November 22, 2017

ആപ്പിളും ഓറഞ്ചും വിളയുന്ന താഴ്വരയിൽ - ഇടുക്കിയിലെ കാന്തല്ലൂർ ( Kanthalloor in Idukki )

Posted By: Unknown - 1:00:00 PM
ഒരു കൈ കൊണ്ട് പ്രിയപ്പെട്ടവളെ പൊതിഞ്ഞ് പിടിച്ചു, മറുകയ്യിൽ പൊന്നുമോളും. കോടമഞ്ഞ് അരിച്ചിറങ്ങുന്ന പ്രഭാതത്തിൽ തണുപ്പിനെ അവഗണിച്ച് വിളഞ്ഞു നിൽക്കുന്ന ആപ്പിൾ മരങ്ങൾക്കും ഓറഞ്ച് ചെടികൾക്കുമിടയിലൂടെ ഞങ്ങൾ നടന്നു. ഇവിടെ പ്രകൃതി അത്ഭുതം വിരിയിക്കുകയാണ്. ഈ താഴ്വരയിൽ വിളയാത്ത പഴങ്ങൾ ദുർലഭം! ആപ്പിളും ഓറഞ്ചും മുസമ്പിയും സബർജിലും പ്ലമും പീച്ചും വൈറ്റ് സപ്പോട്ടയും ഗ്രീൻ സപ്പോട്ടയും പാഷൻ ഫ്രൂട്ടും സീതപ്പഴവും സ്ട്രോബറിയും മാമ്പഴവും പേരയുമെല്ലാം ഇവിടെ വളരുന്നു, പൂക്കുന്നു, കായ്ക്കുന്നു, വിളയുന്നു!

ഹിമാലയൻ മലനിരകളിലെ മഞ്ഞ് പെയ്യുന്ന ഗ്രാമത്തിലല്ല ഈ ആപ്പിൾ വിളയുന്ന താഴ്വര. നമ്മുടെ കേരളത്തിലെ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ !! ( Kanthalloor) മൂന്നാറിനും മറയൂരിനുമപ്പുറം കാന്തല്ലൂരിൽ! മൂന്നാറിൽ നിന്നും മറയൂർ വഴി 58 Km ആണ് ഇങ്ങോട്ടുള്ള ദൂരം.പ്രിയ സുഹൃത്ത് സഹീർ അഹമ്മദും ഭാര്യയുമായിരുന്നു ഈ യാത്രയിലെ ഞങ്ങളുടെ സഹയാത്രികർ. കാന്തല്ലൂരിലെ മലയടിവാരത്ത് സ്വർഗ്ഗത്തിന്നരികിലെന്നവണ്ണം സ്വപ്നതുല്യമായ താമസം ഒരുക്കി തന്ന പ്രിയ വിദ്യാർത്ഥി റഹീം മലബാരിക്ക് നന്ദി. എന്നെന്നും ഓർത്ത് വെക്കാൻ സുന്ദരമായ രണ്ട് ദിനങ്ങൾ സമ്മാനിച്ചതിന്.

കോട്ടക്കലിൽ നിന്നും പാലക്കാട് - പൊള്ളാച്ചി-ഉദുമുൽപേട്ട - ചിന്നാർ - മറയൂർ വഴി ഒരു വൈകുന്നേരമാണ് ഞങ്ങൾ കാന്തല്ലൂരെത്തിയത്. കൂറ്റൻ മലയടിവാരത്ത് കാടിനും യൂക്കാലി പ്ലാന്റേഷനുമിടയിലായിരുന്നു ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത്. തണപ്പരിച്ചിറങ്ങുന്ന സന്ധ്യാനേരത്ത് ആ വീടിന്റെ വരാന്തയിലിരിക്കാൻ പ്രത്യേക സുഖമായിരുന്നു. മലമുകളിൽ പലയിടത്തും വെള്ള വരകൾ പോലെ താഴേക്ക് ഒഴുകുന്ന അരുവികൾ. ഇടക്കിടെ പൊട്ടി വീഴുന്ന മഞ്ഞിന്റെ പട്ടു തൂവാല കാഴ്ചകൾ മറക്കുന്നു. മുറ്റത്ത് കൂടെ നടന്ന് പോകുന്ന മയിലിണകൾ, കാട്ടിൽ നിന്നും പേരറിയാ പക്ഷികളുടെ സംഗീതം, മലമുകളിലെ അരുവികൾ സൃഷ്ടിക്കുന്ന ജലപാതത്തിന്റെ മർമ്മരം, അരികിൽ പ്രിയപ്പെട്ടവർ... ധന്യമായിരുന്നു ആ സന്ധ്യാനേരം.

സഹായി രാജുവേട്ടൻ രാത്രി ഭക്ഷണം കൊണ്ട് വന്നപ്പോൾ ഞാൻ ചോദിച്ചു " ഇവിടെ മൃഗങ്ങളുടെ ശല്ല്യമുണ്ടാവുമോ?" മറുപടി മനസ്സിൽ തെല്ല് ഭീതി പടർത്തി എന്നതാണ് സത്യം. "ചിലപ്പോൾ വീടിന് പിറകിൽ ആന വരാറുണ്ട്, പേടിക്കേണ്ട.. വേലിക്കിപ്പുറം വരില്ല." രാത്രി ഭക്ഷണം കഴിച്ച് പെട്ടെന്ന് തന്നെ ഉറങ്ങാൻ കിടന്നു. നീണ്ട യാത്രയുടെ ക്ഷീണമുള്ളതിനാലാവാം പെട്ടെന്ന് തന്നെ ഉറങ്ങി.

രാവിലെ പ്രാതലിന് ശേഷമാണ് ആപ്പിൾ തോട്ടം കാണാൻ പോയത്. കാന്തല്ലൂരിൽ എല്ലായിടത്തും പഴത്തോട്ടങ്ങൾ കാണാം. കാന്തല്ലൂർ അങ്ങാടിയിൽ നിന്നും 2 Km അപ്പുറം പെരുമലയിൽ ഒരു ഫാമിനകത്തേക്ക് ഞങ്ങൾ നടന്നു. അവിടുത്തെ ഒരു ജീവനക്കാരി കൂടെ വന്ന് പഴങ്ങളെല്ലാം പരിചയപ്പെടുത്തി. സീതപ്പഴവും പ്ലമും പീച്ചും മരത്തക്കാളിയും(Tree Tomato) മൂസമ്പിയും സപ്പോട്ടയും ഓറഞ്ചും ആപ്പിളുമെല്ലാമുണ്ട് തോട്ടത്തിൽ! സ്ട്രോബറി ചെടികളുണ്ടെങ്കിലും കായ്ച്ചിട്ടില്ല. ചോദിച്ചപ്പോൾ സീസണല്ല എന്നവർ മറുപടി പറഞ്ഞു.

ഫാമിൽ നിന്നും പുറത്തിറങ്ങുമ്പോൾ കൺനിറയെ വിസ്മയത്തിളക്കവും മനസ്സു നിറയെ മധുരമൂറും പഴങ്ങളുമായിരുന്നു. പ്രത്യേകിച്ചും കായ്ച്ചു നിൽക്കുന്ന ആപ്പിളും ഓറഞ്ചും.
Image Gallary - :kanthalloor, kanthallur, kanthalloor Idukki, kanthallur Idukki, kanthallur apple farm, kanthallur orange farm, kanthallur Himalaya, kerala Himalaya, tourist places in Idukki, kanthallur tourism, Idukki tourismAbout Unknown

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി സ്വദേശി. യാത്രകളെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വേണ്ടി യാത്രാനുഭവങ്ങള്‍ പങ്കുവെച്ചാലോ എന്നാ ആലോചനയില്‍ നിന്നാണ് ഈ ബ്ലോഗ്‌ രൂപംകൊണ്ടത്. ഇവിടെ ഷെയര്‍ ചെയ്യുന്നത് എന്‍റെ മാത്രം അനുഭവങ്ങളല്ല. സുഹൃത്തുക്കളും മറ്റു യാത്രികരും അയച്ച് തരുന്നവയാണ്‌ കൂടുതലായി ഇവിടെ നിങ്ങള്‍ക്കായി പങ്കു വെക്കുന്നത്.

0 comments:

Post a Comment

Copyright © കേരള സഞ്ചാരി

Designed by ABDU RAHIMAN