കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ ക...

ആലപ്പുഴ - കിഴക്കിന്റെ വെനീസ്

കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ സഞ്ചാരികളുടെ സ്വര്‍ഗ്ഗമാണ് നിറയെ കായലും കടല്‍ത്തീരവുമുള്ള ആലപ്പുഴയുടെ ഏത് ഭാഗത്തും മനോഹരമായ കാഴ്ചകളും വിനോദസാധ്യതകളുമുണ്ട്. കേരളത്തിലെത്തുന്ന സഞ്ചാരികളുടെ ഏറ്റവും പ്രധാനലക്ഷ്യം പലപ്പോഴും ബാക് വാട്ടറാണ്. ആലപ്പുഴയാണ് ബാക് വാട്ടര്‍ ടൂറിസത്തിന്റെ ഹോട്ട് സ്‌പോട്ട് എന്ന് പറയാം.
Alappy tourism

തലങ്ങുംവിലങ്ങുമായി കിടക്കുന്ന കനാലുകളും, ഹൗസ് ബോട്ടുകളിലെ കായല്‍ യാത്രയും, കയര്‍ വ്യവസായവും ബീച്ചും എല്ലാ ചേര്‍ന്നാണ് ആലപ്പുഴയെ ഒന്നാം തരമൊരു വിനോദകേന്ദ്രമാക്കി മാറ്റുന്നത്. കായല്‍പ്പരപ്പിലൂടെ കെട്ടുവള്ളത്തിലുള്ള യാത്ര നല്‍കുന്ന അനുഭൂതി അനുഭവിച്ചുതന്നെ അറിയണം. ഇപ്പോഴത്തെ കെട്ടുവള്ളങ്ങള്‍ പലതും ഹോട്ടലുകളെപ്പോലും അതിശയിപ്പിക്കുന്ന ആഢംബരങ്ങള്‍ നിറഞ്ഞതാണ്.

കായലിന്റെ നടുക്ക് കെട്ടുവള്ളം നിര്‍ത്തിയിട്ട് രാത്രികളും പകലുകളും ആഘോഷമാക്കിത്തീര്‍ക്കും. വെനീസിലേതുപോലെയുള്ള കനാല്‍ ശൃംഖലയാണ് ആലപ്പുഴയ്ക്ക് കിഴക്കിന്റെ വെനീസ് എന്ന വിശേഷണം നേടിക്കൊടുത്തത്. പണ്ട് മലഞ്ചരക്ക് വ്യാപാരത്തിന്റെ കാലത്ത് ജലഗതാഗതത്തിന് വേണ്ടിയുണ്ടാക്കിയവയായിരുന്നു ഈ കനാലുകള്‍.

  • വള്ളം കളിയുടെ നാട്

ആലപ്പുഴയിലെ മറ്റൊരു കാഴ്ചയാണ് വള്ളംകളി. വിദേശ വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിയ്ക്കുന്ന ഒന്നാണ് എല്ലാവര്‍ഷവും ഇവിടെ നടക്കാറുള്ള വള്ളംകളികള്‍. എല്ലാവര്‍ഷവും പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളം കളിയ്ക്കാണ് ജനപ്രീതി കൂടുതല്‍. ആലപ്പുഴയിലെ വിവിധ പ്രദേശങ്ങളിലുള്ള ചുണ്ടന്‍ വള്ളങ്ങളാണ് വള്ളംകളിയില്‍ പങ്കെടുക്കുന്നത്. ഒരിക്കല്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്രുവിന്റെ കേരളസന്ദര്‍ശനത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേകമായി ഒരുക്കിയ ചുണ്ടന്‍വള്ളംകളി മത്സരത്തോടെയാണ് നെഹ്രു ട്രോഫി വള്ളം കളി ആരംഭിയ്ക്കുന്നത്.
1952 ലായിരുന്നു ഈ മത്സരം നടന്നത്. വള്ളങ്ങളുടെ മത്സരം കണ്ട് ആവേശം പൂണ്ട നെഹ്രു സുരക്ഷാക്രമീകരണങ്ങളെല്ലാം മറികടന്ന് ജയംനേടിയ വള്ളത്തില്‍ ചാടിക്കയറി. നെഹ്രുവിന്റെ ഈ പ്രവൃത്തി തങ്ങള്‍ക്കുള്ള അംഗീകാരമായി കണക്കാക്കിയ വള്ളംകളിക്കാര്‍ ചുണ്ടന്‍ വള്ളങ്ങളുടെ അകമ്പടിയോടെ അദ്ദേഹത്തെ കൊച്ചിവരെ എത്തിച്ചു യാത്രയാക്കുകയാണുണ്ടായത്.

ദില്ലിയില്‍ തിരിച്ചെത്തിയ നെഹ്രു വെള്ളിയില്‍ തീര്‍ത്ത ചുണ്ടന്‍ വള്ളത്തിന്റെ മാതൃകയില്‍ സ്വന്തം കയ്യൊപ്പ് ചേര്‍ത്ത് കേരളത്തിലേയ്ക്ക് അയച്ചു. ഈ മാതൃകയാണ് ഇന്നും വള്ളംകളിയിലെ വിജയികള്‍ക്ക് നല്‍കുന്ന നെഹ്രു ട്രോഫി. ആദ്യകാലത്ത് പ്രൈംമിനിസ്റ്റേര്‍സ് ട്രോഫി എന്നായിരുന്നു വള്ളംകളി മത്സരം അറിയപ്പെട്ടത് എന്നാല്‍ പിന്നീട് 1969ല്‍ കപ്പിന്റെ പേര് നെഹ്രു ട്രോഫി എന്നാക്കി മാറ്റുകയാണുണ്ടായത്.

എല്ലാവര്‍ഷവും ഓഗസ്റ്റ് മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് ഈ ജലവിനോദം അരങ്ങേറുന്നത്. ഇക്കാലത്ത് ഇവിടെ വമ്പന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്.


  • വിനോദത്തിനിടെ അല്‍പം ആത്മീയതയും

വിനോദയാത്രകള്‍ക്കിടെ ആത്മീയകേന്ദ്രങ്ങള്‍കൂടി കാണാനാഗ്രഹിയ്ക്കുന്നവരാണ് പലരും. അത്തരക്കാരെയും ആലപ്പുഴ നിരാശപ്പെടുത്തില്ല. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം, മുല്ലയ്ക്കല്‍ രാജേശ്വരി ക്ഷേത്രം, ചെട്ടികുളങ്ങര ഭഗവതി ക്ഷേത്രം, മണ്ണാറശാല നാഗരാജ ക്ഷേത്രം, എടത്വ പള്ളി, സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച്, സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച്, ചമ്പക്കുളം പള്ളി എന്നുതുടങ്ങി ഒട്ടേറെ ആരാധനാലയങ്ങളുണ്ട് ഈ നാട്ടില്‍. ക്രിസ്തുമതപ്രചാരണാര്‍ത്ഥം തെക്കേ ഇന്ത്യയിലെത്തിയ ക്രിസ്തു ശിഷ്യന്‍ സെന്റ് തോമസ് ആലപ്പുഴയിലും സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
അതുകൊണ്ടുതന്നെ ക്രിസ്ത്യാനികളുടെ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണിവിടം. പുരാതനകാലത്ത് ബുദ്ധമതത്തിന് ഏറെ വേരോട്ടമുണ്ടായിരുന്ന സ്ഥലമായിരുന്നു ആലപ്പുഴ. ഇപ്പോള്‍ ആ സുവര്‍ണകാലത്തിന്റെ അധികം ശേഷിപ്പുകളൊന്നും ഇവിടെ കാണാന്‍ കഴിയില്ലെങ്കിലും അമ്പലപ്പുഴയ്ക്കടുത്തായി ബുദ്ധന്റെ ഒരു പ്രതിമകാണാം. കറുത്ത സ്ലേറ്റുകല്ലില്‍ തീര്‍ത്ത പ്രതിമ കരുമാടിക്കുട്ടന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഒന്‍പതാം നൂറ്റാണ്ടിലോ പത്താം നൂറ്റാണ്ടിലോ സ്ഥാപിയ്ക്കപ്പെട്ടതാണിതെന്നാണ് ചരിത്രകാരന്മാര്‍ പറയുന്നത്. പ്രതിമയുടെ പകുതിഭാഗം മാത്രമേയുള്ളു, മദമിളകിയ ഒരു ആനയുടെ ആക്രമണത്തില്‍ തകര്‍ന്നതാണ് പകുതി ഭാഗമെന്നാണ് പറയുന്നത്.

  • ആലപ്പുഴയിലെ പ്രധാന കേന്ദ്രങ്ങള്‍

ആലപ്പുഴ സന്ദര്‍ശിയ്ക്കുമ്പോള്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് പാതിരാമണല്‍. മുഹമ്മ പഞ്ചായത്തില്‍ വേമ്പനാട്ട് കായലില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ചെറുദ്വീപാണിത്. മുഹമ്മ-കുമരകം ജലപാതയിലാണ് ഈ തുരുത്ത്. ദേശാടനപ്പക്ഷികളുടെ താവളമെന്ന നിലയ്ക്കാണ് പാതിരാമണല്‍ ശ്രദ്ധിക്കപ്പെടുന്നത്.
മറ്റൊരുസ്ഥലത്തും കാണാന്‍ സാധ്യതയില്ലാത്തത്രയും തരത്തില്‍പ്പെട്ട പക്ഷികളാണ് ഈ തുരുത്തില്‍ എത്താറുള്ളത്. പക്ഷിനിരീക്ഷകരെ സംബന്ധിച്ച് പറുദീസയാണ് കുമരകം പക്ഷിസങ്കേതവും പാതിരാമണലും. ഇവയോട് ചേര്‍ന്ന് പലതരം റിസോര്‍ട്ടുകളും മറ്റും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തെങ്ങുകളും പലതരം കണ്ടല്‍ച്ചെടികളും നിറഞ്ഞ ഈ പ്രദേശം കാണേണ്ട കാഴ്ചതന്നെയാണ്.

  • ആലപ്പുഴ സന്ദര്‍ശിയ്ക്കുമ്പോള്‍

നവംബര്‍-ഫെബ്രുവരി മാസങ്ങള്‍ക്കിടയിലുള്ള കാലമാണ് ആലപ്പുഴ സന്ദര്‍ശനത്തിന് അനുയോജ്യം. ഇന്ത്യയുടെ ഏത് ഭാഗത്തുനിന്നും റോഡുമാര്‍ഗ്ഗവും, റെയില്‍മാര്‍ഗ്ഗവും ഇവിടെയെത്താം. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് ആലപ്പുഴയ്ക്ക് ഏറ്റവും അടുത്തുള്ളത്. ദേശീയ പാത 47 കടന്നുപോകുന്നത് ആലപ്പുഴ നഗരത്തിലൂടെയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുവരുന്ന തീവണ്ടികള്‍ ആലപ്പുഴ വഴികടന്നുപോകുന്നുണ്ട്.
  • ഐതീഹ്യങ്ങളുടെയും പുരാവൃത്തങ്ങളുടെയും നാട്

ഐതീഹ്യങ്ങളും പുരാവൃത്തങ്ങളുമുള്ള സ്ഥലങ്ങള്‍ കാണണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സ്ഥലങ്ങളാണ് പാണ്ഡവന്‍പാറയും കൃഷ്ണപുരം കൊട്ടാരവും. പേരുപോലെതന്നെ പാണ്ഡവന്‍ പാറയുടെ പിന്നില്‍ പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ടൊരു ഐതീഹ്യമാണുള്ളത്. വനവാസക്കാലത്ത് പാണ്ഡവന്മാര്‍ ഈ പാറയ്ക്കടുത്തുള്ള ഗുഹയില്‍ താമസിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. കഥ സത്യമാണെങ്കിലും അല്ലെങ്കിലും സന്ദര്‍ശനയോഗ്യമാണ് പാണ്ഡവന്‍പാറയും അവിടുത്തെ കാഴ്ചകളും.
പതിനെട്ടാം നൂറ്റാണ്ടില്‍ പണിതീര്‍ക്കപ്പെട്ട കൊട്ടാരമാണ് കായംകുളത്തിനടുത്തുള്ള കൃഷ്ണപുരം കൊട്ടാരം, തിരുവിതാംകൂര്‍ രാജവംശത്തിലെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ താമസിച്ചിരുന്ന സ്ഥലമാണിത്. ഇപ്പോള്‍ പുരാവസ്തുവകുപ്പിന്റെ സംരക്ഷണയിലുള്ള കൊട്ടാരം വിസ്മയിപ്പിക്കുന്ന ഒരു നിര്‍മ്മിതിയാണ്. പുരാവസ്തുക്കളുടെ അപൂര്‍വ്വ ശേഖരമാണ് ഇവിടെയുള്ളത്.


Image Gallary - Alappuzha:

0 comments: