കാട്ടാനകളെ പോലും തോൽപ്പിച്ച്, കാടിന് നടുവിൽ വഴികാട്ടാനും വയറുനിറയ്ക്കാനും തിരുനെല്ലിയിലെ ഉണ്ണിയപ്പക്കട --------!!
തിരുനെല്ലിയിലേക്കുള്ള വഴിയിൽ കാട്ടിക്കുളം കഴിഞ്ഞാൽ ഈ കടമാത്രമായിരുന്നു പണ്ടുണ്ടായിരുന്നത്. ചുറ്റിലും കാടാണെങ്കിലും അതിരാവിലെ തന്നെ ഉണ്ണിയപ്പക്കടയുടെ അടുപ്പിൽ തീയെരിഞ്ഞു തുടങ്ങും. മഴയും മഞ്ഞുമെല്ലാം മാറി മാറി വന്നപ്പോഴും ഇതിനൊന്നും ഇക്കാലം വരെയും മുടക്കമുണ്ടായില്ല. കാലങ്ങൾക്കു മുമ്പേ തിരുനെല്ലിയിലേക്ക് വരുന്നവരൊക്കെ ഈ ഉണ്ണിയപ്പക്കടയുടെ വിശേഷങ്ങൾ നാട്ടിലെല്ലാം പങ്കുവെച്ചിട്ടുണ്ട്. കേട്ടറിഞ്ഞ് കേട്ടറിഞ്ഞ് തിരുനെല്ലി വഴിയെത്തുമ്പോൾ അറിയാതെ തന്നെ പുതിയ യാത്രികരും ഉണ്ണിയപ്പക്കടയുടെ മുമ്പിൽ വാഹനം നിർത്തും.
മുഖം മിനുക്കിയ വലിയ കടയും സൗകര്യങ്ങളും പ്രതീക്ഷിക്കുന്നവർക്ക് ആകെ തെറ്റും. പുല്ലുമേഞ്ഞതും മുളകൊണ്ട് ചുവരുകൾ തീർത്തതുമായ ഇറതാണ ചെറിയ കൂരതന്നെയാണ് കാഴ്ചയിൽ തെളിയുക. ഇവിടെ അതിരാവിലെ മുതൽ ഉണ്ണിയപ്പം തീരുന്നതുവരെ, എത്ര സമയമായാലും നല്ല വയനാടൻ കാപ്പിയും കുടിച്ച് ഉണ്ണിയപ്പം കൊണ്ട് വയറു നിറയ്ക്കാം. ചില ദിവസങ്ങളിൽ ഉണ്ണിയപ്പം പ്രതീക്ഷിക്കുന്നതിലും നേരത്തെ തീരും. വിശേഷ ദിവസങ്ങളിൽ അൽപ്പം കൂടുതലുണ്ടാക്കും. അല്ലാത്ത ദിവസങ്ങളിൽ പതിവു പോലെ തന്നെ പരമാവധി ആയിരത്തഞ്ഞൂറോളം ഉണ്ണിയപ്പം ഉണ്ടാക്കും. തിരുനെല്ലിയിലേക്ക് പോകുന്നവരും വരുന്നവരും തോൽപ്പെട്ടി നിന്നും തെറ്റ് റോഡ് വഴി വരുന്നവരുമെല്ലാം ഈ കടയുടെ മുന്നിലെത്തിയാൽ ഒന്നിറങ്ങും. അതോടെ കട കാലി.
കർണ്ണാടകയിൽ നിന്നു കൊണ്ടു വരുന്ന നാടൻ കുത്തരി ഉരലിൽ ഇടിച്ചാണ് ഉണ്ണിയപ്പത്തിനുള്ള കൂട്ടുണ്ടാക്കുന്നത്. തലേദിവസം അരി കുതിർത്ത് ഇടിച്ച് പൊടിയാക്കി നാടൻ പഴവും തേങ്ങയും ശർക്കരയുമെല്ലാം പാകത്തിന് ചേർത്ത് വെക്കും. പിന്നീട് പിറ്റേദിവസം രാവിലെ അഞ്ച് മണിയോടെ ഉണ്ണിയപ്പം ചുടാൻ തുടങ്ങും. വലിയ അപ്പക്കാരചട്ടിയിൽ ശുദ്ധമായ കുറ്റ്യാടി വെളിച്ചണ്ണെയിൽ മൊരിഞ്ഞു വരുന്ന ഉണ്ണിയപ്പം വലിയ കുട്ടയിലേക്ക് അപ്പപ്പോൾ നിറയ്ക്കും. ഇതിൽ നിന്നും ആവശ്യത്തിന് പായക്ക് ചെയ്തു കൊടുക്കും. അവിടെ നിന്നു തന്നെ കഴിക്കാൻ വേണ്ടവർക്ക് ആവശ്യത്തിന് അപ്പകൊട്ടയിൽ നിന്നും എടുക്കാം.
തിരുനെല്ലിയിലേക്കും തോൽപ്പെട്ടിയിലേക്കും വഴി പിരിയുന്ന ഈ കവലയിലെ ഏക ഇൻഫർമേഷൻ സെന്റർ കൂടിയാണ് കുട്ടേട്ടന്റെ ഉണ്ണിയപ്പക്കട. 1958 ൽ വനംവകുപ്പ് തിരുനെല്ലി ദേവസ്വത്തിന് പാട്ടം നൽകിയ 25 സെന്റ് സ്ഥലത്താണ് ഈ ഉണ്ണിയപ്പക്കടയുള്ളത്. അമ്പലത്തിലേക്ക് വരുന്നവർക്ക് വഴിയും മറ്റും പറഞ്ഞു നൽകുന്നതിനുള്ള ഒരു ഇടത്താവളം എന്നിതിനെ വിശേഷിപ്പിക്കാം. നാട്ടുകാർ കുട്ടേട്ടൻ എന്ന ചരുക്കപ്പേരിൽ വിളിച്ചിരുന്ന ശിവാദാസൻ ഈ രുചിക്കൂട്ടിൽ നിന്നു വിടപറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മക്കളാണ് കട ഇപ്പോൾ അതേ പെരുമയോടെ നടത്തുന്നത്. അരി ഇരുമ്പുലക്ക കൊണ്ട് ഇടിച്ച് പൊടിക്കുന്ന യന്ത്രവും ഇവർ രൂപകൽപ്പന ചെയ്തു.
കർണ്ണാടകയിലെ കബിനി നാഗർഹോള, കുട്ടയിലെ ഇരുപ്പ് വെള്ളച്ചാട്ടം, പക്ഷിപാതാളം, തോൽപ്പെട്ടി വന്യജീവി സങ്കേതം എന്നിവടങ്ങളിലെക്കെല്ലാം എത്താനുള്ള ദൂരം, സന്ദർശന സമയം, ടിക്കറ്റ് നിരക്ക് തുടങ്ങിയവയെല്ലാം ഉണ്ണിയപ്പത്തോടൊപ്പം ഇവർ പങ്കുവെക്കും. കാടിനുള്ളിൽ വഴിയറിയാതെ എത്തി കുടുങ്ങുന്നവർക്കെല്ലാം ഒരേസമയം അനുഗ്രഹമാണ് ഈ സങ്കേതം..
Written By: Lijaz Aami
കാടിന് നടുവിൽ വഴികാട്ടാനും വയറുനിറയ്ക്കാനും തിരുനെല്ലിയിലെ ഉണ്ണിയപ്പക്കട Thirunelli Unniyappam
0 comments: