2013 ൽ മഹാപ്രളയം താണ്ഡവമാടിയ ഉത്തരാഖണ്ഡിലെ കേദാർനാഥിലേക്ക് ആദ്യത്തെ ഹിമാലയ യാത്ര നടത്താൻ ഞങ്ങൾ തീരുമാനിച്ചത് ഒരു ദുരന്തഭൂമി കാണാൻ ഉള്ള ആഗ...

കേദാർനാഥ് - ഹിമാലയത്തിൻ്റെ മടിത്തട്ടിലേക്ക് ഒരു യാത്ര | Kedarnath

2013 ൽ മഹാപ്രളയം താണ്ഡവമാടിയ ഉത്തരാഖണ്ഡിലെ കേദാർനാഥിലേക്ക് ആദ്യത്തെ ഹിമാലയ യാത്ര നടത്താൻ ഞങ്ങൾ തീരുമാനിച്ചത് ഒരു ദുരന്തഭൂമി കാണാൻ ഉള്ള ആഗ്രഹം അല്ലായിരുന്നു. മറിച്ച് ആദ്യ യാത്ര ദേവഭൂമി എന്നറിയപ്പെടുന്ന ഇവിടേക്ക്‌ തന്നെയാവട്ടെ എന്നു തീരുമാനിക്കുകയായിരുന്നു. ഭക്തിയേക്കാളുപരി കാഴ്ചകളോടുള്ള ആവേശം തന്നെ ആയിരുന്നു ഈ യാത്രയും...

പിന്നെ ഹിമാലയത്തിന്റെ മടിതട്ടിലേക്കു ഒരു ഹെലികോപ്റ്റർ റൈഡ് എന്ന സ്വപ്നവും.

Route Map - ഡൽഹി - ഹരിദ്വാർ - കേദാർനാഥ് - ചോപ്ത -തുങ്ഗനാഥ് - ചന്ദ്രശില ട്രക്ക് - ഡൽഹി.

Delhi - Haridwar - Kedarnath - Choptha - Thunganath - Chandrashila Trek - Delhi

ഹരിദ്വാറിൽ നിന്നും 5 ദിവസത്തേക്ക് ഒരു ട്രാവൽ ഏജൻസി വഴി കാർ ബുക് ചെയ്തിരുന്നു. ഹരിദ്വാറും (Haridwar) പോകേണ്ട സ്ഥലങ്ങലുമെല്ലാം ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഉള്പെട്ടത് കൊണ്ടാവാം ഡൽഹിയിൽ നിന്നു ടാക്സി ബുക്ക് ചെയ്യുന്നതിലും ഡെയ്‌ലി റേറ്റിൽ നല്ല വെത്യാസം ഉണ്ടായിരുന്നു.

കുറഞ്ഞ ചിലവിൽ ഡൽഹിയിൽ നിന്നും ഹരിദ്വാർ വരെ എത്താൻ ധാരാളം ബസ് സർവിസും ഏതാനും ട്രെയിനും ഒക്കെ ഉണ്ട്. ഞങ്ങളുടെ ഫ്ലൈറ്റ് ഡൽഹി എത്തിയത് രാത്രി ഒരുപാട് വൈകിയാണ്, ഏതാണ്ട് പന്ത്രണ്ടു മാണി ആയി. രാത്രി വൈകി എത്തുന്നത് കൊണ്ട് മുൻകൂർ ബുക്കിംഗ് നടക്കില്ല എന്നു അറിയാമായിരുന്നു, Kashmiri Gate ഇന്റർ സ്റ്റേറ്റ് ബസ് ടെർമിനലിൽ നിന്നും ബസ് കിട്ടും എന്ന പ്രതീക്ഷയിൽ എയർപോർട്ടിൽ നിന്നും ചെയിൻ സർവിസ് ബസിൽ അങ്ങോട്ടേക്ക് പോയി. പക്ഷെ ഉദ്ദേശിച്ചപോലെ യാത്ര നടന്നില്ല. ബസ് വന്നെങ്കിലും തിരക്ക് കാരണം നാലഞ്ചു മണിക്കൂർ നിന്ന് പോകേണ്ട ബുദ്ധിമുട്ടോർത്തപ്പോ, ബഡ്ജറ്റ് അല്പം പാളുമെങ്കിലും ഒരു ടാക്സി പിടിച്ചു ഹാരദ്വാരലേക്കു വിട്ടു.

ഹരിദ്വാറിൽ നിന്നും ഒട്ടും സമയം കളയാതെ കേദാര്നാഥിലേക്ക് യാത്ര തിരിച്ചു. ഗംഗയുടെ തീരത്തു കൂടി ഋഷികേശ്, ദേവപ്രയാഗ്, ശ്രീനഗർ പിന്നിട്ടു രുദ്രപ്രയാഗിൽ എത്തി, അന്നത്തെ താമസം അവിടെ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു.

ദേവപ്രയാഗിൽ നിന്നാണ്‌ രണ്ടു നദികൾ സംഗമിച്ചു ഗംഗ എന്ന മഹാനദിയായി ഒഴുകി ഇന്ത്യയിലെ പല സംസ്ഥാനങ്ങൾക്കും ഊർജം നൽകി ബംഗ്ലാദേശിൽ കടന്ന് ഒടുവിൽ ബംഗാൾ ഉൾക്കടലിൽ ലയിക്കുന്നത്.

ഋഷികേശിൽ ധാരാളം adventure ആക്ടിവിറ്റീസ് ഉണ്ട്. സാഹസികമായ ഒരു റിവർ റാഫ്റ്റിങ് ഒക്കെ നടത്തിയാണ് തിരിച്ചുള്ള യാത്രയിൽ ഞങ്ങൾ മടങ്ങിയത്‌.

രുദ്രപ്രയാഗിൽ നിന്ന് രാവിലെ ഇറങ്ങിയത് മുതൽ കേദാർനാഥ് ലേക്കുള്ള ഹെലികോപ്റ്റർ യാത്ര ആയിരുന്നു മനസിൽ. നേരിട്ട് റോഡ്‌ മാർഗ്ഗം ഒരു വാഹനത്തിലും കേദാര്നാഥിലേക്ക് എത്താനാവില്ല. കാൽനടയായി പോകുന്നവർക്ക് ഗൗരികുണ്ടിൽ നിന്നും ഏതാണ്ട് 20km നീളുന്ന നടപ്പാതയാണ് അങ്ങോട്ടേക്ക് എത്താനുള്ള ഏക മാർഗം.

അങ്ങനെ ദുർഘടമായ പല വഴികളും പിന്നിട്ട് Phata എന്ന സ്ഥലത്ത് എത്തി, ചർധാം യാത്രയിൽ നിർബന്ധമായി ചെയ്യേണ്ട ബയോമെട്രിക് വെരിഫിക്കേഷൻ ഒക്കെ ചെയ്തു. 2013 ലെ പ്രളയത്തിനു ശേഷം സഞ്ചാരികളുടെ വിവര ശേഖരത്തിനും സുരക്ഷയുടെയും ഭാഗമായി തുടങ്ങിയതാണ് ഈ സിസ്റ്റം.

ഒരുപാട് നാളായി സ്വപ്നം കണ്ട വലിയൊരു യാത്രക്കായി phata യിലുള്ള പ്രൈവറ്റ് ഹെലികോപ്റ്റർ സർവിസ് നടത്തുന്ന ഓഫീസിനു സമീപം അക്ഷമരായി കാത്തിരുന്നു. പച്ച പുതച്ച മലകൾക്കു മുകളിലൂടെ പറന്നടുക്കുകയും ആളുകളേയും കൊണ്ടു പരന്നകലുകയും ചെയ്യുന്ന കോപ്ടറുകളുടെ കാഴ്ചകൾ കാത്തിരിപ്പിന്റെ വിരസത ഒരു പരിധി വരെ മാറ്റി.

കുറേ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഞങ്ങളും പറന്നു, ഹിമാലയത്തിൻ്റെ മടിത്തട്ടിൽ സ്ഥിതിചെയ്യുന്ന ആ പുണ്യഭൂമിയിലേക്ക്.

പ്രശസ്തമായ കേദാർനാഥ് ക്ഷേത്രവും, ഭാരതം കണ്ടിട്ടുള്ളതിൽ വച്ച് മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്ന ശങ്കരാചാര്യരുടെ സമാധിയും സ്ഥിതി ചെയ്യുന്ന സ്ഥലം.

ഒരു സന്യാസി എന്നതിലുപരി തൻ്റെ 32 വയസിനുള്ളിൽ ശങ്കരാചാര്യർ നടത്തിയന്നു വിശ്വസിക്കപ്പെടുന്ന യാത്രകൾ ആണ്‌ എന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ കാലടി മുതൽ ഹിമാലയം വരെ, 8 ആം നൂറ്റാണ്ടിൽ, അതും ഭാരതത്തിലുടനീളം തന്റെ വ്യക്തമായ പാദമുദ്ര പതിപ്പിച്ച്. അദ്ദേഹത്തിന്റെ ദര്ശനങ്ങൾക്കും ചിന്തകൾക്കും അപ്പുറം ശങ്കരാചാര്യർ നടത്തിയ യാത്രകൾ ആണ് കുറച്ചൊക്കെ സാഹസികത ഇഷ്ടപ്പെടുന്ന ഒരു സഞ്ചാരി എന്ന നിലയിൽ എന്നെ കൂടുതൽ സ്വാധീനിച്ചത്‌.

എഴുത്തിലൂടുള്ള വിവരണത്തിലും ഇനി നല്ലതു നേർകാഴ്ചകളാണ്...

Written By: Rajeev Raju

PHOTO GALLERY: KEDARNATH

കേദാർനാഥ് - ഹിമാലയത്തിൻ്റെ മടിത്തട്ടിലേക്ക് ഒരു യാത്ര | Kedarnath

0 comments: