ഹൃദയമേറെ കൊതിച്ച ആ കിടുക്കാച്ചി യാത്ര പറമ്പിക്കുളം (PARAMBIKULAM)
കാടിനെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് മനസ്സ് നിറച്ച് സന്തോഷം കാട് തരും. തിരക്കു പിടിച്ച ജീവിതയാത്രയിൽ നിന്നും കാടിന്റെ മടിത്തട്ടിൽ അലയുവാനുള്ള ആഗ്രഹം ഏറെയായി ഈ മനസ്സുകളുടെ അടിത്തട്ടിൽ...
തടാകക്കരയിലെ ആ മുളയുടെ ഏറുമാടം കണ്ട് കൊതിച്ചു പോയതും മഴ തന്റെ പ്രണയിനിയായ കാടുകളെ വിജൃംഭിതയാക്കുന്നതും പച്ചപ്പിന്റെയും കോടയുടെയും വിവിധ പ്രണയഭാവങ്ങളും കാറ്റിൽ മുളയുടെ സംഗീതവും കോറസായി കാടിന്റെ അവകാശികളുടെ ശബ്ദങ്ങളും... ഞങ്ങളുടെ മനസ്സ് ആ സുന്ദര വനത്തിൽ വച്ച് കാടിറങ്ങി വന്നത് വീണ്ടും അവിടം പോകാനായാണ്...
രാമേശ്വരം - ധനുഷ്ക്കോടി (Rameswaram - Dhanushkodi) യാത്രയിൽ നിന്നും നറുക്ക് പറമ്പിക്കുളത്തേക്ക് (Parambikulam) വന്നത് പച്ചപ്പിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് മാത്രമാണ്. നെന്മാറ (Nenmara) മുതൽ മനസ്സ് കവരും കാഴ്ചകൾ മാത്രം. നെൽപാടങ്ങളും, മലകളും, കുളങ്ങളും എല്ലാം...
പാലക്കാട് (Palakkad) ജില്ലയില് സ്ഥിതി ചെയ്യുന്ന പറമ്പിക്കുളം (Parambikulam) വന്യജീവി സംരക്ഷണകേന്ദ്രത്തിലേക്ക് പക്ഷേ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ (Pollachi) നിന്നാണ് ഏക മാര്ഗ്ഗം. പറമ്പിക്കുളം വന്യജീവിസങ്കേതം (Parambikulam Wildlife Sanctuary) തമിഴ്‌നാട്ടിലെ ആനമല വന്യജീവി സങ്കേതവുമായി (Anamala Wildlife Sanctuary) ചേര്ന്ന് കിടക്കുന്നു. പ്രസിദ്ധമായ ടോപ്പ് സ്ലീപ്പ് പറമ്പിക്കുളത്തേക്കുള്ള പാതയിലാണ്. പെരുവാരിപ്പള്ളം (Peruvarippallam Dam), തുണക്കടവ് (Thunakkadav Dam) അണക്കെട്ടുകളാണ് പറമ്പിക്കുളത്തെ പ്രധാന ആകര്ഷണം.
പറമ്പിക്കുളം ടൈഗര് റിസര്വില്‍ (Parambikulam Tiger Reserve) മറ്റ് വന്യജീവി സങ്കേതങ്ങളെ അപേക്ഷിച്ച് മൃഗങ്ങളെ അടുത്ത് കാണാനാകും. ആനകളുടെ താവളം എന്നതിലുപരി പ്രധാനമായും കാട്ടുപോത്ത്, കടുവ, പുലി, മുതല, മ്ലാവ്, മാന്, കരിങ്കുരങ്ങ്, മലയണ്ണാൻ എന്നീ വന്യജീവികളുടെ കേരളത്തിലെ ഏറ്റവും വലിയ ആവാസ വ്യവസ്ഥയാണ് പറമ്പിക്കുളം വനമേഖല. കേരള ചെക്ക് പോസ്റ്റിൽ തത്തി നടക്കുന്ന ഒരു മയിലാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. അതിന് ശേഷം ചിത്രശലഭങ്ങളുടെ കൂട്ടം. ഇത്രയും അടുത്ത് 100-200 എണ്ണം ഇങ്ങനെ പാറി നടക്കുന്നത് ആദ്യമായാ കാണുന്നത്, വർണ്ണമയം. കാറിനോടൊപ്പം പാറി പാറി അവർ വന്നു.
പാക്കേജ് മുൻകൂട്ടി എടുത്ത പ്രകാരം കാശ് അടച്ച് കഴിയുമ്പോൾ നമുക്കായ് ഒരു ഗൈഡിന്റെ സേവനം ഉണ്ട്. അവിടുത്തെ തന്നെ 4 തരം ആദിവാസി വിഭാഗത്തിൽ ഉള്ള ആൾക്കാർ ആണ്, ഇത് പ്രകാരം അവർക്ക് ഒരു വരുമാനവും നമ്മൾക്ക് സുരക്ഷയും എല്ലാവർക്കും ഗുണം മാത്രം. ശിവകുമാർ എന്ന ഗൈഡിനെ ആണ് ഞങ്ങൾക്ക് ലഭിച്ചത്. ഞങ്ങളുടെ എല്ലാ സഹായത്തിനും ഇനി അദ്ദേഹമാണ് ഉണ്ടാകുക. അവരുടെ അനുഭവജ്ഞാനം പ്രശംസനീയമാണ്.
വിവിധയിനം പാക്കേജുകൾ ലഭ്യമാണെങ്കിലും സ്വപ്നതുല്യമായത് തൂണക്കടവിലെ തടാകക്കരയിൽ (Thunakkadav Dam) തേക്ക് മരങ്ങളുടെ നടുവിലെ ഏറുമാടമാണ്. ഒരെണ്ണം പറമ്പിക്കുളത്തും ലഭ്യമാണ് എങ്കിലും തടാകം ഇല്ല. മുൻകൂട്ടി ബുക്ക് ചെയ്യുകയായിരിക്കും അഭികാമ്യം. Bath room attached ആണ് ,ഹീറ്ററും , ഇൻവെർട്ടററും എല്ലാ സൗകര്യവും ഉണ്ട്. A/C യും ഉള്ളത് ഉണ്ട് - ഹണി കോമ്പ്. മഴ കാരണം A/C യെക്കാൾ കുളിർമ്മ അനുഭവപ്പെട്ടു. ശനി - ഞായർ ദിനങ്ങളിലും സീസണുകളിലും മറ്റു ദിനങ്ങളെക്കാൾ അല്പം റേറ്റ് കൂടുതലാണ്. ട്രീടോപ്പ് ഹട്ട് (Tree top Hut) ഏതൊരാളുടേയും മനസ്സു കവരുമെന്നത് തീർച്ച. ഒരു രാത്രിയും പകലും ഞങ്ങളവിടെ ചെലവഴിച്ചു. സന്ദർശകരിൽ പലരും അനുമതി ചോദിച്ച് ഈ ഏറുമാടം കാണാനും അവിടെ നിന്ന് ചിത്രങ്ങൾ പകർത്താനും വരികയുണ്ടായി. വൈക്കത്ത് നിന്ന് വന്ന ചിലർ ഇത് ബുക്ക് ചെയ്ത് കിട്ടാത്ത നിരാശ പങ്ക് വച്ചു.
പുലർച്ചെ പറവൂരിൽ (Paravur) നിന്ന് പുറപ്പെട്ട ഞങ്ങൾ 11.30 ഓടെ പറമ്പിക്കുളത്ത് (Parambikulam) എത്തുകയും ഉച്ചയോടെ കനത്ത മഴ കാടിനെ പുൽകുകയും ചെയ്തു. പാക്കേജ് പ്രകാരം ട്രീടോപ്പ് ഹട്ട് താമസവും (Tree top hut stay), ഭക്ഷണവും, ജംഗിൾ സഫാരിയും (Jungle Safari), 24 മണിക്കൂർ നേരത്തേക്ക് ആ കാടിനെ അറിയുന്ന, അവിടെ വളർന്ന ഒരു ഗാർഡിന്റെ സേവനവും, ട്രക്കിംഗും (Trekking), ബാംബൂ റാഫ്‌റ്റിംഗും (Bamboo Rafting), ട്രൈബൽ ഡാൻസും എല്ലാം ഉണ്ട്. എല്ലാം മനം കവരുക തന്നെ ചെയ്യും.
ആനസവാരിയും (Elephant Safari) ഉണ്ട്. മൊബൈല് ടവറുകളോ, ഇലക്ട്രിക് പോസ്റ്റുകളോ ഇല്ലാത്ത പ്രകൃതി കാണാന് പറ്റുകയെന്നത് ഇക്കാലത്ത് ബുദ്ധിമുട്ടാണ്. ആ സാഹചര്യം കണക്കിലെടുത്താല്, മഴപെയ്ത് കുതിര്ന്ന് ഡാമിന് ചുറ്റിനും കാണപ്പെടുന്ന കന്യാവനങ്ങള് കാണാക്കാഴ്ച്ച തന്നെയാണ്. മഴയെല്ലാ കാഴ്ചകളെയും കിടുക്കാച്ചി തന്നെയാക്കി. ഹാ! എന്തൊരഴക്, എന്തൊരു ഭംഗി.
തൂണക്കടവ് ഡാമും (Thunakkadav Dam) പരിസരവും ആയിരുന്നു ആദ്യ ലക്ഷ്യസ്ഥാനം.
ഞങ്ങളുടെ താമസസ്ഥലത്തിനടുത്ത് തന്നെ ലോകത്തിലെ ഏറ്റവും വലിയ തേക്കിൽ ഒന്നായ കന്നിമരത്തേക്കിനടുത്തേക്കായിരുന്നു പിന്നത്തെ യാത്ര.
ഓഫ് റോഡ്... കൺനിറയെ കണ്ടു ചിത്രങ്ങളും എടുത്ത് യാത്ര തുടർന്നു... മഴ തെല്ലൊന്ന് അടങ്ങി...
കോടമൂടിയ ഡാമുകൾ കണ്ടാൽ ആകാശമേത് ഭൂമിയേത് എന്ന് വിസ്മയം വരും... മൃഗങ്ങളെയും കണ്ട് പടവും പിടിച്ച് കോടയിലൂടെ അവിസ്മരണീയ യാത്ര...
അതിരാവിലെയും രാത്രിയിലുമാ മൃഗങ്ങളെ ഏറെ കാണാനാകുക.
മുള ചങ്ങാടം (Bamboo rattle) ഞങ്ങളെ കാത്തു കിടപ്പുണ്ടായിരുന്നു... സ്വപ്നതുല്യമീ യാത്ര... ചീങ്കണികളും കൂട്ടിനുണ്ട്... നിരവധി തുരുത്തുകൾ/ ചെറു ദ്വീപുകൾ ഉണ്ട്... തടാകത്തിൽ നിറയെ അതിൽ ഒന്നാണ് വീട്ടിക്കുന്ന്... ഒരു വീടും കൂട്ടിന് മൃഗങ്ങളും. അടുത്ത പ്രാവശ്യം അവിടെ താമസിക്കണമെന്ന് മനസ്സ് മന്ത്രിച്ചു. രാത്രിയിൽ നമ്മളും കിടങ്ങുകളും ചുറ്റിന് കരടിയും ആനയും മറ്റു മൃഗങ്ങളും... രോമാഞ്ച ഭരിതം...
ഹാ! പിന്നെയും മഴ... ആദിവാസിക്കാരുടെ 5 തരം നൃത്തങ്ങളും പറമ്പിക്കുളത്തെ ടൈഗര്‍ ഹാളില്‍ (Parambikulam Tiger Hall) ഉണ്ടായിരുന്നു...
പറമ്പികുളം കാടുകളില് കാടര്, മലശര്, മുദുവര്, മലമലശര് എന്നിങ്ങനെ 4 ജാതി ആദിവാസികളാണുള്ളത്. 6 കോളനികളിലായി 1100 ല്‍പ്പരം വരുന്ന ഈ ആദിവാസികള് ഇവിടെ അധിവസിക്കുന്നു. ഇവരെയെല്ലാം ഉള്പ്പെടുത്തി വനംവകുപ്പിന്റെ നേതൃത്വത്തില് നടന്നുപോരുന്ന എക്കോ ഡവലപ്പ്‌മെന്റ് പ്രോഗ്രാം ആദിവാസികളുടെ ജീവിതസാഹചര്യങ്ങള് മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടെയുള്ളതാണ്. കാട് കാണാന് വരുന്നവര്ക്ക് ഗൈഡിന്റെ സേവനം നല്കുന്നതും മറ്റും ഇവരാണ്. രാത്രിയാത്രയിൽ മൃഗങ്ങളെ കാണുമ്പോൾ ഒച്ച വയ്ക്കരുത്, ഫ്ലാഷ് അടിക്കരുത് എന്നെല്ലാം നിർദ്ദേശം കിട്ടിയിരുന്നു. വനത്തിന്റെ ഭീകരതയും രാത്രിയിലെ sightseeing ഉം അകമ്പടിയായി തൃശ്ശൂർ പൂരത്തെ വെല്ലും ഇടിവെട്ടും എല്ലാം മറികടന്ന് റൂമിലെത്തി. ഗാർഡ് സമയത്തിന് നമുക്കുള്ള ഭക്ഷണം തയ്യാറാക്കി തരും... നല്ല ഭക്ഷണം... അതിന് പ്രത്യേകം നന്ദിയും പറഞ്ഞു...
മരത്തിന് മുകളിലെ ആ സ്നേഹക്കൂടാരത്തിൽ രാപാർത്തു... പല പക്ഷികളുടെയും മൃഗങ്ങളുടേയും ശബ്ദങ്ങൾ താരാട്ടായി... കുറച്ച് കഴിഞ്ഞപ്പോൾ മഴയുടെ ശ്രുതിയും... രാവിലെ ഇടയ്ക്ക് എണ്ണീറ്റ് പുറത്ത് പോയി നോക്കി. എന്തൊരു ഗാംഭീര്യ വന്യത. പിന്നെ ഒരു വല്ലാത്ത ഒച്ച കേട്ടു... മാനിനെ പുലി വേട്ടയാടി പിടിച്ചതാണ്... നോക്കുമ്പോൾ മാൻ കൂട്ടം പേടിച്ചരണ്ട് treetop hut ന് താഴെ... കുറച്ച് പന്നികളും... തേക്ക് മരത്തിന്മേൽ കുരങ്ങുകളും...
വേഗം കുളിച്ച് റെഡിയായി പുലർച്ചെ തന്നെ 3 മണിക്കൂർ നേരം സഫാരിക്ക് പുറപ്പെട്ടു... റോഡ് നിറയെ മാനുകളും, കാട്ടുപോത്തുകളും...
‘കാട്ടിലേക്ക് കടന്നുകഴിഞ്ഞാല്, നമ്മള് എങ്ങനെയൊക്കെ നിശബ്ദമായി നടന്നാലും, 20 ജോഡി കണ്ണുകളെങ്കിലും നമ്മെ കണ്ടുകഴിയുമ്പോഴേ, നമ്മള് ഒരു കാട്ടുമൃഗത്തിനെയെങ്കിലും കണ്ടിട്ടുണ്ടാകൂ‘. എന്ന പഴഞ്ചൊല്ല് ഓർമ്മ വന്നു. പറമ്പികുളം റോഡ് (Parambikulam Road) ചെന്നവസാനിക്കുന്നത് അശോകസ്തംഭവും താങ്ങി നില്ക്കുന്ന 30 അടിക്ക് മേല് ഉയരത്തിലുള്ള ഒരു സ്തൂഭത്തിന് മുന്നിലാണ്. അവിടം തന്നെയാണ് കേരളത്തില് നിന്നും മറുനാട്ടില് നിന്നും വരുന്ന സര്ക്കാര് ബസ്സുകളുടെയൊക്കെ അവസാനത്തെ സ്റ്റോപ്പ്. അതുകൊണ്ടുതന്നെ പരിസരപ്രദേശത്ത് കുറച്ച് കടകളും, ചെറിയ ചായക്കടകളും, കെട്ടിടങ്ങളുമൊക്കെയുണ്ട്. അവിടം കൂടി കാർ വലം വച്ച് മധുരസ്മൃതികൾ മനസ്സിൽ ആവാഹിച്ച് ഹൃദയം അവിടെ പകുത്ത് നൽകി വീണ്ടും വരാമെന്ന് മന്ത്രിച്ച് തിരിക്കുമ്പോൾ യാത്രയയപ്പ് നൽകാൻ വീണ്ടും മയിലുകൾ എത്തി. ഉദ്വേഗഭരിതമാണ് ഈ യാത്ര... എന്തും പ്രതീക്ഷിക്കാം...
ഒരു മരമോ, ഈറ്റയോ, പുലിയോ, ആനയോ, കടുവയോ പെട്ടെന്ന് വാഹനത്തിന് കുറുകെ വരാം... ഞങ്ങൾ തിരിച്ചു വരാം നേരമാണ് അറിഞ്ഞത് തലേ ദിവസം രാത്രിയിലെ മഴയിൽ ഒരു വലിയ മരം വീണ് കന്നിമരത്തേക്കിലേക്ക് (Kannimara Teak) ഉള്ള വഴി തടസപ്പെട്ടിരിക്കുന്നു. പ്രഭാത യാത്രയ്ക്ക് ശേഷം മടങ്ങിയപ്പോൾ വഴിമുടക്കിയായി കിടന്നിരുന്ന ഈറ്റയെ മാറ്റുന്ന ചേട്ടനെയും ശിവൻ ചേട്ടനെയും ഇവിടെ ചിത്രത്തിൽ കാണാം... കാട്ടുപോത്തുകളുടെ കൂട്ടം കാറിന് തൊട്ടുമുമ്പിൽ വന്നപ്പോൾ കുറച്ചു നേരം വെയ്റ്റ് ചെയ്ത് അവരുടെ നീക്കം നോക്കി ഗൈഡിന്റെ നിർദ്ദേശ പ്രകാരമാ വണ്ടിയെടുത്തത്... അപ്രതീക്ഷിതമായത് എപ്പഴും പ്രതീക്ഷിക്കാമെന്നതാണ് ഭയവും സാഹസികതയും കൂടി കലർന്ന ഇത്തരം യാത്രകളെ ആവേശഭരിതമാക്കുന്നത്... ഇനി അടുത്ത കാട്ടിലേക്ക് പോകും വരെ ഒരിടവേള...
Written By: Divya G Pai
റൂട്ട് > ഞങ്ങൾ പോയത് തൃശ്ശൂർ - വടക്കാഞ്ചേരി-ഗോവിന്ദാപുരം- ആനമലയ് - ടോപ് സ്ലിപ് പറമ്പിക്കുളം.... നല്ല ഒരു അടിപൊളി യാത്ര ....
Trip to Parambikulam Tiger Reserve and stay at Tree top Hut.
0 comments: