരിച്ചിറങ്ങുമ്പോൾ ബോട്ടിൽ കയറുവാനായി അടുത്ത യാത്ര സംഘം തിരക്ക് കുട്ടൂന്നുണ്ടായിരുന്നു.
അടുത്തതായി ഞങ്ങൾക്ക് പോകുവാനുണ്ടായിരുന്നത് ചെറുതോണി - ഇടുക്കി ഡാമുകളുടെ (Cheruthoni Dam - Idukki Dam)  മുകളിലേക്കാണ്. പക്ഷേ അതിനിടയിൽ ഒരു അഭിപ്രായ വ്യത്യാസം ഞങ്ങൾക്കിടയിൽ ഉടലെടുത്തു, അത് ഭക്ഷണത്തെ കുറിച്ചായിരുന്നു. സംഘത്തിലെ 3 പേർ ഭക്ഷണമുണ്ടാക്കി കഴിക്കാമെന്നും 3 പേർ പുറത്ത് ഹോട്ടലിൽ നിന്ന് കഴിക്കാമെന്നും.. (യാത്രയിലുടനീളം ഞങ്ങൾ ഭക്ഷണം സ്വന്തമായി ഉണ്ടാക്കി കഴിക്കുകയാണ് ചെയ്തിരുന്നത്) അവസാനം 6 പേരുള്ള ഞങ്ങളുടെ സംഘം രണ്ടായി പിരിഞ്ഞു, ഒരു സംഘം ഭക്ഷണം ഉണ്ടാക്കാൻ നിന്നു, ഞാനുൾപ്പെടെ മറ്റെ സംഘം ഡാം കാണുവാനായി പുറപ്പെട്ടു. ഡാം സൈറ്റിലേക്ക് മൊബൈലോ, ക്യാമറയോ മറ്റ് ഇലക്ട്രോണിക്സ് ഉപകരഞ്ഞങ്ങളോ കൊണ്ട് പോകാൻ കഴിയില്ല, 'മൊബെൽ' ടിക്കറ്റ് കൗണ്ടറിലെ ലോക്കറിൽ വെച്ച് ടിക്കറ്റെടുത്ത്, "Metel detation checking" കഴിഞ്ഞ് ഞങ്ങൾ ചെറുതോണി ഡാമിന്റെ മുകളിലൂടെ നടത്തം തുടങ്ങി. ഇടുക്കി ഗോൾഡ് എന്ന സിനിമയിൽ കുട്ടികൾ പഠിക്കുന്ന സ്കൂളും ഹോസ്റ്റലുമെല്ലാം ചെറുതോണി ഡാമിന്റെ മുകളിൽ നിന്നും കാണാൻ സാധിക്കും. ചെറുതോണി ഡാം കടന്ന് ഇടുക്കി ഡാമിലേക്ക് അൽപ്പദൂരം നടക്കാനുണ്ട്. വഴിയിൽ സ്റ്റാളുകളും, Paid Toilet കളും ഉള്ളതിനാൽ ദാഹമോ മറ്റു ശങ്കകളോ ഇല്ലാതെ യാത്ര ചെയ്യാം. അൽപ്പം നടന്ന് ഇടുക്കി ഡാമിന്റെ മുകളിലെത്തി. ഏഷ്യയിലെ ആദ്യത്തെ 'Arch Dam' ആയ ഇടുക്കി ഡാമിന് മുകളിൽ നിന്നപ്പോൾ മനസ്സിൽ അഭിമാനം തോന്നി. തിരിച്ച് നടന്ന് പുറപ്പെട്ട സ്ഥലത്തെത്തിയപ്പോൾ ഒന്നര മണിക്കൂർ കഴിഞ്ഞിരുന്നു.
പെട്ടന്ന് പോയി വരേണ്ടവർക്ക് Eletric Car facility യും ഇവിടെ ലഭ്യമാണ്. പക്ഷെ എപ്പോഴും Ticket കിട്ടിയെന്ന് വരില്ല .
കൂട്ടുക്കാർ പാകം ചെയ്ത് വെച്ച ഭക്ഷണവും കഴിച്ച് ഞങ്ങൾ അടുത്ത ലക്ഷ്യമായ കാൽവരി മൗണ്ട് (Kalvari Mount) പുറപ്പെടുമ്പോൾ ഇടുക്കി ഡാമിന് സ്ഥാനം കാണിച്ച് കൊടുത്ത ശ്രീ 'കൊലുമ്പൻ മൂപ്പന്റെ' സമാധി റോഡരികിൽ ആരാലും ശ്രദ്ധിക്കാതെ നില കൊളളുന്നുണ്ടായിരുന്നു.
ഇടുക്കിൽ നിന്നും കട്ടപ്പന റൂട്ടിൽ 10 Km സഞ്ചരിച്ച് 4.3O ന് ഞങ്ങൾ കാൽവരി മൗണ്ടിലെത്തി. കാൽവരി മൗണ്ടും കണ്ടതിന് ശേഷം അടുത്ത ദിവസം വാഗമൺ പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ടിക്കറ്റെടുത്ത് അകത്ത് കയറിയ ഞങ്ങളെ വരവേറ്റത് കോടമഞ്ഞും തന്നുത്ത കാറ്റും മഴയും ആയിരുന്നു. ഒരു മണിക്കൂർ നീണ്ടുനിന്ന ഇടുക്കിയിലെ ആ തുണുത്ത കാറ്റും മഴയും ഞങ്ങൾ ശരിക്കും ആസ്വദിച്ചു. കാൽവരി മൗണ്ടിനെ നാളെ നല്ല പകൽ വെളിച്ചത്തിൽ കണ്ടതിന് ശേഷം സമയമുണ്ടങ്കിൽ വാഗമൺ പോയാൽ മതിയെന്ന് ഞങ്ങൾ തീരൂമാനിച്ചു. കാൽവരി മൗണ്ടിലെ കോട്ടേഴ്സ് ഫുൾ ബുക്കിംഗ് ആയിരുന്നു. പിന്നെ അന്ന് രാത്രി അന്തിയുറങ്ങാൻ ഞങ്ങൾ ചെറുതോണിയിൽ റൂമെടുത്തു.
രാവിലെ Fresh ആയി പ്രാതലും കഴിച്ച് വീണ്ടും കാൽവരി മൗണ്ടിലേക്ക്... ഞങ്ങൾ അവിടെ എത്തുമ്പോൾ ടിക്കറ്റ് കൗണ്ടർ തുറക്കുന്നതേയുള്ളു. ഞങ്ങൾ 6 പേരല്ലാതെ ആരും എത്തിയിട്ടില്ല. വണ്ടി ഒതുക്കിയ ശേഷം ടിക്കറ്റെടുത്ത് കാൽവരി മൗണ്ടിന്റെ കാഴ്ച്ചയിലേക്ക്... നല്ല കാലാവസ്ഥ, തലെ ദിവസം മഴ പെയ്തത് കൊണ്ടാവും ആകാശത്തിനും കാൽവരി മൗണ്ടിലെ കാഴ്ചക്കും നല്ല തിളക്കമായിരുന്നു. താഴെ ഒരു മനുഷ്യ നിർമിത തടാകം പോലെ നിശ്ചലം ആയ പെരിയാറും. അതിൽ നിരവധി പച്ചപ്പിന്റെ തുരുത്തുകളും. പിന്നെ ആ ചെറിയ തടുത്ത കാറ്റും, മേലെ നീല ആകാശവും, കണ്ണിനും മനസിനും കുളിർമ്മയേകുന്ന കാഴ്ചകൾ...
ഉച്ചക്ക് 12 മണിവരെ ഞങ്ങൾ കാൽവരി മൗണ്ടിന്റെ കുന്നിൻ ചെരുവകളിൽ സമയം ചിലവഴിച്ചു.
കഴിഞ്ഞ വ്യാഴായ്ച്ച വീട്ടിൽ നിന്നും തുടങ്ങിയ യാത്രയാണ് (6/10/2016), ഇന്ന് ഞായർ (9/10/2016) അടുത്ത ദിവസം കൂട്ടുക്കാർക്ക് ജോലിയുള്ളത് കൊണ്ടു വാഗമൺ പോവാതെ അടുത്ത വെക്കേഷനിൽ ഫാമിലിയും ആയിട്ട് ഒരാഴ്ച്ചത്തെ ഇടുക്കി ട്രിപ്പ് പ്ലാൻ ചെയ്യണമെന്ന് മനസിൽ ഉറപ്പിച്ച് കാൽവരി മൗണ്ടിനോടും ഇടുക്കിയോടും ഞങ്ങൾ തൽക്കാലം ബൈ ബൈ പറഞ്ഞു.
Written By: Rahmathulla Sk
PHOTO GALLERY: Idukki

ഇടുക്കിയെന്ന സുന്ദരി
Idukki Dam, Kalvary Mount, Cheruthoni Dam, Meesapulimala, Munnar

അഞ്ചുരുളി മല നിരയിലെ മനോഹരമായ ഒരു വ്യൂ പോയിന്റാണ് കല്യാണതണ്ട് (Kalyanathand). ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്ക് (Kattappana) അടുത്ത് വെള്ളാ...

അഞ്ചുരുളി മല നിരയിലെ മനോഹരമായ ഒരു വ്യൂ പോയിന്റാണ് കല്യാണതണ്ട് (Kalyanathand). ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്ക് (Kattappana) അടുത്ത് വെള്ളായാംകുടിയിൽ നിന്ന് ഗവ: കോളേജിലേക്ക് പോകുന്ന വഴി, വലത് വശത്തേയ്ക്ക് ഉള്ള വഴിയേ ഒരു കയറ്റം കയറി പോവുകയാണെങ്കിൽ ഇവിടെ എത്താം.

ഇടുക്കി ഡാമിന്‍റെ (Idukki Dam) മനോഹരമായ ദൃശ്യം ഇവിടെ കാണാൻ സാധിക്കും. ഡാമിലെ വെള്ളം മലയിടുക്കുകൾക്ക് ഇടയിൽ നീല പട്ട് വിരിച്ചത് പോലെ തോന്നിക്കും. വികസനവും പ്രകൃതിയും ഇണങ്ങിയ കട്ടപ്പന നഗരവും ഇവിടെ നിന്ന് കാണാൻ സാധിക്കും.

ഉണങ്ങി കിടക്കുന്ന പുൽമേടുകൾക്ക് ഇടയിലൂടെ ഉള്ള ചെറിയ വഴികളിലൂടെ നടന്നപ്പോൾ ട്രെക്കിങ്ങ് അനുഭവം ഉളവാക്കി. ഉരുളി കമഴ്ത്തി വെച്ചത് പോലെ നിര നിരയായി തോന്നിക്കുന്ന മലകൾ ആയതിനാലാണ് അഞ്ചുരുളി എന്ന പേര് വന്നത്.

ഈ മലയുടെ അടിവശത്താണ് അഞ്ചുരുളി തുരങ്കം (Anjuruli) സ്ഥിതി ചെയ്യുന്നത്. 24 അടി വ്യാസവും അഞ്ചര കിലോമീറ്റർ നീളവുമാണ് ഈ തുരങ്കത്തിനുള്ളത്.

ഇരട്ടയാർ ഡാമിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുകയാണ് ഈ തുരങ്കത്തിന്റെ പണി.

1974 ലാണ് തുരങ്കത്തിന്റെ നിർമാണം ആരംഭിക്കുന്നത്. 1980 തിൽ ഉൽഘാടനവും നിർവഹിച്ചു. അഞ്ചുരുളി മുതൽ ഇരട്ടയാർ വരെ ഒറ്റപ്പാറയിൽ നിർമിച്ചതാണ്, ഒരേ സമയം ഇരുവശങ്ങളിൽ നിന്നും ഒരു പോലെ നിർമാണം ആരംഭിച്ച് കൂട്ടി യോചിച്ചതാണ് ഈ ടണൽ.

നിർമാണ സമയത്ത് 22 പേർ അപകടത്തിൽ മരിച്ചു. കല്യാണതണ്ട് മലയുടെ എറ്റവും ഉയരം കൂടിയ ഭാഗത്താണ് ഈ തുരങ്കം. ഏകദേശം 2000 അടിക്ക് മുകളിൽ ഉയരമുണ്ട് ഈ മലയ്ക്ക്. ഇന്ത്യയിൽ ഒറ്റപ്പാറയിൽ നിർമിച്ച എറ്റവും വലിയ തുരങ്കങ്ങളിൽ ഒന്നാണ് അഞ്ചുരുളി. ഇടുക്കി ജലാശയത്തിൽ വെള്ളം പൂർണമായി നിറയുമ്പോൾ ഈ ടണലിന്റെ മുഖത്ത് വരെ വെള്ളം കയറും. കട്ടപ്പനയിൽ നിന്ന് 8 കിലോമീറ്ററും. കട്ടപ്പന കോട്ടയം റൂട്ടിലെ കക്കാട്ടുകടയിൽ നിന്നും 3 കിലോമീറ്ററുമാണ് ദൂരം.

Written By: Rajeesh Raveendran


കല്യാണത്തണ്ട് | അഞ്ചുരുളി മല നിരയിലെ മനോഹരമായ ഒരു വ്യൂ പോയിന്‍റ്  Kalyanathand near Kattappana in Idukki

ഇടുക്കി ജില്ലയിൽ കുമളി മൂന്നാർ റൂട്ടിൽ നെടുംകണ്ടത്തിന് 15 കി. മി അകലെയാണ് രാമക്കൽമേട് (Ramakkalmedu). സമുദ്ര നിരപ്പിൽ നിന്ന് 3500 അടി ഉയരത...

ഇടുക്കി ജില്ലയിൽ കുമളി മൂന്നാർ റൂട്ടിൽ നെടുംകണ്ടത്തിന് 15 കി. മി അകലെയാണ് രാമക്കൽമേട് (Ramakkalmedu). സമുദ്ര നിരപ്പിൽ നിന്ന് 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം നിലയ്ക്കാത്ത കാറ്റിനാൽ സമ്പനമാണ്. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന വിൻഡ് എനർജി ഫാമിന്റെ കേരളത്തിലെ രണ്ടാമത്തെ സ്ഥലമാണിത്.


ത്രേതായുഗ കാലത്ത് സീതയെ അന്വേഷിച്ച് ശ്രീലങ്കയ്ക്കുള്ള ശ്രീരാമന്റെ യാത്രാമധ്യേ ഈ മേടിൽ ഇറങ്ങിയെന്നാണ് ഐതിഹ്യം. സേതുബന്ധനത്തിനായ് രാമേശ്വരം തിരഞ്ഞെടുത്തത് ഇവിടെ വെച്ചായിരുന്നുവത്രേ. ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞതിനാലാണ് ഈ സ്ഥലത്തതിന് രാമക്കൽമേട് എന്ന പേര് വന്നത്. മറ്റൊരു ഐതിഹ്യം മേടിന് മുകളിലെ 'കല്ലുമ്മേൽ കല്ലു'മായി ബന്ധപ്പെട്ടതാണ്. വനവാസകാലത്ത് പാണ്ഡവൻമാർ ഇവിടെ വന്നപ്പോൾ, ദ്രൗപതിക്ക് മുറുക്കാൻ ഇടിച്ചു കൊടുക്കാൻ ഭീമസേനൻ ഉപയോഗിച്ചതാണ് ആ കല്ല് എന്നുമാണത്.

ഇവിടെ വരുന്ന മിക്ക ആളുകളും കുറവൻ കുറത്തി ശിൽപം ഉള്ള ഇടം മാത്രമേ സന്ദർശിക്കുകയുള്ളു. എന്നാൽ അതിനു എതിർ വശത്തായി കാണുന്ന ചെറിയ മലയാണ് കാണേണ്ട കാഴ്ച്ച സമ്മാനിക്കുന്നത്.

വളരെ അപകടം നിറഞ്ഞ ഒരു സ്ഥലമാണ്. ഇത്തിരി സാഹസികത നിറഞ്ഞവർ ഈ മലയുടെ ഏറ്റവും മുകളിലെ പാറ കൂട്ടങ്ങളിൽ വലിഞ്ഞു കയറാറുണ്ട്.

കേരളത്തിന്റെയും തമിഴ്നാടിന്റെയും ഭംഗി സംഗമിക്കുന്ന പുണ്യ ഭൂമി. ചതുര ആകൃതിയിലുള്ള കൃഷിയിടങ്ങളും കാറ്റാടി പാടങ്ങളും ദൃശ്യ വിരുന്ന് ഒരുക്കും.

വ്യത്യസ്തമായ യാത്രകൾ ആഗ്രഹിക്കുന്നവർ തീർച്ചയായും കണ്ടിരിക്കണ്ട ഒരു സ്ഥലം കൂടിയാണ് രാമക്കല്‍മേട് (Ramakkalmedu). ഈ യാത്രയിൽ എന്റെ ഒരു സുഹൃത്തും ഒപ്പം ഉണ്ടായിരുന്നു.

Written By: Rajeesh Raveendran