മീശപുലിമലയിൽ മഞ്ഞു പെയ്യുന്നത് കണ്ടിട്ടുണ്ടോ...?
ഈ ചോദ്യം ചാർളിയും പിന്നെ എന്റെ കൂട്ടുകാരും ചോദിക്കാൻ തുടങ്ങിയിട്ട് കുറെ നാളുകളായിരുന്നു. പക്ഷെ ആ ചോദ്യം കേൾക്കാൻ തുടങ്ങിയത് മുതൽ മീശപ്പുലിമല മനസ്സില്‍ ഒരു വാശിയായി... പക്ഷെ റിയാദിലുള്ള ഞാൻ എങ്ങിനെ മീശപ്പുലിമലയിൽ മഞ്ഞ് വീഴുന്നത് കാണുo? അങ്ങനെയിരിക്കെ ഈ പ്രാവിശ്യത്തെ എന്റെ വെക്കേഷൻ വന്നെത്തി, നാട്ടിലെത്തി ആദ്യത്തെ ട്രിപ്പ് എന്റെ കൂട്ടുകാരോടൊപ്പം മീശപ്പുലിമലയിലേക്ക് പോകാൻ തീരുമാനിച്ചു. KFDC യുടെ ഓൺലൈൻ ബുക്കിംഗിലൂടെ ബേസ് ക്യാമ്പിലെ മൂന്ന് ടെന്റും ഞങ്ങൾ ആറുപേർക്ക് ബുക്ക് ചെയ്ത് കാശും അടച്ചു. ഒരു ടെന്റിന് 3500 രൂപ രണ്ട് പേർക്ക് + ഫുഡും, മൂന്നാര്‍ ടൗണില്‍ നിന്നും മാട്ടുപ്പെട്ടി വഴി അരുവിക്കാട് എസ്റ്റേറ്റിലൂടെ 24 കിലോമീറ്റര്‍ യാത്ര ചെയ്ത് മീശപ്പുലിമലയുടെ ബേസ് ക്യാംമ്പിലെത്തി.
രാത്രിയുടെ നിശബ്ദതയിൽ അവ്യക്തങ്ങളായ പല തരം ശബ്ദങ്ങളും കേൾക്കുന്നുണ്ടായിരുന്നു, ഇരുട്ടിന് കട്ടി കൂടും തോറും പേടി കൂടിക്കൂടി വന്നു.. പക്ഷെ ക്യാമ്പിനു ചുറ്റും വൈദ്യുതവേലിയുണ്ടല്ലോ എന്ന് സ്വയം ആശ്വസിച്ചു കിടന്നു...
രാവിലെ 7.30 ആയപ്പോഴേക്കും എല്ലാവരും റെഡി. 8 മണി ആയപ്പോഴേക്കും പ്രഭാത ഭക്ഷണവും റെഡി ആയി, അതും കഴിച്ച് 8.30 ആയപ്പോഴേക്കും ഉച്ചക്ക്കഴിക്കാനുള്ള ഭക്ഷണവും ഒരു കുപ്പി വെള്ളവും പായ്ക്ക് ചെയ്ത് മീശപ്പുലിമല കയറ്റം തുടങ്ങി, ഒരു മൂന്ന് കിലോമീറ്റര്‍ കൂടി പിന്നിട്ടാല്‍ പ്രകൃതിഭംഗിയുടെ ഇതുവരെ കാണാത്ത അന്തരീക്ഷത്തിലേക്ക് കടക്കുകയായി. അതാണ് റോഡോവാലി. കടുംചുവപ്പ് നിറത്തിലുള്ള കാട്ടുപൂവരശുകള്‍ കൊണ്ട് നിറഞ്ഞ പ്രദേശമാണിവിടം. റോഡോവാലിയില്‍ നിന്നും 9 ചെറുതും വലുതുമായ മലകൾ കയറിയിറങ്ങിയാൽ മീശപ്പുലിമലയില്‍ എത്തും. ഏതാണ്ട് ആനമുടിയോളം ഉയരമുണ്ട് മീശപ്പുലി മലയ്ക്ക്. 8640 അടിയാണ് ഉയരം, ഓരോ മലകൾ കയറുമ്പോഴും ആകാശത്തിന്റെ ഏതോ ഉയരത്തില്‍ എത്തിയത് പോലെയാണ് അവിടങ്ങളിൽ അനുഭവപ്പെടുക. മേഘങ്ങളെ തൊട്ട് സാഹസികമായ ഒരു സഞ്ചാരമാണ് മീശപ്പുലിമലയിലേക്കുള്ള കയറ്റം. ടോപ്സ്റ്റേഷൻ, ഇരവികുളം നാഷനൽ പാർക്ക്, ആനയിറങ്കൽ ഡാം എന്നിങ്ങനെ മീശപ്പുലിമലയിൽ നിന്നുള്ള കാഴ്ചകൾ ഏറെയാണ്.
Written By: Rahmathulla Sk
PHOTO GALLERY: Meesapulimala Trek
0 comments: