നമ്മുടെ ഭൂമിയിലുമുണ്ട് സ്വർഗ്ഗ തുല്യമായ നിരവധി ഇടങ്ങൾ. ജീവനോടെ ഇരിക്കുമ്പോൾ തന്നെ പോയി ആസ്വദിക്കാൻ കഴിയുന്ന, ഈ പ്രകൃതി നമുക്കായ് ഒരുക്കിയ അതി മനോഹരമായ കാഴ്ചകളുടെ മാസ്മരിക ലോകം.
ഈ കഴിഞ്ഞ ജൂൺ 4 ന് ഞാൻ എന്റെ ആളേം കൂട്ടി ഒരു യാത്ര പോയി, അങ്ങ് സ്വർഗ്ഗത്തിലോട്ട്.
രാത്രി 11.30 നാണ് എല്ലാം പ്ലാൻ ചെയ്ത് റൂമിൽ നിന്നിറങ്ങുന്നത്. ഇത്രേം സമയം ആയത് കൊണ്ട് തന്നെ റോഡിലൊന്നും അധികം വാഹനങ്ങൾ ഇല്ല. മെട്രോ യുടെ പണി നടക്കുന്നതിനാൽ റോഡ് പലയിടത്തും കുണ്ടും കുഴിയും പൊടിയും ഒക്കെയാണ്. എന്തായാലും കെങ്കേരി വരെയേ ഉള്ളു, അത് കഴിഞ്ഞാൽ പിന്നെ അങ്ങോട്ട് ഒരു തടസ്സവും ഇല്ല. ഒരു പമ്പിൽ കയറി പെട്രോളും അടിച്ച് നേരെ ശ്രീരംഗപട്ടണം കഴിഞ്ഞുള്ള BRS റോഡ് വഴി വിരാജ്പേട്ട് - മടിക്കേരി റൂട്ടിൽ കയറി. സ്പീഡ് ഒരിക്കലും 90 ന് മുകളിൽ കയറാതിരിക്കാൻ ഇപ്പൊ ഞാൻ എല്ലാ യാത്രകളിലും ശ്രദ്ധിക്കാറുള്ളത് കൊണ്ട് തന്നെ മാക്സിമം ഒരു 80 ഒക്കെ വരെയേ പിടിച്ചിരുന്നുള്ളു.
അങ്ങനെ പോകുന്നതിന് ഇടയ്ക്കാണ് KA രജിസ്‌ട്രേഷനിൽ ഉള്ള ഒരു ബുള്ളറ്റ് നെ ഞാൻ കടന്ന് പോയത്. ഒരു 2 മിനിറ്റ് കഴിഞ്ഞപ്പോ അവൻ എന്നെ തിരിച്ച് overtake ചെയ്ത് എന്റെ മുൻപിലായി ഓടിച്ചു സ്പീഡ് ബ്രേക്കർ ഒക്കെ വരുമ്പോൾ ഹാൻഡ് സിഗ്നൽ കാണിച്ചു തന്ന് തുടങ്ങി. അവർ 2 പേരുണ്ട്, പിറകിൽ ഇരിക്കുന്നത് ഒരു പെണ്ണാണ്. എന്തായാലെന്താ അവർ മുൻപിൽ പോകുന്നത് കൊണ്ട് എനിക്കണേൽ ഹെഡ് ലൈറ്റ് Bright Mode ആക്കാനും പറ്റാത്ത അവസ്ഥയായി. പിന്നെ സ്പീഡ് ബ്രേക്കർ എത്തുമ്പോൾ സിഗ്നൽ കിട്ടുന്നത് മാത്രം നോക്കിയായി എന്റെ ഓട്ടം. റോഡ് ഏറെക്കുറെ നല്ല റോഡയത് കൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും തോന്നിയില്ല. കുറെ ദൂരം ചെന്ന് കുട്ട-കേരള റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിൽ നിന്നാണ് ഞങ്ങൾ പരസ്പരം മിണ്ടുന്നത്. നോക്കുമ്പോ അവനും മലയാളി തന്നെ.ബാംഗ്ലൂർ നിന്നും കൂർഗ് പോകുകയാണ്. പിന്നെ അവന്റെ പിറകിലായി തന്നെ ഞാൻ അവശ്യത്തിന് ദൂരം പാലിച്ചു പൊയ്‌ക്കൊണ്ടിരുന്നു. ഇടയ്ക്ക് ഒരു കടയിൽ ചായ കുടിക്കാൻ വേണ്ടി നിർത്തിയപ്പോഴാണ് ഞങ്ങൾ പരിചയപ്പെടുന്നത്.
'അലൻ' എന്നായിരുന്നു അവന്റെ പേര്. നാട്ടിൽ എറണാകുളം, ബാംഗ്ലൂരിൽ സെറ്റിൽഡ് ആണ്. (ഈ പേര് യഥാർഥം അല്ല, ശരിക്കുള്ള പേര് പറയണ്ട എന്ന് തോന്നി)
കൂടെ ഉള്ളത് അവന്റെ lover ആണെന്ന് തോന്നുന്നു, ഞാൻ പേരൊന്നും ചോദിക്കാൻ പോയില്ല. എന്തായാലും എനിക്ക് വഴി ശരിക്കും അറിയാത്തതിനാൽ അവരുടെ പിറകെ തന്നെയായി യാത്ര. കുറേ ദൂരം അങ്ങനെ പോയി ഒരു 'Y' ജംഗ്ഷനിൽ എത്തി. അവിടെ നിന്ന് ഇടത് വഴിയാണ് അവർ തിരഞ്ഞെടുത്തത്, ഗൂഗിൾ മാപ്പ് പറഞ്ഞത് അങ്ങനെ ആണത്രേ. ശരി എല്ലാം ഗൂഗിൾ ആശാൻ പറയുന്ന പോലെ, ഞാനും വിട്ടു പിറകെ....
സമയം 5 മണിയോടടുത്തിരുന്നു.കുറച് ദൂരം ചെന്നപ്പോൾ ഒരു ചെക്ക് പോസ്റ്റും അടുത്തായി ഒരു കെട്ടിടവും കണ്ടു, വനം വകുപ്പിന്റെ ചെക്ക് പോസ്റ്റ് ആണ്. ഇനിയങ്ങോട്ട് കുറച് ദൂരം വനത്തിലൂടെയാണ് യാത്ര.
ആഹാ, പൊളിച്ചു!
പക്ഷെ വനം എന്നൊക്കെ പറഞ്ഞാലും നമ്മുടെ മുത്തങ്ങ/ബന്ദിപ്പൂർ പോലെ ഒന്നും അത്ര അങ്ങട് പോരാ.അധിക ദൂരം ഒന്നും ഇല്ല, ഒരു 3-4 km ഒക്കെ മാത്രം. അത് കഴിഞ്ഞാൽ പിന്നെ കുറച്ചങ്ങോട്ട് തേയില തോട്ടങ്ങൾക്ക് നടുവിലൂടെ ഉള്ള മനോഹരമായ പാത ആണ്. കൂട്ടിന് നേരിയ മഞ്ഞും. അത് കണ്ടതോടെ അലന്റെ ന്റെ ഉള്ളിലെ 'ക്യാമറാ മേനോൻ' സട കുടഞ് ചാടി എണീറ്റു. അവർക്ക് അപ്പൊ അവിടെ നിർത്തി ഫോട്ടോ എടുക്കണം. ശരി, ഒരു ഫോട്ടോ അല്ലേ പാവം എടുത്തോട്ടെ ന്ന് കരുതി നിർത്തി. എവിടെ, തലങ്ങും വിലങ്ങും പല ജാതി പോസില് അവര് ഫോട്ടോ എടുത്തെടുത്ത് ഒരു 10 മിനിറ്റ് അങ്ങനെ പോയിക്കാണും. എനിക്കാണെ ചെറിയ കലിപ്പ് ഒക്കെ തോന്നി തുടങ്ങിയിരുന്നു. മറ്റൊന്നും കൊണ്ടല്ല ട്ടോ, എന്റെ ലക്ഷ്യം Mandalpatti ആണ്.അധികം നേരം വെളുക്കും മുൻപേ അവിടെ എത്തിയാൽ മാത്രമേ ഞാൻ കാണാൻ ആഗ്രഹിച്ചെത്തിയ കാഴ്ചകളെ എനിക്ക് കാണാൻ സാധിക്കുകയുള്ളൂ. ഫോട്ടോ എടുപ്പ് കഴിഞ്ഞതോടെ ഞാൻ മുൻപിൽ വിട്ടു.ആ റോഡ് നേരെ ചെന്ന് കയറിയത് 'സിദ്ധാപുര' എന്ന ഒരു ജംഗ്ഷനിൽ ആയിരുന്നു. പെട്ടന്ന് എനിക്ക് ഇനി എങ്ങോട്ട് പോകണം എന്നൊരു സംശയം, തൊട്ടടുത്തെ കടയിലെ ഒരു ഇക്കാനോട് വഴി ചോദിച്ചു.
അവിടെ നിന്നും 50 km കൂടി ഉണ്ട് എന്റെ ലക്ഷ്യത്തിലേക്ക്,ഇക്കാനോട് നന്ദി പറഞ്ഞു നേരെ വിട്ടു മടിക്കേരിയ്ക്ക്.
മടിക്കേരിയിൽ നിന്നും 18 km ആണുള്ളത്. അതികം വീതിയില്ലാത്ത നിറയെ കുണ്ടും കുഴിയും ചെളിയും ഒക്കെയായി ഏതാണ്ട് ഒരു ചുരം കയറുന്ന പോലുള്ള റോഡ്. റോഡിന്റെ വലത് വശം ആഘാതമായ താഴ്ച്ച. അവിടെ നിന്നും മുകളിലേക്കുയർന്നു വരുന്ന കോടയുടെ വെള്ള പുതപ്പ്. സംഭവം നല്ല കിടിലൻ ഫീൽ ഒക്കെ ആയിരുന്നു.. പക്ഷെ എവിടെയും നിർത്തിയില്ല. അങ്ങനെ ഓടി വീണ്ടും ഒരു ജംഗ്ഷനിൽ എത്തിയപ്പോൾ പിന്നേം സംശയം. അവിടെ കണ്ട കടക്കരനോട് ഞാൻ അങ്ങോട്ടുള്ള വഴി ചോദിച്ചു.
'ദേ,ഇപ്പൊ ഒരു ജീപ്പ് അങ്ങോട്ട് പോയതേ ഉള്ളു വേഗം അതിന്റെ പിറകെ വിട്ടോ ന്ന്' മറുപടി കിട്ടി. ഉടനെ തന്നെ ഞാൻ വണ്ടി തിരിച്ച് ആ ചേട്ടൻ പറഞ്ഞ വഴിയേ പിടിച്ചു.കുറച് ദൂരം ഓടിയപ്പോഴേക്കും മുൻപിലായി ചേട്ടൻ പറഞ്ഞ പോലെ ഒരു ജീപ്പ് പോകുന്നത് കണ്ടു. എന്നിരുന്നാലും ഒന്ന് സംശയം തീർക്കാൻ ആയി ജീപ്പിനരികിലെത്തി അതിലെ ഡ്രൈവർ ചേട്ടനോട് ഞാൻ കാര്യം തിരക്കി.ജീപ്പ് അങ്ങോട്ട് തന്നെ, പക്ഷെ കുറച്ച് ദൂരം ഉണ്ട്. എന്നോട് പിറകേ പൊന്നോളാൻ പറഞ്ഞു.
ജീപ്പിന് പിറകിലെ സീറ്റിൽ ഇരിക്കുന്നത് കാണാൻ മൊഞ്ചുള്ള 2 തരുണീമണികൾ ആണ്, അവർ ആണേൽ എന്നെ നോക്കുന്നും ഉണ്ട്.
ആഹാ സംഭവം പൊളിച്ചു ലെ! 😉
റോഡ് പഴയ പോലെ തന്നെ അത്ര നല്ലതല്ല.ഒരു 2-3 കിലോമീറ്ററോളം ആ ജീപ്പിനെ പിന്തുടർന്ന് പോയെങ്കിലും അവസാനം എനിക്ക് മടുത്തു തുടങ്ങി. ജീപ്പിനെ കവർ ചെയ്ത്,വഴി ഇങ്ങനെ തന്നെ ഒറ്റ റോഡ് ആണെന്ന് ചോദിച്ചറിഞ്ഞ ശേഷം മുൻപോട്ട് പോയി. കുറച്ച് ദൂരം ചെന്നപ്പോൾ ഒരു ചെറിയ ബ്രേക്ക് എടുക്കാനായി ഞാൻ റോഡരികിൽ കണ്ട ഒരു ബസ് സ്റ്റോപ്പിന് അടുത്തായി ബൈക്ക് നിർത്തി. ചങ്കിന് ചെറിയ കിതപ്പ് വന്ന് തുടങ്ങിയിരുന്നു.
ആഹാ സംഭവം പൊളിച്ചു ലെ! 😉
റോഡ് പഴയ പോലെ തന്നെ അത്ര നല്ലതല്ല.ഒരു 2-3 കിലോമീറ്ററോളം ആ ജീപ്പിനെ പിന്തുടർന്ന് പോയെങ്കിലും അവസാനം എനിക്ക് മടുത്തു തുടങ്ങി. ജീപ്പിനെ കവർ ചെയ്ത്,വഴി ഇങ്ങനെ തന്നെ ഒറ്റ റോഡ് ആണെന്ന് ചോദിച്ചറിഞ്ഞ ശേഷം മുൻപോട്ട് പോയി. കുറച്ച് ദൂരം ചെന്നപ്പോൾ ഒരു ചെറിയ ബ്രേക്ക് എടുക്കാനായി ഞാൻ റോഡരികിൽ കണ്ട ഒരു ബസ് സ്റ്റോപ്പിന് അടുത്തായി ബൈക്ക് നിർത്തി. ചങ്കിന് ചെറിയ കിതപ്പ് വന്ന് തുടങ്ങിയിരുന്നു.
അടുത്തെവിടെയോ നിന്നും ഇത് വരെ കേട്ടിട്ടില്ലാത്ത ഒരു ശബ്ദം കേട്ട് ഞാനൊന്ന് കാതോർത്തു നിന്നു,വീണ്ടും കേട്ടു അതേ ശബ്ദം. വല്ല സിംഹവാലൻ കുരങ്ങോ മറ്റോ ആയിരിക്കും എന്ന് കരുതി ചുറ്റിലും നോക്കിയെങ്കിലും ഒന്നിനേം കാണാൻ കഴിഞ്ഞില്ല. തൊട്ടപ്പുറത്തുള്ള ആ വലിയ ആ മരത്തിൽ നിന്നാണ് ശബ്ദം വരുന്നത്. പെട്ടന്ന് ചാര നിറത്തിലുള്ള 2 പക്ഷികൾ ആ മരത്തിൽ നിന്നും തൊട്ടടുത്ത മരത്തിലേക്ക് പറന്ന് ചെന്നിരുന്നു. കോഴി വേഴാമ്പലുകൾ (Malabar Grey Hornbill), ഒത്തിരി തവണ അവയുടെ ഫോട്ടോയും മറ്റും കണ്ട് പരിചയം ഉണ്ടായിരുന്നത് കൊണ്ട് ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് അവയെ തിരിച്ചറിയാൻ കഴിഞ്ഞു. ജീവിതത്തിൽ ആദ്യമായാണ് അവയെ നേരിട്ട് കാണാൻ ഇങ്ങനെയൊരു അവസരം ലഭിക്കുന്നത്. എനിക്ക് ഒരുപാട് സന്തോഷം തോന്നി. കുറച് നേരം കൂടി ഞാൻ അവയുടെ ചലനങ്ങൾ നിരീക്ഷിച്ച ശേഷം യാത്ര തുടർന്നു.
ഇതിനിടയ്ക്ക് മുകളിൽ പറഞ്ഞ ജീപ്പും അതിന് പുറമെ 2-3 ജീപ്പ് വേറെയും എന്നെ മറി കടന്ന് പോയിരുന്നു. അവർക്ക് പിന്നാലെ പിടിക്കാൻ ശ്രമിച്ചെങ്കിലും റോഡ് മോശം ആയതിനാൽ ഞാൻ ആ ശ്രമം അങ് ഉപേക്ഷിച്ചു. ഒടുവിൽ ഒരു 7.30 നോട് കൂടി ഞാൻ സ്ഥലത്തെത്തി. ഇനി റോഡിൽ നിന്നും ഇടത് മാറി മലയുടെ മുകളിലേക്കാണ് പോകണ്ടത്. അടുത്ത് തന്നെ ഒരു കുഞ്ഞു ചായക്കടയുണ്ട്. മുകളിലേക്ക് പോകാൻ ബൈക്കിന് 25 രൂപ ടിക്കറ്റ് എടുക്കേണ്ടതുണ്ട്. ചെറിയൊരു ഓഫ് റോഡ് തന്നെയാണ്. ഇടത് വശത്തു എവിടെ നോക്കിയാലും പച്ച പുതച്ച മല നിരകൾ. അതിനിടയിൽ നിന്നും ഉയരുന്ന കോടയും.
ഏറ്റവും മുകളിലെ പ്രധാന വ്യൂ പോയിന്റ് എത്തുന്നതിന് മുൻപായി മറ്റനേകം ചെറിയ വ്യൂ പോയിന്റുകൾ ഉണ്ട്. അതിലൊന്നിലായി ആ പഴയ ജീപ്പ് ഡ്രൈവറെയും അതിലെ കുടുംബത്തെയും കണ്ടതിനാൽ അതായിരിക്കും അവസാനത്തെ വ്യൂ പോയിന്റ് എന്ന് കരുതി അങ്ങോട്ട് കയറി. ചുറ്റിലും മല നിരകൾ, നല്ല കിടിലൻ കാറ്റും. പക്ഷെ ആശിച്ചത്ര മഞ്ഞ് മാത്രം കൂട്ടിനില്ല എന്നൊരു സങ്കടം മാത്രം. അവിടെ നിന്ന് മൊബൈലിൽ ഫോട്ടോസ് പകത്തുന്നതിനിടയ്ക്കാണ് ജീപ്പിലെ ഡ്രൈവർ ചേട്ടൻ വന്ന് പരിചയപ്പെടുന്നത്. ചേട്ടനും മലയാളം കുറെയൊക്കെ അറിയാം. ഇതിന്റെ അപ്പുറത്തേക്ക് ഇനിയും പോകാനുണ്ട് പ്രാധാന വ്യൂ പോയിന്റ്ലേക്കെന്ന് കക്ഷി തന്നെയാണ് പറഞ്ഞു തന്നതും. ആഹാ, എന്നിട്ടാണോ ഞാനിവിടെ നിന്ന് സമയം കളയണെ... ഉടനെ തന്നെ വിട്ടു അങ്ങോട്ട്.
അവിടെ എത്തിയപ്പോഴേക്കും എങ്ങും കോട വന്നു മൂടിയിരുന്നു. യാത്രക്കാർ ഒരുപാട് പേരൊന്നും എത്തിയിട്ടില്ല എന്ന് തോന്നി.കാരണം 4 ജീപ്പും 2 ബൈക്കും മാത്രമേ അവിടെ കാണാനുള്ളു. ചങ്കിനെ ഒരിടത്ത് സുരക്ഷിതമാക്കി നിർത്തി മെല്ലെ മുകളിലേക്ക് നടന്നു തുടങ്ങിയപ്പോൾ അടുത്തുള്ള ബിൽഡിങ്ങിൽ നിന്നും ഒരാൾ എന്നെ കൈ കൊട്ടി വിളിച്ചു. ഫോറസ്റ്റ് ഡിപാർട്മെന്റിന്റെ കെട്ടിടം ആണ്. അവിടെ പേരും മൊബൈൽ നമ്പറും കൂട്ടത്തിൽ ഒരു 25 രൂപയും കൊടുത്താൽ മാത്രമേ മുകളിലേക്ക് പോകാൻ കഴിയൂ. മറ്റൊന്നും അല്ല, അവിടം പുഷ്പഗിരി വന വകുപ്പിന്റെ ഏരിയ ആയത് കൊണ്ടാണ് സഞ്ചരികളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കുന്നത്.
തൊട്ട് മുൻപിലുള്ളത് പോലും കാണാൻ പറ്റാത്ത അത്ര മഞ്ഞ്, തപ്പിയും തടഞ്ഞും ഒരു വിധം മുകളിലെത്തി. അവിടെ കുറച്ച് പൊക്കത്തിലായി ചെറിയൊരു വാച്ച് ടവർ പോലെ കാണാം.അതിൽ കുറച്ച് ആളുകളും. ഞാൻ അത് ശ്രദ്ധിക്കാതെ അവിടെ നിന്നും താഴേക്ക് കണ്ട ചെറിയ പടവുകൾ ഓരോന്നായി ഇറങ്ങിച്ചെന്നു. അതാണ് മണ്ഡലപ്പട്ടി വ്യൂ പോയിന്റ്. പക്ഷേ വ്യൂ ഒന്നും കാണാനില്ല, എങ്ങനെ കാണാനാ അത്രേം നല്ല മഞ്ഞല്ലേ എങ്ങും...
ദൂരെ നിന്നും ഒഴുകിയെത്തുന്ന ആ കാറ്റിനെതിരായി കൈകൾ രണ്ടും ഉയർത്തി ടൈറ്റാനിക്കിലെ നായകനും നായികയും നിന്ന പോലെ ഞാൻ കണ്ണുകളടച്ചങ്ങനെ നിന്നു. (കൂട്ടിന് നായിക ഇല്ല ട്ടോ, എന്റെ കഥയിലെ നായിക പാവം എന്നേം കാത്ത് താഴെ നിൽപ്പുണ്ട്)
തുറന്നു വച്ചിരുന്ന ഉള്ളൻ കൈകളിലൂടെ ശക്തമായൊരു എനർജി പ്രവാഹം... ശരീരത്തിലെ സകല നാഡീ ഞരമ്പുകൾക്കും ഒരു പുത്തനുണർവ്വ്. മനസ്സ് ശരിക്കും ശാന്തമായിരുന്നു. മനസ്സും ശരീരവും പ്രകൃതിയിലർപ്പിച്ച് ആവിടങ്ങനെ നില്ക്കാൻ ഒരു പ്രത്യേക സുഖം ഉണ്ടായിരുന്നു.
കുറേ നേരം അതേ പടി നിന്ന ശേഷമാണ് കണ്ണുകൾ തുറക്കുന്നത്. ശരീരം മുഴുവൻ ഈർപ്പം വന്നിരിക്കുന്നു. ചുറ്റിലും ഉള്ള ആളുകളുടെ എണ്ണത്തിൽ ഒരുപാട് മാറ്റം വന്നിട്ടുണ്ട്.
എന്റെ തൊട്ടപ്പുറത്തായി 2 പെണ്ണുങ്ങൾ ചിരിയും കളിയും ഒക്കെയായി മൽത്സരിച്ച് സെൽഫി എടുത്ത് തകർക്കുന്നുണ്ട്. 2 പേരും പാവപ്പെട്ട വീട്ടിലെ കുട്ടികൾ ആണെന്ന് അവരുടെ വസ്ത്ര രീതി കണ്ടാലേ അറിയാം.😜
ഛെ, കോൺസെൻട്രഷൻ പോണൂ...
അപ്പോഴാണ് അവർക്ക് അപ്പുറത്തു നിന്നിരുന്ന ഒരു ജിമ്മൻ എന്നേം നോക്കി അവരുടെ അടുത്ത് വന്ന് നിന്നത്.
'ഇങ്ങനെ സൂക്ഷിച്ചു നോക്കണ്ട ഡാ ഉണ്ണീ... ഇത് ഞാനല്ല!!'
പാവം ഞാൻ, അവന്റെ നോട്ടം കണ്ട് പേടിച്ച് അവിടെ നിന്നും കുറച്ച് കൂടി ദൂരേക് മാറി ഒരു പറക്കല്ലിൽ ചെന്നിരുന്നു. (ചുമ്മാ എന്തിനാ ലെ തല്ല് ചോദിച്ചു വാങ്ങിക്കണേ, നല്ല തല്ല് നാട്ടിൽ കിട്ടൂലാ...)
സമയം 9 മണിയോടടുത്തു തുടങ്ങി. പതിയെ പതിയെ മഞ്ഞിനെ മായ്ച്ചു കളഞ്ഞു കൊണ്ട് സൂര്യകിരണങ്ങൾ വരവായി.
കുറച്ച് കഴിഞ്ഞപ്പോൾ ദൂര കാഴ്ചകൾ പതിയെ തെളിഞ്ഞ് വന്നു തുടങ്ങി. എന്റെ പൊന്നോ.... ആ ഒരു കാഴ്ച്ച, എങ്ങനെ ഇവിടെ എഴുതി വിവരിക്കണം എന്നെനിക്കറിയില്ല. കൺ മുൻപിൽ തെളിഞ്ഞ വിസ്മയക്കാഴ്ച്ച ഇത് വരെയുള്ള എന്റെ യാത്രകളിൽ ഞാൻ കണ്ടിട്ടുള്ള പ്രഭാത കാഴ്ചകളേക്കാൾ അതി മനോഹരം ആയിരുന്നു.
'ഇതാണ് യഥാർത്ഥ സ്വർഗ്ഗം' എന്നറിയാതെ മനസ്സ് മന്ത്രിച്ചു പോയി.
തെളി നീലാകാശവും താഴെ പച്ച പരവതാനികൾ വിരിച്ച മല നിരകളും ഇവയ്ക്കിടയിലൂടെ തൂവെള്ള ചിറകുള്ള മാലാഖമാരെ പോലെ പതിയെ പറന്നു നീങ്ങുന്ന മേഘങ്ങളും എല്ലാം കൂടിയായപ്പോ ഞാനിപ്പോൾ നിൽക്കുന്നത് സ്വർഗത്തിൽ തന്നെയാണെന്ന് വിശ്വസിക്കാനാണ് എനിക്കും തോന്നിയത്.
മുൻപ് കുടജാദ്രി മല മുകളിലെ പുലരിയിൽ തനിയെ ഒരിക്കൽ നിന്നപ്പോൾ പോലും ഇത്രമേൽ സൗന്ദര്യമാർന്ന ഒരു കാഴ്ച്ച കനത്ത മഞ്ഞിന്റെ ആവരണം മൂലം എനിക്ക് കാണാൻ കഴിഞ്ഞിരുന്നില്ല.
കാഴ്ച്ചകൾ പൂർണമായി തെളിഞ്ഞു വന്നപ്പോൾ ചുറ്റിലും നടന്ന് ഒന്ന് കണ്ണോടിച്ചു.അല്പം താഴെ കുന്നിന്റെ ഒരു ചെരിവിലായി കുറച്ച് പശുക്കൾ മേയുന്നുണ്ട്. തൊട്ടടുത്ത മല മുകളിക്കെല്ലാം നമുക്ക് നിയന്ത്രണങ്ങൾ ഒന്നും കൂടാതെ സഞ്ചരിക്കാം എന്നുള്ളത് കൊണ്ട് തന്നെ പലരും ദൂരെ പലയിടത്തായി അങ്ങനെ നിൽക്കുന്നതും കാണാമായിരുന്നു.
10 മണിയോടെ ഞാൻ താഴെ ഇറങ്ങി അവിടെ നിന്നും അടുത്തുളള മറ്റൊരു മലയുടെ മുകളിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി. അത് പക്കാ ഓഫ് റോഡ് ആണ്, എന്നാലും കയറി. താഴെയായി ഒരു തീപ്പെട്ടി കൂടിന്റെ വലിപ്പത്തിൽ വാഹനങ്ങൾ മല കയറി വരുന്നത് അവിടെ നിന്നും കാണാം. അവിടെ നിന്ന് താഴെ എത്തിയതും 2 ഡ്രൈവർ ചേട്ടന്മാർ എന്റെ അടുത്ത് വന്ന് എന്തിനാ മുകളിലേക്ക് പോയത് എന്ന് ചോദിച്ച് വഴക്ക് പറഞ്ഞു.
സംഭവം അവർ വഴക്ക് പറഞ്ഞതിൽ കാര്യം ഉണ്ടായിരുന്നു ട്ടോ, കാരണം മുകളിലേക്ക് പലരും ഇത് പോലെ ബൈക്ക് ഓടിച്ചു കയറ്റി സ്ഥിരം അപകടങ്ങൾ ഒക്കെ ഉണ്ടാകാറുണ്ടെത്രേ... പിന്നെ അങ്ങോട്ട് പോകാതിരിക്കാൻ വഴിയിൽ കല്ലുകൾ കൊണ്ട് വഴി അടച്ചിരുന്നെങ്കിലും എന്റെ കയ്യിലിരിപ്പ് കൊണ്ട് ഞാൻ മുകളിലേക്ക് ഓടിച്ചു പോയതാണ്.
എന്തായാലും ചേട്ടന്മാരോട് സോറി ഒക്കെ പറഞ്ഞു.പിന്നെ കുറച്ച് നേരം അവരോട് ഓരോന്നോക്ക ചോദിച്ചറിഞ് കമ്പനി ആയി. ഇതിനിടയ്ക്ക് രാത്രി അയാൽ പുലിയിറങ്ങി പുല്മേടുകളിൽ മേയാറുള്ള പശുക്കളെ ഒക്കെ പല തവണ പിടിച്ചു കൊണ്ട് പോയിട്ടുണ്ട് എന്ന് പറഞ്ഞത് കേട്ടപ്പോൾ ഒന്ന് പേടിച്ചു പോയി.അപ്പൊ തന്നെ കുറച്ചു മുൻപ് ഉള്ളിൽ തോന്നിയ, ഒരിക്കൽ ഇവിടെ വന്ന് ഏതെങ്കിലുമൊരു മല മടക്കിൽ ടെന്റൊക്കെ കെട്ടി തനിയെ ഒരു രാത്രിയിൽ തങ്ങണം എന്നുള്ള ആഗ്രഹത്തെ എടുത്ത് മലയുടെ താഴേക്കിട്ടു. എന്തിനാ ലെ ഈ മുരിങ്ങാ കോല് പോലത്തെ ശരീരത്തിലെ എല്ലുകൾ പുലിക്ക് ചുമ്മാ പല്ലിൽ കുത്തി കളിയ്ക്കാൻ വേണ്ടി സ്വയം ഇട്ടു കൊടുക്കണേ..😁
എന്തായാലും കുറച്ച് സമയത്തിന് ശേഷം അവരോടും മണ്ഡലപ്പെട്ടിയോടും മനസ്സില്ലാ മനസ്സോടെ യാത്ര പറഞ് ഞാൻ തിരിച്ച് റോഡിലെത്തി. ടിക്കറ്റ് കൊടുക്കുന്ന ആ ചേട്ടനോട് ഞാൻ ഇനി അടുത്തായി എന്താ കാണാനുള്ളത് എന്ന് ചോദിച്ചപ്പോ ഒരു 5 km മാറി താഴേക്ക് പോയാൽ ഒരു ചെറിയ വെള്ള ചാട്ടം ഉണ്ടെന്ന് പറഞ്ഞു. Abbey Falls നെ കുറിച്ച് ചോദിച്ചപ്പോൾ അവിടെ ഇപ്പൊ വേണ്ടത്ര വെള്ളം ഇല്ലെന്ന് പറഞ്ഞപ്പോ തൽക്കാലത്തേക്ക് അവിടെ പിന്നെ ഒരിക്കൽ പോകാം എന്ന് കരുതി നേരെ താഴേക്ക് തന്നെ വിട്ടു. കുത്തനെ ഉള്ള ഇറക്കമാണ്. 2nd & 3rd ഗിയറുകളിലയാണ് ഇറങ്ങിയത്. ഒരു 4 km ചെന്ന് ചെറിയൊരു പാലം കടന്നാൽ ആദ്യം കാണുന്ന വലത്തോട്ടുള്ള ഓഫ് റോഡ് എന്നായിരുന്നു അടയാളം. അതും നല്ല കട്ട ഓഫ് റോഡ് തന്നെയാണ്...
വെള്ളച്ചാട്ടം എന്ന് പറഞ്ഞാൽ അത്ര വലുതൊന്നും അല്ല, എന്നാലും കാണാൻ ഒരു ചേലൊക്കെ ഉണ്ട്.
'Kote Abbe Falls' എന്നാണ് അതിന് പേരെന്ന് അതിലേ വന്ന ജീപ്പ് ലെ ഡ്രൈവർ ചേട്ടൻ പറഞ്ഞു തന്നു. വെള്ളത്തിന് ആഴം കുറവായതിനാൽ ഞാൻ ഷൂ എല്ലാം ഊരി വച്ച് ചങ്കിനെ എടുത്ത് വെള്ളത്തിലേക്ക് ഇറക്കിയിട്ടു. വെയിലിന് ചൂട് കൂടി വരുന്നുണ്ട്, എനിക്കാണെ വിശക്കാനും തുടങ്ങി. തൽക്കാലത്തേക്ക് കയ്യിൽ ഉണ്ടായിരുന്ന ബിസ്ക്കറ്റ് എടുത്ത് കഴിച്ചു. ഇതിനിടയ്ക്ക് പിറകിലായി ഒരു REH ബൈക്ക് വന്ന് നിന്നു. ഒരു വെളുത്ത സായിപ്പാണ് അതിന്റെ സാരഥി. അയാൾ എന്നോട് മണ്ഡലപ്പട്ടിയിലേക്കുള്ള വഴി ചോദിച്ചു. ഞാൻ പറഞ്ഞു കൊടുക്കുകയും ചെയ്തു.എന്റെ ബൈക്ക് വെള്ളത്തിൽ ഇറക്കി നിർത്തിയത് കണ്ടിട്ടാകണാം അയാൾ ബൈക്ക് അവിടെ നിർത്തി എന്റെ അടുത്തേക്ക് നടന്നു വന്നു. ചോദിച്ചപ്പോൾ അയാളും ബാംഗ്ലൂർ നിന്നും തനിയെ പുറപ്പെട്ടതാണ്. പേര് maarten Nijhof. അടിപൊളി പോരാ ലെ! Netherland സ്വദേശി ആണ്, കഴിഞ്ഞ 2 വർഷമായി ബാംഗ്ലൂർ ആണ് താമസ്സം. പുള്ളിക്കാരനും ഞാനും പിന്നീട് അങ് കട്ട കമ്പനി ആയിട്ടോ. അര മണിക്കൂറോളം ഞങ്ങൾ ഒരുമിച്ചിരുന്ന് സംസരിച്ചു.
എന്റെ ഇംഗ്ലീഷ് കേട്ട് പാവം അന്തം വിട്ട് പോയിക്കാണും!😂
എന്റെ ഇംഗ്ലീഷ് കേട്ട് പാവം അന്തം വിട്ട് പോയിക്കാണും!😂
ഇതിനിടയ്ക്ക് അയാൾ വെള്ളം കുടിക്കാൻ ബോട്ടിൽ എടുത്തപ്പോൾ അതിലെ വെള്ളത്തിന്റെ കളർ മാറ്റം കണ്ട് ഇതിൽ ORS പൌഡർ ചേർത്തിട്ടുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞപ്പോൾ കക്ഷിക്ക് എനിക്ക് അതെങ്ങനെ മനസ്സിലായി എന്നൊരു സംശയം. ഞാനും അതുപയോഗിക്കുന്നുണ്ട് എന്ന് പറഞ്ഞു കാണിച്ചു കൊടുത്തപ്പോൾ അയാൾ ഒന്ന് അമ്പരന്നു. കാരണം സിമ്പിൾ ആണ്, 'ആദ്യമായിട്ടാണെത്രെ ഒരു Indian Citizen ഇതുപയോഗിക്കുന്നത് അയാൾ കാണുന്നത്'. അത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു.ഞാൻ പറഞ്ഞു ഇവിടെ ഒരുപാട് പേര് യാത്ര വേളകളിലും അല്ലാതെയും ഒക്കെയായി ഇത് ഉപയോഗിക്കാറുണ്ടെന്ന്. അതൊരു പുതിയ അറിവാണെന്ന് പറഞ്ഞു പുള്ളിക്കരനും ഒന്ന് ചിരിച്ചു. അങ്ങനെ ഇനി ബാംഗ്ലൂർ വച്ച് കാണാം സൂക്ഷിച്ചു പോകണം എന്ന് പറഞ്ഞു അയാൾ യാത്ര പറഞ്ഞു.
ഒരു 12.30 ഓടെ ഞാൻ മടക്കയാത്രയ്ക്കൊരുങ്ങി. കക്ഷി വന്ന വഴിയേ മടിക്കേരി പോകമായിരുന്നു എങ്കിലും വന്ന വഴിയെ തന്നെയാണ് മടക്കയാത്രയ്ക്ക് വേണ്ടി ഞാൻ തിരഞ്ഞെടുത്തത്.
നല്ല വിശപ്പുണ്ട്, എന്തെങ്കിലും കഴിക്കണം അത് കഴിഞ്ഞു നേരെ Golden Temple പിടിക്കാം എന്നായിരുന്നു മനസ്സിൽ. പക്ഷെ, കയ്യിൽ ഉണ്ടായിരുന്ന പൈസ എല്ലാം തീർന്നിരുന്നു. കുറേ ദൂരം ചെന്ന് ടൗണിലെ ATM il കയറി പൈസ എടുക്കാൻ നോക്കിയെങ്കിലും കിട്ടിയില്ല. പൈസ പോയെന്ന് മൊബൈലിൽ മെസ്സേജു വരികയും ചെയ്തു, എന്തോ Network issue. വേറെയും 1-2 സ്ഥലത്ത് നോക്കിയെങ്കിലും ഒരിടത്തും പൈസ ഇല്ല. ഭക്ഷണം കഴിക്കാൻ നിർത്തിയ ഒരിടത്തും card എടുക്കുന്നും ഇല്ല. പിന്നെ അങ്ങോട്ട് ATM തപ്പിയായി യാത്ര.ഒടുവിൽ ചെന്ന് ചെന്ന് കുശാൽ നഗറും കഴിഞ്ഞു 37 km ചെന്നപ്പോഴാണ് golden temple നെ കുറിച്ച് ഓർമ്മ വന്നത്. ബെസ്റ്റ്! സമയം 3 മണിയോടടുത്തിരുന്നു. ഇനി വീണ്ടും അവിടെ പോയി തിരിച്ചു വരാൻ ലേറ്റ് ആകും.ഇന്നലെ ഉറങ്ങിയിട്ടില്ല, ഇനി ഇന്നും കൂടി ഉറങ്ങാതെ വണ്ടി ഓടിക്കാൻ കഴിയില്ല.
'ചെക്കന്റെ കോലം കണ്ടില്ലേ, ഉറങ്ങാതെ ട്രിപ്പ് പോയി പോയി കണ്ണൊക്കെ കുഴിഞ് ഉള്ളിലേക്ക് പോയി' എന്നുള്ള ഓഫീസിൽ ഉള്ളവരുടെ വക സ്ഥിരം കേൾക്കാറുള്ള കമന്റ്സും വഴക്ക് പറച്ചിലും കൂടി ഓർത്തപ്പോൾ അടുത്ത വരവിലാക്കാം അങ്ങോട്ട് എന്ന പ്രതീക്ഷയോടെ ബാംഗ്ലൂർ ലക്ഷ്യമാക്കി നീങ്ങി.കുറച്ച് നാളായി ഉറക്കമില്ലാത്ത യാത്രകളും മറ്റും കാരണം കണ്ണുകൾ ഉള്ളിലേക്ക് പോയി തലയുടെ പിറകിൽ എത്താറായിട്ടുണ്ട്.
വിശപ്പിന്റെ വിളി ഉച്ചത്തിൽ കേട്ടു തുടങ്ങിയതോടെ ഒരല്പം കൂടി വേഗത കൂട്ടി. വീണ്ടും ചില ഹോട്ടലുകളിൽ ഒക്കെ നിർത്തിയെങ്കിലും കാർഡ് എടുക്കില്ലെന്ന കാരണത്താൽ യാത്ര തുടർന്നു.അങ്ങനെ തിരിച്ച് രംഗത്തിട്ടു പക്ഷി സങ്കേതത്തിന്റെ അടുത്തായുള്ള ഒരു ഹോട്ടലിൽ നിന്നാണ് ഭക്ഷണം കിട്ടിയത്. അപ്പോഴേക്കും സമയം 4 മണി. കഴിച്ച് കഴിഞ്ഞപ്പോഴേക്കും ചറ പറാ ന്ന് മഴയും പെയ്യാൻ തുടങ്ങി. എന്തായാലും സമയം ഉണ്ടല്ലോ, മഴ മാറാൻ വേണ്ടി കാത്തിരുന്നു. കുറച്ചു കഴിഞ് മഴ ചെറുതായി കുറഞ്ഞെന്ന് തോന്നിയപ്പോൾ വണ്ടിയെടുത്ത് വിട്ടു. ബാംഗ്ലൂർ റൂട്ടിൽ കയറി ശേഷം ഒരു പമ്പിൽ നിന്നും വീണ്ടും ചങ്കിന്റെ കുംഭയും നിറച്ച് കുറച്ച് മുന്നോട്ട് പോന്നതേ ഉള്ളു, ദേണ്ടേ ഒരു പോലീസ് ഏമാൻ ബൈക്കിനു മുൻപിൽ അതി സാഹസികമായി ചാടി വീണ് സൈഡ് ആക്കി നിർത്താൻ പറഞ്ഞു.
ശ്ശൊ, എന്തൊരു കഷ്ട്ടാ.. ന്ന് ഉള്ളിൽ പറഞ് ബൈക്കിന്റെ പേപ്പറും പേപ്പറും മറ്റും ഒക്കെയായി ജീപ്പിനടുത്തേക്ക് ചെന്ന് ക്യൂവിൽ നിന്നു. ചുമ്മാ കൈയിലെ Polution test ന്റെ പേപ്പർ തുറന്നു നോക്കുമ്പോൾ അതിലെ അവസാന തീയതി കഴിഞ്ഞിട്ട് അന്നേക്ക് 2 ദിവസ്സം!
ആഹാ, ബെസ്റ്റ്. കർണാടക പോലീസിന്റെ 19 മത്തെ അടവാണ് ഈ സാധനം.
100/- പോകാനുള്ള വകുപ്പാണ്, കയ്യിൽ ആണേൽ 50 രൂപാ പോലും തികച്ചെടുക്കാൻ ഇല്ല താനും. ഞാൻ ഒന്ന് പിന് വലിഞ് എന്നെ തടഞ്ഞു നിർത്തിയ ആ ഏമാനെ ഒന്ന് നോക്കി, കക്ഷി ഭയങ്കര ആക്റ്റീവ് ആണ്. സകല വണ്ടിക്ക് മുൻപിലും ചാടി വീഴുന്നണ്ട്. എന്റെ മുൻപിലായി 3 പേർ ക്യു വിലുണ്ട്.
"ചേട്ടാ, എനിക്ക് പോയിട്ട് അങ്ങനെ തിടുക്കം ഒന്നും ഇല്ല ഇങ്ങോട്ട് കയറി നിന്നോളൂ.." എന്ന് പറഞ് ഞാൻ പതിയെ എന്റെ പിറകിൽ നിന്ന് ഓരോരുത്തരെയായി മുന്നിലോട്ട് നിർത്തി.
ഇതെല്ലം നോക്കി കൊണ്ട് അടുത്തായി നിന്നിരുന്ന മറ്റൊരു ഏമാൻ എന്നെ ഉണ്ടക്കണ്ണുകൾ ഉരുട്ടി ഒന്ന് പേടിപ്പിച്ചു. പിന്നെ ഞാൻ പിറകിലേക്ക് നിന്നില്ല. എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് ചങ്കിന്റെ വിളി..
"ഓടി വാ മച്ചാനേ.. നമുക്ക് ഇവിടുന്ന് എസ്‌കേപ് ആകാം"
നോക്കിയപ്പോൾ എന്നെ കണ്ണുരുട്ടി പേടിപ്പിച്ച ആശാൻ റോഡിലേക്കിറങ്ങി നിൽക്കുവാ.
പിന്നൊന്നും നോക്കിയില്ല മെല്ലെ മെല്ലെ പിന്നോട്ട് വന്ന് ബൈക്ക് എടുത്ത് 'തോമസ്സൂട്ടീ വിട്ടോടാ.....' ന്ന് പറഞ് നേരെ റൂമിലേക്ക് വിട്ടു. 8 മണിയോട് കൂടെ സുരക്ഷിതനായി ഞങ്ങൾ 2 പേരും റൂമിലെത്തി..
ഈ വർഷത്തെ ഞങ്ങളൊരുമിച്ചുള്ള 9 മത്തെ യാത്ര ആയിരുന്നു ഇത്. ആകെ സഞ്ചരിച്ചത് 580 km.
നല്ലൊരു യാത്ര ആയിരുന്നു. എന്റെ ചങ്കിന് എന്തായാലും ഒരുപാട് സന്തോഷം ആയിക്കാണും.. 😂
NB: ആക്ഷൻ ഹീറോ ബിജു എന്ന മലയാളം സിനിമയ്ക്കകത്ത് #സുരാജ് ന്റെ കഥാപാത്രം പോലീസ് സ്റ്റേഷനിൽ വന്ന് കഥാനായകനോടു പറയുന്ന ഒരു സെന്റി ഡയലോഗ് ഉണ്ട്, പറ്റിക്കാൻ വേണ്ടി പറയണതാ സാറേ... പക്ഷേ പറ്റിക്കാൻ വേണ്ടിട്ട് ആണെങ്കിലും ഇങ്ങനെ ഓന്നും പറയരുതെന്ന് പറയണം സാർ....😢 ന്ന്. ഏതാണ്ട് ഇതേ അവസ്ഥയിലായിരുന്നു റൂമിൽ എത്തിയപ്പോഴേക്കും എന്റെ ആളും..😬
----------------------------------------------------------------------------
ഇനി മണ്ഡലപ്പട്ടിയെ കുറിച്ച് ഒരല്പം അറിയുന്ന കാര്യം പറയാം.
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
കൂർഗ് ലെ മടിക്കേരിയിൽ നിന്നും പ്രധാനമായും 2 വഴികളാണ് ഇങ്ങോട്ടുള്ളത്.
1. Abbey Falls ജംഗ്ഷൻ വഴി (18 km)2. Makkanduru-Hattihole വഴി (35 km)
സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് ആദ്യം പറഞ്ഞ വഴിയേ സഞ്ചരിച്ച് ആദ്യം Abbey Falls കണ്ട് Mandalpatti പോയി 2nd പറഞ്ഞ വഴിയിലൂടെ തിരിച്ചു പോരാവുന്നതാണ്. 2nd പറഞ്ഞ വഴി അല്പം ചുറ്റി ആണെങ്കിലും ആ വഴിക്കാണ് Kotte Abbe Falls ഉള്ളത്. കൂടാതെ ആ വഴിക്ക് മനോഹരമായ ഒരുപാട് തേയില തോട്ടങ്ങളും മറ്റ് അനേകം ചില ചെറിയ വെള്ളച്ചാട്ടങ്ങളും ഉണ്ട്.
മലയാളത്തിൽ 'മഞ്ഞിന്റെ അങ്ങാടി' എന്നർത്ഥം വരുന്ന 'Mugilu-peth' അല്ലെങ്കിൽ 'Mugilu-Pete' എന്ന പേരിലും Mandalpatti അറിയപ്പെടുന്നുണ്ട്. സമുദ്ര നിരപ്പിൽ നിന്നും 4050 അടി മുകളിലായി സ്ഥിതി ചെയ്യുന്ന mandalpatti 4x4 ജീപ്പ് റൈഡേഴ്‌സിന്റെ പ്രിയപ്പെട്ട ഒരിടമാണ്. അടുത്തായുള്ള ടൗൺ മടിക്കേരി തന്നെയാണ്. താമസ്സ സൗകര്യവും ഇവിടെ തന്നെയാണ് നല്ലത്. സാധാരണയായി മടിക്കേരി മുതൽ Abbey falls വഴി മണ്ഡലപ്പട്ടി വരെ ജീപ്പിൽ പോയി വരാൻ ഏകദേശം 4000/- രൂപയോളം കൊടുക്കേണ്ടി വരും. അതല്ല ഇനി Abbey Falls junction വരെ എത്താൻ കഴിഞ്ഞാൽ അവിടെ നിന്നും 1500/- രൂപയാണ് ചാർജ്. Madalpatti യിലേക്കുള്ള ഓഫ് റോഡ് തുടങ്ങുന്നതിടത്ത് നിന്നും മുകളിലേക്ക് വ്യൂ പോയിന്റ് ന്റെ താഴെ വരെയുള്ള 4 km പോയി തിരിച്ചു വരാൻ 1000/- രൂപയാണ് ചാർജ്.മുകളിൽ 1 മണിക്കൂർ മാത്രമാണ് അവർ സമയം അനുവദിച്ചിരിക്കുന്നത്. ഇനി സ്വന്തം വാഹനങ്ങളിൽ വരുന്നവർക്ക് വെറും 25 രൂപ കൊടുത്താൽ മുകളിലേക്ക് കയറി വരാം. 2 wheeler ആണെങ്കിൽ എങ്ങനെയെങ്കിലും ഒക്കെ നടക്കും. പക്ഷെ കാർ പോകാൻ അല്പം വിഷമം ആണ്. റിസ്ക് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രം ഒന്ന് ശ്രമിച്ചു നോക്കാം (എന്ത് പറ്റിയാലും കുഴപ്പമില്ല എന്ന് ഉറപ്പുള്ളവർ മാത്രം). മറ്റൊന്നും അല്ല, വണ്ടിയുടെ അടി വശം കല്ലുകളിൽ തട്ടി കേടുവരാൻ സാധ്യത കൂടുതലാണ്. പിന്നെ ജീപ്പ് പോകുന്ന പോലെ കയറ്റമെല്ലാം പുഷ്പം പോലെ കീഴടക്കാം എന്നതും വ്യാമോഹം തന്നെ.
മുകളിലെ വ്യൂ പോയിന്റിൽ നിന്നുള്ള പ്രധാന കാഴ്ച എന്ന് പറയുന്നത് പ്രധാനമായും പച്ച വിരിച്ച മല നിരകളും മഞ്ഞും തന്നെയാണ്. അവിടെ ചെന്ന് നിൽക്കുന്നതിന്റെ ഇടത് വശത്തായി Doddabetta യും Uppangala Betta യും വലത്തായി ആദ്യം Katthipaure യും Kukke Subramannya ക്ഷേത്രവും അതിനുമപ്പുറം Hammiyala Betta യും സ്ഥിതി ചെയ്യുന്നു. നിൽക്കുന്നതിന്റെ തൊട്ട് താഴെയായി Sunnade Gundi യും. ഇതിൽ പറഞ്ഞിരിക്കുന്നവയിൽ ആ ക്ഷേത്രം ഒഴികെ ബാക്കി എല്ലാം മലനിരകൾ തന്നെയാണ്.
വരുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട മറ്റൊരു വസ്തുത കൂടിയുണ്ട്, ഇവിടെ ഭക്ഷണ പാനീയ വസ്തുക്കൾ ഒന്നും തന്നെ കിട്ടുകയില്ല. മാത്രമല്ല ടോയ്ലറ്റ് സൗകര്യവും ഇല്ല. പ്ലാസ്റ്റിക് നിരോധിത മേഖല ആയതിനാൽ കഴിവതും പ്ലാസ്റ്റിക് ഒഴിവാക്കുക. ഇനി കൊണ്ട് വരുന്നവ അലക്ഷ്യമായി വലിച്ചെറിയതിരിക്കുക.
ഇവിടം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സീസൺ എന്ന് പറയുന്നത് മഴക്കാലത്തിനും വേനലിനും ഇടയ്ക്കുള്ള മാസങ്ങളിലാണ്. രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് അനുവദിച്ചിട്ടുള്ള സമയം.
Written By : Manoj Manu
0 comments: