അഞ്ചുരുളി മല നിരയിലെ മനോഹരമായ ഒരു വ്യൂ പോയിന്റാണ് കല്യാണതണ്ട് (Kalyanathand). ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്ക് (Kattappana) അടുത്ത് വെള്ളായാംകുടിയിൽ നിന്ന് ഗവ: കോളേജിലേക്ക് പോകുന്ന വഴി, വലത് വശത്തേയ്ക്ക് ഉള്ള വഴിയേ ഒരു കയറ്റം കയറി പോവുകയാണെങ്കിൽ ഇവിടെ എത്താം.
ഇടുക്കി ഡാമിന്‍റെ (Idukki Dam) മനോഹരമായ ദൃശ്യം ഇവിടെ കാണാൻ സാധിക്കും. ഡാമിലെ വെള്ളം മലയിടുക്കുകൾക്ക് ഇടയിൽ നീല പട്ട് വിരിച്ചത് പോലെ തോന്നിക്കും. വികസനവും പ്രകൃതിയും ഇണങ്ങിയ കട്ടപ്പന നഗരവും ഇവിടെ നിന്ന് കാണാൻ സാധിക്കും.
ഉണങ്ങി കിടക്കുന്ന പുൽമേടുകൾക്ക് ഇടയിലൂടെ ഉള്ള ചെറിയ വഴികളിലൂടെ നടന്നപ്പോൾ ട്രെക്കിങ്ങ് അനുഭവം ഉളവാക്കി. ഉരുളി കമഴ്ത്തി വെച്ചത് പോലെ നിര നിരയായി തോന്നിക്കുന്ന മലകൾ ആയതിനാലാണ് അഞ്ചുരുളി എന്ന പേര് വന്നത്.
ഈ മലയുടെ അടിവശത്താണ് അഞ്ചുരുളി തുരങ്കം (Anjuruli) സ്ഥിതി ചെയ്യുന്നത്. 24 അടി വ്യാസവും അഞ്ചര കിലോമീറ്റർ നീളവുമാണ് ഈ തുരങ്കത്തിനുള്ളത്.
ഇരട്ടയാർ ഡാമിൽ നിന്നും ഇടുക്കി ഡാമിലേക്ക് വെള്ളം എത്തിക്കുകയാണ് ഈ തുരങ്കത്തിന്റെ പണി.
1974 ലാണ് തുരങ്കത്തിന്റെ നിർമാണം ആരംഭിക്കുന്നത്. 1980 തിൽ ഉൽഘാടനവും നിർവഹിച്ചു. അഞ്ചുരുളി മുതൽ ഇരട്ടയാർ വരെ ഒറ്റപ്പാറയിൽ നിർമിച്ചതാണ്, ഒരേ സമയം ഇരുവശങ്ങളിൽ നിന്നും ഒരു പോലെ നിർമാണം ആരംഭിച്ച് കൂട്ടി യോചിച്ചതാണ് ഈ ടണൽ.
നിർമാണ സമയത്ത് 22 പേർ അപകടത്തിൽ മരിച്ചു. കല്യാണതണ്ട് മലയുടെ എറ്റവും ഉയരം കൂടിയ ഭാഗത്താണ് ഈ തുരങ്കം. ഏകദേശം 2000 അടിക്ക് മുകളിൽ ഉയരമുണ്ട് ഈ മലയ്ക്ക്. ഇന്ത്യയിൽ ഒറ്റപ്പാറയിൽ നിർമിച്ച എറ്റവും വലിയ തുരങ്കങ്ങളിൽ ഒന്നാണ് അഞ്ചുരുളി. ഇടുക്കി ജലാശയത്തിൽ വെള്ളം പൂർണമായി നിറയുമ്പോൾ ഈ ടണലിന്റെ മുഖത്ത് വരെ വെള്ളം കയറും. കട്ടപ്പനയിൽ നിന്ന് 8 കിലോമീറ്ററും. കട്ടപ്പന കോട്ടയം റൂട്ടിലെ കക്കാട്ടുകടയിൽ നിന്നും 3 കിലോമീറ്ററുമാണ് ദൂരം.
Written By: Rajeesh Raveendran
കല്യാണത്തണ്ട് | അഞ്ചുരുളി മല നിരയിലെ മനോഹരമായ ഒരു വ്യൂ പോയിന്‍റ് Kalyanathand near Kattappana in Idukki
0 comments: