June 8, 2017

ഇടുക്കി, മലനിരകളുടെ റാണി

Posted By: Abdu Rahiman - 9:36:00 PM
മീശപ്പുലിമലയിൽ മഞ്ഞു വീഴുന്നത് കണ്ടിട്ടുണ്ടോ എന്ന ഒറ്റ ചോദ്യമാണ് സഞ്ചാരികളെ മീശപ്പുലിമല കയറാൻ ആകർഷിച്ചത്. സത്യം പറയട്ടെ അത് കാണാതെ പോകരുത്. കഴിഞ്ഞ നാല് ദിവസം നടത്തിയ ബൈക്ക് റൈഡിലെ ഒരു ലക്‌ഷ്യം ഇതായിരുന്നു.തെറ്റി ധരിക്കാതിരിക്കാൻ ആദ്യമേ പറയട്ടെ... ഇടക്കിടെ വല്യ യാത്ര ചെയ്യുന്ന റൈഡിങ് എക്സ്പെർട് ഒന്നും അല്ല. സാധാരണ ഒരു യാത്രാ വിവരണം തുടങ്ങുന്നത് കൃത്യമായ സമയം സൂചിപ്പിച്ചും ദൂരം രേഖപ്പെടുത്തികൊണ്ടും ആയിരിക്കും. ദൈവകൃപയാൽ എന്നും കൃത്യമായ സമയം പാലിക്കുന്ന ഒരു ആളായതിനാൽ യാത്രക്ക് സമയപരിധി ഒന്നും വെച്ചില്ല.... കാഴ്ചകൾ കണ്ടു സന്ധ്യക്ക്‌ എത്തിചേരുന്നിടത്ത് വിശ്രമിക്കുക. രാവിലെ വീണ്ടും യാത്ര തുടങ്ങുക.  ഇതായിരുന്നു ആശയം. യാത്ര പോകുന്നതിനു മുൻപ് റൂട്ട് മാപ്പുകൾ ഉണ്ടാക്കിയും സന്ദർശിക്കുന്ന സ്ഥലത്തിന്റെ ചരിത്രം, പ്രത്യേകതകൾ എന്നിവ മനസ്സിലാക്കുന്നത് ഏറെ ഗുണകരമാണ്.

മൂന്നാർ, മീശപ്പുലിമല ഇതിനിടയിലേക്കു മറയൂരും കാന്തലൂരും കയറി വന്നത് അങ്ങനെയാണ്. സേലം റൂട്ട് ഒഴിവാക്കി കൊല്ലഗെൽ- സത്യമംഗലം വഴി ഉദുമൽ പേട്ടു തിരഞ്ഞെടുത്തത് ആ വഴിയിലെ കാഴ്ചകൾ ആയിരുന്നു.ബൈക്ക് റൈഡ് രണ്ടു ദിവസത്തിന് മേലേക്ക് പോകുമ്പോൾ ഉണ്ടാവുന്ന ചില പ്രായോഗ്യകബുദ്ധിമുട്ടുകൾ ഉണ്ട്. അതിലൊന്നാണ് ലഗ്ഗേജ് കൊണ്ട് പോകുന്നത്. Saddle ബാഗും rear carrier ഉം ആണ് നല്ലത്. ഉപയോഗിച്ച ടൂൾസും എക്വിപ്മെന്റ്സും ഈ വിവരണത്തിൻറെ അവസാനം ചേർക്കാം. ആദ്യ ദിവസം കൊല്ലഗൽ സത്യമംഗലം ഉദുമൽപേട്ടു വഴി മറയൂർ ആയിരുന്നു ലക്‌ഷ്യം. പുസ്തക താളുകൾ മറിയുന്നതുപോലെ പാതയോരത്തെ കാഴ്ചകളും മാറി വന്നു. തണുപ്പിൽ നിന്നും ചൂടിലേക്കും ഇടയ്ക്കിടെ പെയ്ത ചാറ്റൽ മഴയിലൂടെ ഞങൾ മൂന്നാറിലേക്ക് യാത്ര തുടങ്ങി... 


സാധാരണയായി മൂന്നാറിൽ വരുന്നവർ രാജമലയിൽ യാത്ര അവസാനിപ്പികാറാണ് പതിവ്. മറയൂരിലെ ചന്ദന കാടുകളും ശർക്കരയും ശിലാ യുഗത്തിലെ മുനിയറകളും തേടി വരുന്നവർ കുറവാണ്. ബാംഗ്ലൂരിൽ നിന്നും വരുമ്പോൾ ആദ്യം മറയൂർ ആയതിനാൽ. ഞങ്ങൾ അവിടെ താമസിക്കാൻ തീരുമാനിച്ചു. മറയൂർ എന്നാൽ മറവരുടെ ഊര് എന്നോ മറഞ്ഞിരിക്കുന്ന ഊര് എന്നോ വ്യാഖ്യാനിക്കാം. മറയൂരിലെ പൂർവ്വികർ പാണ്ടിനാട്ടിൽ നിന്നും രാജകോപം ഭയന്ന്‌ കൊടൈക്കാടുകൾ കയറി മറഞ്ഞിരിക്കാനൊരിടം തേടി വന്നവരാണെന്നാണ് വിശ്വാസം. പല ജാതികളിൽപ്പെട്ട അവരുടെ കൂട്ടത്തിൽ തമ്പ്രാക്കളും കീഴാളരുമുണ്ടായിരുന്നു. അഞ്ചുനാട്ടുപാറയിൽ ഒത്തുചേർന്ന അവർ പാലിൽതൊട്ട്‌ സത്യം ചെയ്‌ത്‌ ഒറ്റ ജാതിയായി. അവർ അഞ്ച്‌ ഊരുകളുണ്ടാക്കി അഞ്ചുനാട്ടുകാരായി ജീവിച്ചു പോന്നു. മറയൂർ, കാരയൂർ, കീഴാന്തൂർ, കാന്തല്ലൂർ, കൊട്ടക്കുടി എന്നിവയാണ്‌ ഈ അഞ്ചുനാടുകൾ.


മറയൂരിലെ ആദ്യ സന്ദർശനസ്ഥലം മുനിയറ ആയിരുന്നു. ശിലായുഗത്തിലെ ശേഷിപ്പുകൾ സംരക്ഷിക്കപ്പെടുന്നത് ലോകത്തിലെ മറ്റെല്ലാം രാജ്യത്തിനും മാതൃകയാണ്.... ചില കല്ലുകളിൽ മൊബൈൽ നമ്പറുകൾ വരെ ഉണ്ടായിരുന്നു. സമീപ വാസികൾക്കു റൂഫ് ക്യാപ് ശിലകൾ വാഷിംഗ് സ്റ്റോണിന് പറ്റിയ കല്ലുകൾ മാത്രമായിയുന്നു. വലിയ തിരക്ക് പ്രതീക്ഷിച്ചു എത്തിയ ഞങ്ങൾ ആരെയും ആ കുന്നിൽ കണ്ടില്ല. ചില മുനിയറ പൊളിച്ചു ആധുനിക ശിൽപിമാർ അവിടെ ഒരു സ്തൂപം ഉണ്ടാക്കിയിട്ടുണ്ട്. ആരും നോക്കാനും സംരക്ഷിക്കപ്പെടാനും ഇല്ലാതെ ആ ശിലായുഗ ശേഷിപ്പുകൾ സന്ദർശകരുടെ "മാലിന്യം" ഏറ്റുവാങ്ങി കൊണ്ടിരിന്നു. ഈ അലക്കു കല്ല് കാണാനാണോ ഇത്രേം ദൂരം വന്നത് എന്ന ചോദ്യം സഹായാത്രികയിൽ നിന്ന് എന്ത് കൊണ്ടോ വന്നില്ല. ഈ കല്ലിൽ ഇനിയും ഡീകോഡ് ചെയ്യാൻ സാധിക്കാത്ത ലിപികൾ ഉണ്ട് എന്നും അങ്ങ് ദൂരെ കാണുന്ന തെങ്കാശി കോവിലിൽ ഒരു ഗുഹാമുഖത്തെ കല്ലിലെ ലിപികൾ വായിച്ചാൽ ഗുഹമുഖം തുറക്കുമെന്നും ആ ഗുഹ അവസാനിക്കുന്നത് പഴനിമലയിൽ ആണെന്നുമുള്ള കഥ ഈ ചോദ്യത്തിനു മറുപടിയായി കരുതിയിരുന്നു. ഓരോ നാട്ടിലും ഇങ്ങനെ ഓരോ കഥകൾ ഉണ്ടാകും. അതിനു പാണ്ഡവർ ആയോ രാമന്റെ വനവാസം ആയോ എന്തെങ്കിലും ബന്ധം കാണും. ഉപായ കൗശല എന്നത് ധർമ്മ തത്വങ്ങളെ പ്രാദേശീക ആചാരങ്ങളുമായി കൂട്ടിയിണക്കി സാധാരണക്കാർക്ക് മനസിലാക്കുവാൻ ചെറു കഥകളായി അവതരിപ്പിക്കുക എന്നതാണ് . കഥകളും പ്രാദേശിക ആചാരങ്ങളും വേർതിരിച്ചെടുക്കാൻ സാധിക്കാത്തവിധം കാണപ്പെടുന്നതിൻ്റെ കാരണം ഇതാണ്.


അടുത്ത ലക്‌ഷ്യം മറയൂർ ശർക്കര ആയിരുന്നു കാന്തല്ലൂർക്കുള്ള വഴിയിൽ ഒരു പാട് കരിമ്പിൻ തോട്ടങ്ങളും, പരമ്പരാഗത രീതിയിൽ ശർക്കര നിർമിക്കുന്ന ചെറിയ ഉത്പാദന കേന്ദ്രങ്ങളും കാണാം. കരിമ്പിൻ ജ്യൂസ് ഒരു വലിയ കൊട്ടകത്തിൽ വെച്ച് തിളപ്പിച്ച് ഒരു മോൾഡിലേക്കു ഒഴിച്ച് ചൂടോടെ ഉരുട്ടി എടുക്കുന്നതാണ് പ്രോസസ്. പറയുമ്പോൾ വളരെ എളുപ്പമാണെങ്കിലും, ഇതിനു കൃത്യമായ കണക്കും കൂട്ടും ഒക്കെയുണ്ട്. ഒരു കൃഷിയിടത്തിലേക്കു കയറി ചെന്നപ്പോൾ തന്നെ അവർ കുറച്ചു ശർക്കര തന്നു സ്വീകരിച്ചു. ശർക്കര വേണോ എന്ന ചോദ്യത്തിന് വാങ്ങാം എന്ന് പറഞ്ഞു. ശർക്കര ഉണ്ടാക്കുന്നത് കൗതകപൂർവ്വം കാണുമ്പോഴാണ് ഒരു ആഡംബര കാറിൽ രണ്ടുമൂന്നു പേർ അങ്ങോട്ട് കയറിവരുന്നത്. അവർക്കും കുറച്ചു ശർക്കര കൊടുത്തു .പതിവ് ചോദ്യം അവരോടും ചോദിച്ചു ശർക്കര വേണോ? കിലോ 70 രൂപ. ഒരു പക്ഷെ ഈ കാണുന്ന ശർക്കര മുഴുവൻ അവർ ഇടനിലക്കാർക്ക് ഇതിലും ചെറിയ വിലക്കാകും കൊടുക്കുന്നത്. ഇങ്ങനെ എപ്പോഴെങ്കിലും വരുന്ന സഞ്ചാരികൾ ആണ് ഇവരുടെ പ്രതീക്ഷ. വന്ന മലയാളികൾ ഉടൻ തന്നെ ആ ചോദ്യത്തിന് 70 രൂപയോ. നാട്ടിൽ 60 രൂപയെ ഉള്ളൂ. ഇത്രേം ദൂരം വണ്ടി ഓടിച്ചിട്ട് ഇത്രേം വിലക്ക് വാങ്ങുന്നത് നഷ്ടമാണ് എന്നൊക്കെ പറയുന്നുണ്ട്. ശർക്കര വാങ്ങാൻ വേണ്ടി മാത്രം കാന്തല്ലൂർ റൂട്ടിൽ വണ്ടി ഓടിച്ചു വന്ന അവരെ ഞാൻ വെറുതെ നോക്കി. സത്യം പറയട്ടെ ആ മനുഷ്യരെയും പരിസരവും കണ്ടാൽ നമുക്ക് ഒരിക്കലും വിലപേശാൻ തോന്നില്ല. ഇടയ്ക്കു കയറി ഞാൻ ഒരു കിലോ ശർക്കര എന്ന് പറഞ്ഞു 70 രൂപയും കൊടുത്തു. അവർക്കിടയിലെ തടസ്സം ഒരു പക്ഷെ ഞാൻ ആവാം. ഞാനും വില കുറച്ചു ചോദിച്ചാലോ. 10 നും 20 നും വേണ്ടി ഇവരൊക്കെ മാളിലും ഹോട്ടലിലും വിലപേശുമോ? എന്നുള്ള ഒരു പഴയ fb പോസ്റ്റ് ഓർമ്മ വന്നു... ഒരു പക്ഷെ ഇവരും ഇതൊക്കെ ഷെയർ ചെയ്തു കാണണം.


അടുത്ത ലക്ഷ്യം കാന്തല്ലൂർ ആപ്പിൾ ഓറഞ്ച് തോട്ടങ്ങൾ ആയിരുന്നു. സ്ഥലങ്ങളെ പറ്റി അറിയാൻ ഏറ്റവും നല്ലത് ചായക്കടയിൽ കയറി ഒരു ചായ കുടിച്ചു അന്വേഷിക്കുക. എന്തെങ്കിലുമൊക്കെ നമുക്ക് അവിടെ നിന്നും കിട്ടും. കാന്തല്ലൂർ എത്തുന്നത് വരെ മൂടൽ മഞ്ഞായിരുന്നു. ഒട്ടും മുന്നോട്ട് കാണാൻ പറ്റാതെ വളരെ പതുക്കെയാണ് വണ്ടി ഓടിച്ചത്. ആദ്യം കണ്ട പഞ്ചായത്തു ഓഫീസിന് മുന്നിലുള്ള സത്യൻ അന്തിക്കാട് സിനിമയിലെ ചായക്കട പോലെ ഒന്ന് കണ്ടു. അതിൽ കയറി ഒരു ചായ ഓർഡർ ചെയ്തു കടക്കാരനോട് കുശലം ചോദിച്ചു. പ്രതീക്ഷ തെറ്റിയില്ല "തല്പരകക്ഷിയാണ്". ഭ്രമരം സിനിമയിലെ വഴിയും, ആപ്പിൾ തോട്ടത്തിലേക്കുള്ള വഴിയും, മണ്ണിന്റെ മക്കൾ കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടത്തിലേക്കുള്ള വഴിയും അയാൾ പറഞ്ഞു തന്നു. 


ഞങ്ങൾ ബാംഗ്ലൂരിൽ നിന്നും ബൈക്കിൽ ആണ് യാത്ര എന്നും മീശപ്പുലിമല ആണ് ലക്‌ഷ്യം എന്നും പറഞ്ഞപ്പോൾ അയാൾ ഒന്ന് കൂടി പറഞ്ഞു. കാന്തല്ലൂർ ടൗണിൽ നിന്നും കുറച്ചു കൂടി പോയാൽ ഷോലെ ആനമുടി നാഷണൽ പാർക്ക് വഴി മാട്ടുപ്പെട്ടിക്കുള്ള വഴി അയാൾ സൂചിപ്പിച്ചു. അതായിരുന്നു പഴയ മൂന്നാർ റോഡ് എന്നൊക്കെ പറഞ്ഞു. എന്റെ അറിവിൽ ഓൾഡ് മൂന്നാർ റോഡ് ആലുവയെ ബന്ധിപ്പിക്കുന്ന, 1924 ലെ മഹാ പ്രളയത്തിൽ തകർന്നു പോയ ബ്രിട്ടീഷുകാരുടെ റോഡ് ആയിരുന്നു. തർക്കിക്കാൻ ഒന്നും പോയില്ല. എല്ലാം കേട്ട് കൊണ്ടിരുന്നു. ആവേശം പകരാൻ ഇടക്കിടെ കൗതകപൂർവ്വം ചോദ്യങ്ങളും ചോദിച്ചു. അമരാവതി ഡാമിലെ മുതല കുഞ്ഞുങ്ങളെ കുറിച്ചും ജൈവ കൃഷിയുടെ ആവശ്യകതെ കുറിച്ചും എല്ലാം കേട്ട് ഞങ്ങൾ ജീവിതത്തിൽ ആദ്യമായി ആപ്പിൾ മരങ്ങൾ കാണാൻ പുറപ്പെട്ടു. ആപ്പിൾ പാകമായിരുന്നില്ല. എങ്കിലും കോരി ചൊരിയുന്ന മഴയത്ത് ആപ്പിളും ഓറഞ്ചും പ്ലംമും കായ്ച്ചുനിൽക്കുന്ന തോട്ടത്തിൽ വെറുതെ കറങ്ങി നടന്നു. കുറേ കാലത്തിനു ശേഷമാണ് കാന്തല്ലൂരിൽ ഇങ്ങനെ മഴ പെയ്യുന്നത് പോലും. തോട്ടത്തിൽ കണ്ട പണിക്കാരി പറഞ്ഞതാണ്... പെയ്യുമല്ലോ! ഏതാണ്ട് ഇതോടു കൂട്ടി ചേർത്തുവായിക്കാൻ പറ്റിയ വണ്ണം ഒരു ചിരി റോഷ്നിയിൽ കണ്ടു. പച്ചക്കറി തോട്ടത്തിലേക്ക് കയറുമ്പോൾ തന്നെ അവിടെ ഒരു ബോർഡ് കണ്ടു. പുറത്തു നിന്നുള്ളവർ വിനോദത്തിനായി ഊരിൽ പ്രവേശിക്കരുത്. കുറച്ചു നേരം ബോർഡ് നോക്കി നിന്ന് തിരിച്ചു പോന്നു. ഭ്രമരം ഷൂട്ട് ചെയ്ത സ്ഥലമൊക്കെ കണ്ടു തിരിച്ചു റൂമിലേക്ക് പോന്നു.


സന്ധ്യക്ക്‌ മുൻപ് സൂര്യനെല്ലി എത്തണം ഇല്ലെങ്കിൽ മൂന്നാർ ആണ് ലക്‌ഷ്യം. കാടും തേയില തോട്ടങ്ങളും ചെറു വെള്ളച്ചാട്ടങ്ങളും കോടമഞ്ഞും താണ്ടി വൈകുന്നേരം മൂന്നാർ എത്തി. അങ്ങനെ കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾക്കു വേണ്ടിയുള്ള മൂന്നാറിന്റെ കാത്തിരിപ്പ് ഇവിടെ പൂർണമാകുകയാണ്. മൂന്നാറിൽ തങ്ങണോ അതോ സൂര്യനെല്ലിക്ക് പോകണോ എന്ന് ചിന്തിച്ചു മാട്ടുപ്പെട്ടി റോഡിൽ നിൽക്കുമ്പോൾ ആണ് ഓർമ്മ വരുന്നത് രണ്ടു ദിവസമായി മൊബൈൽ റേഞ്ച് ഒന്നും ഇല്ലാതെ ബാഹ്യ ലോകവുമായി ഒരു ബന്ധവുമില്ലാത്ത നിൽക്കുകയാണ്. മറയൂർ എത്തി എന്ന് ഹോട്ടലിലെ ലാൻഡ് ഫോണിൽ നിന്ന് വിളിച്ചു പറഞ്ഞിരുന്നു. BSNL കണക്ഷൻ ഇത്തരം യാത്രകളിൽ അത്യന്താപേക്ഷിതമാണ്. ചില ഓഫീസ് കോളുകളും വീട്ടിലേക്കും വിളിച്ചു കഴിഞ്ഞപ്പോഴാണ് അങ്കിൾ വിളിക്കുന്നത്. മൂന്നാറിലെ ഒരു ഫ്രണ്ടിന്റെ നമ്പർ തന്നു. അവശ്യമുണ്ടേൽ വിളിക്കാനും പറഞ്ഞു. റോഷ്നിയോട് MAP ഡൌൺലോഡ് ചെയ്യാൻ പറഞ്ഞു ഞാൻ ഷിബിൻനെ വിളിച്ചു. മീശപ്പുലിമലയിൽ മഞ്ഞുകാണണം ആവശ്യം പറഞ്ഞപ്പോൾ ചിന്ന കനാലിലേക്ക് വന്നു കൊള്ളാൻ പറഞ്ഞു. കേരളാ ടൂറിസം വകുപ്പിന്റെ സൈറ്റ് വഴി പല തവണ ഫോണിൽ ബന്ധപ്പെടാൻ നോക്കിയിരുന്നു. ആരും പ്രതികരിച്ചില്ല. അത് കൊണ്ട് കൊളുക്കുമല വഴി മീശപ്പുലിമല തിരഞ്ഞെടുത്തു. ഷിബിൻ വളരെ കുറഞ്ഞ ചിലവിൽ അവിടെ ഹോം സ്റ്റേ ബുക്ക് ചെയ്തു തരാമെന്നു പറഞ്ഞു. രാവിലെ കൊളുക്കു മലക്കുള്ള ജീപ്പും ബുക്ക് ചെയ്തു തരാമെന്നു പറഞ്ഞു. സൂര്യനെല്ലി തമിഴ്‌നാടും കേരളവും അതിർത്തി പങ്കിടുന്ന ഒരു ഗ്രാമമാണ്. ചിന്നകനാൽ മൂന്നാറിനും സൂര്യനെല്ലിക്കും ഇടക്കുള്ള, ഒരു പാട് ഹോംസ്റ്റേകളും വൻകിട ഹോട്ടലുകൾ ഉള്ള സ്ഥലമാണ്. സൂര്യനെല്ലി എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് 16 വയസുള്ള ഒരു പെൺകുട്ടിയെയും രാജുവെന്ന ചതിയനെയും ഇതിന്റെ പശ്ചാത്തലത്തിൽ നിർമിച്ച അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയും ആണ്. 2005 ഇൽ ഹൈകോടതി ഈ കേസിൽ വിധിപറഞ്ഞപ്പോൾ ബാംഗ്ളൂരിൽ ഒരു കുടുസ് മുറിയിൽ, 14 ഇഞ്ച് ടിവിക്ക് മുന്നിൽ നിന്ന് ഞങൾ രോഷാകുലരായിട്ടുണ്ട്. അന്ന് ഞങൾ സുഹൃത്തുക്കൾക്കിടയിലും ഉണ്ടായിരുന്നു അഭിപ്രായ വിത്യാസം. പ്രതികളുടെ ഭാഗം ശക്തമായി വാദിച്ച എന്റെ പ്രിയ സുഹൃത്തിന്റെ പേരിലും ആകസ്മികമായി ഉണ്ടായിരുന്നു "കുര്യൻ" എന്ന വാല്. ഇതൊക്കെ ഓർത്തു നിക്കുമ്പോഴാണ് ഷിബിൻ ലൊക്കേഷൻ ഷെയർ ചെയ്തത്.


നേരെ ദേവികുളം വഴി ചിന്ന കനാലിന് പിടിച്ചു. പെട്ടന്നാണ് ഗൂഗിൾ മാപ് ഇടത്തോട്ട് കാണിച്ച വഴിയിൽ ഒരു ബോർഡ് കണ്ടത് "പ്രൈവറ്റ് റോഡ്". ബോർഡിന് മുന്നിൽ നിന്ന് മെയിൻ റോഡിലൂടെ വരുന്ന ഓട്ടോക്കാരോട് ചോദിച്ചു. അയാളും ആ വഴി തന്നെ പറഞ്ഞു. തേയില തൊട്ടത്തിന് നടുവിലൂടെ ഒരു ചെറിയ off road. പ്രൈവറ്റ് റോഡ് ആണേലും അതിലൂടെ പോയിക്കൊള്ളാൻ പറഞ്ഞു. അതിലൂടെ ദേവികുളം റോഡിൽ എത്തി. മൂന്നാർ എന്ന പട്ടണം പിന്നിട്ടിരിക്കുന്നു. ദേവികുളം മുതൽ ശക്തമായ മഴ. ഒരു ചായക്കടയിൽ നിർത്തി ബാഗ് എല്ലാം കവർ ചെയ്തു യാത്ര തുടങ്ങി. സമയം രാത്രി ആയതു പോലെ ശക്തമായ കോടയും തണുപ്പും കാരണം യാത്ര വളരെ പതുക്കെ ആയിരുന്നു. മഴയുടെ ശക്തി കൂടി കൂടി വന്നു. 1924 ലും ഇതേ പോലെ മഴ പെയ്തിരിക്കണം. അതുവഴി പെരിയാറിലെ വെള്ളപ്പൊക്കം മുതിരപ്പുഴയിൽ പ്രളയമുണ്ടാക്കുകയും മാട്ടുപ്പെട്ടിയിലെ പ്രകൃത്യാ നിർമിതമായ അണക്കെട്ട് പൊട്ടുകയും അത് ബ്രിട്ടീഷുകാർ നിർമിച്ച മൂന്നാർ പട്ടണവും റോഡും തകർത്തു കളയുകയും ചെയ്തു. കുണ്ടളവാലി റെയില്‍വേ' എന്നറിയപ്പെട്ടിരുന്ന മൂന്നാറിലെ നാരോഗേജ് റെയില്‍ ലൈനുകളും, സ്റ്റേഷനുകളും പ്രളയം പരിപൂര്‍ണമായി തുടച്ചുനീക്കിക്കളഞ്ഞു. റെയില്‍പാളങ്ങള്‍ ഒലിച്ചുപോയി, പാലങ്ങള്‍ തകര്‍ന്നു, കെട്ടിടങ്ങള്‍ ഉപയോഗശൂന്യമായി, തേയില ഫാക്ടറികള്‍ തകര്‍ന്നടിഞ്ഞു. തേയില കൊണ്ടുപോകാനായി 1902 ല്‍ സ്ഥാപിച്ച റയില്‍പ്പാത മൂന്നാറില്‍ നിന്ന് മാട്ടുപ്പെട്ടി, കുണ്ടള വഴി തമിഴ്നാടിന്‍റെ അതിര്‍ത്തിയായ ടോപ്‌സ്റ്റേഷന്‍ വരെയായിരുന്നു. മൂന്നാറിലെ തേയില ടോപ്‌സ്റ്റേഷനില്‍നിന്ന്‍ റോപ് വേ വഴി ബോഡിനായ്ക്കന്നൂരിലേയ്ക്കും, തുടര്‍ന്ന് തൂത്തുക്കുടി തുറമുഖത്തെത്തിച്ച് കപ്പല്‍ കയറ്റുകയുമായിരുന്നു പതിവ്. കുട്ടമ്പുഴ- പൂയംകുട്ടി- മണികണ്ഡന്‍ചാല്‍- പെരുമ്പന്‍കുത്ത്- മാങ്കുളം- കരിന്തിരിമല- അന്‍പതാംമൈല്‍- ലെച്ച്മി വഴിയായിരുന്നു അന്ന് മൂന്നാറിനെയും ആലുവയെയും ബന്ധിപ്പിക്കുന്ന പാത കടന്നുപോയിരുന്നത്. മധുരയെയും മുസിരിസിനെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലൂടെ കടന്നുപോയിരുന്ന പുരാതനപാതയാണിത് എന്നും വിശ്വസിക്കപ്പെടുന്നു. മാങ്കുളത്തിനും മൂന്നാറിനുമിടയിലായി സ്ഥിതി ചെയ്തിരുന്ന കരിന്തിരി എന്ന വലിയ മല ഭീകരമായ ഒരു മണ്ണിടിച്ചിലിനെ തുടര്‍ന്ന് പൂര്‍ണമായിത്തന്നെ ഇല്ലാതായി. 'പഴയ ആലുവ- മൂന്നാര്‍ റോഡ്‌' എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന ഈ പാത കടന്നുപോയിരുന്നത്, പെരിയാറിന്‍റെ കൈവഴിയായ കരിന്തിരിയാറിന്‍റെ കരയില്‍ തലയുയര്‍ത്തിനിന്നിരുന്ന ഈ മലയ്ക്കടുത്തുകൂടിയായിരുന്നു. മലയിടിച്ചില്‍ ആ പാതയുടെ ഒരു ഭാഗത്തെ ഭൂപടത്തില്‍ നിന്നുതന്നെ തുടച്ചുനീക്കി. വെള്ളപ്പൊക്കത്തില്‍ രൂപംകൊണ്ട തടാകം ഇപ്പോഴും പഴയ മൂന്നാറിലുണ്ട്, ഒരു ദുരന്തസ്മാരകം പോലെ ചിലതൊക്കെ നമ്മെ ഓര്‍മ്മിപ്പിക്കാനായി. പ്രളയം മായ്ച്ചുകളഞ്ഞത് അതിരുകളും അടയാളങ്ങളും മാത്രമല്ല, ചരിത്രത്തെ കൂടിയായിരുന്നു. കേരളത്തിന്‍റെ പല പ്രധാനചരിത്രരേഖകളും നശിച്ചുപോയത് ഈ പ്രളയത്തിലായിരുന്നു എന്നാണ് കരുതപ്പെടുന്നത്. പ്രളയം മാറ്റിവരച്ച ഭൂപടങ്ങള്‍ ലോകത്ത് പലയിടത്തുമുണ്ട്. പ്രകൃതിദുരന്തങ്ങള്‍ അത്ര പതിവില്ലാത്തതുകൊണ്ട് മാത്രമല്ല, ആ പ്രളയം കേരളചരിത്രത്തിലെ ഒരു പ്രധാനഅദ്ധ്യായം ആയതുകൊണ്ടുകൂടിയാണ് 'ആ വെള്ളപ്പൊക്കം' ഇപ്പോഴും നമ്മള്‍ ഇടയ്ക്കിടെ കേട്ടുകൊണ്ടിരിക്കുന്നത്. 7 മണി ആയിട്ടും ഞങ്ങൾ ചിന്നകനാലിൽ എത്തിയിട്ടില്ല. ഇനിയും ഉണ്ട് 3 കിലോമീറ്റർ. അസഹ്യമായ തണുപ്പും ഇരുട്ടും നീണ്ട ബ്ലോക്കും. ഒരു ഹോം സ്റ്റേയുടെ ബോർഡ് കണ്ടു. അവിടെ താമസിക്കാൻ തീരുമാനിച്ചു. ഷിബിനെ വിളിച്ചു സോറി പറഞ്ഞു. രാവിലെ 4 മണിക്ക് റെഡി ആയി സൂര്യനെല്ലിയിൽ എത്തി ജീപ്പ് ഡ്രൈവറെ കോണ്ടാക്ട് ചെയാനുള്ള നമ്പർ തന്നു.


 ലാലിച്ചനോട്‌ (ഹോം സ്റ്റേ) മീശപ്പുലിമല കയറാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ.. ഈ മഴയത്തോ? ഭയങ്കര അപകടം ആണ് എന്നൊക്കെ നിരുത്സാഹപ്പെടുത്തി. ബൈക്കിൽ കൊളുക്കുമലക്ക് പോകാൻ ഹാരിസൺ എസ്റ്റേറ്റുകാർക്ക് പൈസ കൊടുത്താൽ പറ്റുമോ എന്ന ചോദ്യത്തിന്.... കഴിഞ്ഞ കൊല്ലം ഒരുത്തൻ ഇതേ പോലെ ബൈക്കിൽ പോയതാ ഇതേ പോലെ.... ഒടിച്ചു കുത്തി താഴെ വീണു... ആലുവ പോകേണ്ടി വന്നു തുന്നിക്കെട്ടാൻ എന്നൊക്കെ പറഞ്ഞു ഡെസ്പ് ആക്കി കളഞ്ഞു... കൂടുതൽ ചോദിച്ചാൽ നാളത്തെ പോക്ക് മുടങ്ങും. ജീപ്പ് ഡ്രൈവറെ വിളിച്ചു ചോദിച്ചു. മഴ ഇല്ലേൽ പ്രോബ്ലം ഇല്ല എന്ന് പറഞ്ഞു. പണ്ട് ഡ്രിൽ പിരീഡിന് തൊട്ടു മുൻപ് ആകാശം മൂടിക്കിടക്കുമ്പോൾ നമുക്കുണ്ടാവുന്ന ഒരു വിഷമമുണ്ട്. അറിയാവുന്ന സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിക്കും. വിദ്യാലയ ജീവിതത്തിന് ശേഷം ഇന്നിതാ വീണ്ടും.... 4 മണിക്ക് വേക്ക് അപ്പ് കോള് തരാം എന്ന് പറഞ്ഞ നമ്മുടെ ഡ്രൈവർ 4.15 ആയിട്ടും വിളിച്ചില്ല. അവിടെ മഴയാണെങ്കിൽ വരില്ല എന്ന് പറഞ്ഞിരുന്നു. ഇനി ഒരു പക്ഷെ ഈ യാത്രയിൽ ഇത് നടക്കില്ലായിരിക്കും. ഇല്ലേൽ ഒരു ദിവസം കൂടി ലീവ് നീട്ടി തിങ്കളാഴ്ച പോയാലോ എന്നാലോചിച്ചു. ഡ്രൈവറെ വെറുതെ വിളിച്ചു നോക്കി, സുഹൃത് ഉറങ്ങി പോയതാണ്. അങ്ങനെ ഉറക്കം പ്രാധാന ജീവിതലക്‌ഷ്യം ആക്കിയ രണ്ടുപേർ, സർവോപരി ഒരു പരീക്ഷക്ക് പോലും പുലർച്ചെ എഴുന്നേൽക്കാത്ത, എഴുനേറ്റു പഠിക്കാൻ മടിച്ചു, പഠിക്കാൻ ബാക്കി വെച്ച ഭാഗങ്ങൾ ഒട്ടും important അല്ല എന്ന് മനസ്സിനെ ധരിപ്പിച്ചു കൂടുതൽ ഉറങ്ങുന്ന ആ സമാന ചിന്താഗതിക്കാർ ഇന്നിതാ ഈ പുലർച്ചെ കൊടും തണുപ്പിൽ ഉദയം കാണാൻ റെഡിയായി നിൽക്കുന്നു.ഹാരിസൺ എസ്റ്റേറ്റ്ലൂടെ കൊളുക്കു മലയിലേക്ക് ജീപ്പിൽ യാത്ര തുടങ്ങി. ലാലിച്ചനോട്‌ ചോദിച്ച ആ ചോദ്യം എത്ര വിഢിത്തം നിറഞ്ഞതായിരുന്നു എന്ന് പാതി വഴി പിന്നിട്ടപ്പോൾ മനസിലായി. ഉദയത്തിനു മുൻപ് കൊളുക്കു മലയിൽ എത്തി. ഇപ്പോൾ 2160 മീറ്റർ മുകളിൽ ആണ്. മുന്നിൽ കാണുന്ന മലയാണോ മീശപ്പുലിമ എന്ന ചോദ്യത്തിന് അത് കയറി അതിനപ്പുറം ആണ് നമ്മുടെ ടാർഗറ്റ് എന്ന് ഡ്രൈവർ പറഞ്ഞു. അവിടെ കുറച്ചു പേർ ഉണ്ടായിരുന്നു എല്ലാവരും സൂര്യഭഗവാന്റെ പൊൻകിരണങ്ങൾക്ക് കൺ പാർത്തിരിക്കുകയാണ്. നമ്മുടെ ഡ്രൈവർ ചേട്ടൻ "ആൻ മരിയ കലിപ്പിലാണ്" എന്ന മൂവിയിലെ ദുൽക്കറിന്റെ ഇൻട്രോ എടുത്ത സ്ഥലത്തെക്കുള്ള വഴി പറഞ്ഞു തന്നു.. അങ്ങോട്ട് നടന്നു ക്യാമറ തലങ്ങും വിലങ്ങും ക്ലിക്ക് ചെയ്തു. ഭാഗ്യം എന്ന് പറയട്ടെ കോട കട്ട പിടിച്ചു നല്ല ഭംഗിയായിരുന്നു പ്രഭാതം. നേരെ കൊളുക്കുമല ടീ എസ്റ്റേറ്റ് വഴി മീശപ്പുലിമല ട്രക്ക് ചെയ്യാനുള്ള ടിക്കറ്റ് എടുത്തു. നമുക്ക് മുന്നേ 5 പേരടങ്ങിയ സംഘം മുന്നിൽ പോയിരുന്നു. കുറച്ചു പിറകിലായി ഞാനും റോഷ്നിയും.


 ഇന്നലെ ഡ്രൈവർ ചേട്ടൻ ഗൈഡ് ആയി വരാം എന്ന് പറഞ്ഞിരുന്നു. ഇല്ലേൽ ട്രക്ക് ചെയ്യൽ ബുദ്ധിമുട്ടാണ് എന്നാണ് പറഞ്ഞത്. കൊളുക്കു മലയിൽ എത്തിയപ്പോൾ ഇന്ന് എന്തോ RTO മീറ്റിംഗ് ഉണ്ട് എന്ന് പറഞ്ഞു, വഴിയും പറഞ്ഞു തന്ന് നൈസ് ആയി ഊരി. "നന്നായി അഭിനയിക്കാന്‍ കഴിയുന്നവനേ നല്ല കച്ചവടക്കാരനാകാന്‍ പറ്റു. സ്നേഹവും അടുപ്പവുമെല്ലാം ഭംഗിയായി അഭിനയിക്കണം കഴുത്തറക്കുമ്പോഴും പുഞ്ചിരിക്കണം. ചതിക്കുമ്പോഴും സഹായിക്കുകയാണെന്നു തോന്നണം. നുണപറയുമ്പോഴും സത്യ പ്രഭാഷണം നടത്തുന്ന വിശുദ്ധന്റെ മുഖഭാവമായിരിക്കണം. ഒരിക്കിലും മുഖത്ത് ദേഷ്യം വരാന്‍ പാടില്ല". ഫ്രാൻസിസ് ഇട്ടിക്കൊരായിൽ വായിച്ചതാണ്. എന്തോ പെട്ടന്ന് അതാണ് ഓർമ വന്നത്. അയാൾ പറഞ്ഞ അടയാളങ്ങൾ വെച്ച് തേയില എസ്റ്റേറ്റിലൂടെ നടന്നു. അവസാനത്തെ ഇടിഞ്ഞു പൊളിഞ്ഞ വീട്ടിനു പിറകിലെ ഈറ്റ കാട്ടിലൂടെ മീശപ്പുലിമലയുടെ കുത്തനെയുള്ള കയറ്റത്തിനു താഴെ എത്താം എന്ന് പറഞ്ഞിരുന്നു. ഈറ്റക്കാടിൽ വെച്ച് ഞങ്ങൾക്ക് വഴി തെറ്റി. കുറച്ചു ദൂരം ഏകദേശ ദിശ മനസ്സിലാക്കി നടന്നപ്പോൾ മുന്നേപ്പോയ 5 പേർ നിൽക്കുന്നു. അവർക്ക് മുള്ളൻ പന്നിയുടെ മുള്ളു കിട്ടി. മുന്നോട്ടു പോകാൻ എന്തോ പേടിയുള്ളതുപോലെ. ഞങൾ വരാമെങ്കിൽ ഒപ്പം പോവാം എന്ന് പറഞ്ഞു. അപ്പോഴാണ് രോഷണിയുടെ മുഴുവൻ ഊർജവും ചോർത്തിക്കളഞ്ഞ "ആന്റി" സംബോധന ആ സുഹൃത്തുക്കളിൽ നിന്നുണ്ടായത്. മീശപ്പുലിമല കേരളത്തിലെ രണ്ടാമത്തെ വലിയ കൊടുമുടി ആണ്. വെസ്റ്റേൺ ഗാട്ടിലെ മൂന്നാമത്തേതും. രണ്ടാമത്തെ തമിഴ്‌നാട്ടിൽ മീശപ്പുലിമലക്ക് തൊട്ടു അടുത്തായി സ്ഥിതി ചെയ്യുന്ന മന്നാമലൈ ആണ്. അതിശക്തമായി വീശുന്ന കാറ്റ്, കുറച്ചു മുൻപ് ഫോട്ടോക്ക് മിഴിവേകിയ കട്ട പിടിച്ച കോട ചൂട് തട്ടി കാഴ്ചകൾ മറയ്ക്കാൻ തുടങ്ങിയിരുന്നു ഇതെല്ലാം അതിജീവിച്ചു കുത്തനെ ഉള്ള കയറ്റം മുളവടിയുടെ സഹായത്താൽ കീഴടക്കി മീശപ്പുലിമലയിൽ എത്തി. അന്ന് ഞങ്ങളുടെ ദിവസമായിരുന്നു... ഒന്നേ പറയാനുള്ളൂ പൗലോ കൊയ്ലോയുടെ സിനിമാക്കാർ ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചു മടുപ്പിച്ച ആ വാചകം "when you want something, all the universe conspires in helping you to achieve it" എന്തോ സാന്റിയാഗോയുടെ യാത്ര ഓർത്തുപോയി. അതിമനോഹരമായ കാഴ്ചകൾ... 2640 മീറ്റർ മുകളിൽ.... മഞ്ഞും പെയ്യുന്നു....... എല്ലാം ക്യാമറയിൽ ആക്കി. കുറെ നേരം അവിടെ ഇരുന്നു... എവറസ്റ്റ് ഇതിന്റെ മൂന്നിരട്ടിയാണ്. 


ഇങ്ങനെ മീശപ്പുലിമലയെ താരതമ്യം ചെയ്ത് ഓരോന്നും ഓർത്തു കൊണ്ടിരിക്കുമ്പോഴാണ്. എങ്ങോട്ടേക്കാണ് അടുത്ത യാത്ര എന്ന ചോദ്യം മനസ്സിലുദിക്കുന്നത്... കർതുങ് ലെ ?? കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആഗ്രഹിക്കുന്ന യാത്ര.... ഭാരതത്തിന്റെ ചരിത്രപരമായ സ്ഥലങ്ങളും സാമ്രാജ്യങ്ങളുടെ തലസ്ഥാങ്ങളുമായ ഹംപി (വിജയ സാമ്രാജ്യം)ബദാമി (ചാലൂക്യ) ഐഹോളെ.. അജന്ത എല്ലോറ... ലോത്തൽ (ഹാരപ്പ തുറമുഖം), ജയ്പൂർ, ഡൽഹി, ആഗ്ര, ഉജ്ജയ്നി, പാടലിപുത്രം, ഗയ, കലിംഗ, കാളി ഘട്ട്.ഇച്ഛാമതി.. കൊണാർക്ക്.. വാറങ്കൾ, വിദ്ധ്യ പർവതനിര, ഖജുരാവോ, ചൗസത്തി യോഗിണി ഒക്കെ കണ്ടു ലോകത്തിലെ ഉയരം കൂടിയ റോഡായ കർതുങ് ലെ യിലേക്ക് ഒരു 8000 കിലോമീറ്റർ യാത്ര... നടക്കുമോ?. സ്വതന്ത്രനാണു ഞാനെന്നൊക്കെ പറയുന്നതിൽ വാസ്തവത്തിൽ എന്തുകഴമ്പുണ്ട്? എത്രയോ മുൻ വിധികളുടെ അദ്രശ്യ ചരടുകളാൽ നിയന്ത്രിക്കപ്പെടുന്ന പാവകൂത്തുകളിലെ നിസ്സഹായരായ പാവകളെപ്പൊലെയാണു പലപ്പോഴും നമ്മൾ. തിരിച്ചുപോകാൻ സമയമായി അടുത്ത കൊല്ലം നീലക്കുറിഞ്ഞി പൂക്കും അന്ന് വീണ്ടും സൈലന്റ് വാലി വഴി ഇവിടെ കയറണം എന്നൊക്കെ പറഞ്ഞു തിരിച്ചിറങ്ങി. റൂം വെക്കേറ്റ്‌ ചെയ്ത് മൂന്നാറിൽ റൂം എടുത്തു. മൂന്നാറിൽ കറങ്ങി പിറ്റേന്ന് ഉച്ചയോടെ ബാംഗ്ളൂരിലേക്ക് തിരിച്ചു പോന്നു. തിരിച്ചു സേലം വഴി വന്നു. ഈ ഹൈവേ മൈലിൽ ആണോ രേഖപ്പെടുത്തിയത് എന്നൊരു സംശയം. എത്തുന്നില്ല. രാത്രി യാത്രയില്ല എന്നും പറഞ്ഞാണ് തുടങ്ങിയത് എങ്കിലും. മൂന്നാറിൽ നിന്നും സമയത്തു പുറപ്പെടാൻ കഴിയാത്തതിനാൽ രാത്രിയായി ഹൈവേ യാത്ര. വോൾവോ ബസുകൾ കൊടുങ്കാറ്റുപോലെയും കാറുകൾ ഫോർമുല f1 നു ട്രെയിനിങ് ചെയ്യുന്നതുപോലെ ഓരോ സെക്കൻഡും സേവ് ചെയ്തും, റോഡ് തോന്നുന്നപോലെ ഉപയോഗിക്കുന്ന തദ്ദേശ വാസികളും റോഡിൽ വല്യ വെല്ലുവിളി ആയിരുന്നു. സേലത്തിനും ധര്മപുരിക്കുമിടയിൽ ഒരു വല്യ ബ്ലോക്ക്. മാപ്പിൽ 3km. വണ്ടി നിർത്തി .കുറച്ചു നടന്ന് പൊലീസുകാരനോട് ചോദിച്ചു. 3-5 hrs ആകും ബ്ലോക്ക് ക്ലിയർ ചെയ്യാൻ എന്നും. ഒരു ട്രെയ്‌ലർ ലോറി റോഡിൽ മറഞ്ഞു കിടപ്പാണ്. മുന്നേ കുതിച്ചു പാഞ്ഞ മുഴുവൻ വണ്ടികളും അവിടെ കിടപ്പുണ്ട്. എവിടേക്കും തിരിയാൻ റോഡില്ല. ഒരു കിലോമീറ്റർ ചെന്നാൽ ഹൊഗനക്കൽ റോഡ് വഴി ഹൊസൂരിൽ കയറാം. ഇടതു വശമെല്ലാം വണ്ടി കയറ്റി വെച്ചിരിക്കുന്നു. എങ്ങനെയോ കുറച്ചു കഷ്ടപ്പെട്ട് ആ റോഡിൽ എത്തി പോലീസ് ഉണ്ടായിരുന്നു. ആ റോഡ് ഈ രാത്രി അത്ര സേഫ് അല്ല എന്ന് പറഞ്ഞു. മറ്റൊരു വഴി പറഞ്ഞു അപകടം നടന്ന സ്ഥലത്തിനപ്പുറം ഒരു 5 km കഴിഞ്ഞു എത്തുന്ന ഒരു വഴി.രാത്രി ആയതിനാൽ ആ വഴി യാത്ര വേണ്ടാ എന്ന് റോഷ്നി. എന്തോ ഒരു പേടി പോലെ. ആകാശത്തിന് താഴയുള്ള ഭൂമിയിലെ ഏതു മണ്ണും ജഗന്നാഥനുസമം എന്നും കാച്ചി ആ റോഡിലേക്ക് എടുത്തു. വഴി എവിടേയോ തെറ്റി പെട്രോൾ പൗമ്പിൽ നിന്നും ആദ്യം ഫുൾ ടാങ്ക് അടിച്ചു വഴി വീണ്ടും ചോദിച്ചു. എനിക്ക് തമിഴിലേക്ക് ഹിന്ദിയും ഇംഗ്ലീഷ് ഉം കയറി വരുന്നതിനാൽ (ഹിന്ദി വരുന്നത് തമിഴ് കന്നഡ എന്നീ ഭാഷ സംസാരിക്കുമ്പോൾ മാത്രമേ ഉള്ളൂ. ഹിന്ദി സംസാരിക്കുമ്പോൾ ഹിന്ദി ഉൾപ്പെടെ ഒന്നും വരില്ല.. ചുരുക്കത്തിൽ ഇതാണ് മലയാളം ഇംഗ്ലീഷ് അല്ലാതെ വേറെ ഒന്നും അറിയില്ല. ) റോഷ്നി തന്നെ അടിപൊളി മലയാളത്തിൽ ചോദിച്ചു. ആ വഴിയിൽ സന്ധ്യകഴിഞ്ഞാൽ ആരും പോകാറില്ല മൃഗങ്ങൾ ഇറങ്ങാറുണ്ട് എന്ന് പറഞ്ഞു. അയ്യോ ഇനി ഇപ്പോൾ തിരിച്ചു ആ ബ്ലോക്കിലേക്ക് തന്നെ പോകേണ്ടി വരുമോ എന്ന് ശങ്കിച്ച് നിൽക്കുമ്പോഴാണ് അയാൾ ഒരു വില്ലേജ് റോഡ് പറഞ്ഞു തന്നത്. അതിലൂടെ യാത്രയായി. ഒരു കാർഷിക ഗ്രാമത്തിലൂടെ ആയിരുന്നു യാത്ര. മുരുകന്റെ 'മാതൊരുഭഗൻ' ( അർധനാരീശ്വരൻ ) എന്ന നോവലിനെ ഓർമപ്പെടുത്തുന്ന ഗ്രാമാന്തരീക്ഷം. മുറ്റത്തു വൈക്കോൽ കൂനകൾ, നേരം ഇരുട്ടിയതിനാൽ ഒന്നും വ്യക്തമായി കാണുന്നില്ല. നാമക്കലിലെ തിരുച്ചെങ്കോട്ടു ക്ഷേത്രം പെരുമാൾ മുരുഗനിലൂടെ നമ്മൾ വായിച്ചതാണല്ലോ. നേരെ മുന്നിൽ മല മുകളിൽ ഒരു ക്ഷേത്രം. ഒരു കിലോമീറ്റർ മുന്നേ ഹൈവേയിലെ ബ്ലോക്ക് കാണുന്നുണ്ട്. ആക്സിഡന്റ് നടന്ന സ്ഥലത്തിന്റെ തൊട്ടടുത്തായി എത്തി. ഒരു ഓഫ് റോഡിലൂടെ ലോറി മറി കടന്ന് വിജിനമായ ഹൈവേയിൽ എത്തി. ആരും ഇല്ല. കുറച്ചു ദൂരം പോയി ആദ്യംകണ്ട ചായ കടയിൽ കയറി ചായ ഓർഡർ ചെയ്തു വെറുതെ ആകാശെത്തേക്ക് നോക്കി. പണ്ട് നക്ഷത്രങ്ങളുടെ സ്ഥാനം നോക്കി ഭൂഖണ്ഡങ്ങൾ താണ്ടിയ യാത്രികരെ സ്മരിച്ചു. പ്രോക്സിമ സെന്റോരിയെ സ്പോട് ചെയ്യുന്നിതിനിടക്കെ ഒരു ലോറി ഡ്രൈവർ കൗതുക പൂർവ്വം ചോദിച്ചു ഏത് വഴി വന്നു? ബ്ലോക്ക് കഴിഞ്ഞോ എന്നൊക്കെ.? വണ്ടിയുടെ KA റീജിസ്ട്രേഷൻ കണ്ടിട്ട് കന്നഡയിൽ ആയിരുന്നു ചോദ്യം. ഉത്തരം കേട്ട ഉടനെ . തമിഴിൽ ഒന്നൂടെ ചോദിച്ചു. ഇത്തവണ മറുപടി തമിഴിൽ കൊടുത്തു. മനോഹരം !! ഞാൻ മലയാളി ആണോ എന്ന് ഇങ്ങോട്ടു ചോദിച്ചു. കുറച്ചു സംസാരിച്ച ശേഷം 2000 നു ചില്ലറയും തന്ന് സുഖയാത്രയും നേർന്ന് അദ്ദേഹത്തോട് യാത്ര പറഞ്ഞു ബാംഗ്ലൂർക്ക് പിടിച്ചു. ചില യാത്രകളിൽ ഇങ്ങനെ ചില നല്ല മനുഷ്യരെ കാണും.പണ്ട് ദേവിപട്ടണത്ത് പോയപ്പോൾ ഒരു ആൽ ത്തറയിൽ വിശ്രമിക്കുന്ന ഞങ്ങളുടെ അടുത്തേക്ക് ഒരു ചെറിയ കുട്ടി മുഷിഞ്ഞ വസ്ത്രവുമായി ഓടി വന്നു. കൈയിലുണ്ടായിരുന്ന ഓറഞ്ചു കുട്ടിക്കു കൊടുത്തപ്പോൾ, വലതു കൈകൊണ്ട് സ്വീകരിക്കാൻ പറഞ്ഞ ഒരു നാടോടി സ്ത്രീ അന്ന് എന്നെ ഏറെ അദ്‌ഭുതപ്പെടുത്തിയിരുന്നു. യാത്ര ചെയ്തിട്ടുള്ളവര്‍ക്കറിയാം ജീവിതത്തിൽ എത്രത്തോളം അനുഭവങ്ങളാണ് ഓരോ യാത്രയും സമ്മാനിക്കുന്നതെന്ന്. ഓരോ യാത്രയും നമ്മെ പുതിയ മനുഷ്യരാക്കി തീർക്കുന്നു എന്നു വേണം പറയാൻ. മിക്കപ്പോഴും യാത്രകള്‍ മനസ്സിനെ കണ്ണ് തുറപ്പിക്കുന്നതും, പലപ്പോഴും നല്ല കാഴ്ച്ചകളിലൂടെ സന്തോഷം തരുമ്പോഴും മുന്നിലേക്ക് കടന്നു വരുന്ന കറുത്ത ജീര്‍ണിച്ച ജീവിതങ്ങളെ കാണുമ്പോള്‍ ഈ യാത്രകള്‍ ഇനിയും തുടരണമെന്നെ തോന്നിയിട്ടുണ്ടായിരുന്നുള്ളൂ, അതെങ്ങോട്ടായാലും. ആ കാഴ്ചകളും അവരുടെ ജീവിതങ്ങളും ആണ് എന്റെ യാത്ര എന്ന ഒരു ഉള്‍വിളി എപ്പോഴും ഉണ്ടായിരുന്നു… ഇനി വിജനമായ വഴിയും ഇരുൾ വിഴുങ്ങിയ കാഴ്ചകളും മാത്രമാണ് ഞങ്ങൾക്കു മുന്നിൽ. ഏറെ കൊതിച്ച ഈ യാത്രാ കുറിപ്പ് ഇവിടെ അവസാനിപ്പിക്കട്ടെ.. പ്രണയിക്കാൻ വേണ്ടിയുള്ള യാത്രകളും പ്രണയിക്കപ്പെടാൻ വേണ്ടിയുള്ള കാത്തിരിപ്പുകളുമല്ലാതെ മറ്റെന്താണ് ജീവിതം!

 നോട്ട്:- ഈ യാത്ര കൊളുക്കുമല വഴി മീശപ്പുലിമലയിലേക്ക് ഹൈക്കിങ് ദേവികുളം കളക്ടർ നിരോധിച്ചു ഉത്തരവ് ഇറക്കുന്നതിന് മുൻപ് നടത്തിയതാണ്. പുതിയ ഉത്തരവ് പ്രകാരം അനധികൃതമായ പ്രവേശനത്തിന് പിടിക്കപ്പെട്ടാൽ ഒരു വർഷം തടവും 50000 രൂപ പിഴയും നൽകേണ്ടി വരും . ഗുജറാത്ത് മുതൽ കേരളംവരെ നീണ്ടുകിടക്കുന്ന സഹ്യപർവത നിരയിലെ ജൈവ വൈവിധ്യത്തെക്കുറിച്ചു നമുക്കറിയാമല്ലോ. 2012 ഇൽ ലോക പൈതൃക സമിതിയിൽ ഉണ്ടായ തീരുമാനത്തിൽ പശ്ചിമഘട്ടത്തെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തി "bio diversity hotspot" ആയി പ്രഖ്യാപിച്ചിരുന്നു. അനിയത്രിതമായ മനുഷ്യ ഇടപെടലുകൾ വരയാടുകളേയും, ദുർബലമായ ആവസവ്യവസ്ഥയെയും നശിപ്പിക്കും. തെക്കേ ഇന്ത്യയിലെ സഹ്യപര്‍വതത്തിന്റെ മനുഷ്യ സ്പര്‍ശമില്ലാത്തതും ഉയരമുള്ളതും ആയ മലനിരകള്‍ ആണ് വരയാടുകളുടെ ആവാസ വ്യവസ്ഥ. തമിഴ് നാട്ടിലും കേരളത്തിലുമായി മൂവ്വായിരം വരയാടുകളാണ് മാത്രമാണ് അവശേഷിക്കുന്നത്. പോകാൻ ആഗ്രഹമുള്ളവർ KTDC യുടെ അംഗീകൃത പാക്കേജ് തിരഞ്ഞെടുക്കാൻ അഭ്യർത്ഥിക്കുന്നു.

ഇടുക്കി, മലനിരകളുടെ റാണി_ഒരു യാത്രയുടെ ഓര്‍മ്മയിലൂടെ

By: Sushanth NairImage Gallary - Idukki:About Abdu Rahiman

പാലക്കാട്‌ ജില്ലയിലെ പട്ടാമ്പി സ്വദേശി. യാത്രകളെ ഇഷ്ട്ടപ്പെടുന്നവര്‍ക്ക് വേണ്ടി യാത്രാനുഭവങ്ങള്‍ പങ്കുവെച്ചാലോ എന്നാ ആലോചനയില്‍ നിന്നാണ് ഈ ബ്ലോഗ്‌ രൂപംകൊണ്ടത്. ഇവിടെ ഷെയര്‍ ചെയ്യുന്നത് എന്‍റെ മാത്രം അനുഭവങ്ങളല്ല. സുഹൃത്തുക്കളും മറ്റു യാത്രികരും അയച്ച് തരുന്നവയാണ്‌ കൂടുതലായി ഇവിടെ നിങ്ങള്‍ക്കായി പങ്കു വെക്കുന്നത്.

0 comments:

Post a Comment

Copyright © കേരള സഞ്ചാരി

Designed by ABDU RAHIMAN