June 15, 2017

ഊട്ടിയിലേക്കൊരു ട്രെയിൻ യാത്ര

Posted By: Abdu Rahiman - 8:30:00 AM
സംഘർഷാഭരിതമായ ചുറ്റുപാടുകളിൽ നിന്നും കുറച്ചു ദിവസത്തേക്കോ സമയത്തേക്കോ മാറി നിൽക്കൽ മനസിന് ഒരു ആശ്വാസമേകും. ഒറ്റക്കുള്ള യാത്രകളാണെനിക്ക് കൂടുതൽ ഇഷ്ടം. അതിനൊരു കാരണമുണ്ട്. യാത്രയിൽ മറ്റുള്ളവരെ കൂടുതൽ ആകർഷിക്കാത്ത സ്ഥലങ്ങളാ യിരിക്കും ഒരുപക്ഷെ എന്റെ മനസിനെ കൂടുതൽ ആകർഷിക്കുന്നതും സ്വാധീനിക്കുന്നതും. എല്ലാവരുടെയും ആസ്വാദകമനസ്സുകൾ ഒരു പോലെയാവണമെന്നില്ലല്ലോ.....ഇനി ഈ ട്രെയിനിനെപ്പറ്റി കുറച്ചു പറയാം...

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ നീലഗിരി ജില്ലകളിലൂടെ കടന്നുപോകുന്ന പശ്ചിമഘട്ടറെയിൽവേയാണിത്. റാക്ക് ആൻഡ് പിനിയൻ സിസ്റ്റം ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു റെയിൽവേ. 1908-ൽ ആരംഭിച്ച ഈ പത 2000-ൽ സതേൺ റെയിൽവേ,ലാഭകരമല്ലാത്തവയുടെ പട്ടികയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കാൻ സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 2005-ൽ UNESCO ഇതിനെ ലോക പൈതൃക സ്മാരക പട്ടികയിൽ ഉൾപ്പെടുത്തിയതോടെ ഈ ട്രെയിനിനെ പുറംലോകമറിഞ്ഞു. യാത്രക്കാരുടെ എണ്ണവും കൂടി. നാലു കമ്പാർട്ട്‌മെന്റ് ഉൾപ്പെടുന്ന ട്രെയിൻ പുഷ് ചെയ്തു സഞ്ചരിക്കുന്ന എഞ്ചിൻ രീതി സ്വീകരിക്കുന്നു. 46 കി.മി. പാതയിൽ 208 വളവുകളും 16 തുരങ്കങ്ങളുംപിന്നിടുന്നു. വേഗത 12കി.മി. അതിനാൽ 48 കിലോമീറ്റർ മാത്രമുള്ള ഈ യാത്രക്ക് ഏകദേശം അഞ്ച് മണിക്കൂറെടുക്കുന്നു. മേട്ടുപ്പാളയത്തു നിന്നും 1719 മീ. ഉയരത്തിലുളള കൂനൂരിലേക്ക് സ്വിസ് നിർമ്മിതമായ 'എക്‌സ്' ഗ്രേഡ് ആവി എൻജിനുകളാണ് ഓടിക്കൊണ്ടിരുന്നത്. ഇവയ്ക്ക് 50- വർഷം മുതൽ 80 വർഷം പഴക്കമുളളതാണ്. ഉദഗമണ്ഡലം-കൂനൂർ പാതയിൽ ഇപ്പോൾ പ്രധാനമായിട്ടുളളത് ആധുനിക ഡീസൽ എൻജിനുകളാണെങ്കിലും മേട്ടുപാളയം-കൂനൂർ പാതയിൽ പഴയ ആവി എൻജിനുകൾ തന്നെയാണ് ഇപ്പോഴും ഓടുന്നത്.

രണ്ടു മൂന്ന് വർഷങ്ങൾ മുതലുള്ള അടങ്ങാത്ത ആഗ്രഹമായ ഈ യാത്ര എങ്ങനെ സാധിക്കുമെന്ന ആശങ്കയിലായിരുന്നു. അങ്ങനെയിരിക്കെ യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ഗ്രൂപ്പിൽ dayal karunakaean ചേട്ടന്റെ കുറച്ചു മുന്പത്തെ പോസ്റ്റ് കൂടി കണ്ടപ്പോൾ മറ്റൊന്നും ആലോചിക്കാതെ പെരുന്നാളിന്റെ ലീവിന് പോകാമെന്ന മോഹത്തോടെ resrve ചെയ്യാൻ IRCTC യിൽ തപ്പിയപ്പോൾ കുറെ ദിവസത്തേക്ക് സീറ്റൊന്നുപോലും ഒഴിവില്ല. WL ആകട്ടെ, മുപ്പതും മുപ്പത്തിരണ്ടും. ജനറൽ കംപാർട്ട്‌മെന്റിലേക്കുള്ള കുറച്ചു ടിക്കറ്റ് രാവിലെ നേരത്തെ മേട്ടുപാളയം സ്റ്റേഷനിൽ നിന്ന് കൊടുക്കുമെന്നും ഭാഗ്യമുണ്ടെങ്കിൽ കിട്ടുമെന്നും കേട്ടു. എന്തായാലും പോകുക തന്നെ. അഥവാ ടിക്കറ്റു കിട്ടിയില്ലെങ്കിൽ TN ട്രാൻസ്‌പോർട്ട് ബസ്സിൽ ഊട്ടീക്കോ മൈസൂർക്കോ പോകാമെന്നുറപ്പിച്ചു.

അങ്ങനെ ഇക്കഴിഞ്ഞ വ്യാഴാഴ്ച (24/9/2015) രാത്രി 9.10 ന് ഷൊർണ്ണൂര് നിന്നും യശവന്ത്പൂർ എക്‌സപ്രെസ്സിൽ കോയന്പത്തൂർ പിടിച്ചു. സഹിക്കാവുന്നതിലുമപ്പുറമായിരുന്നു ട്രെയിനിലെ തിരക്ക്. 11.45 നു കോയന്പത്തൂരെത്തി. കാലത്ത് 5:15 നുള്ള ബ്ലൂ മൗണ്ടൻ എക്‌സപ്രെസ്സിൽ മേട്ടുപാളയത്തേക്കു പോകാം. ടിക്കറ്റ് കിട്ടില്ലെന്ന ആധിയോ കിട്ടാനുള്ള അത്യാഗ്രഹമോ എന്തെന്നറിയില്ല, ഞാൻ ആ അർദ്ധരാത്രി തന്നെ കോയംബത്തൂർ വിട്ട് മേട്ടുപാളയത്തേക്ക് ബസ് കയറി. ഏതു രാത്രിക്കും ബസ് കിട്ടും എന്നതാണ് ഒരു സമാധാനം. ചെറിയ ചാറ്റൽ മഴയുമുണ്ടായിരുന്നു. 1.30 നു മേട്ടുപാളയം സ്റ്റാന്റിലെത്തി. ബസിറങ്ങിയപ്പോൾ മോപ്പഡിൽ ഒരു പാതി മലയാളി അണ്ണൻ കാപ്പി വിൽക്കുന്നുണ്ടായിരുന്നു. ചോർന്നൊലിക്കുന്ന ട്രാൻസ്‌പോർട്ട് ബസ്സിൽ മഴ കൊണ്ട് വന്നതിനാലാകാം ചൂടു കട്ടൻകാപ്പി പുതിയൊരുണർവ്വ് നൽകി. റെയിൽവേ സ്റ്റേഷനിലേക്ക് നടക്കാനുള്ള ദൂരമൊള്ളൂ എന്നറിഞ്ഞപ്പോൾ നടക്കാമെന്നു തീരുമാനിച്ചു. സ്റ്റാന്റിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ കയറി. വിജനമായ പാത. കുറച്ചപ്പുറത്തു നിന്നും തെരുവ് നായ്ക്കളുടെ ഓരിയിടൽ കേൾക്കാം. കയ്യിൽ എരിയുന്ന സിഗരറ്റിന്റെ കൂട്ടോടെ സ്ട്രീറ്റ് ലൈറ്റ് വെട്ടത്തിൽ മുന്നോട്ടു നടന്നു. സ്റ്റേഷനിലെത്തിയപ്പോഴാകട്ടെ പേരിനു പോലും ഒരാളില്ലായിന്നു അവിടെ. പ്ലാറ്റ്‌ഫോമിൽ നമ്മുടെ മേട്ടുപാളയം - ഉദഗമണ്ഡലം ട്രെയിൻ നിറുത്തിയിട്ടുണ്ടായിരുന്നു. കുറച്ചു കാലത്തെ ആഗ്രഹമായ അതിൽ വെറുതെയൊന്ന് കേറിയിറങ്ങി. അപ്പോഴും ടിക്കറ്റ് കിട്ടുമോ എന്ന് യാതൊരു ഉറപ്പുമില്ലായിരുന്നു. ദൂരെ മല നിരകളിൽ നക്ഷത്രപ്പൊട്ടുകൾ പോലെ വെളിച്ചങ്ങൾ കാണാം. സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ നിന്നുള്ള ഏതോ ഒരു ഉപകരണത്തിൽ നിന്നും വരുന്ന മ്യൂസിക് താരാട്ടും ബാഗ് തലയിണയുമാക്കി 4 മണിക്കുള്ള അലാറവും വെച്ച് കിട്ടുമോ എന്നുറപ്പില്ലാത്ത ടിക്കറ്റും യാത്രയും സ്വപ്നം കണ്ട് പ്ലാറ്റഫോമിൽതന്നെ കിടന്നുറങ്ങി.

അലാം സൗണ്ട് കേട്ട് എണീറ്റപ്പോഴും സ്റ്റേഷൻ മാസ്റ്ററുടെ മുറിയിൽ നിന്നും നിലക്കാത്ത ആ ശബ്ദം കേൾക്കാമായിരുന്നു. അപ്പോഴേക്കും തിരൂര് നിന്നും കണ്ണൂരു നിന്നുമുള്ള രണ്ടു ടീമുകൾ എത്തിയിരുന്നു. അവരും ജനറലിലേക്കു തന്നെ. പ്രാരംഭകൃത്യങ്ങൾക്ക് ശേഷം 4.45 ആയപ്പോഴേക്ക് ' Queue for wait listed or unreserved passengers' എന്ന ബോർഡിനു കീഴിൽ നിന്നു. ഒന്നര മണിക്കൂറിന്റെ കാത്തിരിപ്പിനൊടുവിൽ ടി.ടി.ഇ വന്നു. ചുരുക്കിപ്പറഞ്ഞാൽ ടിക്കറ്റിനുള്ള സ്ലിപ്പ് കിട്ടി. ആ സ്ലിപ്പ് കൊണ്ട് കൗണ്ടറിൽ പോയപ്പോൾ ടിക്കറ്റും. കൃത്യം 7:10 ന് ട്രെയിനെടുത്തു. വെയിറ്റിംഗ് ലിസ്റ്റിലുള്ളവർക്ക് പലർക്കും സീറ്റ് കിട്ടിയില്ല. വണ്ടി നീങ്ങിത്തുടങ്ങിയപ്പോൾ അത് കൗതുകത്തോടെ നോക്കി നിന്നിരുന്ന മുഖങ്ങളിൽ നിന്നും ടിക്കറ്റ് കിട്ടാത്തവരുടെ മുെഖം വേറിട്ടു കാണാമായിരുന്നു. നമ്മുടെ പാട്ടവണ്ടി ഭവാനിപ്പുഴയും കടന്ന് ആദ്യ സ്റ്റോപ്പായ കല്ലാറിലെത്തി. ഓരോ കംപാർട്ടുമെന്റിന്റെ ഇരുവശങ്ങളിലും ഈരണ്ട് ആളുകൾ ചുവപ്പും പച്ചയും കൊടികൾ പിടിച്ചു നിൽക്കുന്നു. മുൻവശത്തു നിന്നുള്ള കൊടികളുടെ സിഗ്‌നലുകൾക്കനുസൃതമായി മുന്നോട്ടു പോകുന്ന വണ്ടി. ഒരു പക്ഷെ വയർലെസ്സ് കമ്മ്യൂണിക്കേഷൻ ഇല്ലാത്ത ഒരേഒരു ട്രെയിനും ഇതായിരിക്കാം.

ഓരോ സ്റ്റേഷനിലും സഞ്ചാരികൾക്കിറങ്ങി കാനന ഭംഗി ആസ്വദിക്കാം... അവിടെ നിന്നെല്ലാം ട്രെയിൻ ദാഹമകറ്റുന്നു. 9:10 ആയപ്പോഴേക്കും കൂനൂര് എത്തി അവിടെ നിന്നും ആവിയെഞ്ചിന് മാറ്റി ഡീസൽ എഞ്ചിൻ ഉപയോഗിക്കുന്നു. 12 മണിക്ക് ഊട്ടിയിലെത്തി. അവിടെ നിന്നും ബസുകളിലായിരുന്നു മടക്കയാത്ര. മൊട്ടക്കുന്നും പയ്ക്കാരയും സൂചിമലയും കണ്ട് ഗൂഡല്ലൂരെത്തി. നാടുകാണി ചുരമിറങ്ങി നിലന്പൂര് നിന്നും രാജറാണിക്ക് ഷൊർണ്ണൂര് പിടിച്ചു. അവിടെ പാർക്കിങ്ങിൽ വെച്ചിരുന്ന ബൈക്കും എടുത്ത് 12 മണിയായപ്പോഴേക്ക് വീട്ടിലെത്തി. ഓരോ സ്റ്റേഷനുകളെയും ചുറ്റുപാടിനെയും കുറിച്ച് ഒരുപാട് പറയാനുണ്ട്. ഇപ്പോൾ തന്നെ കുറിപ്പ് ഒരുപാട് നീണ്ടു പോയിരിക്കുന്നു. ആർക്കെങ്കിലും വിരസത തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.

By: Midhlaj Muhammed


The Nilgiri Mountain Railway (NMR) is a railway in Tamil Nadu, India, built by the British in 1908, and was initially operated by the Madras Railway. The railway relies on its fleet of steam locomotives. NMR comes under the jurisdiction of the newly formed Salem Division.

In July 2005, UNESCO added the Nilgiri Mountain Railway as an extension to the World Heritage Site of Darjeeling Himalayan Railway, the site then became known as "Mountain Railways of India" after it satisfied the necessary criteria, thus forcing abandonment of the modernisation plans.

For the past several years diesel locomotives have taken over from steam on the section between Coonoor and Udhagamandalam. Local people and tourists have led a demand for steam locomotives to once again haul this section.

The 'Nilgiri Passenger' train covers a distance of 26 km (16.2 mi), travels through 208 curves, 16 tunnels, and across 250 bridges. The uphill journey takes around 290 minutes (4.8 hours), and the downhill journey takes 215 minutes (3.6 hours). It has the steepest track in Asia with a maximum gradient of 8.33%.

Source: Wiki

Image Gallary - Ootty Steam Train :


About Abdu Rahiman

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി സ്വദേശി. യാത്രകളെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വേണ്ടി യാത്രാനുഭവങ്ങള്‍ പങ്കുവെച്ചാലോ എന്നാ ആലോചനയില്‍ നിന്നാണ് ഈ ബ്ലോഗ്‌ രൂപംകൊണ്ടത്. ഇവിടെ ഷെയര്‍ ചെയ്യുന്നത് എന്‍റെ മാത്രം അനുഭവങ്ങളല്ല. സുഹൃത്തുക്കളും മറ്റു യാത്രികരും അയച്ച് തരുന്നവയാണ്‌ കൂടുതലായി ഇവിടെ നിങ്ങള്‍ക്കായി പങ്കു വെക്കുന്നത്.

0 comments:

Post a Comment

Copyright © കേരള സഞ്ചാരി

Designed by ABDU RAHIMAN