June 12, 2017

വന ഹൃദയത്തിലേക്ക് ഒരു യാത്ര - സൈലന്റ് വാലി

Posted By: Abdu Rahiman - 1:53:00 PM
നിഗൂഡതയും സൗന്ദര്യവും നിറച്ച് സൈരന്ധ്രി വനം

 സൈലന്റ്‌വാലിയില്‍ നില്ക്കുമ്പോള്‍ ശിരസ്സ് അറിയാതെ ഉയര്‍ന്നുപോകുന്നു. ഈ നിത്യഹരിത മഴക്കാടിനുമപ്പുറത്ത് ഒരു സ്വകാര്യ അഹങ്കാരം മലയാളിക്കുണ്ടാവാനിടയില്ല.

 നിബിഡവും വന്യവുമായ ഇലച്ചാര്‍ത്തുകള്‍ക്കു കീഴില്‍ സൈലന്റ്‌വാലി ഒരേസമയം നമ്മെ മോഹിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്നു. കാല്‍വണ്ണയില്‍നിന്ന് ചോരകുടിക്കുന്ന അട്ടകളെ ഒന്നൊന്നായി എടുത്തുമാറ്റുമ്പോള്‍ കൂടെയുണ്ടായിരുന്ന തമിഴ് പത്രപ്രവര്‍ത്തകന്‍ പറഞ്ഞു: ''സൈലന്റ്‌വാലി റൊമ്പ വയലന്റ്‌വാലിയായിറുക്ക്.''
സൈരന്ധ്രി വനം എന്ന പേര് കേള്‍ക്കുമ്പോള്‍ അധികമാര്‍ക്കും അത് നിശബ്ദതയുടെ താഴ്വര എന്നറിയപ്പെടുന്ന സൈലന്റ് വാലിയെ കുറിച്ചാണ് എന്ന് അറിയാന്‍ തരമില്ല. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്ന് ഉദ്ദേശം 40 കിലോമീറ്റര്‍ അകലെയാണ് സൈലന്റ് വാലി ദേശീയോദ്യാനം. ഉഷ്ണമേഖലാ മഴക്കാടുകളും ലോകത്ത് മറ്റെവിടെയും കാണാന്‍ സാധ്യമല്ലാത്ത അപൂര്‍വയിനം പക്ഷി മൃഗാദികളും വൃക്ഷ ലതാദികളും കൊണ്ട് സമ്പന്നമാണ് ഇവിടം.

 മലയാളികള്‍ക്ക് ഈ താഴ്വാരം ഇല്ലാതെ മറ്റൊന്ന് സ്വകാര്യ അഹങ്കാരമായി പറയാന്‍ ഉണ്ടാകില്ല. നീലഗിരി പീഠഭൂമിക്കും മണ്ണാര്‍ക്കാടിനും ഇടയ്ക്കു സ്ഥിതിചെയ്യുന്ന സൈരന്ധ്രി വനത്തില്‍ ചീവീടുകള്‍ ഇല്ലെന്നതിനാല്‍ ആണ് നിശബ്ദതയുടെ താഴ്വര എന്ന പേര് ലഭിച്ചത്. ചീവീടുകള്‍ ഇല്ലെങ്കിലും ജൈവ വൈവിധ്യത്തിന്റെ കലവറയായ ഇവിടെ ആസ്വാദനത്തിനും പഠനത്തിനും വിനോദത്തിനും ഫോട്ടോഗ്രാഫിക്കും പുറമേ പത്ര മാധ്യമ പ്രവര്‍ത്തകരും കവികളും ചിത്രകാരന്മാരും സാഹസികയാത്രികളും ചരിത്രാന്വേഷികളും പരിസ്ഥിതി പ്രവര്‍ത്തകരും നിത്യേന സന്ദര്‍ശനം നടത്തുന്നുണ്ട്. സസ്യ ശാസ്ത്രജ്ഞനായ റോബര്‍ട്ട് വൈറ്റാണ് സൈലന്റ് വാലിയിലെ ജൈവ സമ്പത്ത് ആദ്യമായി കണ്ടെത്തിയത്. ചിത്രസഹിതം അദ്ദേഹം ആറു വാള്യങ്ങളില്‍ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു.

 110 ലധികം ജാതി ഓര്‍ക്കിഡുകളും പുഷ്പിക്കുന്നതും ഫലമുണ്ടാകുന്നതുമായ ആയിരത്തില്‍ പരം ജാതി സസ്യങ്ങളും 34 ലധികം സസ്തനി വര്‍ഗങ്ങളും 200 ലധികം ജാതി ചിത്രശലഭങ്ങളും 16 തരം വര്‍ഗം പക്ഷികളും ഉണ്ടത്രേ. കുന്തിപ്പുഴയുടെ ലാളനയേറ്റ് ഹരിതാഭമായി നിലകൊള്ളുകയാണ് സൈലന്റ് വാലി. സൈലന്റ് വാലിയിലെ നിബിഡവനങ്ങളില്‍ എങ്ങും കുന്തിപ്പുഴ ജീവധാരപോലെ പല കൈവഴികളായി ഒഴുകി നടക്കുന്നത് കാണാം.

 തണുത്ത അന്തരീക്ഷമുള്ള കാടുകള്‍ നീരാവിയെ മഴയായി പെയ്യിക്കാന്‍ കെല്‍പ്പുള്ളതാണ് അതിനാല്‍ മഴയും സുലഭം. സൈലന്റ് വാലിയിലേക്ക്‌ പ്രവേശിക്കും മുന്പ് പതിനൊന്നോളം ഹെയര്‍പിന്‍ വളവുകള്‍ ഉള്ള അട്ടപ്പാടി ചുരം കടക്കണം. മുക്കാലി ഫോറസ്റ്റ് ഓഫീസാണ് സൈലന്റ് വാലിയുടെ പ്രവേശന കവാടം. മുക്കാലി ഇന്‍ഫോര്‍മേഷന്‍ സെന്ററില്‍ മറ്റു വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല. ഇക്കോ ഡവലപ്മെന്റ്റ് കമ്മിറ്റിയുടെ വാഹനത്തില്‍ ഗൈഡിന്റെ കൂടെ സഞ്ചാരികളെ ബഫര്‍ സോണിലൂടെ 24 കിലോമീറ്റര്‍ കൊണ്ട് പോകും. വെങ്ങാചോല മരം ഇവിടെ ആകര്‍ഷണമാണ്. കടുവയുടെ നഖപ്പാടുകള്‍ ഈ മരത്തില്‍ കാണാം. കടുവ ഇരപിടിച്ചു കഴിഞ്ഞ ശേഷം ഈ മരത്തില്‍ മാന്തും. ഇരപിടിക്കുമ്പോള്‍ സംഭവിക്കുന്ന മുറിവുകള്‍ക്ക് ഈ മരത്തിന്റെ നീര് ഔഷധമത്രേ.

 ഏതാണ്ട് അഞ്ചു കോടി വര്ഷം കൊണ്ടാണ് സൈലന്റ് വാലി ഉണ്ടായത് എന്ന് ചരിത്രം പറയുന്നു. ഒരു തെറ്റായ തീരുമാനം കൊണ്ട് എന്നെന്നേക്കുമായി വെള്ളക്കെട്ടില്‍ അമര്‍ന്നു പോകുമായിരുന്ന ഈ വന സൌന്ദര്യം കാത്തു സൂക്ഷിക്കാന്‍ സുഗതകുമാരി ടീച്ചറും ശോഭീന്ദ്രന്‍ മാഷും ഒക്കെ നടത്തിയ ഇടപെടലുകള്‍ മഹത്തരം തന്നെ. പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സമര്‍പ്പണമാണ് സൈലന്റ് വാലി.

 1973 ല്‍ പ്ലാനിംഗ് കമ്മിഷന്‍ അനുമതി ലഭിച്ചു 24.88 കോടി രൂപ ചെലവില്‍ 240 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കെ എസ ഇ ബി സൈലന്റ് വാലിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ ഇതോടെ ഈ വന സൗന്ദര്യം നശിച്ചു പോകുന്ന അവസ്ഥ പരിസ്ഥിതി വാദികള്‍ മുന്നോട്ടു വച്ചു. ഇതോടെ സര്‍ക്കാര്‍ പദ്ധതി റദ്ദ് ചെയ്തു സൈലന്റ് വാലിയെ സംരക്ഷിച്ചു. കെ എഫ് ആര്‍ ഐ യിലെ ഡോ. വി എസ വിജയന്‍ എന്ന വ്യക്തി നടത്തിയ സമഗ്രമായ പഠനങ്ങള്‍ സൈലന്റ് വാലി അണക്കെട്ടിന്റെ ദോഷങ്ങള്‍ ആദ്യമായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുതിയതും വഴിത്തിരിവായി. ഇതിനൊക്കെ അപ്പുറം സാഹിത്യ സാംസ്കാരിക നായകന്മാരും സന്നദ്ധ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു. ഡോ. എം എസ സ്വാമിനാഥനും സൈലന്റ് വാലി സംരക്ഷണത്തെ അനുകൂലിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് നാഴികക്കല്ലായി.

 1972 ല്‍ സ്റ്റോക്ക് ഹോമില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സമ്മേളനത്തില്‍ സൈലന്റ് വാലിയെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ മാര്‍ഗ ദര്‍ശകമാണ്. 1984 നവംബര്‍ 15 നു സൈലന്റ് വാലി ദേശീയ ഉദ്യാന്മായി പ്രഖ്യാപിച്ചു. പിറ്റേ കൊല്ലം പ്രധാനമന്ത്രി രാജീവ് ഗാന്ധി ദേശീയോദ്യാനം രാഷ്ട്രത്തിന് സമര്‍പ്പിച്ചു. നിശബ്ദതയുടെ താഴ്വര കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ഒരു സ്വകാര്യ അഹങ്കാരമാണ് എന്ന് സമ്മതിക്കാതെ വയ്യ.


Silent Valley National Park (Malayalam: സൈലന്‍റ് വാലീ നാഷണല്‍ പാര്‍ക്ക്), is a national park with a core zone of 236.74 square kilometres (91 sq mi) (making it the second largest national park in Kerala). It is located in the Nilgiri Hills, within the Palakkad District of Kerala, South India. This region was explored in 1847 by the botanist Robert Wight, This park is one of the last undisturbed tracts of South Western Ghats mountain rain forests and tropical moist evergreen forest in India. Contiguous with the proposed Karimpuzha National Park (225 km2) to the north and Mukurthi National Park (78.46 km2) to the north-east, it is the core of the Nilgiri International Biosphere Reserve (1,455.4 km2), and is part of The Nilgiri Sub-Cluster (6,000+ km2), Western Ghats World Heritage Site, recognised by UNESCO in 2007. Plans for a hydroelectric project that threatened the park's rich wildlife stimulated an environmentalist social movement in the 1970s, known as the Save Silent Valley movement, which resulted in cancellation of the project and creation of the park in 1980. The visitors' centre for the park is at Sairandhri.

Image Gallary - Silent Valley National Park:


About Abdu Rahiman

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി സ്വദേശി. യാത്രകളെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വേണ്ടി യാത്രാനുഭവങ്ങള്‍ പങ്കുവെച്ചാലോ എന്നാ ആലോചനയില്‍ നിന്നാണ് ഈ ബ്ലോഗ്‌ രൂപംകൊണ്ടത്. ഇവിടെ ഷെയര്‍ ചെയ്യുന്നത് എന്‍റെ മാത്രം അനുഭവങ്ങളല്ല. സുഹൃത്തുക്കളും മറ്റു യാത്രികരും അയച്ച് തരുന്നവയാണ്‌ കൂടുതലായി ഇവിടെ നിങ്ങള്‍ക്കായി പങ്കു വെക്കുന്നത്.

0 comments:

Post a Comment

Copyright © കേരള സഞ്ചാരി

Designed by ABDU RAHIMAN