Latest Releases

November 25, 2017

സാഹസിക സഞ്ചാരികള്‍ക്ക്‌ വിസ്‌മയ കാഴ്‌ചയൊരുക്കി കേരളാംകുണ്ട്‌ - Keralamkund Waterfalls

കേരളാംകുണ്ട്‌... ഏതാണീ വെള്ളച്ചാട്ടം?

ഇതാണ് കേരളാംകുണ്ട് വെള്ളച്ചാട്ടം ( Keralamkund Waterfalls ). കരുവാരകുണ്ട് (Karuvarakund) നിന്ന് ഏകദേശം 6 കിലോമീറ്റര്‍ അകലെയാണ്. കല്‍കുണ്ട് എന്ന സ്ഥലത്ത് എത്തുന്നതിനു മുന്നേയുള്ള വലത് വശത്തേക്കുള്ള റോഡിലൂടെ പോയാല്‍ കേരളാംകുണ്ടിലെത്താം . പിന്നെ, അങ്ങോട്ട്‌ പോകുമ്പോ യാത്രക്കിടെ വെറുതെ മൊബൈല്‍ ഫോണും വാട്സപ്പും നോക്കി സമയം കളയരുത്. പോകുന്ന വഴിയിലെ പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ചു മെല്ലെ മെല്ലെ പോകണം.
വെള്ളച്ചാട്ടത്തിന്റെ അടുത്ത് വരെ വണ്ടി പോകുമോ? ബസ്‌ സര്‍വീസ് ഉണ്ടോ അങ്ങോട്ട്‌?പിന്നേ... വെള്ളച്ചാട്ടത്തിന്റെ 2 കി.മി. അകലെ വരെ ബസ്‌ സര്‍വീസ് ഉണ്ട്. കാറുകളും അത് വരെയേ പോകൂ... പിന്നീടങ്ങോട്ട് 2 കിലോമീറ്റരുറോളം നടത്തം തന്നെ ശരണം. നടക്കാന്‍ തല്പര്യമില്ലാത്തവര്‍ക്ക് ജീപ്പുകള്‍ ലഭ്യമാണ് (അല്ലെങ്കില്‍ നല്ല ഗ്രൗണ്ട് ക്ലിയറന്‍സ് ഉള്ള വണ്ടികള്‍ വേണം). ഒറ്റയ്ക്ക് പോകേണ്ടവര്‍ക്ക് 300 രൂപ കൊടുത്തു ഒറ്റക്ക് ജീപ്പില്‍ പോകാം. അതല്ല, കൂടുതല്‍ പേരുണ്ടെങ്കില്‍ പോക്കറ്റില്‍ നിന്നെടുക്കേണ്ട ഷെയര്‍ കുറയും. സമയം ഒരു പ്രശ്നമല്ല എന്നിവര്‍ക്കും ഗ്രൂപ്പായി പോകുന്നവര്‍ക്കും ഒരു രണ്ടു കിലോമീറ്റര്‍ നടക്കുന്നതാണ് നല്ലത്.


അവിടെ പ്രവേശന ഫീസ്‌ ഉണ്ടോ? 2 കിലോമീറ്റര്‍ ഒക്കെ നടന്ന് തളര്‍ന്നാല്‍ കഴിക്കാനും കുടിക്കാനുമുള്ള സൌകര്യമോക്കെയുണ്ടോ?

10 രൂപ.
പഴയ പോലല്ല, ഇപ്പൊ ഭക്ഷണം, വെള്ളം ഒക്കെ അതിനടുത്തു തന്നെ കിട്ടും. പേടിക്കാനൊന്നുമില്ല.

അത് ശരി...എങ്ങനെയുണ്ട് കേരളംകുണ്ട്? നടന്നതിനു മുതലാവുമോ?എന്താ സംശയം?
നല്ല മനോഹരമായ വെള്ളച്ചാട്ടം തന്നെ. മലമുകളില്‍ നിന്നും പാറകെട്ടുകളിലൂടെ ഒഴുകി താഴെ 100 അടിതാഴേക്ക് ഒരു സ്വിമ്മിംഗ് പൂള്‍ പോലുള്ള ഒരു കുണ്ടിലേക്ക് പതിക്കുന്ന വെള്ളച്ചാട്ടത്തിന്റെ ആ കാഴ്ച്ച ഒന്ന് കാണേണ്ടത് തന്നെയാണ് മച്ചാനേ... വെള്ളത്തിലേക്ക് ഇറങ്ങാനും കുളിക്കാനും കൂടെ പോയാല്‍ പിന്നെ ഒരു രക്ഷയുമില്ല.

പക്ഷെ മഴക്കാലം ആയത് കൊണ്ടും അപകടസാധ്യതാ പ്രശ്നങ്ങള്‍ ഉള്ളത് കൊണ്ടും ഇപ്പോള്‍ കുറച്ച് നിയന്ത്രണങ്ങലുണ്ട്. മുമ്പ് പോയപ്പോള്‍ താഴേക്ക് പോകാനുള്ള നടപ്പാത ഇല്ലായിരുന്നു. ഇപ്പോള്‍ ഇരുമ്പ് കോണിപ്പടികളൊക്കെ വെച്ച് വെള്ളച്ചാട്ടത്തിന്റെ ഭംഗി കുറച്ചു കൂടെ ആസ്വദിക്കാന്‍ പറ്റുന്ന വിധത്തില്‍ ഒരുക്കിയിട്ടുണ്ട്...

ചിത്രങ്ങള്‍ കണ്ടു നോക്ക്... ബാക്കി അത് പറയും...

By: Navas Mohamed Kiliyanni

Image Gallary - :Read »

November 23, 2017

കാടിന്റെ തണുപ്പും കാഴ്ചകളുമായി ചിമ്മിണി വൈൽഡ് ലൈഫ് - Chimmini Wild Life

തൃശൂരില്‍ നിന്ന് ചിമ്മിണി വന്യജീവി സങ്കേതത്തിലേക്ക് ( Chimmini Wild Life ) പോയാല്‍ കാഴ്ചകള്‍ ഏറെയാണ്. വനാന്തരങ്ങളിലെ വന്യ സൗന്ദര്യം ആസ്വദിക്കുന്നതിനോടൊപ്പം വേനല്‍ ചൂടില്‍ നിന്ന് ആശ്വസം നല്‍കുന്ന പ്രകൃതിയുടെ കുളിര് അനുഭവിക്കുകയും ചെയ്യാം.
തൃശൂരിനടുത്തുള്ള ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രം 1984 ൽ സ്ഥാപിതമായി 85 Km2 വിസ്തൃതിയുള്ള ഈവനത്തിന്റെ പടിഞ്ഞാറു ഭാഗം നെല്ലിയാമ്പതി മലനിരകളാണ്. 1116 മീറ്റർ ഉയരമുള്ള പുംദ പീക്ക് (Pumdha peak) ആണ് ഏറ്റവും ഉയരമുള്ള കുന്ന്. കേരളത്തിൽ ഇന്നേ വരെ കണ്ടിട്ടുള്ള വലിയ സ്തനികളിൽ പകുതിയിലധികം ഈവനങ്ങളിലാണ് എന്ന് വന്യ ജീവി സംരക്ഷണ കേന്ദ്രം സാക്ഷ്യപ്പെടുത്തുന്നു. കടുവ, ആന കാട്ടുനായകരടി തുടങ്ങിയ വന്യജീവികളെ ഇവിടെ കാണപ്പെടുന്നു. Red list ൽ ഉൾപ്പെട്ടിട്ടുള്ള സിംഹവാലൻ കുരങ്ങ്, മലയണ്ണാൻ, neelagiri langur, കുട്ടി തേവാങ്ക് തുടങ്ങിയവയെ കാണാം.

39 ഇനം സ്തനികളും, 160 ഇനം പക്ഷികളും, 25 ഇനം ഉരഗങ്ങളും, 14 ഇനം ഉഭയജീവികളും, 31 തരം മത്സ്യങ്ങളും ഈ വനപ്രദേശത്ത് കാണുന്നു. ഈ വനത്തിനോട് ചേർന്ന് ചിമ്മിണി ഡാം സ്ഥിതി ചെയ്യുന്നു. പീച്ചി റെയ്ഞ്ചിൽ പെട്ട ഈവനത്തിലൂടെ വനം വകുപ്പിന്റെ അനുമതിയോടെ trekking സാധ്യമാണ്. 100 രൂപ fee ഉള്ള nature camp മുതൽ 6500 രൂപ ഫീ ഉള്ള Tree top night camp കൾ വരെ ഉള്ള package കൾ ഇവിടെ ലഭ്യമാണ്(പ്ലാസ്റ്റിക്ക്, മദ്യം, പുകവലി എന്നിവ കർശനമായി നിരോധിച്ചിരിക്കുന്നു)

By road തൃശൂരിൽ നിന്നു ചിമ്മിണി forest check post വരെ bus Service ഉണ്ട്.
തൃശൂരിൽ നിന്നും 30 km അകലെയാണ് ഈ വനം.

Trekking ന് ഏറ്റവും അനുയോജ്യം അതിരാവിലെ 6 മണിക്ക് ശേഷം പോകുന്നതാണ്.

Contact no: wildlife warden - 0487 2699017
Check post: 0480 3209234

എത്തിച്ചേരാന്‍:

എറണാകുളം തൃശൂര്‍ റോഡില്‍ (ദേശീയ പാത 47ല്‍) ആമ്പല്ലൂര്‍ ജംഗ്ഷനില്‍ നിന്ന് വരാന്തരപ്പള്ളി, പാലപ്പിള്ളി വഴി ചിമ്മിണി വന്യ ജീവി സങ്കേതത്തില്‍ എത്തിച്ചേരാം. കൊച്ചിയില്‍ നിന്ന് 70 കിലോമീറ്ററും, തൃശൂരില്‍ നിന്ന് 37 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം.

Image Gallary - :


chimmini wild life, chimmini dam, chimmini dam tourism, chimmini dam tourist spot, chimmini wild life tourism, chimmini wild life animals, chimmini forest, Trissur tourism, tourist places in Trissur, tourist places in Palakkad, Palakkad touris
Read »

November 22, 2017

ആപ്പിളും ഓറഞ്ചും വിളയുന്ന താഴ്വരയിൽ - ഇടുക്കിയിലെ കാന്തല്ലൂർ ( Kanthalloor in Idukki )

ഒരു കൈ കൊണ്ട് പ്രിയപ്പെട്ടവളെ പൊതിഞ്ഞ് പിടിച്ചു, മറുകയ്യിൽ പൊന്നുമോളും. കോടമഞ്ഞ് അരിച്ചിറങ്ങുന്ന പ്രഭാതത്തിൽ തണുപ്പിനെ അവഗണിച്ച് വിളഞ്ഞു നിൽക്കുന്ന ആപ്പിൾ മരങ്ങൾക്കും ഓറഞ്ച് ചെടികൾക്കുമിടയിലൂടെ ഞങ്ങൾ നടന്നു. ഇവിടെ പ്രകൃതി അത്ഭുതം വിരിയിക്കുകയാണ്. ഈ താഴ്വരയിൽ വിളയാത്ത പഴങ്ങൾ ദുർലഭം! ആപ്പിളും ഓറഞ്ചും മുസമ്പിയും സബർജിലും പ്ലമും പീച്ചും വൈറ്റ് സപ്പോട്ടയും ഗ്രീൻ സപ്പോട്ടയും പാഷൻ ഫ്രൂട്ടും സീതപ്പഴവും സ്ട്രോബറിയും മാമ്പഴവും പേരയുമെല്ലാം ഇവിടെ വളരുന്നു, പൂക്കുന്നു, കായ്ക്കുന്നു, വിളയുന്നു!

ഹിമാലയൻ മലനിരകളിലെ മഞ്ഞ് പെയ്യുന്ന ഗ്രാമത്തിലല്ല ഈ ആപ്പിൾ വിളയുന്ന താഴ്വര. നമ്മുടെ കേരളത്തിലെ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ !! ( Kanthalloor) മൂന്നാറിനും മറയൂരിനുമപ്പുറം കാന്തല്ലൂരിൽ! മൂന്നാറിൽ നിന്നും മറയൂർ വഴി 58 Km ആണ് ഇങ്ങോട്ടുള്ള ദൂരം.പ്രിയ സുഹൃത്ത് സഹീർ അഹമ്മദും ഭാര്യയുമായിരുന്നു ഈ യാത്രയിലെ ഞങ്ങളുടെ സഹയാത്രികർ. കാന്തല്ലൂരിലെ മലയടിവാരത്ത് സ്വർഗ്ഗത്തിന്നരികിലെന്നവണ്ണം സ്വപ്നതുല്യമായ താമസം ഒരുക്കി തന്ന പ്രിയ വിദ്യാർത്ഥി റഹീം മലബാരിക്ക് നന്ദി. എന്നെന്നും ഓർത്ത് വെക്കാൻ സുന്ദരമായ രണ്ട് ദിനങ്ങൾ സമ്മാനിച്ചതിന്.

കോട്ടക്കലിൽ നിന്നും പാലക്കാട് - പൊള്ളാച്ചി-ഉദുമുൽപേട്ട - ചിന്നാർ - മറയൂർ വഴി ഒരു വൈകുന്നേരമാണ് ഞങ്ങൾ കാന്തല്ലൂരെത്തിയത്. കൂറ്റൻ മലയടിവാരത്ത് കാടിനും യൂക്കാലി പ്ലാന്റേഷനുമിടയിലായിരുന്നു ഞങ്ങളുടെ താമസം ഒരുക്കിയിരുന്നത്. തണപ്പരിച്ചിറങ്ങുന്ന സന്ധ്യാനേരത്ത് ആ വീടിന്റെ വരാന്തയിലിരിക്കാൻ പ്രത്യേക സുഖമായിരുന്നു. മലമുകളിൽ പലയിടത്തും വെള്ള വരകൾ പോലെ താഴേക്ക് ഒഴുകുന്ന അരുവികൾ. ഇടക്കിടെ പൊട്ടി വീഴുന്ന മഞ്ഞിന്റെ പട്ടു തൂവാല കാഴ്ചകൾ മറക്കുന്നു. മുറ്റത്ത് കൂടെ നടന്ന് പോകുന്ന മയിലിണകൾ, കാട്ടിൽ നിന്നും പേരറിയാ പക്ഷികളുടെ സംഗീതം, മലമുകളിലെ അരുവികൾ സൃഷ്ടിക്കുന്ന ജലപാതത്തിന്റെ മർമ്മരം, അരികിൽ പ്രിയപ്പെട്ടവർ... ധന്യമായിരുന്നു ആ സന്ധ്യാനേരം.

സഹായി രാജുവേട്ടൻ രാത്രി ഭക്ഷണം കൊണ്ട് വന്നപ്പോൾ ഞാൻ ചോദിച്ചു " ഇവിടെ മൃഗങ്ങളുടെ ശല്ല്യമുണ്ടാവുമോ?" മറുപടി മനസ്സിൽ തെല്ല് ഭീതി പടർത്തി എന്നതാണ് സത്യം. "ചിലപ്പോൾ വീടിന് പിറകിൽ ആന വരാറുണ്ട്, പേടിക്കേണ്ട.. വേലിക്കിപ്പുറം വരില്ല." രാത്രി ഭക്ഷണം കഴിച്ച് പെട്ടെന്ന് തന്നെ ഉറങ്ങാൻ കിടന്നു. നീണ്ട യാത്രയുടെ ക്ഷീണമുള്ളതിനാലാവാം പെട്ടെന്ന് തന്നെ ഉറങ്ങി.

രാവിലെ പ്രാതലിന് ശേഷമാണ് ആപ്പിൾ തോട്ടം കാണാൻ പോയത്. കാന്തല്ലൂരിൽ എല്ലായിടത്തും പഴത്തോട്ടങ്ങൾ കാണാം. കാന്തല്ലൂർ അങ്ങാടിയിൽ നിന്നും 2 Km അപ്പുറം പെരുമലയിൽ ഒരു ഫാമിനകത്തേക്ക് ഞങ്ങൾ നടന്നു. അവിടുത്തെ ഒരു ജീവനക്കാരി കൂടെ വന്ന് പഴങ്ങളെല്ലാം പരിചയപ്പെടുത്തി. സീതപ്പഴവും പ്ലമും പീച്ചും മരത്തക്കാളിയും(Tree Tomato) മൂസമ്പിയും സപ്പോട്ടയും ഓറഞ്ചും ആപ്പിളുമെല്ലാമുണ്ട് തോട്ടത്തിൽ! സ്ട്രോബറി ചെടികളുണ്ടെങ്കിലും കായ്ച്ചിട്ടില്ല. ചോദിച്ചപ്പോൾ സീസണല്ല എന്നവർ മറുപടി പറഞ്ഞു.

ഫാമിൽ നിന്നും പുറത്തിറങ്ങുമ്പോൾ കൺനിറയെ വിസ്മയത്തിളക്കവും മനസ്സു നിറയെ മധുരമൂറും പഴങ്ങളുമായിരുന്നു. പ്രത്യേകിച്ചും കായ്ച്ചു നിൽക്കുന്ന ആപ്പിളും ഓറഞ്ചും.
Image Gallary - :kanthalloor, kanthallur, kanthalloor Idukki, kanthallur Idukki, kanthallur apple farm, kanthallur orange farm, kanthallur Himalaya, kerala Himalaya, tourist places in Idukki, kanthallur tourism, Idukki tourismRead »

ആനമടയിലെ ജ്വലിക്കുന്ന കണ്ണുകൾ - Anamada near Nelliyampathy

തുടക്കം മോശമാകുന്ന യാത്രകൾ പലതും അത്ഭുധങ്ങൾ സമ്മാനിച്ചിട്ടുണ്ട്, അതിൽ ഒന്നായിരുന്നു കഴിഞ്ഞ ആനമട (Aanamada) യാത്ര.


രാവിലെ തുടങ്ങാനിരുന്ന യാത്ര നല്ല കന പോസ്റ്റിനുശേഷം 12 മണിയോടെയാണ് തുടങ്ങാൻ കഴിഞ്ഞത്. തൃശൂർ നിന്ന് മണ്ണുത്തി വഴി പട്ടിക്കാട് എത്തിയപ്പോൾ അടുത്ത പണി കൂട്ടത്തിലെ ഒരു വണ്ടി പണി മുടക്കി അങ്ങനെ മറ്റൊരു വെടികെട്ട് പോസ്റ്റ്‌. എല്ലാ പോസ്റ്റുകൾക്കും ഒടുവിൽ പുലയൻപാറ 3:45 ഓടെ എത്തി, 4 മണിക്ക് ചെക്ക്‌ പോസ്റ്റ്‌ ക്ലോസ് ചെയ്യും അത് കഴിഞ്ഞ് 5 മിനിറ്റ്‌ വൈകിയാൽ ഒരാളെ പോലും അകത്തേക്ക് കയറ്റി വിടില്ല അപകടങ്ങൾ പതിയിരിക്കുന്ന സ്ഥലം ആയത് കൊണ്ട് തന്നെ ഉധ്യൊഗസ്തർ നല്ല കർശന നിയന്ത്രണമാണ് ഏർപെടുത്തിയിരിക്കുന്നത്. അവിടെയുള്ള ജീപ്പുകളിൽ മാത്രമേ കാട്ടിലേക്ക് പ്രവേശനം ഉള്ളു , സ്വന്തം വാഹനത്തിലോ, നടന്നോ പോകണം എന്നുണ്ടെങ്കിൽ പെർമിഷൻ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.


അങ്ങനെ ഞങ്ങൾ ഒരു ജീപ്പിൽ 7 പേരും സാരഥിയായി സലിം ഇക്കയും ചെക്ക്‌ പോസ്റ്റിൽ എത്തി, സമയം 3:50 ആളൊന്നിനു 50 രൂപ വെച്ചും ജീപ്പ് 100 രൂപയും അങ്ങനെ ആകെ മൊത്തം 450 രൂപ ചെക്ക്‌ പോസ്റ്റിൽ അടച്ചു. ഇനി അങ്ങോട്ടുള്ള യാത്ര ഫോറെസ്റ്റിന്റെ ഇന്‍ഷ്വറൻസോട് കൂടിയാണ്. ഓഫ്‌ റോഡ്‌ എന്ന് പറഞ്ഞാൽ ഇതാണ് ഇപ്പോഴത്തെ പിള്ളേർ ഒന്നൊന്നര കട്ടയുള്ള ടയറും ഇട്ട് ഓഫ് റോഡ്‌ പോകുന്ന പോലെ അല്ല ഇത്, മൊട്ട പോലെ ഉള്ള ടയറും മറ്റ് പല പോരായ്മകളും വെച്ചാണ് യാത്ര. ഇത്രയും വലിയ അപകടസാധ്യത വെല്ലുവിളിയായി എടുക്കുന്നതിൽ വർഷങ്ങളുടെ അനുഭവജ്ഞാനം ഉണ്ട് അവിടത്തെ ഡ്രൈവർമാർക്ക്. ഈ പാതയിൽ ഏത് നിമിഷവും എന്തും സംഭവിക്കാം.


സലിം ഇക്ക ഒരു സാരഥി മാത്രമായിരുന്നില്ല നല്ലൊരു ഗൈഡ് കൂടിയായിരുന്നു. ഞങ്ങൾക്ക് പകർന്ന് തരാൻ അദ്ധേഹത്തിന്റെ കയ്യിൽ വർഷങ്ങളുടെ അനുഭവ സമ്പത്ത് തന്നെ ഉണ്ടായിരുന്നു. കാടിനോടുള്ള പ്രണയവും മൃഗങ്ങളെ കാണാനുള്ള അതിയായ താല്പര്യവും ഉള്ളത് കൊണ്ടും തന്നെയാണ് ക്രമ മനുസരിച് ഓടുന്ന ഓട്ടം തോട്ടത്തിലെ ജോലി ലീവ് എടുത്തും വന്ന് അറ്റൻഡ് ചെയ്യുന്നത്. അല്ലാതെ വലിയ ലാഭമൊന്നുമില്ല എന്നാണ് പുള്ളിയുടെ അഭിപ്രായം.


ആദ്യത്തെ വ്യൂ പോയിന്റിൽ കുറച്ച് ചിത്രങ്ങൾ എടുത്ത് യാത്ര തുടര്ന്ന ഞങ്ങളുടെ മുൻപിലെക് കാട് വെച്ച് നീട്ടിയ ആദ്യ കാഴ്ച, വളവ് തിരിഞ്ഞ് വന്ന ഞങ്ങളുടെ മുൻപിൽ ഒരു ഭീകരൻ കാട്ടുപോത്ത്. വലിയ കൊമ്പുകളും കറുത്ത് കൊഴുത്ത ശരീരവുമായി നല്ലൊരു ചിത്രത്തിന് പിടി തരാതെ അവൻ കാടിനുള്ളിലേക്ക് മറഞ്ഞു. വീണ്ടും പാറ കല്ലുകളിലൂടെ ചാടി തെന്നി ജീപ്പ് അടുത്ത വ്യൂ പോയിന്റിലേക്ക്.


മഴയ്ക്ക് ശേഷം ഉള്ള ദിവസം ആയത് കൊണ്ട് ഉറുമ്പിന്റെ കൂട് തിരയാൻ വരുന്ന കരടിയെ കാണാൻ കഴിഞ്ഞേക്കാം എന്ന് സലിംക്ക പറഞ്ഞപോഴും എല്ലാവരുടെയും കണ്ണുകൾ കാട്ടിലെ മരങ്ങൾക്ക് ഇടയിൽ ചികഞ്ഞ് കൊണ്ടിരിക്കുകയാണ്. ചെറു കിളികളെയും മറ്റും കണ്ടുകൊണ്ട് അടുത്ത വ്യൂ പോയിന്റിലെത്തി. സമീപത്തുള്ള മലമുകളിൽ വിഹരിക്കുന്ന കാട്ട് പോത്തുകളെയും മ്ലവിനെയും കണ്ടു. താഴെ മരങ്ങൾക്ക് ഇടയിൽ നിന്ന് മൃഗങ്ങൾ ഉണ്ടാക്കിയ ശബ്ദവും തിരഞ്ഞ് കണ്ണുകളോടിയപ്പോൾ ഇരുട്ട് മൂടുന്നത് ആരും അറിഞ്ഞില്ല. സലിംക്കയുടെ ഒർമപെടുത്തലിനെ തുടർന്ന് വീണ്ടും യാത്ര തുടർന്നു. സ്ഥല പരിജയമുള്ളത് കൊണ്ട് ഏതൊക്കെ സമയത്ത് എവിടെയൊക്കെ ആരൊക്കെ ഉണ്ടാകുമെന്നതിനെ കുറിച്ചും ആൾക്ക് നല്ല അറിവുണ്ട്. അങ്ങനെയാണ് വഴിയുടെ വശങ്ങളിൽ നിൽക്കുന്ന വലിയ പുല്ലുകൾ വകഞ്ഞ് മാറ്റി താഴെ മേയുന്ന കാട്ടുപോത്തിനെ കാണിച്ച് തന്നത്. ജീപ്പിനു മുകളിൽ കയറി ആ ഒറ്റയ്ക്ക് വിലസുന്നവനെ ക്യാമറയിൽ പകർത്തി. ഭക്ഷണ സമയം അധികം ശല്യം ഉണ്ടാക്കാതെ അവനിൽ നിന്നും ഞങ്ങൾ വിട വാങ്ങി.


ഇരുട്ട് വീണു, കോട മഞ്ഞിനിടയിലൂടെ ഫോഗ് ലാമ്പിന്റെ വെളിച്ചത്തിൽ വണ്ടി നീങ്ങി. ജീപ്പിൽ പോകുമ്പോൾ ഒരാളെ മാത്രേ ഭയക്കേണ്ടാതുള്ളൂ, സമീപത്ത് വിലസുന്ന ഒരു ഒറ്റയാൻ. ഒറ്റയാൻ ഒഴികെ ഉള്ള എല്ലാവരും ജീപ്പിന്റെ ഇരമ്പലിൽ പേടിച്ച് പിൻ വാങ്ങും എന്നാൽ ഒറ്റയാൻ എന്ത് ചെയ്യുമെന്ന് ആർക്കും പറയാൻ കഴിയില്ല. ഇടയ്ക്ക് തന്റെ വണ്ടിക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പ്രശ്നങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല, പെട്ടെന്ന് വണ്ടിയുടെ വശത്ത് ഒരു തിളക്കമുള്ള കണ്ണ് ടോർച്ച് അടിച്ച് നോക്കി വീണ്ടും പോത്ത്.


പ്രകാശത്തിൽ അതിന്റെ കൊമ്പുകൾ തിളങ്ങുന്നു. ആ തിളക്കം ഇരുട്ട് മൂടാൻ അധികം സമയം വേണ്ടി വന്നില്ല.


അങ്ങനെ 14 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച് ഞങ്ങളുടെ താമസ സ്ഥലത്തെത്തി. ആ കൊടും വനത്തിൽ അത്യാവശ്യം മോശമല്ലാത്തൊരു സെറ്റ് അപ്പ്‌. വേറെ താമസക്കാർ ആരും ഇല്ലാതിരുന്നത് കൊണ്ട് ഞങ്ങളുടെ സ്വകാര്യതയ്ക്ക് യാതൊരു കോട്ടവും തട്ടിയില്ല.


ബാഗുകൾ വെച്ച ശേഷം സലിംക്കയെയും കൂട്ടി ചെറിയൊരു നൈറ്റ് സഫാരിക്ക്‌ പ്ലാൻ ചെയ്ത് ഞങ്ങൾ ഇറങ്ങി. തിളങ്ങുന്ന കണ്ണുകൾ മുൻപിൽ എത്താൻ അധികം ദൂരം പോവേണ്ടി വന്നില്ല. വഴി മുടക്കി സമരം ചെയ്ത് കൊണ്ട് മുൻപിൽ നിൽകുന്നു കാട്ടുപോത്തിന്റെ കൂട്ടം. കൂട്ടത്തിൽ ആരും ഇതുവരെ ഇത്രയധികം കാട്ടുപോത്തുകളെ ഒരുമിച്ച് കണ്ടിട്ടില്ല. എവിടേക്ക് ടോര്ച് അടിച്ചാലും ജ്വലിക്കുന്ന കണ്ണുകൾ മാത്രം. ചുരുക്കത്തിൽ ഞങ്ങളെ ഇപ്പോൾ കാട്ടുപോത്തുകൾ വളഞ്ഞിരിക്കുകയാണ്. വെളിച്ചം അവരുടെ സ്വയിര്യവിഹാരത്തെ തടസപെടുത്തി. ജീപ്പിന്റെ ശബ്ദം അസ്വസ്ഥതയുണ്ടാക്കികാണും. പോത്തുകൾ വഴിയൊഴിഞ്ഞു ഞങ്ങൾ മുൻപോട്ട് നീങ്ങി, ഓറഞ്ച് തോട്ടത്തിലൂടെ പോകുന്നതിനിടെ ജീപ്പിന് മുന്പിലെക്ക് ഒരു മ്ലാവ് ഓടി മറഞ്ഞു. ഞങ്ങളുടെ കയ്യിലെ ടോർച് മ്ലവിനെ തിരയുന്നതിന് പിന്നാലെ ഒരാൾ കൂടി ജീപ്പിനു മുന്നിലൂടെ കടന്നു. ടോര്ചിന്റെയും ജീപ്പിന്റെയും വെളിച്ചത്തിൽ കണ്ട ആ കണ്ണുകൾക്കായിരുന്നു തീവ്രത കൂടുതൽ, മേലാസകലം ഉള്ള പുള്ളി കുത്തുകളും ശൌര്യവും കണ്ട് എല്ലാം നിശ്ചലം. പെട്ടെന്നുണർന്ന വിളിയിൽ ക്യാമറ രണ്ട് തവണ കണ്ണ് തുറന്നടിച്ചു. ഇല്ല അവൻ പതിഞ്ഞില്ല ഒരു നോട്ടം കൂടി നോക്കികൊണ്ട് അവൻ സെക്കന്റ്‌കൾകൊണ്ട് കാട്ടിലേക്ക് ചാടി മറഞ്ഞു. ആരും മിണ്ടുന്നില്ല ആ കാഴ്ച്ചയുടെ ഹാങ്ങ്‌ ഓവറിൽ ആയിരുന്നു ആ രാത്രി മുഴുവൻ, ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നപ്പോഴും ഞാൻ ചിന്തിച്ചിരുന്നത് ആ ജ്വലിക്കുന്ന കണ്ണുകളെ കുറിച്ചായിരുന്നു. അത്ഭുധങ്ങൾ നിറഞ്ഞ ആനമടയിലെ തെളിമയുള്ള കാഴ്ച്ചകൾക്കായി ആ രാത്രി മിഴി അടഞ്ഞു.Image Gallary - :
anamada, aanamada, anamada estate, anamada tourism, tourist places near anamada, anamada wild life, anamada animals, tourism in anamada, tourist places in anamada, anamada nelliyampathy, anamada nelliyambathi, tourist places in nelliyampathy


Read »

November 21, 2017

കാതോര്‍ത്തു നോക്കൂ.. മരോട്ടിച്ചാല്‍ വിളിക്കുന്നുണ്ട്! Marottichal Waterfalls

ഒരു ഉല്ലാസയാത്ര പോകണമെന്നു തീരുമാനിച്ചാല്‍ ആരുടെയും ശ്രദ്ധ സ്വന്തം ജില്ലയിലോ സംസ്ഥാനത്തോ ഒതുങ്ങിയെന്നു വരില്ല.

ശരാശരി മലയാളിയുടെ ചിന്ത ദൂരെ ദൂരെ പോയാണ് കൂടുകൂട്ടുക. മനസ്സിന് ഉല്ലാസം നല്‍കുന്ന യാത്രകളാണല്ലോ ഉല്ലാസയാത്രകള്‍. കൂടെകൂട്ടുന്നവര്‍ ആരൊക്കെയാണെന്നും അവരൊക്കെ ദീര്‍ഘയാത്രക്ക് ആരോഗ്യക്ഷമതയുളളവാരാണോ എന്നൊക്കെ നോക്കിവേണം ഒരു യാത്ര തീരുമാനിക്കാന്‍. ഒരു പാട് മുന്നൊരുക്കങ്ങളില്ലാതെ ഉല്ലസിച്ച് വരാവുന്ന പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലുമുണ്ട്. പലരും ഇതേ കുറിച്ച് അറിയാത്തവരുമാണ്. മറ്റു ചിലര്‍ അറിഞ്ഞാലും ഇതൊക്കെ അവഗണിക്കുകയും ചെയ്യും. ദീര്‍ഘദൂരം യാത്ര ചെയ്ത് ക്ഷീണിച്ച് എന്തെങ്കിലുമൊക്കെ കണ്ട് മടങ്ങി തൃപ്തിയടയുകയാണ് മിക്കവരുടെയും രീതി. പ്രാദേശികമായി ഉല്ലസിക്കാന്‍ പറ്റുന്ന ചെറുകിട വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കൊന്നു ചെന്നു നോക്കൂ. അപ്പോളറിയാം യഥാര്‍ത്ഥ യാത്രയുടെ തനി നാടന്‍ ഇഫക്റ്റ്.കൊച്ചു കേരളത്തിൻറെ നടുവിലായി സ്ഥിതി ചെയ്യുന്ന തൃശൂരിലെ മരോട്ടിച്ചാലിലേക്കാകാം അടുത്ത ഉല്ലാസയാത്ര. പ്രകൃതിയോട് ഏറെയടുത്ത് നില്‍ക്കുന്ന ഈ ചെറിയ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ തൃശ്ശൂര്‍ നഗരത്തില്‍ നിന്നും ഇരുപത് കിലോമീറ്ററോളം സഞ്ചരിച്ചാല്‍ മതി. രണ്ടു മനോഹരമായ വെള്ളച്ചാട്ടങ്ങളാണ് ഇവിടെയെത്തുവരെ കാത്തിരിക്കുന്നത്. ശാന്തമായ കാടിനു നടുവില്‍ മലിനമാക്കപ്പെടാത്ത വെളളച്ചാട്ടങ്ങള്‍. മനസ്സു നിറഞ്ഞു തുളമ്പുന്ന കാനന കാഴ്ചകളില്‍ മതിമറക്കാനുളള അവസരം. തീര്‍ച്ചയായും വന്നിരിക്കേണ്ടതും ഒരല്‍പ്പം നേരത്തെയായിരിക്കണമെന്നും കരുതിപ്പോകുന്ന മനോഹര സ്ഥലമാണിതെന്ന കാര്യത്തില്‍‍ സംശയം തെല്ലു വേണ്ട...


മരോട്ടിച്ചാലിലേക്കുളള വഴി: തൃശൂര്‍ - മാന്ദാമംഗലം റൂട്ടില്‍ ഇരുപതു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മരോട്ടിച്ചാല്‍ ജംഗ്ഷനില്‍ എത്താം. നഗരത്തില്‍ നിന്ന് മാന്ദാമംഗലം റൂട്ടിലോടുന്ന സ്വകാര്യ ബസ് കയറിയും ഇവിടെയെത്താം.

എറണാകുളം പാലക്കാട് നാഷണല്‍ ഹൈവയില്‍ കുട്ടനെല്ലൂരില്‍ നിന്നും മാന്ദമംഗലം-മരോട്ടിച്ചാല്‍ റോഡിലൂടെ ഏകദേശം 12 KM സഞ്ചരിച്ചാല്‍ മരോട്ടിച്ചാലില്‍ എത്തിച്ചേരാം.

പാലക്കാടു നിന്നും വരുന്നവര്ക്ക്‌ മണ്ണുത്തി നടത്തറ കുട്ടനെല്ലൂര്‍ വഴിയും, തൃശ്ശൂരില്‍ നിന്നും വരുന്നവര്ക്ക് മിഷന്‍ ഹോസ്പിടല്‍ അഞ്ചേരി കുട്ടനെല്ലൂര്‍ വഴിയും മരോട്ടിച്ചാലില്എത്താം.

പചപ്പില്‍ കുളിച്ച നല്ലൊരു ഗ്രാമമാണ് മരോട്ടിച്ചാലില് നിങ്ങളെ സ്വാഗതം ചെയ്യുക. മറ്റു വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ചെല്ലുന്നതു പോലെ നിരവധി കടകളോ വൈവിധ്യമേറിയ ഭക്ഷണ സൌകര്യങ്ങളോ ഒന്നും കണ്ടെന്നു വരില്ല. ഇവിടെ നിന്നും തന്നെ ആദ്യത്തെ വെള്ളച്ചാട്ടത്തിനരികിലേക്കുളള ചെറിയ വഴി തുടങ്ങുന്നു. വഴിയെന്നു പറഞ്ഞാല്‍ രണ്ടുപേര്‍ക്ക് നടന്നു പോകാന്‍ കഴിയുന്ന ഒരു ചെറിയ ഇടുങ്ങിയ ചെങ്കല്‍ പാത. ഈ ചെങ്കല്‍പ്പാത മാത്രമാണ് ഏക വഴിയെന്നതു കൂടെ അറിയണ്ടതുണ്ട്. ദിശാബോര്‍ഡുകളോ മറ്റു അടയാളങ്ങളോ പ്രതീക്ഷിക്കേണ്ട.


  • ഓലക്കയം – ആദ്യത്തെ വെളളച്ചാട്ടം :

ശാന്തമായി ഒരു പത്തു മിനിറ്റ് നടക്കാമെങ്കിൽ ആദ്യത്തെ വെള്ളച്ചാട്ടത്തിനടുത്ത് പെട്ടെന്നെത്താം. ചെറിയ ഒരു വെള്ളച്ചാട്ടത്തിന് ഓലക്കയം എന്നാണ് വിളിക്കുന്നത്. മനസ്സും ശരീരവും ഒന്നിച്ച് തണുപ്പിക്കാന്‍ പറ്റുന്ന അപൂര്‍വ്വ സ്ഥലമെന്നു പറഞ്ഞാലും ആരും കുറ്റപ്പെടുത്തില്ലെന്നുറപ്പ്. പ്രകൃതിയുടെ പാറക്കെട്ടുകള്‍ക്ക് നടുവിലായി ഒരു ചെറിയ ജലാശയം. തൊട്ടടുത്തായി ഉയര്‍ന്ന് നില്‍ക്കുന്ന പാറയില്‍ നിന്നും ഈ ജലാശയത്തിലേക്കു വന്നു വീഴുന്ന തെളിനീര്‍. ശരിക്കും പ്രകൃതി ഒരുക്കിയ അസ്സല്‍ നീന്തല് കുളം തന്നെ. മുകളിലെ പാറയില്‍ ചെറിയ കുഴികളില്‍ വെള്ളം നിറഞ്ഞിരിക്കുന്നു. ആ വെളളത്തില്‍ നീന്തിക്കളിക്കുന്ന ചെറു മീനുകളുടെ തിളക്കം അറിയാതെ കണ്ണുകളിലുടക്കി. ആ ഭംഗിയില്‍ അലിഞ്ഞ് മുന്നോട്ടു നടന്നാല്‍ വഴുക്കി വീഴുന്നതും അറിയില്ല. ഇവിടെ ഓരോ കാലടിയും ശ്രദ്ധയോടെ വെയ്ക്കേണ്ടി വരുമെന്ന് ഓര്‍ത്തിരിക്കുകയും വേണം. അല്‍പ്പ സ്വല്‍പ്പം ഭയമൊക്കയുളളവര്‍ക്ക് ചുറ്റിലും നില്‍ക്കുന്ന മരക്കൊമ്പുകളില്‍ പിടിച്ച് നടക്കുകയുമാവും. വെള്ളച്ചാട്ടത്തിൻെറ ഒരു ഭാഗത്ത് ആനകളുടെ ശല്യം ഒഴിവാക്കാന്‍ വൈദ്യുത വേലി കെട്ടിയിട്ടുണ്ട്. വെളളച്ചാട്ടത്തെ ചുറ്റി വരിഞ്ഞുളള കാടാണ് ഈ ഭാഗത്തു നിന്നുളള രസകരമായ കാഴ്ച. വളരെ കുറച്ചിടങ്ങളില്‍ മാത്രം ലഭിക്കുന്ന അനുഭൂതി, ഇതൊക്കെ കണ്ട് നിര്‍വൃതി കൊളളുന്നതിനിടയില്‍ ആ വെളളത്തിലേക്ക് ഒന്നിറങ്ങണം. കണ്ണിലെ കുളിര് കാലിലേക്ക് പടര്‍ന്നൊഴുകുന്നത് തൊട്ടറിയാനാവും.


  • ഇലഞ്ഞിപ്പാറ – രണ്ടാമത്തെ വെളളച്ചാട്ടം :

ആദ്യത്തെ വെളളച്ചാട്ടത്തിന്‍റെ കുളിർമ്മയുമായി ഇനി രണ്ടാമത്തെ വെളളച്ചാട്ടത്തിനടുത്തേക്ക്. ഇവിടെ നിന്നും മൂന്നു കിലോമീറ്റര്‍ കാട്ടിലൂടെ സഞ്ചരിച്ചാലെ രണ്ടാമത്തെ ആസ്വാദന തീരത്ത് എത്താനാവൂ. കാടിന് നടുവിലൂടെയുള്ള യാത്രയാണ് മരോട്ടിച്ചാലിലെ എല്ലാവരും ഇഷ്ടപ്പെടുന്ന സാഹസികത കലര്‍ന്ന അനുഭവം. മുമ്പേ പോയവര്‍ നടന്നുണ്ടാക്കിയ വഴി മാത്രമാണ് കാടിനുളളില്‍ കാണുന്ന ഏക ആശ്വാസം. എങ്കിലും നടക്കുമ്പോള്‍ നല്ല ശ്രദ്ധയും വേണം. കല്ലും മുള്ളും നിറഞ്ഞ ആ വഴിയിലൂടെ കിളികളുമായി കലപില കൂട്ടി നടക്കാം. കെട്ടുപിടച്ചു കിടക്കുന്ന വള്ളികളും പാറകളുമൊക്കെയായി കാട് ശരിക്കും ഭീകരമായ പശ്ചാത്തല ദൃശ്യമൊരുക്കി. ഭാഗ്യമുണ്ടെങ്കില്‍ നിങ്ങളെ വരവേല്‍ക്കുന്നത് ഇരമ്പലുമായെത്തുന്ന നല്ലൊരു മഴയുമായിരിക്കാം. മഴ ഏറെ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല. എങ്കിലും കിളിക്കൊഞ്ചലുകള്‍ ഇടുങ്ങിയ വഴിയില്‍ കൂട്ടായി ഒപ്പമുണ്ടായിരുന്നു. അരികിലൂടെ ഒഴുകുന്ന ചെറിയ പുഴയെ കാണാനായി, മുകളിലെ വെള്ളച്ചാട്ടത്തില്‍ നിന്നും താഴേക്ക് എത്തുന്ന പുഴയാണിത്. ഈ പുഴയെ മറി കടക്കാനായി കുറുകേ കിടക്കുന്ന ചെറു മരങ്ങളിലൂടെ സാഹസികമായി മുന്നോട്ട് പോകാം. വഴുതിപ്പോകാതിരിക്കാന്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്, അല്ലെങ്കില്‍ നേരെ പാറയിലേക്ക് കൂപ്പുകുത്തുമെന്ന് പറയേണ്ടതില്ലല്ലോ..
മുകളിലെ വെള്ളച്ചാട്ടമാണ് ഇലഞ്ഞിപ്പാറ. മരോട്ടിച്ചാല്‍ വെള്ളചാട്ടങ്ങളില്‍ ഏറ്റവും വലുതും മനോഹരവുമാണിത്. ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം നാട്ടുകാരുടെ ഇടയില്‍ 'കുത്ത്'എന്നാണ് അറിയപ്പെടുന്നത്. കാടിന്‍റെ വന്യമായം സംഗീതം ആസ്വദിച്ച് പരിശുദ്ധമായ തെളിനിരില്‍ കുളിക്കാതെ ആര്‍ക്കും ഇവിടെ നിന്നും മടങ്ങിപ്പോകാനുമാവില്ല. പത്തു പന്ത്രണ്ട് മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന വെള്ളം. താഴെ വാരിവിതറിയ വലിയ പാറകളില്‍ വെള്ളം ചിതറിത്തെറിച്ച് പതഞ്ഞു കുതിക്കുന്നു. പാറകള്ളില്‍ കൂര്‍ത്ത അഗ്രങ്ങളുളളതിനാല്‍ വെള്ളത്തില്‍ ഇറങ്ങുന്നത് ഏറെ സൂക്ഷിച്ചു വേണം. വെള്ളച്ചാട്ടത്തിനു നേരെ മുന്നില്‍ അതേ ഉയരത്തില്‍ നില്‍ക്കുന്ന മറ്റൊരു പാറയുണ്ട്. അതിന്റെ മുകളില്‍ കയറിയാലേ വെളളച്ചാട്ടത്തിന്‍റെ യഥാര്‍ത്ഥ ഭംഗി ആസ്വദിക്കാനാവൂ.
നല്ല മഴപെയ്താലെ വെള്ളച്ചാട്ടത്തിൻെറ ഭംഗി മുഴുവനായി ആസ്വദിക്കാനാവൂ. നല്ല മഴയുളളപ്പോള്‍ വെളളച്ചാട്ടങ്ങള്‍ക്ക് അരികിലെത്തുകയെന്നത് ശ്രമകരവുമാണ്. മാത്രമല്ല ഏതു സമയത്തും വഴിതെറ്റിവരുന്ന കാട്ടാനകളെ പേടിച്ചേ മുന്നോട്ടു നീങ്ങാനാവൂ. തിരിച്ച് ഒരു മണിക്കൂര്‍ നേരം സഞ്ചരിച്ചാണ് കാട്ടില്‍ നിന്നും പുറത്തു കടന്നത്. ഇത്രയും കേട്ടപ്പോള്‍ തന്നെ ശക്തമായ ഉള്‍വിളി വരുന്നില്ലേ.. അതെ, മരോട്ടിച്ചാല്‍ നിങ്ങളെയും വിളിക്കുന്നുണ്ട്.

By: Justin Vjose
Image Gallary - :
marottichal, marottichal waterfall, marottichal tourism, waterfalls in ernakulam, waterfalls in kerala, waterfalls in Trissur, ilanjippara waterfall, olakkayam waterfalls, marottichal near by tourist places, tourist places in marottichal, olakkayal marottichal, ilanjippara marottichal, marottichal, ernakulam,

Read »

Copyright © കേരള സഞ്ചാരി

Designed by ABDU RAHIMAN