നോർത്തിൽ വലിയ സഞ്ചാര തിരക്കില്ലാത്ത എങ്ങോട്ടേലും ഒരു ട്രെക്കിങ്ങ് ആയിരുന്നു ഇത്തവണത്തെ ലക്ഷ്യം, അതും നാല് ദിവസത്തെ മഞ്ഞുമലകൾ താണ്ടിയുള്ള നടത്തവും ടെന്റിലെ താമസവും കൂടെ കുളിരിന് ഇടക്കിടക്കുള്ള ശക്തമായ മഞ്ഞുവീഴ്ച്ചയും.
ഇത്തവണ വെറുതെ ഒരു ട്രെക്കിങ്ങ് മാത്രമല്ല, ഒരു മഞ്ഞുമല കീഴടക്കുക എന്ന ലക്ഷ്യംകൂടെ ഈ യാത്രയുടെ പിന്നിലുണ്ട്. അങ്ങനെയാണ് ഉത്തരാഖണ്ഡിലുള്ള കേദാർക്കന്ത (Kedarkantha) എന്ന സ്ഥലത്തെ പറ്റി അറിയുന്നത്. മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത ഒരിടം എന്നുവേണമെങ്കിൽ പറയാം. പേരിലെ സാമ്യം ആദ്യം കേദാർനാഥ് (Kedarnath) ഓർമപ്പെടുത്തുമെങ്കിലും രണ്ടും തമ്മിൽ പ്രത്യക്ഷത്തിൽ ഒരു ബന്ധവുമില്ല.
ഉത്തരാഖണ്ഡിലെ (Uttarakhand) ഉത്തരാകാശി ജില്ലയിലെ സംക്രി എന്ന കൊച്ചു ഗ്രാമത്തിൽനിന്നാണ് കേദാർക്കന്ത ട്രെക്ക് (Kedarkantha Trekking) ആരംഭിക്കുന്നത്. ഗോവിന്ദ് നാഷണൽ പാർക്കിൽ (Govind National Park) സ്ഥിതിചെയ്യുന്ന സ്ഥലമായതിനാലും അപകട സാധ്യത ഉള്ളതിനാലും ഫോറസ്റ്റ് പെർമിഷൻ നിർബന്ധമാണ് ട്രെക്കിന്. അതുമാത്രമല്ല അവിടെയുള്ള ലോക്കൽസിനും ഗൈഡുമാർക്കും മാത്രമേ പെർമിഷൻ കൊടുക്കൂ എന്നത് മറ്റൊരു കാര്യം.
അതുകൊണ്ടുതന്നെ നമ്മളെ സംബന്ധിച്ച് ഏതേലും പാക്കേജ് ബുക്ക് ചെയ്ത് പോവുക എന്നതാണ് നടക്കുന്ന കാര്യം..
വിന്റർ ട്രെക്ക് (ഡിസംബർ - മാർച്ച്) (Winter Trekking) ആയതുകൊണ്ട് 2019 ഡിസംബർ തൊട്ടുതന്നെ പല പാക്കേജുകൾ നോക്കി. 2020 ഫെബ്രുവരിയിലാണ് പോവാൻ കാര്യങ്ങളെല്ലാം ഒത്തുവന്നത്. അങ്ങനെ ഫെബ്രുവരി 19 ന് ഡൽഹിക്കുള്ള ട്രെയിൻ കേറി. 22 ന് രാവിലെ ഡെറാഡൂൺ റെയിൽവേ സ്റ്റേഷൻ എത്തണം. (Dehradun)
പല തരത്തിലുള്ള പാക്കേജ് നമ്മളുടെ ഇഷ്ട്ടാനുസരണത്തിന് തിരഞ്ഞെടുക്കാം.
ഡെറാഡൂൺ ടു ഡെറാഡൂൺ എന്ന പാക്കേജാണ് ഞാൻ തിരഞ്ഞെടുത്തത്. അതായിത് ഡെറാഡൂണിൽ നിന്ന് അവർ കൊണ്ടുപോയി തിരിച്ച് ഡെറാഡൂണിൽ തന്നെ കൊണ്ടുവിടും. 6 ദിവസത്തെ പാക്കേജ് യാത്ര.
21ന് വൈകിട്ട് വിചാരിച്ചപോലെ നിസാമുദീൻ എത്തി, അവിടുന്ന് കാശ്മീരി ഗേറ്റ് ISBT യിലേക്ക്. രണ്ടുദിവസം ട്രെയിനിലിരുന്നതിന്റെ മടുപ്പ് തീർക്കാനാണ് മുമ്പോട്ടുള്ള യാത്ര ബസിലാക്കാമെന്ന് വിചാരിച്ചത് ..
വെളുപ്പിനെ മൂന്നരയോടെ ഡെറാഡൂൺ ISBT യിൽ എത്തിയപ്പോഴാണ് റെയിൽവേ സ്റ്റേഷനിലേക്ക് ഇനിയും 4 km ഉണ്ടെന്ന് മനസിലായത്.. ബസ് സ്റ്റാൻഡിന്റെ അകത്ത് പലയിടത്തും ആ നാടിന്റെ സംസ്ക്കാരവും വിശ്വാസവും ഓർമപ്പെടുത്തുന്ന തരത്തിലുള്ള ചുവർ ചിത്രങ്ങൾ കാണാൻ സാധിക്കും.
നേരം വെളുത്ത് തുടങ്ങിയതോടുകൂടെ ഡെറാഡൂൺ എന്ന പട്ടണം ഉണർന്നു. ഇപ്പൊ റെയിൽവേ സ്റ്റേഷനിലേക്ക് ധാരാളം ഷെയർ ഓട്ടോകൾ ലഭ്യമാണ്.
റെയിൽവേ സ്റ്റേഷന്റെ മുൻമ്പിൽ ധാരാളം ട്രാവലർ വാഹനങ്ങൾ കേദാർക്കന്ത ബോർഡും വെച്ച് നിൽക്കുന്നത് കാണാം. വലിയ ടൂർ കമ്പനികളുടെ വാഹനങ്ങളും അതിൽ പെടും. നമ്മുടെ വണ്ടിയും ഈ കൂട്ടത്തിൽ ഉണ്ടാവുമെന്നുവെച്ച് ഞാൻ അവർക്ക് ഫോൺ ചെയ്തു.
ഞാൻ ഒറ്റക്കായതുകൊണ്ട് എന്നെ മറ്റൊരു ഹൈദരാബാദ് ടീമിന്റെ കൂടെയാണ് ചേർത്തിരിക്കുന്നത്. അവരെ കൊണ്ടുവരാൻ നമ്മുടെ വണ്ടി ഏർപോർട്ടിലേക്ക് പോയിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിൽനിന്ന് കയറാൻ ഞാൻ മാത്രം. ഡെറാഡൂണിൽ എവിടെനിന്നാലും നമ്മളെ വന്ന് കൂട്ടിക്കോളാമെന്ന് ടൂർ കമ്പനി ഉടമ ഫോണിലൂടെ ഓർമപ്പെടുത്തി. അതുമല്ല ക്ലോക്ക് ടവറിൽനിന്നും ഒരാൾകൂടെ ഉണ്ട്. എന്നാൽപ്പിന്നെ ഡെറാഡൂൺ ഒന്ന് നടന്ന് കാണാമെന്ന് വെച്ച് ക്ലോക്ക് ടവർ ലക്ഷ്യമാക്കി നടന്നു. അത്യാവിശം നല്ല തണുപ്പുണ്ട്, ഡൽഹിയിൽ ട്രെയിൻ ഇറങ്ങിയപ്പോ ഇട്ട ജാക്കറ്റാണ്. ഏതാണ്ട് 2 km ഉണ്ട് ക്ലോക്ക് ടവറിലേക്ക്. വ്ലോഗ് ചെയുന്നതുകൊണ്ട് പണ്ടത്തെ പോലെ മലയാളം ഇപ്പൊ മിസ്സ് ചെയ്യാറില്ല..
ഗൂഗിൾ മാപ് നോക്കി നടക്കുന്ന വഴിക്ക് ഒരു പെട്ടിക്കടയിൽനിന്നും നോർത്തിലെ ദേശിയ ഭക്ഷണമെന്ന് വിശേഷിപ്പിക്കാവുന്ന മാഗ്ഗി കഴിച്ചു.
നാല് റോഡുകൾ കൂടുന്നതിന്റെ നടുവിലാണ് ക്ലോക്ക് ടവർ പണി കഴിയിപ്പിച്ചിരിക്കുന്നത്. 6 വശത്തേക്കും മുഖമുണ്ടെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത, അതായത് 6 ക്ലോക്കുകൾ 6 വശത്തേക്കും നോക്കി നിൽക്കുന്നു. ഏത് ഭാഗത്തുനിന്ന് നോക്കിയാലും സമയം കാണാൻ സാധിക്കും. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷസൂചകമായി 1953ൽ പണി കഴിയിപ്പിച്ചാണി ടവർ.
ക്ലോക്ക് ടവറിന്റെ ചുറ്റുപാടും ധാരാളം കടകൾ കാണാം. രാവിലെയായതുകൊണ്ട് ഒന്നും തുറന്നിട്ടില്ലെങ്കിലും ഡെറാഡൂണിലെ പ്രധാനപ്പെട്ട ഒരു ഷോപ്പിംഗ് സ്ഥലമാണിതെന്ന് മനസിലായി.
ചുറ്റുപാടുമുള്ള കാഴ്ച്ചകൾ ക്യാമറയിൽ പകർത്തുന്നതിന്റെയിടയിൽ ടൂർ ഓപ്പറേറ്ററുടെ മെസ്സേജ് വന്നു. ഹൈദെരാബാദിൽനിന്ന് വരുന്നവരുടെ ഫ്ലൈറ്റ് 1 മണിക്കൂർ വൈകിയെന്നും, അതുകൊണ്ട് നമ്മടെ വണ്ടിയും വരാൻ വൈകുമെന്നും. ഞാൻ അവരുടെ കൈയിൽനിന്ന് ക്ലോക്ക് ടവറിൽനിന്നും കൂടുന്ന ആളുടെ നമ്പർ വാങ്ങി ഒരു മെസ്സേജ് അയച്ചിട്ടു. മാത്യു എന്നാണ് പേരെന്നും ബാംഗ്ലൂർ ആണ് സ്ഥലമെന്നും ടൂർ ഓപ്പറേറ്റർ പറഞ്ഞിരുന്നു..
ബാംഗ്ലൂർക്കാരൻ ആണെല്ലോ കുറച്ചെങ്കിലും തമിഴ് അറിയുന്നയാൾ ആയാൽ മതിയായിരുന്നുവെന്ന് ഞാൻ ഉള്ളിൽ കരുതി.
പിന്നീടുള്ള കാത്തിരിപ്പ് മാത്യുവിനുവേണ്ടിയായിരുന്നു. അങ്ങനെ അല്പനേരത്തിനുശേഷം മാത്യുവിന്റെ വിളി വന്നു. ഇംഗ്ലീഷിലാണ് ഞങ്ങൾ ഫോണിലൂടെ സംസാരിച്ചത്. കണ്ടുമുട്ടിയപ്പോൾ ആദ്യം ചോദിച്ചത് സ്ഥലമായിരുന്നു..
മാത്യു കേരളത്തിൽനിന്നാണെന്നും എറണാകുളമാണ് സ്ഥലമെന്നും കാക്കനാട് ഇൻഫോപാർക്കിലാണ് ജോലി ചെയ്യുന്നതെന്നും പറഞ്ഞു.
അതായിരുന്നു ഈ യാത്രയിലെ ആദ്യത്തെ ട്വിസ്റ്റ്. ഞങ്ങൾ രണ്ടുപേരുടെയും സോളോ ട്രാവൽ എന്ന പ്ലാനിങ് അവിടെ പൊളിഞ്ഞു. പക്ഷെ ഒരു പരിചയവും ഇല്ലാത്ത ഒരു മലയാളിയെ ഇങ് ഡെറാഡൂണിൽനിന്നും കിട്ടിയത് അതുക്കും മേലെ ഒരു യാത്രാ അനുഭവം ആസ്വദിക്കാൻ ആയിരുന്നുവെന്ന് പിന്നീട് ഒരുമിച്ചുള്ള ഞങ്ങളുടെ യാത്രയിൽനിന്ന് മനസിലായി.
കുറച്ച് വൈകി നമ്മുടെ വണ്ടിയിലുള്ള ഗൈഡിന്റെ വിളി വന്നു. നമ്മുടെ കൂടെ ഇനി ആറുദിവസം ദിനേശ് എന്ന ഗൈഡ് ആണുണ്ടാവുക. ആൾക്ക് ഹിന്ദി മാത്രമേ അറിയുകയുള്ളൂ. മാത്യൂന് ഹിന്ദി അറിയാവുന്നതുകൊണ്ട് ഞാൻ രക്ഷപെട്ടു. ഹൈദെരാബാദിൽനിന്നുള്ള ആൾക്കാരുമായി നമ്മുടെ വണ്ടി വരുന്നുണ്ടെന്നും, നമ്മൾ എവിടാ നിൽക്കുന്നതെന്ന് ചോദിക്കാനുമാണ് ദിനേശ് ഭായ് വിളിച്ചത്. ഒരുകണക്കിന് അവർ വൈകിയത് നന്നായി, എനിക്കും മാത്യുവിനും പരസ്പരം നല്ലപോലെ പരിചയപ്പെടാൻ സമയം കിട്ടിയെന്ന് സാരം. ഇപ്പോൾ നാട്ടിൽനിന്നുതന്നെ ഒരുമിച്ച് വന്ന സുഹൃത്തുക്കളെപോലെയായി ഞങ്ങൾ.
-----
കാത്തിരിപ്പിനൊടുവിൽ നമ്മുടെ വണ്ടിയിലേക്ക് കേറുന്നിടത്തായിരുന്നു യാത്രയിലെ രണ്ടാമത്തെ ട്വിസ്റ്റ്. ഹൈദെരാബാദിൽനിന്ന് വന്ന ഏഴുപേരും 50 വയസിന് മുകളിൽ ഉള്ളവർ. നമ്മൾ കേറാൻ പോകുന്നത് 12500 അടി ഉയരത്തിലേക്കാണ്, അതും കൊടുംതണുപ്പിൽ മഞ്ഞുമൂടിയ മലകൾ താണ്ടി നടന്ന്. നേരെ ചൊവ്വേ നടക്കാൻ പറ്റാത്ത ഈ വയസ്സന്മാർക്ക് ഈ ട്രെക്ക് എത്രമാത്രം സാധ്യമാകുമെന്നുള്ള സംശയം എനിക്കും മാത്യുവിനും ഒരുപോലെ ഉണ്ടായിരുന്നു.
11 മണിയോടെ നമ്മുടെ വണ്ടി ഡെറാഡൂണിൽനിന്നും സംക്രിയെന്ന ഗ്രാമം ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു.
ഏതാണ്ട് 200 കിലോമീറ്ററിന് അടുത്തുണ്ട് സംക്രിയിലേക്ക്, 8 മണിക്കൂറെങ്കിലും എടുക്കും സംക്രി എത്താൻ.
വണ്ടിയിൽ ഹൈദെരാബാദിൽനിന്നുള്ള ഏഴുപേരും, ഞങ്ങൾ രണ്ടുപേരും, ഡ്രൈവറും, ദിനേശ് ഭായിയുമാണുള്ളത്.
ഏതാണ്ട് 25 വയസിനടുത്ത് പ്രായമുണ്ടാവും ദിനേശ് ഭായിക്ക്.
ഗൂഗിൾ മാപ് നോക്കിയപ്പോൾ മലകളുടെ റാണി എന്നറിയപ്പെടുന്ന മുസൂരി (Mussoorie) വഴിയാണ് നമ്മൾ പോവുന്നതെന്ന് മനസിലായി. ഒരു മണിക്കൂർകൊണ്ട് ഞങ്ങൾ മുസൂരിയെത്തി. ഡെറാഡൂണിൽനിന്നും തികച്ചും വെത്യസ്തമായ കാലാവസ്ഥയാണ് ഇവിടുത്തേത്. കോടമഞ്ഞാലും, മഴമേഘങ്ങളാലും മൂടപ്പെട്ട നിലയിലാണ് മുസൂരി. എപ്പോ വേണമെങ്കിലും ഒരു മഴക്കുള്ള സാധ്യത മുന്നിലുണ്ട്.
ഒരു 10km കൂടെ മുന്നോട്ടുപോയപ്പോൾ മുസൂരിയിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായ കെംറ്റി വെള്ളച്ചാട്ടം (Kempty Falls) വണ്ടിയിൽ ഇരുന്ന് തന്നെ കാണാൻ സാധിച്ചു. വെള്ളച്ചാട്ടത്തിനോട് ചേർന്നുതന്നെയുള്ള കെംറ്റിയെന്ന സ്ഥലത്ത് ഉച്ചഭക്ഷണം കഴിക്കുന്നതിനായി വണ്ടി നിർത്തി. സംക്രിയിലെത്തുപോൾ തൊട്ടുള്ള ഭക്ഷണമാണ് പാക്കേജിൽപെടുന്നത്.
വൈകാതെതന്നെ ശക്തമായ മഴ ആരംഭിച്ചു. ആലിപ്പഴമാണ് വീഴുന്നതെന്ന് മനസിലായി. പ്രദേശം മുഴുവൻ ഐസ് കട്ടകളാൽ മൂടപ്പെട്ടു. ഭക്ഷണത്തിന് ശേഷം യാത്ര തുടർന്ന ഞങ്ങൾക്ക് വേറിട്ട കാഴ്ച്ചകളായിരുന്നു ഒരുങ്ങി നിന്നിരുന്നത്.
ഓരോ മലയായി കേറിയിറങ്ങുകയാണ് നമ്മളിപ്പോൾ. ഇടക്കിടക്ക് ഓരോ ഗ്രാമങ്ങളിലൂടെ കടന്നുപോവുമ്പോൾ അ നാട്ടിലെ തനത് രീതിയിലുള്ള കൃഷിരീതികളും മറ്റും കാണാമായിരുന്നു, കൂടെ റോഡിന്റെ ഒരു വശത്ത് യമുന നദിയും കാണാം. ഗംഗ നദിയുടെ ഒരു പ്രധാന പോഷക നദിയാണ് യമുന. നമ്മളിപ്പോൾ പോവുന്നത് യമുന നദിയുടെ ഉത്ഭവമായ യമുനോത്രിയിലേക്ക് പോകുന്ന വഴിക്കുതന്നെയാണ്, പക്ഷെ അല്പദൂരം കഴിഞ്ഞാൽ നമ്മൾ വേറെ വഴിക്ക് തിരിയും.
സന്ധ്യക്ക് മുമ്പ് നമ്മൾ സംക്രിയുടെ പ്രവേശന കവാടമായ മോറിയെന്ന സ്ഥലത്തെത്തി. ഗ്രാമപ്രദേശമെന്നും, ചെറിയ ടൗൺ എന്നും മോറിയെ വിശേഷിപ്പിക്കാം. ഇവിടം വരെയാണ് ഫോണുകൾക്ക് റേഞ്ച് ലഭ്യതയുള്ളു. ഇനി ഏതാണ്ട് 20 km കൂടെയുള്ളു സംക്രിയിലേക്ക്. ഇപ്പോൾ വഴിയരികിൽ കാണുന്നത് യമുന നദിയുടെ പോഷകനദിയായ ടോൺസ് നദിയാണ്. ഏഴരയോടെ ഞങ്ങൾ സംക്രിയിലെത്തി. മോറിയിൽനിന്നിങ്ങോട്ടുള്ള റോഡ് വളരെ മോശമായിരുന്നു. നമ്മൾ വന്നതുപോലെയുള്ള ധാരാളം ട്രാവലർ വണ്ടികൾ ഇവിടെ കിടക്കുന്നതുകാണാം.
തണുപ്പിന്റെ ശക്തി കൂടിയപോലെ തോന്നി. നമ്മുക്ക് ട്രക്കിനുവേണ്ട എല്ലാവിധ സാധങ്ങളും ഇവിടെനിന്നും വാടകക്കും, വാങ്ങാനും കിട്ടും. അതിനായുള്ളു കടകൾ ധാരാളമുണ്ടിവിടെ. ദിനേശ് ഭായ് നമ്മുക്കുള്ള റൂം റെഡിയാക്കി തന്നു.
മൂന്നുപേരാണ് ഒരു റൂമിൽ. ഞാനും, മാത്യുവും, ഹൈദരബാദ് ടീമിലെ ഒരാളുമായിരുന്നു നമ്മുടെ റൂമിൽ. ഹൈദരാബാദ് ടീമിലെ എല്ലാവരുമായി വണ്ടിയിലിരുന്നുതന്നെ നല്ല കമ്പനിയയായിരുന്നു. റൂമിലെത്തിയപ്പോൾ തന്നെ ചായയും ബിസ്ക്കറ്റും കിട്ടി. ഇനി മുതലുള്ള ഭക്ഷണം പാക്കേജിൽ പെടുന്നതായതുകൊണ്ട് ടെൻഷൻ ഇല്ല. ചായ കുടിച്ചതിനു ശേഷം പുറത്തേക്കിറങ്ങിയ ഞാൻ ട്രെക്കിനുവേണ്ട സാധനങ്ങൾ കിട്ടുന്ന കടയിലേക്ക് നടന്നു. തലയിലിടാൻ ഒരു ക്യാപ് വാങ്ങണമായിരുന്നു. തണുപ്പിൽനിന്ന് രക്ഷനേടാനുള്ളതും, ട്രെക്കിന് വേണ്ടതുമായ എല്ലാവിധ സാധങ്ങളും ഇവിടെയുണ്ട്. നാളെ നമ്മളെ പോലെ ട്രെക്കിനുവന്നവരെല്ലാം ആവിശ്യ സാധങ്ങൾ വാങ്ങുന്ന തിരക്കിലാണ്.
മാത്യു ഒരു ട്രെക്കിങ്ങ് സ്റ്റിക്ക് വാടകക്ക് എടുത്തു. 200 രുപയാണ് വാടക. 300 രുപ കൊടുത്താലേ സാധനം നമ്മുക്ക് തരത്തുള്ളു. കൂടുതൽ കൊടുക്കുന്ന പണം, സാധനം തിരിച്ച് കൊടുക്കുമ്പോൾ നമ്മുക്ക് തിരിച്ചുതരും. നല്ല രീതിയിൽ തണുപ്പുള്ളതുകൊണ്ടും ആവണം 8 മണി കഴിഞ്ഞാൽ എല്ലാവരും റൂമിൽ കേറും, കടകൾ ഒക്കെ അടക്കും. നമ്മുക്കും പ്രിത്യേകിച്ച് കാഴ്ച്ചകൾ ഒന്നുമില്ലാത്തതുകൊണ്ട് ഭക്ഷണം കഴിച്ച് കിടന്നുറങ്ങി.
നമ്മുടെ ട്രെക്കിന്റെ ആദ്യ ദിവസമായ 23ന് രാവിലെ ഏഴുമണിയോടെ ഉറക്കമുണർന്ന ഞാൻ, പുറത്തെ കാഴ്ച്ചകൾ കാണാൻ വേണ്ടി റൂമിനുപുറത്തേക്ക് ഓടി. തലേന്ന് ഇരുട്ടിയതുകൊണ്ട് ചുറ്റുപാടും എന്താണെന്ന് ഒരു അറിവുമില്ലായിരുന്നു.
പുറത്തെ കാഴ്ച്ചകൾ മനസിൽ കരുതിയതിലും ഗംഭീരമായിരുന്നു...
ചുറ്റുപാടും മലകൾ മാത്രം. അതുകൊണ്ടുതന്നെ സൂര്യവെളിച്ചം ഇവിടെ പതിക്കാൻ അല്പനേരം കഴിയും.
കിഴക്ക് ദിക്കിലെ മലകൾ മുഴുവൻ മഞ്ഞിൽകുളിച്ചുനിൽകുന്നു. പല തവണ കണ്ടകാഴ്ച്ചയായതുകൊണ്ട് ഇതിൽ വലിയ പുതുമ തോന്നിയില്ലെങ്കിലും ഈ മലകൾ മുഴുവൻ നടന്ന് കയറാൻ പോവുന്നതിന്റെ ത്രില്ലിലായിരുന്നു ഞാൻ.
തല ക്യാപിട്ട് മൂടാതെയും, കൈയിൽ ഗ്ലൗ ഇല്ലാതെയും പുറത്തിറങ്ങാൻ പറ്റാത്തത്ര തണുപ്പ് എപ്പോഴുമുണ്ടിവിടെ.
ചായ കുടിച്ചതിനുശേഷം ഗ്രാമക്കാഴ്ച്ച കാണുന്നതിനുവേണ്ടി ചുറ്റുപാടുള്ള വീടുകൾ ലക്ഷ്യമാക്കി നടന്നു. ചെറിയ വീടുകളാണെല്ലാം, ഒറ്റ മുറി വീടുകളായിരിക്കണം കൂടുതലും. ഡിസംബർ ജനുവരി മാസങ്ങളിൽ ഇവിടെയും മഞ്ഞുവീഴ്ച്ച സാധാരണയാണ്. തൊട്ടടുത്തുതന്നെ 4 ക്ലാസ് മുറികൾ മാത്രമുള്ള സംക്രിയിലെ സ്ക്കൂളും അതിനോട് ചേർന്നുള്ള ക്ഷേത്രവും കണ്ടു. എല്ലാം ക്യാമറയിൽ പകർത്തിയതിനുശേഷം റൂമിലേക്ക് തിരിച്ചു.
ഇവിടെയുള്ളവരുടെ പ്രധാന വരുമാനം ടൂറിസത്തിൽനിന്നുമാണ്. ട്രെക്കിങ്ങിനുള്ള ഗൈഡുമാരും, ഭക്ഷണം പാചകം ചെയ്യുന്നവരും ഉൾപ്പെടെ എല്ലാവരും സംക്രിയിൽനിന്നും, ചുറ്റുവട്ട പ്രദേശങ്ങളിൽനിന്നുള്ളവരുമാണ്.
നമ്മുടെ ദിനേശ് ഭായിയും ഈ നാട്ടുക്കാരൻ തന്നെ. തിരിച്ച് റൂമിലെത്തിയപ്പോൾ ദിനേശ് ഭായ് എല്ലാവരുടെയും പേര് ഒരു വെള്ളപേപ്പറിൽ എഴുതുന്നത് കണ്ടു. ഫോറസ്റ്റ് പെർമിഷനുവേണ്ടിയാണിതെന്ന് മനസിലായി.
ഭക്ഷണത്തിനു ശേഷം ട്രെക്കിനു വേണ്ടി എല്ലാവരും തയാറായി.
ഹൈദരാബാദ് ടീമിലെ മുഴുവൻ പേരും ട്രെക്കിനുവേണ്ട എല്ലാവിധ സചീകരണങ്ങളുമായാണ് വന്നത്.
9 മണിയോടെ എല്ലാവരും റൂമിൽനിന്നും ഇറങ്ങി. നമ്മൾ കൊണ്ടുവന്ന സാധങ്ങൾ മുഴവൻ നമ്മൾ തന്നെ എടുക്കണം. ഡെറാഡൂണിൽ നിന്നോ, ട്രെക്ക് കഴിഞ്ഞ് വരുന്നവരോ ഇന്നാറൂമിൽ താമസിച്ചേക്കാം. ട്രെക്കിങ്ങിന് പോവുന്നതിന്റെ സന്തോഷം ഞങ്ങളെക്കാൾ കൂടുതൽ ഞങ്ങളുടെ കൂടെയുള്ള പ്രായമായവർക്കായിരുന്നു. അവരുടെ സന്തോഷം നൃത്തചുവടുകളിലൂടെയും, തെലുങ്ക് ഗാനങ്ങളിലൂടെയും ഞങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചു.
നമ്മളെ പോലെ മറ്റു ടീമുകളും ട്രെക്കിന് തയ്യാറെടുത്ത് നടന്നുനീങ്ങുന്നത് കാണാം. ബാഗ് വേണമെങ്കിൽ കൊണ്ടുപോവാൻ കോവർകഴുതകൾ ധാരാളമുണ്ടിവിടെ. ഒരാൾക്ക് 300 രൂപയോമറ്റോ ആണ് അതിനുള്ള ചാർജ്.
ഇവിടെനിന്നും കേദാർക്കന്തയിലേക്ക് 9 km ദൂരമുണ്ട്.
അതിൽ 3 കിലോമീറ്റർ മാത്രമാണ് ഇന്നത്തെ നടത്തം. ഇനി നമ്മൾ സംക്രിയിലേക്ക് 3 ദിവസം കഴിഞ്ഞേ തിരിച്ചെത്തുകയുള്ളൂ. മലചെരുവിലെ പൊട്ടിപൊളിഞ്ഞ ഒരു റോഡിലൂടെയാണ് നമ്മളിപ്പോൾ പോവുന്നത്. മൊത്തം പൈൻ മരങ്ങളാൽ മൂടപ്പെട്ട പ്രദേശമാണ് സംക്രി. ഒരു നൂറുമീറ്റർ നടന്നുകാണും, നമ്മൾ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന്റെ മുമ്പിലെത്തി. ദിനേശ് ഭായ് ഫോറസ്റ്റ് ഓഫീസിൽനിന്നും പെർമിഷൻ എടുത്തുവന്നതിനുശേഷം ഞങ്ങൾ നടത്തം തുടർന്നു. അര കിലോമീറ്റർ നടത്തതിനുശേഷം നമ്മൾ കയറാൻ പോവുന്ന മലയുടെ താഴ്‌വാരത്തെത്തി.
ഇനിയാണ് ട്രെക്കിങ്ങ് ആരംഭിക്കുന്നത്. കഴുതയുടെ മൂത്രവും, ചാണകവും, ചെളിയും, മണ്ണും എല്ലാംകൂടെ കലർന്ന് പ്രിത്യേക തരത്തിലായിരുന്നു വഴിയുടെ കിടപ്പ്.
ഞാനും മാത്യുവും മുന്നിൽ നടന്നു. പിന്നാലെ ഹൈദരാബാദ് ടീമും, അവരെ വേണ്ടുന്നപോലെ സഹായിച്ച് ദിനേശ് ഭായിയും. ഹൈദരാബാദ് ടീമിലെ എല്ലാവരും അവരുടെ ബാഗ് കഴുതപ്പുറത്ത് കയറ്റിവിട്ടിരുന്നു. അതൊരു കണക്കിന് നന്നായി. നല്ല വെയിൽ ഉള്ളതുകൊണ്ട് തണുപ്പൊട്ടും അറിയാനേയില്ല. മറ്റു ടൂർ കമ്പനികളിൽനിന്നു വന്നവരെയും ഇടക്കിടക്ക് കാണാം...
വയസായവരെ കണ്ട് പലർക്കും ആശ്ചര്യം തോന്നി. പലരും വന്ന് അവരുടെകൂടെ സെൽഫി എടുക്കുന്നുണ്ടായിരുന്നു. അങ്ങനെ അന്ന് ആ മല കേറിയവരുടെയെല്ലാം അങ്കിൾമാരായി അവർ, കൂടെ ഞങ്ങളുടെയും.
പലയിടത്തും ഇരുന്നിരുന്നായിരുന്നു നടത്തം, മുമ്പോട്ടുനോക്കിയാൽ കയറ്റം അല്ലാതെ വേറെ ഒന്നുമില്ല. ഓരോ കയറ്റം കയറികഴിയുമ്പോഴും എവിടെയെങ്കിലും മഞ്ഞുവീണുകിടപ്പുണ്ടോ എന്ന് നോക്കിയായിരുന്നു എന്റെ നടത്തം.
അവരെല്ലാം പിന്നിലായതുകൊണ്ട് എനിക്കും മാത്യൂനും വിശ്രമിക്കാൻ ഒരുപാട് സമയം കിട്ടുന്നുണ്ട്. അതുകൊണ്ടുതന്നെ വലിയ ക്ഷീണം ഞങ്ങൾക്കില്ല.
അങ്ങനെ കാത്തിരിപ്പിനൊടുവിൽ കുറച്ച് ഭാഗത്തുമാത്രമായി മഞ്ഞുവീണുകിടക്കുന്നത് കണ്ടു. വഴിയിൽനിന്നും അല്പം മാറിയാണെങ്കിലും അവിടംവരെ പോയി അതൊന്ന് വാരിയാലെ സമാധാനം ആവൂ. കൈയിൽ ഗ്ലൗ ഉള്ളതുകൊണ്ട് ധൈര്യമായി മഞ്ഞെടുക്കാം... വെള്ളം കടക്കാത്ത ഗ്ലൗ അത്യാവിഷമായ ഒന്നാണ് ഈ ട്രെക്കിന്.
ആദ്യമായി മഞ്ഞുകാണുന്നതിന്റെ സന്തോഷം മാത്യുവിന്റെ കണ്ണുകളിൽ കാണാമായിരുന്നു.
ഇടക്കുവെച്ച് വെള്ളം നിറക്കാൻ ഒരു സ്ഥലമുണ്ട്. മഞ്ഞുരുകി വരുന്ന വെള്ളമാവണം, അത് സംക്രിയിലേക്ക് കൊണ്ടുപോവുന്ന പൈപ്പ് കാണാം.
ദിനേശ് ഭായ് അതിൽനിന്നും വെള്ളം പിടിക്കുന്നതുകണ്ട് ഞങ്ങളും ഞങ്ങളുടെ കുപ്പികൾ നിറച്ചു. അങ്കിൾമാരെല്ലാം താഴെനിന്നേ ചൂടുവെള്ളം ഫ്ലാസ്ക്കിലാക്കിയാണ് വരവ്.
മുകളിലേക്ക് കേറുംതോറും മഞ്ഞിന്റെ അളവും കുടുന്നുണ്ടായിരുന്നു. ഏതാണ്ട് ഒരു കിലോമീറ്റർ കഴിഞ്ഞിട്ടുണ്ടാവണം, ഞങ്ങൾ ചെറിയ ഒരു കടയുടെ മുമ്പിലെത്തി. മല കേറുന്നവരും ട്രെക്ക് കഴിഞ്ഞ് തിരിച്ചിറങ്ങുന്നവരിൽ പലരും വിശ്രമിക്കാൻ ഇവിടെ ഇരിപ്പുണ്ട്.
ചായ, മാഗ്ഗി, സൂപ്പ് എന്നുവേണ്ട സാധനങ്ങൾ ഒക്കെ ഇവിടെ ലഭ്യമാണ്. പക്ഷെ വില അല്പം കുടുതലാവും. ഞങ്ങൾ ഓരോ ചായ കുടിച്ചതിനുശേഷം നടത്തം തുടർന്നു. ഇതുവരെ വന്നപോലെയായിരുന്നില്ല മുമ്പോട്ടുള്ള വഴി. ഇപ്പോൾ ചുറ്റിനും മഞ്ഞുമാത്രം. ഇടക്കിടക്ക് ചെറിയ അരുവികൾ മുറിച്ചുകടന്നുവേണം നടക്കാൻ. വെള്ളം കടക്കാത്ത ഷൂസും അത്യാവശ്യമായ ഒന്നാണ്. എന്റെ സാധാരണ ഷൂവായതുകൊണ്ട് നനയാതിരിക്കാൻ ഞാൻ പ്രിത്യേകം ശ്രദ്ധിച്ചു.
ഇപ്പോൾ നടക്കുന്ന വഴിയടക്കം ഐസ് ആണ്. തെന്നി വീഴാനുള്ള സാധ്യത കൂടുതലായതുകൊണ്ട് വളരെ ശ്രദ്ധിച്ചായിരുന്നു നടത്തം. പൂർണമായും മഞ്ഞുമൂടിയ മലകൾ ഓരോന്നായി നടന്നുകേറുമ്പോൾ കാഴ്ച്ചയുടെ മനോഹാര്യത കൂടുന്നതിനൊപ്പം, തണുപ്പും അസഹനീയമായി തോന്നി.
അല്പദൂരത്തിനുശേഷം വീണ്ടും വിശ്രമിക്കാൻ പറ്റിയ ഒരു സ്ഥലത്തെത്തി. സമയം ഉച്ചയായതുകൊണ്ട് ഇവിടെനിന്നും ഭക്ഷണം കഴിക്കാൻ തീരുമാനിച്ചു. നമ്മുക്കുള്ള ഉച്ച ഭക്ഷണം സംക്രിയിൽനിന്നെ നമ്മുടെ കൈയിൽ തന്നിട്ടുണ്ടായിരുന്നു. രണ്ടു റൊട്ടിയും ജ്യൂസും കഴിച്ചതിനുശേഷം ചുറ്റുപാടുള്ള കാഴ്ച്ചകൾ കണമെന്നുവെച്ചു. മുമ്പുകണ്ടപോലത്തെ രണ്ടുകടകളുണ്ടിവിടെ... ചുറ്റുപാട് കുറെ ടെന്റുകൾ സെറ്റ് ചെയ്തുവെച്ചിട്ടുണ്ട്. ചില ടീമുകൾ ഇവിടെയാണ് താമസിക്കുന്നതെന്ന് മനസിലായി. മഞ്ഞ് കോരികളഞ്ഞാണ് പല ടെന്റുകളും സെറ്റ് ചെയ്തിരിക്കുന്നത്, ചിലത് മഞ്ഞിന്റെ മുകളിലുമുണ്ട്...
ഇവിടെ ഇങ്ങനെയാണെങ്കിൽ നമ്മൾ താമസിക്കാൻ പോകുന്ന സ്ഥലത്തെ അവസ്ഥ എന്താകുമെന്നുള്ള ചിന്തയോടെയായിരുന്നു മുമ്പോട്ടുള്ള നടത്തം. ഇനിയും ഏതാണ്ട് ഒരു കിലോമീറ്റർ കൂടെയുണ്ട്. അല്പദൂരം പിന്നിട്ടപ്പോൾ, കാത്തിരിപ്പിന് വിരാമമെന്നപോലെ മഞ്ഞുവീഴ്ച്ചയും ആരംഭിച്ചു. പൈൻ മരങ്ങൾക്കിടയിലൂടെ മഞ്ഞുവീഴുന്ന അ കാഴ്ച്ച പറഞ്ഞറിയിക്കാൻ പറ്റാത്തത്ര മനോഹരമായിരുന്നു. ഉച്ചയോടെ ഹിമാലയം പ്രദേശങ്ങളിലെ കാലാവസ്ഥ മാറുന്നത് പല യാത്രകളിലും അനുഭവിച്ചിട്ടുണ്ട്. മഞ്ഞുവീഴ്ച്ച ഇടക്ക് ശക്തി പ്രാപിച്ചിരുന്നെങ്കിലും, അതെല്ലാം ആസ്വദിച്ചുകൊണ്ടുതന്നെയായിരുന്നു എന്റെ നടത്തം. മാത്യു പിന്നിലെവിടെയോയാണ്. മാത്യു കാണുന്ന ആദ്യത്തെ മഞ്ഞുവീഴ്ച്ചയാവുമിത്.
അര മണിക്കൂർകൊണ്ട് നമ്മൾ ഇന്ന് താമസിക്കാൻ പോകുന്ന ജൂദ കാ തലാബ് എന്ന സ്ഥലത്തെത്തി.
തുടരും...
യാത്രാ വിവരണം: ബിബിന്‍ ജൊസഫ് (Bibin Joseph)
Image Gallary: Uttaraghand Kedarkantha Trekking
DescriptionKedarnath is a town in the Indian state of Uttarakhand, which has gained importance because of Kedarnath Temple. It is a Nagar Panchayat in Rudraprayag district. The most remote of the four Chota Char Dham sites, Kedarnath is located in the Himalayas, about 3,583 m above sea level.
0 comments: