കൊച്ചിയിൽ നിന്ന് കുടജാദ്രിക്ക് (Kudajadri) ഒരു സിംഗിൾ ഡെ ട്രിപ്പ്. 4 PM ആലപ്പുഴ - 5:10 PM വൈറ്റില - 7 AM കൊല്ലൂർ കൊച്ചിയിൽ നിന്ന് ചിലവ് ചു...

കൊച്ചിയിൽ നിന്ന് കുടജാദ്രിക്ക് ഒരു സിംഗിൾ ഡെ ട്രിപ്പ് | Kochi to Kudajadri One Day Trip

കൊച്ചിയിൽ നിന്ന് കുടജാദ്രിക്ക് (Kudajadri) ഒരു സിംഗിൾ ഡെ ട്രിപ്പ്.

4 PM ആലപ്പുഴ - 5:10 PM വൈറ്റില - 7 AM കൊല്ലൂർ

കൊച്ചിയിൽ നിന്ന് ചിലവ് ചുരുക്കി ഒറ്റ ദിവസം കൊണ്ട് മൂകാംബിക (Mookambika), കുടജാദ്രി (Kudajadri)  എന്നീ സ്ഥലങ്ങളിൽ പോയി വരാൻ ആഗ്രഹിക്കുന്നവർക്കായുള്ള ട്രാവലിംഗ് പ്ലാൻ.

വൈറ്റില ഹബ്ബിൽ നിന്ന് കൃത്യം 5:10 PM ന് കൊല്ലൂർ ന് പുറപ്പെടുന്ന KSRTC യുടെ സെമി സ്ലീപ്പർ ബസിന് മുൻകൂട്ടി ടിക്കറ്റ് റിസർവ് ചെയ്യാവുന്നതാണ്, ഏകദേശം 700 രൂപ ടിക്കറ്റ് ചാർജ് വരും. (ഈ ബസ് പുറപ്പെടുന്നത് ആലപ്പുഴ നിന്ന് 4.00 മണിക്കാണ്). രാത്രി ഫുഡും അടിച്ച് നല്ലൊരു ഉറക്കം കഴിയുമ്പോഴേക്കും ഏകദേശം 7:30 AM ന് ബസ് കൊല്ലൂർ മൂകാംബികയിൽ എത്തും.


ബസ് സ്റ്റാൻറ്റിൽ നിർത്താതെ നേരെ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ലളിതാംബിക ഗസ്റ്റ് ഹൗസിന്റെ മുന്നിലാണ് ബസ് പാർക്ക് ചെയ്യുന്നത്. ആവശ്യമുണ്ടെങ്കിൽ മാത്രം അവിടെ റൂമെടുത്ത് ഒന്ന് ഫ്രഷായി ലഗേജ് വയ്ക്കാനായി 300 രൂപക്ക് റൂം ലഭിക്കും (check out time 24 hrs). (അല്ലാത്തവർക്ക് നേരെ സൗപർണികയിൽ പോയി ഒരു കുളി പാസാക്കാം).

9 മണിയോട് കൂടി അമ്പലത്തിൽ എത്തി ദർശനം നടത്തി തിരികെയിറങ്ങി ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞ് നേരെ പോലീസ് സ്റ്റേഷന് മുന്നിൽ ഉള്ള ജീപ്പ് സ്റ്റാന്റിലേക്ക് ചെല്ലുക. ഒരാൾക്ക് 375 രൂപ (പോയി തിരികെ വരാൻ) നിരക്കിൽ കുടജാദ്രിക്ക് ഷെയർ സിസ്റ്റത്തിൽ ജീപ്പ് ലഭിക്കും. ശ്രദ്ധിക്കുക 8 പേർ ഉണ്ടെങ്കിൽ മാത്രമെ ജീപ്പ് വിടുകയുള്ളു. അല്ലെങ്കിൽ ബാക്കി തുക നമ്മൾ കൊടുത്താലും പോയി വരാം.

സാധാരണ ഗതിയിൽ ജീപ്പ് കിട്ടാൻ 15 മിനിറ്റിൽ കൂടുതൽ കാലതാമസം ഉണ്ടാവാറില്ല. ആദ്യമായി പോകുന്നവർ അൽപം ചോക്കലേറ്റ് & സ്നാക്സ് വാങ്ങി കയിൽ കരുതുന്നത് നന്നാകും. സർവജ്ഞപീഠം കയറുന്നതിന് മുമ്പായി കടയുണ്ടെങ്കിലും എപ്പോഴും തുറക്കണമെന്നില്ല.

ഒന്നര മണിക്കൂർ യാത്രയുണ്ട് കുടജാദ്രിയിലേക്ക് (32 km ഇതിൽ 9 km കട്ട ഓഫ് റോഡ് ആണ്).  അവിടെ നിന്ന് സർവജ്ഞപീഠം കയറി ഇറങ്ങുവാൻ ഒരു രണ്ട് മണിക്കൂർ എങ്കിലും വേണം. സർവജ്ഞപീഠം കുറച്ച് spiritual ആയിട്ടു കാണുന്നുണ്ട്. അത് കൊണ്ട് തന്നെ ട്രാവൽ mind ആയി വരുന്നവർ ചപ്പൽ എല്ലാം ഇട്ടു കയറി അവിടെ ഒരു ഫോട്ടോഗ്രഫി place ആയിട്ടു മാറ്റിയിരിക്കാണു. അതു കൊണ്ട് ഇനി പോകുന്നവർ ഒന്ന് ശ്രധിച്ചാൽ നല്ലതായിരിക്കും.

സർവജ്ഞപീoത്തിൽ നിന്ന് ചിത്രമൂലയിലേക്ക് പോകണമെങ്കിൽ അൽപം കൂടി സമയം കൂടുതൽ ചിലവാക്കണം. കോടമഞ്ഞിന്റെ തഴുകലേറ്റ് തിരിച്ചിറങ്ങി പോകുന്ന വഴിയിൽ നെട്ടൂർ എന്ന സ്ഥലത്ത് ജീപ്പ് നിർത്തിയാൽ 40 രൂപക്ക് നല്ല നാടൻ ഫുഡ് കിട്ടും അതും കഴിച്ച് മൂകാംബികയിലെത്തുമ്പോഴേക്കും (Mookambika)  വൈകുന്നേരമായിട്ടുണ്ടാകും. നേരെ പോയി സൗപർണികയിൽ (Souparnika) ഒരു തകർപ്പൻ കുളി കഴിയുമ്പോഴേക്കും അതുവരെയുണ്ടായിരുന്ന സർവ്വ ക്ഷീണവും മാറും (കുളിച്ച് ഡ്രസ് മാറാനുള്ള സൗകര്യം നദിക്കരയിൽ തന്നെയുണ്ട്).

പറ്റിയാൽ ഒന്നുകൂടി മൂകാംബിക ദേവിയെ തൊഴുത് ചെല്ലുമ്പോഴേക്കും ലളിതാംബിക ഗസ്റ്റ് ഹൗസിന് മുൻപിലായി നമ്മുടെ സ്വന്തം ആനവണ്ടി നമ്മളെ കാത്ത് അവിടെ കിടപ്പുണ്ടാകും. രാത്രി 8 മണിക്ക് തിരികെ പുറപ്പെടുന്ന ബസ് രാവിലെ 8-9 മണിയോടു കൂടി തിരികെ വൈറ്റില ഹബ്ബിൽ എത്തും. പിറ്റേന്ന് രാവിലെ ജോലിക്കും പോകാം....

എങ്ങനുണ്ട് ചുളുവിൽ ലീവെടുക്കാതെയും അധികം ചിലവില്ലാതെയും ഒരു മൂകാംബിക ദർശനവും കുടജാദ്രി ട്രെക്കിംഗും (Kudajadri Trekking).

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  1. ബസിൽ മുൻകൂട്ടി റിസർവ് ചെയ്ത് പോകുന്നതായിരിക്കും നല്ലത്,
  2. ക്ഷേത്ര ദർശനത്തിനെടുക്കുന്ന സമയം തിരക്കിനെ ആശ്രയിച്ചിരിക്കും,
  3. വേറെയും 1-2 ബസുകൾ കൊട്ടാരക്കരക്കും ഗുരുവായൂരിനും ഉണ്ട്. സമയക്രമം അനുസരിച്ച് തിരഞ്ഞെടുക്കാം,
  4. http://keralartc.com എന്ന സൈറ്റിൽ ടിക്കറ്റ് മുൻ കൂട്ടി ബുക്ക് ചെയ്യാം,
  5. ഒരു ദിവസം അധികം ചിലവാക്കാൻ കയ്യിലുണ്ടെങ്കിൽ 65 km അകലെയുള്ള മുരുദേശ്വർ കൂടി കണ്ട് മടങ്ങാം.
യാതാ വിവരണം: ആതിര സുനില്‍ (Athira Sunil)

Kudajadri Photo Gallery:



Kodachadri is a mountain peak with dense forests in the Western Ghats in South India, 78km from Shimoga. It is declared as natural heritage site by the Karnataka Government. and it is 13th highest peak of Karnataka.

0 comments: